വളരെയധികം തെറ്റിദ്ധാരണകൾ നിറഞ്ഞ ഒരു വിഷയമാണിത്. അല്ലെർജിയും ഭക്ഷണവുമായി ബന്ധമുണ്ടോയെന്ന് ചോദിച്ചാൽ ഉത്തരം ‘ഉണ്ട് ‘ എന്ന് തന്നെയാണ്. എന്നാൽ അതിനർത്ഥം അല്ലെർജിയുള്ള കുട്ടികളെ കുറെ ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിൽ നിന്ന് വിലക്കണം എന്നല്ല! ഭക്ഷണത്തോടുള്ള അലര്ജി ഓരോ കുട്ടികളിലും ഓരോ പോലെയാണ്. ഒരു കുട്ടിക്ക് അല്ലെർജിയുണ്ടാക്കുന്ന ഭക്ഷണസാധനമായിരിക്കില്ല മറ്റേ കുട്ടിക്ക് അല്ലെർജിക്കു കാരണമാകുന്നത്. അതു ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു.
സാധാരണയായി നമ്മുടെ നാട്ടിൽ ഒരു പതിവുണ്ട്. അല്ലെർജിയുള്ള കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത ഒരു വലിയ പട്ടിക ഉണ്ടാക്കലാണത്. അതിൽ മുന്പന്തിയിലുണ്ടാകുന്നവർ ഇവരാണ് – പാൽ, തൈര്, മുട്ട, റാഗി, ഗോതമ്പ് , ചെറുപഴം എന്നിവ… ഇതിലെന്തെങ്കിലും സത്യമുണ്ടോ? അതിനു അല്ലെർജിയുണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ എന്തൊക്കെയെന്ന് ആദ്യം അറിയണം, അല്ലെ?
അല്ലെർജിയുണ്ടാക്കാൻ സാധ്യത കൂടിയ ഭക്ഷണസാധനങ്ങൾ:
- ഗോതമ്പ്
- നിലക്കടല
- സോയാബീൻ
- പാലും പാലുൽപ്പന്നങ്ങളും
- കോഴിമുട്ടയുടെ വെള്ളഭാഗം
- അണ്ടിപ്പരിപ്പ്
- ബദം
- ആപ്രിക്കോട്ട്
- ചോക്ലേറ്റുകൾ
- ചില പഴവര്ഗങ്ങൾ – ഓറഞ്ച് , മുന്തിരി, ചെറുപഴം…
- കേക്കുകൾ
- ചെമ്മീൻ / കൂന്തൽ/ കടുക്ക / ഞണ്ടു/ കക്കയിറച്ചി
എന്നാൽ ഇതിനർത്ഥം എല്ലാവരിലും ഈ ഭക്ഷണസാധനങ്ങൾ അല്ലെർജിയുണ്ടാക്കുമെന്നല്ല. ഒരു കുട്ടിക്ക് അണ്ടിപ്പരിപ്പ് കഴിച്ചാലാകും അല്ലെർജി വരുന്നത്. എന്നാൽ വേറൊരു കുട്ടിക്ക് ചെമ്മീൻ ആയിരിക്കും പ്രശ്നക്കാരൻ. ഈ രണ്ടു കുട്ടികളിലും പാൽ ഒരു പ്രശ്നവും ഉണ്ടാകണമെന്നില്ല.
ചുരുക്കി പറഞ്ഞാൽ നമ്മുടെ കുട്ടിക്ക് ഏതു ഭക്ഷണസാധനമാണ് അല്ലെർജിയുണ്ടാക്കുന്നതെന്നു നമ്മൾ സൂക്ഷമായി നിരീക്ഷിച്ചു തന്നെ കണ്ടുപിടിക്കണം എന്നർത്ഥം. അല്ലാതെ മുകളിൽ പറഞ്ഞ സാധനങ്ങൾ ഒന്നും തന്നെ കൊടുക്കാതിരുന്നിട്ടു കാര്യമില്ല. തൽഫലമായി പല പോഷകാഹാരങ്ങളും ആ കുട്ടിക്ക് നിഷേധിക്കപെടലാകും ഫലം. അത് ആ കുട്ടിയുടെ വളർച്ചയെ തന്നെ ബാധിച്ചേക്കാം. കാരണം പാലും മുട്ടയുമൊക്കെ അത്രകണ്ട് പോഷകാംശങ്ങൾ നിറഞ്ഞതാണെന്ന് നിങ്ങൾക്കറിയാമല്ലോ.
ഒരു പ്രത്യേക ഭക്ഷണപദാര്ഥം കൊടുക്കുമ്പോഴെല്ലാം നിങ്ങളുടെ കുട്ടിക്ക് അല്ലെർജിയുണ്ടാകുന്നുവെങ്കിൽ ആ ഭക്ഷണം മാത്രം പിനീട് ഒഴിവാക്കുക. അത്ര മാത്രം. പൊതുവായി തണുപ്പുള്ള, അതായത് ഫ്രിഡ്ജിൽ നിന്നെല്ലാം എടുത്ത ഉടനെത്തന്നെ ഭക്ഷണസാധനങ്ങൾ കൊടുക്കുന്നത് ഒഴിവാക്കുക. ചെറുചൂടോടെ കുട്ടികൾക്ക് ആഹാരം കൊടുക്കാൻ ശ്രദ്ധിക്കുക. ഐസ് ക്രീം പോലെയുള്ള തണുത്ത പദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുക.