പ്രതിരോധകുത്തിവയ്പുകൾ ഓരോന്നും എന്തിന്?

നമ്മുടെ കുട്ടികൾക്ക് എല്ലാ പ്രതിരോധകുത്തിവയ്പുകളും നൽകുന്നവരാണ് നമ്മൾ ഭൂരിഭാഗം പേരും. എന്നാൽ പല സന്ദര്ഭങ്ങളിലും കാണാറുള്ളത് അഭ്യസ്തവിദ്യരായ അച്ഛനമ്മമാർക്ക് പോലും ഈ കൊടുക്കുന്ന ഓരോ കുത്തിവയ്പ്പും എന്തിനാണെന്നുള്ള ശരിയായ ബോധ്യമില്ലെന്നുള്ളതാണ്. ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് അതിനെപ്പറ്റിയാണ്. ഇതിൽ തന്നെ ഗവണ്മെന്റ് ആശുപത്രികളിൽ സൗജന്യമായി കിട്ടുന്ന കുത്തിവയ്പുകളും പ്രൈവറ്റ് ആശുപത്രികളിൽ പോയി പൈസ കൊടുത്ത വയ്ക്കുന്ന സ്പെഷ്യൽ കുത്തിവയ്പുകളുമുണ്ട്. ഇന്ന് നമുക്ക് ഗവണ്മെന്റ് ആശുപത്രികളിൽ കിട്ടുന്ന സൗജന്യകുത്തിവയ്പുകളെ കുറിച്ച് സംസാരിക്കാം.

 

ബി.സി.ജി.

കുട്ടികളിൽ കണ്ടുവരുന്ന ചിലതരം ക്ഷയരോഗത്തിനെതിരെ സംരക്ഷണം നൽകുന്ന വാക്‌സിനാണ് ബി.സി.ജി. ഉദാഹരണത്തിന് ടി.ബി. അണുക്കൾ ഉണ്ടാക്കുന്ന മെനിഞ്ചിറ്റിസ് , ശ്വാസകോശത്തെ മുഴുവൻ ബാധിക്കുന്ന മിലിയറി ടി.ബി. , എല്ലിനെ ബാധിക്കുന്ന ക്ഷയം എന്നിവയാണ് ഇവയിൽ പ്രധാനമായവ. എന്നാൽ ശ്വാസകോശങ്ങളെ ബാധിക്കുന്ന ഏറ്റവും സർവസാധാരണമായി കണ്ടുവരുന്ന ക്ഷയരോഗത്തിനു ബി.സി.ജി നൂറുശതമാനം സംരക്ഷണം നൽകുന്നില്ല. ചികിൽസിക്കാൻ വളരെയധികം ശ്രമകരമായ മുകളിൽ പറഞ്ഞ തരാം ക്ഷയരോഗങ്ങളെ ആണ് ഈ കുത്തിവയ്പ്പ് തടയുന്നത്. ഇത്തരം ക്ഷയരോഗങ്ങളും നമ്മുടെ ഇടയിൽ അപൂർവമല്ല. അതിനാൽ ഈ കുത്തിവയ്പ്പ് വളരെ പ്രാധാന്യമർഹിക്കുന്നു. ജനിച്ചു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു പോകുന്നതിനു മുമ്പ് തന്നെ ഈ കുത്തിവയ്പ്പ് കൊടുക്കാറുണ്ട്. ഒരു ഡോസ് മാത്രമേ കൊടുക്കേണ്ടതുള്ളൂ. ഇടതുകൈയ്യിന്റെ മുകള്ഭാഗത്തായി തൊലിക്കടിയിലായി ആണ് ഈ ഇൻജെക്ഷൻ നല്കുന്നത്. ഒരു മാസം കഴിയുമ്പോഴേക്കും ഇത് ഒരു കുമിളയായി പഴുത്തു പൊട്ടി രണ്ടുമാസം കഴിയുമ്പോഴേക്കും ഒരു കലയായി മാറിയിട്ടുണ്ടാകും. ഇതാണ് ശെരിയായ ബി.സി.ജി കുത്തിവയ്പ്പിന്റെ രീതി. ഇപ്പറഞ്ഞ രീതിയിൽ കല/ പാട്  വന്നില്ലെങ്കിൽ  ആ കുത്തിവയ്പ്പ് ഫലവത്തായതായി കണക്കാക്കാൻ സാധിക്കില്ല. അഞ്ചു വർഷത്തിൽ കുറവാണു പ്രായമെങ്കിൽ ഈ കുത്തിവയ്പ്പ് ഒന്നുകൂടി എടുക്കേണ്ടതാണ്.

