വിരശല്യം ഒരു ശല്യമാകുമ്പോൾ!

കുട്ടിക്കാലത്തു വിരശല്യം അനുഭവിക്കാത്തവർ കുറവാകും. അതുപോലെ തന്നെയാണ് നമുക്ക് കുട്ടികളാവുമ്പോഴും. വിര നമ്മെ വിടാതെ പിന്തുടരും , അല്ലെ? രാത്രികാലങ്ങളിൽ വിര കാരണമുള്ള ചൊറിച്ചിൽ കൊണ്ട് കരയാത്ത കുട്ടികൾ വിരളം. എന്നാൽ പോലും പലപ്പോഴും അച്ഛനമ്മമാർ ഇതിനു കാര്യമായ പ്രാധാന്യം കൊടുക്കുന്നതായി കാണാറില്ല. “ഇതൊക്കെ കുട്ടികളിൽ സാധാരണമല്ലേ, വലുതാവുമ്പോൾ അങ്ങ് മാറിക്കോളും” എന്ന് പറയുന്നവരാണ് അധികവും. ഈ പറയുന്ന പോലെ ഇതിത്ര നിസ്സാരമാണോ? നമുക്ക് നോക്കാം.

എന്താണ് വിരശല്യം? എന്താണിവർ ഉണ്ടാക്കുന്ന പ്രശനം?

വിരകൾ നമ്മുടെ ശരീരത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥികളാണെന്നു പറയാം. ഇവർ നമുക്ക് ഒരു ഗുണവും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല , ദോഷങ്ങൾ ധാരാളമുണ്ട് താനും. ഇവരെ ” പരാന്നഭോജികളുടെ ” ഗണത്തിൽ പെടുത്താം. അതായത് ഒരാളുടെ ശരീരത്തിൽ കയറിക്കൂടി അയാളുടെ ശരീരത്തിൽനിന്ന് തന്നെ പോഷകഘടകങ്ങൾ വലിച്ചെടുത്തു സ്വന്തം വയർ നിറക്കുന്ന ആൾക്കാർ! അതുകൊണ്ട് നമുക്കുണ്ടാകുന്ന ദോഷമോ? പോഷക കുറവ് തന്നെ! നമ്മുടെ ശരീരത്തിന്റെ വളർച്ചക്കും വികാസത്തിനും ആവശ്യമായ നമ്മുടെ ഭക്ഷണത്തിലെ പോഷകഘടകങ്ങൾ ആശാൻ അടിച്ചുമാറ്റുമ്പോൾ, നമ്മുടെ ശരീരത്തിൽ അതിന്റെ കുറവ് അനുഭവപെട്ടു തുടങ്ങും. അപ്പോൾ കുട്ടികളുടെ കാര്യം പറയണോ ?! അവരെ ഭക്ഷണം കഴിപ്പിക്കാൻ നമ്മൾ പെടുന്ന പാട് നമുക്കറിയാം , അല്ലെ? അപ്പോൾ അതിൽ നിന്നും പോഷകങ്ങൾ ഇങ്ങനെ ചോർന്നു പോയാലോ? പ്രശ്നമാണ്! അതവരുടെ വളർച്ചയെ തന്നെ ബാധിക്കും.

ഇത് മാത്രമാണോ പ്രശനം?  അല്ല. ഇവർ നമ്മുടെ കുടലിൽ കടിച്ചു കടിച്ചു ചെറിയ വ്രണങ്ങൾ ഉണ്ടാക്കുന്നു. തൽഫലമായി ഇതിലൂടെ രക്തസ്രാവമുണ്ടാകുകയും ഈ രക്തം മലം വഴി നഷ്ടമാവുകയും ചെയ്യുന്നു. ഈ നഷ്ടമാകുന്ന രക്തം പലപ്പോഴും നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് മലത്തിൽ കാണാൻ സാധിക്കണമെന്നില്ല. എന്നാൽ മലം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഇതിന്റെ പ്രശ്നമെന്താണ്? അതെ, നിങ്ങളുദ്ദേശിച്ചതു തന്നെ. അനീമിയ അഥവാ വിളർച്ച! കുറെ നാളുകൾ ഇങ്ങനെ നഷ്ടപെടുന്ന രക്തം നമ്മുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറക്കുകയും , തൽഫലമായി വിളർച്ച ഉണ്ടാവുകയും ചെയ്യുന്നു.  അപ്പോൾ ഇവരുടെ വികൃതികൾ ഏകദേശം പിടി കിട്ടിയല്ലോ അല്ലെ? അത് കൊണ്ട് തന്നെ ഇവരെ നിസ്സാരക്കാരായി കാണാൻ പറ്റില്ല. കാരണം വികസ്വരരാജ്യമായ ഇന്ത്യയിൽ വിളർച്ച കുട്ടികളിൽ അത്ര കണ്ടു കൂടുതലാണ്. അതിൽ തന്നെ നല്ലൊരു ശതമാനം വിരശല്യം കാരണവും! പോഷകാഹാരക്കുറവും വിളർച്ചയും ആണ് നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന വില്ലന്മാർ. അപ്പോൾ ഇതിനു കാരണമാകുന്ന വിരശല്യത്തെ നേരിടേണ്ടത് ആവശ്യമല്ലേ? നിശ്ചയമായും. ഇത് വഴി നാം നമ്മുടെ കുട്ടികളുടെയും, തൽഫലമായി നമ്മുടെ രാജ്യത്തിന്റെ ഭാവിയെയുമാണ് കാക്കുന്നത്.

ഏതൊക്കെയാണ് ഈ വിരകൾ?

എണ്ണിയാലൊടുങ്ങാത്ത തരം വിരകളുണ്ട്. എന്നാൽ  മനുഷ്യശരീരത്തിൽ കയറിക്കൂടി മേല്പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പ്രധാനമായും മൂന്നു തരാം വിരകളാണ്.

  1. Pin worm/ seat worm
  2. Hook worm
  3. Round worm

ഇവയാണവ.

എന്തൊക്കെയാണ് ലക്ഷണങ്ങൾ?
  1. മലദ്ധ്വാരത്തിലെ ചൊറിച്ചിൽ : സാധാരണയായി കുട്ടികളിൽ കാണപ്പെടുന്ന വിരകളിൽ പ്രധാനികൾ  PIN WORMS ആണ്.  . ചെറിയ നൂല് പോലെ വെളുത്തിരിക്കുന്നവർ. കൂടിപ്പോയാൽ ഒരു സെന്റിമീറ്റർ നീളം കാണും. പലപ്പോഴും കുട്ടികളുടെ മലത്തിൽ  ഇവരെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ കാണാറുണ്ട്. അല്ലെങ്കിൽ രാത്രിസമയങ്ങളിൽ അവരുടെ മലധ്വരത്തിലൂടെ ഇവർ പുറത്തേക്കു വരുന്നതും കാണാം. കുട്ടികളിൽ ഇവർ മലദ്ധ്വാരത്തിനു  ചുറ്റും അസഹ്യമായ ചൊറിച്ചിൽ ഉണ്ടാക്കും. അതും രാത്രികാലത്തു.  ഇതിനു കാരണം ഇവരിലെ പെൺ വിരകളാണ്. ഇവർ രാത്രിയാകുന്നതോടെ കുടലിൽ നിന്ന് മലദ്വാരത്തിലേക്കെത്തുന്നു. എന്നിട്ട അവരുടെ കൂർത്ത വാൽഭാഗം കൊണ്ട് അവിടെ കുത്താൻ തുടങ്ങും. ഇതാണ് കുട്ടികളിൽ ഈ ചൊറിച്ചിൽ ഉണ്ടാക്കുന്നത്.
  2. മലത്തിൽ കാണപ്പെടുന്ന വിരകൾ
  3. വിരകൾ ശർദിലിൽ കാണപ്പെടുക
  4. വിളർച്ച കാരണമുള്ള തളർച്ചയും ഉഷാറില്ലായ്മയും
  5. പോഷകാഹാരക്കുറവ്
  6. തൂക്കക്കുറവ്
  7. മലബന്ധം – ഇതുണ്ടാക്കുന്നത് ആണ്. ഇവർ തമ്മിൽ കൂട്ടിപിണഞ്ഞു ഒരു പന്ത് പോലെയായി ബ്ലോക്ക് ഉണ്ടാക്കി മലബന്ധം ഉണ്ടാക്കുന്നു.
  8. വയറുവേദന
  9. മലത്തിൽ രക്തം കാണുക
എങ്ങിനെ ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു?