ഡി.പി. ടി

തൊണ്ടമുള്ളൂ (ഡിഫ്തീരിയ ), വില്ലൻ ചുമ (പെർട്ടൂസിസ് ) , ടെറ്റനസ് എന്നീ മാരകരോഗങ്ങൾക്കെതിരെ എടുക്കേണ്ട കുത്തിവയ്പ്പണിത്. ഇത് ട്രിപ്പിൾ വാക്‌സിൻ എന്നും അറിയപ്പെടുന്നു. മൂന്നു പ്രാഥമിക ഡോസുകളും രണ്ടു ബൂസ്റ്റർ ഡോസുകളുമാണ് കൊടുക്കേണ്ടത്. പ്രാഥമിക ഡോസുകൾ 6, 10, 14 ആഴ്ചകളിലായാണ് കൊടുക്കേണ്ടത്. ബൂസ്റ്ററുകൾ ഒന്നര വയസ്സിലും നാലരവയസ്സിലും. ഇപ്പോൾ ഈ ഇൻജെക്ഷൻ ഒറ്റക്കല്ല കൊടുക്കുന്നത്. പെന്റാവാലന്റ് ഇഞ്ചക്ഷന്റെ ഭാഗമായാണ്. എടുക്കേണ്ട സമയത് എടുക്കാൻ കഴിയാതെ പോയ കുട്ടികളിൽ ഏഴു വയസ്സ് വരെ ഇത് നൽകാവുന്നതാണ്.

ഈ കുത്തിവയ്പ്പിന്റെ ആവശ്യകതയെപ്പറ്റി കൂടുതൽ പറയേണ്ട  ആവശ്യമില്ല എന്നെനിക്കറിയാം. കഴിഞ്ഞ വർഷങ്ങളിൽ അതിന്റെ ഭീകരത നാം കണ്ടതാണ്.  കുത്തിവയ്പ്പ് നൽകാത്തതിനാൽ തൊണ്ടമുള്ള് ബാധിച്ച കുരുന്നുമക്കളെ മരണം കവർന്നത് നാം മറക്കാനിടയില്ല. ടെറ്റനസ്സിന്റെ കാര്യവും മറിച്ചല്ല. . ഈ രോഗങ്ങളെല്ലാം പിടിപെട്ടു കഴിഞ്ഞാൽ ചികിൽസിച്ചു ഭേദമാക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ളവയാണ്. അതുകൊണ്ടു തന്നെ വേണ്ട സമയത് ഈ കുത്തിവെപ്പുകൾ നൽകി നാം നമ്മുടെ മക്കളെ ഈ മഹാവിപത്തുകളിൽനിന്നു സംരക്ഷിക്കുകയാണ് വേണ്ടത്.

ഓ. പി. വി  (പോളിയോ വാക്‌സിൻ)

വായിൽ തുള്ളിമരുന്നായി നൽകുന്ന പോളിയോ വാക്‌സിൻ എല്ലാവര്ക്കും സുപരിചിതമാണ്. കുഞ്ഞുങ്ങൾ ജനിച്ചാൽ ഉടനെയും അതിനുശേഷം ട്രിപ്പിൾ വാക്‌സിന്റെ കൂടെയും പിന്നെ ഓരോ തവണയും പൾസ്‌  പോളിയോ ദിനങ്ങളിലും ഇത് നൽകേണ്ടതുണ്ട്. ഇപ്പോൾ ഇൻജെക്ഷൻ   ആയി എടുക്കുന്ന പോളിയോ വാക്‌സിൻ ലഭ്യമാണ് . അധികവും ഗവണ്മെന്റ് ആശുപത്രികളിൽ അതാണ് ഇപ്പോൾ നൽകിവരുന്നത്. അതെടുത്താൽ പിന്നെ വായിൽ കൂടി നൽകുന്ന തുള്ളിമരുന്നിന്റെ ആവശ്യമില്ല. ഏതെങ്കിലും ഒന്ന് നൽകിയാൽ മതിയാകും.

എന്നാൽ പൾസ്‌ പോളിയോ എല്ലാ കുട്ടികൾക്കും കൊടുക്കേണ്ടത് അനിവാര്യമാണ്. പലരുടെയും സംശയം ആണിത്. കാർഡിൽ കാണുന്ന എല്ലാ കുത്തിവയ്‌പ്പെടുത്ത കുട്ടികൾ പൾസ്‌ പോളിയോ കൊടുക്കണമോ എന്നത്. ഒരു സംശയവും വേണ്ട, കൊടുക്കണം. പൾസ്‌ പോളിയോ കൊടുക്കുന്നത് വഴി നാം ആ കുട്ടിയെ മാത്രമല്ല ആ പരിസരത്തുള്ള കുട്ടികളെ മൊത്തമാണ് സംരക്ഷിക്കുന്നത്. എങ്ങിനെ എന്നല്ലേ? പറയാം. പ്‌ളസ് പോളിയോ കൊടുക്കുന്നത് കൊല്ലത്തിൽ സാധാരണയായി രണ്ടു ഘട്ടമായാണ്. ഈ സമയങ്ങളിലാണ് ഏറ്റവും കൂടുതലായി പോളിയോ വൈറസുകൾ പടർന്നു പിടിക്കുന്നത്. ഇത് ജനുവരി – ഫെബ്രുവരി യിലും അതുപോലെ ഒക്ടോബര് – നവംബര് മാസങ്ങളിലുമാണ്. ഒരുമിച്ചു എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകുക വഴി നാം ചെയ്യുന്നത് അവരുടെ ശരീരത്തിലേക്ക് കുറഞ്ഞ അളവിൽ ‘ വാക്‌സിൻ വൈറസിനെ ‘ കടത്തി വിടുകയാണ്. ഈ വാക്‌സിൻ വൈറസിന് പോപോളിയോ ളിയോ രോഗമുണ്ടാക്കാനുള്ള കഴിവില്ല. എന്നാൽ ഈ വൈറസ് കുട്ടികളുടെ മലം വഴി പുറമേക്ക് വിസര്ജിക്കപ്പെടുന്നു. ഇത് പരിസരത്തിൽ തുള്ളിമരുന്ന് കൊടുക്കാത്ത കുട്ടികളിലേക്കും വ്യാപിക്കുന്നു. അങ്ങിനെ ഒരു പ്രദേശത്തെ കുട്ടികളിലെല്ലാം വാക്‌സിൻ വൈറസ് പടരുന്നു. ഈ വൈറസിന് പോളിയോ രോഗമുണ്ടാക്കുന്ന ‘ വൈൽഡ് പോളിയോ വൈറസ്” നെ ചെറുത് നിൽക്കാനും അവ കുട്ടികളുടെ ശരീരത്തിൽ കടക്കുന്നത് തടയാനുമുള്ള കഴിവുണ്ട്. തൽഫലമായി ഈ കുട്ടികൾക്ക് ( എടുത്തവർക്കും എടുക്കാത്തവർക്കും) പോളിയോ രോഗത്തിൽ നിന്ന് സംരക്ഷണവും ലഭിക്കുന്നു. അതിനാൽ പൾസ്‌ പോളിയോ നാം നിർബന്ധമായും കൊടുക്കേണ്ടതാണ്.

ഹിബ്  വാക്‌സിൻ

ഹീമോഫിലസ് ഇൻഫ്ലുവെൻസ ബി രോഗം ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ആദ്യ 5 വയസ്സിനുള്ളിലാണ്. അതിൽ തന്നെ ആദ്യവര്ഷമാണ് ഏറ്റവും സാധ്യത. ഈ ബാക്ടീരിയ ഉണ്ടാക്കുന്ന സാരമായ അസുഖങ്ങൾ പ്രധാനമായും മെനിഞ്ജിറ്റീസ് , നിമോണിയ എന്നിവയാണ്. അതായത് തലച്ചോറിനെയും ശ്വാസകോശങ്ങളെയുമാണ് ബാധിക്കുന്നത് എന്നർത്ഥം. ട്രിപ്പിൾ വാക്‌സിന്റെ കൂടെ തന്നെയാണ്  ഹിബ് വാക്‌സിനും നൽകേണ്ടത്. അതായത് 6,10, 14 ആഴ്ചകളിലും പിന്നീട് ഒന്നര വയസ്സിൽ ബൂസ്റ്ററായും. ഈ വാക്‌സിനും പെന്റാവാലന്റ് വാക്‌സിനിൽ ഉൾപ്പെട്ടിരിക്കുന്നു.

ഹെപ്പറ്റൈറ്റിസ് ബി

രക്തത്തിലൂടെയും  മറ്റും പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് ബി. കരളിനെ ബാധിക്കുന്ന മാരകരോഗമാണിത്. ഇത് പലപ്പോഴും കരളിലെ കാൻസർ വരെ ആയി മാറാറുണ്ട്. ജനിച്ച ഉടനുടനെയുള്ള ആദ്യമണിക്കൂറുകളിൽ നൽകേണ്ട വാക്‌സിൻ ആണിത്. പിന്നീട് ആഴ്ചകളിൽ ആയി അടുത്ത ഡോസുകളും കൊടുക്കേണ്ടതുണ്ട്.