വിരകൾ മലദ്ധ്വാരത്തിനടുത് ചൊറിച്ചിൽ ഉണ്ടാക്കുന്നതെങ്ങനെ എന്ന് നമ്മൾ കണ്ടല്ലോ.സ്വാഭാവികമായും കുട്ടികൾ അവരുടെ നഖമുപയോഗിച്ചു ചൊരിയും. ഈ സമയം ആ ഭാഗത്തു ചെറിയ ചെറിയ മുറിവുകൾ പ്രത്യക്ഷപ്പെടും. പെൺ വിരകൾക്ക് ആവശ്യവും അത് തന്നെ. ഈ മുറിവുകളിൽ അവർ മുട്ടയിട്ടു വെക്കും. ഈ മുട്ടകൾ വിരിഞ്ഞു പുതിയ വിരകൾ ഉണ്ടാവുകയും ചെയ്യും. ഇവിടെ സംഭവിക്കുന്ന വേറൊരു കാര്യവുമുണ്. കുട്ടികൾ നഖങ്ങൾ ഉപയോഗിച്ച ചൊറിയുമ്പോൾ അവിടെയുള്ള മുട്ടകളും പുതിയ വിരകളും ഈ നഖങ്ങൾക്കുള്ളിലേക്കു കയറിക്കൂടും. കുട്ടികൾ ഇതറിയാതെ ഈ നഖങ്ങൾ വായിലിടുകയോ അല്ലെങ്കിൽ ആ കയ്യുപയോഗിച്ചു ഭക്ഷണം കഴിക്കുകയോ ചെയ്യും. അങ്ങനെ വീണ്ടും ഈ മുട്ടകളും പുതിയ വിരകളും അവരുടെ വയറിൽ തന്നെ എത്തിച്ചേരും. ഈ പ്രക്രിയ ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും.

ഇത് മാത്രമല്ല സംഭവിക്കുന്നത്, വിരയുള്ള കുട്ടികൾ പൊതുസ്ഥലത്തു മലമൂത്രവിസർജനം ചെയ്താലോ? ഈ മലത്തിലും ഉണ്ടാകുമല്ലോ ഈ മുട്ടകളും വിരകളും. അത് മണ്ണിൽ കലരുന്നു. ഈ മണ്ണിൽ കളിക്കുന്ന കുട്ടികൾ കൈ കഴുകാതെയും മറ്റും ആഹാരസാധനങ്ങൾ ഭക്ഷിക്കുന്നതിലൂടെയും കുട്ടികളുടെ ദേഹത്തേക്ക് വീണ്ടും ഇവ കടന്നു കൂടുന്നു.

പിന്നെ പകരുന്നത് ഈച്ചകളിലൂടെയാണ്. ഈ മലത്തിൽ വന്നിരിക്കുന്ന ഈച്ചകൾ നമ്മുടെ ഭക്ഷണസാധനങ്ങളും വന്നിരിക്കും. അവരുടെ കാലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിരകളും മുട്ടകളും അങ്ങനെ നാം കഴിക്കുന്ന ആഹാരത്തിലും കലരുന്നു. അതുവഴി നമ്മുടെ വയറ്റിലേക്കും.

ഈ മലം കൊണ്ട് അശുദ്ധമായ ജലം തിളപ്പിക്കാതെ ഉപയോഗിക്കുന്നത് ഒരു കാരണമാണ് . പ്രത്യേകിച്ച് മഴക്കാലങ്ങളിൽ.

പിന്നെ പകരുന്നത് വാസ്‌കുട്ടികളുടെ അടിവസ്ത്രങ്ങളിലൂടെയാണ്. മലദ്ധ്വാരത്തിൽ നിന്നും ഈ വിരകളും മുട്ടകളും അവരുടെ അടിവസ്ത്രങ്ങളിൽ പറ്റിപിടിച്ചിട്ടുണ്ടാകും . അവർ ഇരിക്കുന്ന സ്ഥലങ്ങളിലൊക്കെ ഇവയും പറ്റിപ്പിടിക്കും . പിന്നീട് അവിടെ ഇരിക്കുന്നവരുടെ വസ്ത്രത്തിലേക്കും , ക്രമേണ അവരുടെ ശരീരത്തിലേക്കും കയറിപറ്റും.

ഇങ്ങനെ പല രീതികളിൽ  ഇവ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്നു കൊണ്ടിരിക്കും. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു വീട്ടിൽ പലപ്പോഴും പല ആളുകൾക്ക് ഈ പ്രശനം കാണാറുണ്ട്. ആ വീട്ടിൽ മൂന്നു കുട്ടികളുണ്ടെങ്കിൽ തൊണ്ണൂറു ശതമാനവും മൂന്നു പേർക്കും വിരശല്യമുണ്ടാകും. കാരണം മേല്പറഞ്ഞവയാണ്.