പെന്റാവാലന്റ്  വാക്‌സിൻ :

ഇതൊരു പ്രത്യേക അസുഖത്തിനെതിരെയുള്ള വാക്‌സിൻ അല്ല. മൂന്നു വാക്‌സിനുകൾ ചേർന്ന ഒരൊറ്റ ഇൻജെക്ഷൻ ആണ് പെന്റാവാലന്റ് ഇൻജെക്ഷൻ. ഇതിൽ ഉൾപ്പെട്ടിട്ടുള്ള വാക്‌സിനുകൾ – ഡി.പി.ടി , ഹിബ് , ഹെപ്പറ്റൈറ്റിസ് ബി എന്നിവയാണ്. മുമ്പൊക്കെ ഇത്രയും ഇഞ്ചക്ഷനുകൾ വേറെ വേറെ ആണ് കൊടുത്തിരുന്നത്. അത്രയും തവണ സൂചി വെക്കുന്നതിന്റെ ബുദ്ധിമുട്ടു മാത്രമല്ല, പല തവണ ആയി ആശുപത്രികളിൽ വരേണ്ട ആവശ്യവും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പല കുട്ടികളും പല വാക്‌സിനുകളും എടുക്കാതെ വിട്ടുപോകുമായിരുന്നു. അതിന്റെ പരിഹാരമായാണ് പെന്റാവാലന്റ് വാക്‌സിൻ വന്നത്. അതുമൂലം ഒരൊറ്റ സൂചിയിൽ തന്നെ മൂന്നു ഇഞ്ചക്ഷനുകൾ കുട്ടിക്ക് നല്കാനാകുന്നു. ഇത് എല്ലാ ഗവണ്മെന്റ് ആശുപത്രികളിലും ഇന്ന് ലഭ്യമാണ്.  6, 10, 14ആഴ്ചകളിൽ ആണ് പ്രാഥമിക ഡോസ് കൊടുക്കേണ്ടത്.

റോട്ടാവൈറൽ വാക്‌സിൻ

ഗവണ്മെന്റ് പ്രതിരോധ കുത്തിവയ്പുകളിൽ ഏറ്റവും പുതിയതായി കൂട്ടിച്ചേർത്ത വാക്‌സിൻ ആണിത്. കുട്ടികളിലെ വയറിളക്കരോഗത്തിനു കാരണമാകുന്ന റോട്ട വൈറസിന് എതിരേയുള്ളത്. പിന്നോക്കസംസ്ഥാനങ്ങളിൽ ഇന്നും ശിശുമരണങ്ങളുടെ പ്രധാന കാരണക്കാരൻ ഇന്നും വയറിളക്കരോഗമാണ്. അത് ഏറ്റവും കൂടുതൽ ഉണ്ടാക്കുന്നതോ, റോട്ടാവൈറസ്സും. അതുകൊണ്ടു തന്നെയാണ് ഇന്ന് സൗജന്യമായി ഗവണ്മെന്റ് അത് കൊടുത്തു തുടങ്ങിയിരിക്കുന്നത്. വായിൽ കൂടി കൊടുക്കുന്ന തുള്ളിമരുന്നായാണ് ഇത് നൽകുന്നത്.  6,10,14 ആഴ്ചകളിലായാണ് മൂന്നു ഡോസ് ആയി ഇത് കൊടുക്കുന്നത്.

എം.എം. ആർ

മുണ്ടിനീര് , അഞ്ചാംപനി, റൂബെല്ല പനി എന്നിവക്കെതിരെ ആണ് ഈ കുത്തിവയ്പ്പ്. ഇത് ആദ്യ ഡോസ്  പത്താം മാസത്തിന്റെ തുടക്കത്തിലും രണ്ടാം ഡോസ് പതിനഞ്ചാം മാസത്തിലും മൂന്നാമത്തെ ഡോസ് നാല് വയസ്സിനു ശേഷവുമാണ് കൊടുക്കേണ്ടത്. ചില സന്ദർഭങ്ങളിൽ ഗവണ്മെന്റ് ആശുപത്രികളിൽ ഇതിന്റെ ലഭ്യത കുറയാറുണ്ട്. അപ്പോൾ എം.ആർ വാക്‌സിൻ ആണ് ഇതിനു പകരമായി നൽകാറുള്ളത്.

ടി.ടി. ഇൻജെക്ഷൻ

ടെറ്റനസ് രോഗത്തിൽ നിന്ന് സംരക്ഷണത്തിനാണ് ഈ ഇൻജെക്ഷൻ എടുക്കേണ്ടത്. പത്തു വയസ്സിലാണ് ഇത് കൊടുക്കുന്നത്.

ഇത്രയുമാണ് ഗവണ്മെന്റ് ആശുപത്രിയിൽ നിന്നുള്ള പ്രതിരോധ കുത്തിവയ്‌പ്പുകൾ. എന്നാൽ ഇതിനു പുറമെ അനവധി വാക്‌സിനുകൾ വേറെയും ലഭ്യമാണ്. എന്നാൽ കൊടുക്കാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണമെന്നു മാത്രം. അത് മാത്രമല്ല, അവ സൗജന്യവുമല്ല. അവയെ പറ്റി അടുത്ത ലക്കത്തിൽ ചർച്ച ചെയ്യാം.

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top