എങ്ങിനെ തടയാം?

വ്യക്തിശുചിത്വം : ഇതാണ് പ്രധാനം , കുട്ടികളെ പ്രത്യേകിച്ചും താഴെ പറയുന്നവ ശീലിപ്പിക്കുക.

  1. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ഒഴിവാക്കുക
  2. കയ്യും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുക
  3. നഖങ്ങൾ കൃത്യസമയത്തു വെട്ടിക്കൊടുക്കുക
  4. പുറത്തു മണ്ണിൽ കളിച്ചു വന്നാൽ, വൃത്തിയായി സോപ്പും വെള്ളവുമുപയോഗിച്ചു കൈ കഴുകിയതിനു ശേഷം മാത്രം ഭക്ഷണസാധനങ്ങൾ സ്പർശിക്കുക.
  5. ടോയ്‌ലെറ്റിൽ പോയി വന്നാൽ വൃത്തിയായി കൈ സോപ്പിട്ടു കഴുകുക
  6. ശുദ്ധജലം തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കുക
  7. അടിവസ്ത്രങ്ങൾ തിളച്ച വെള്ളത്തിൽ അലക്കുക ( വിരയുള്ള കുട്ടികളിലെങ്കിലും)
  8. വീട്ടിലെ എല്ലാവരും വ്യക്തിശുചിത്വം പാലിക്കുക.
  9. കുട്ടികൾക്ക് ചോറ് വാരിക്കൊടുക്കുന്നവരും കയ്യും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുക.
  10. ആഹാരസാധനങ്ങൾ അടച്ചു വെക്കുക, ഈച്ചകൾ വരാതെ ശ്രദ്ധിക്കുക.
  11. ചെരുപ്പിടാതെ മലിനമായ സ്ഥലങ്ങളിൽ പോകാതിരിക്കുക.
എങ്ങനെ ചികിൽസിച്ചു ഭേദമാക്കാം ?

എല്ലാ ആറുമാസവും വിരകൾക്കുള്ള മരുന്നുകൾ രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് കൊടുക്കേണ്ടതാണ്. ഇത് നമ്മൾ മുന്കരുതലെന്ന രീതിയിൽ കൊടുക്കുന്നതാണ്. ഈ മരുന്ന് കൊടുത്താൽ വയറിളക്കം, ശർദി എന്നിവ വരുമെന്നത് തെറ്റിദ്ധാരണയാണ്. വിരകളുണ്ടെങ്കിൽ അവ മലത്തിൽ വിസര്ജിച്ചു പോകുന്നതാണ്. അത് പലപ്പോഴും നമ്മൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാറില്ല.

ഇനി വിരയുള്ള കുട്ടിയാണെങ്കിൽ , ആ കുട്ടിക്ക് ഒരു ശിശുരോഗവിദഗ്ധനെ കണ്ടു മരുന്ന് ശെരിയായ ഡോസിൽ കൊടുക്കേണ്ടതാണ്. പല മരുന്നുകളും വിപണികളിൽ ലഭ്യമാണ്. പക്ഷെ ഒരു ഡോക്ടറെ കണ്ടു അവ ഉപയോഗിക്കുന്നതാണ് അഭികാമ്യം.

കുട്ടിക്ക് മരുന്ന് കൊടുത്തിട്ടും ഫലം കാണുന്നില്ലെങ്കിൽ, ആ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു ചികിത്സ എടുക്കേണ്ടതാണ്. ഞാൻ മുമ്പ് പറഞ്ഞ പോലെ കുടുംബത്തിലെ മുതിർന്ന ആരിലെങ്കിലുമായിരിക്കാം വിരകളുള്ളത്. അവരിൽ നിന്നായിരിക്കും കുട്ടികൾക്ക് അത് കിട്ടുന്നത്. സ്രോതസ്സിനെ കണ്ടുപിടിക്കൽ  ബുദ്ധിമുട്ടായത് കൊണ്ട് എല്ലാവരും അതിനുള്ള മരുന്ന് കഴിക്കുകയാണ് നല്ലത്.

ഒരു കാര്യം ഒന്ന് കൂടി പറയട്ടെ, വ്യക്തിശുചിത്വം ആണ് വിരയെ ഓടിക്കാനുള്ള ഏക ഒറ്റമൂലി!

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top