‘ന്‍റെ ഇക്കാക്കാക്കൊരു പ്രേമണ്ടാർന്ന്‌’ കണ്ടു.

‘ന്‍റെ ഇക്കാക്കാക്കൊരു പ്രേമണ്ടാർന്ന്‌’ കണ്ടു.

കാര്യമായ റിവ്യൂകൾ കിട്ടിയിട്ടല്ല പോയത്. കാരണം ഈ സിനിമയെ പറ്റി കേട്ടതെല്ലാം ഭാവനയുടെ തിരിച്ചുവരവ് വിശേഷങ്ങൾ മാത്രമായിരുന്നു. അതിന്റെ സാമൂഹിക പ്രാധാന്യം അത്രകണ്ട് ഉള്ളതുകൊണ്ട് തന്നെ അത് സ്വാഭാവികവുമായിരുന്നു.

അതുകൊണ്ട് ഈ സിനിമയുടെ വിശേഷങ്ങൾക്കപ്പുറം അത് ഭാവനയുടെ വിശേഷമായി മാറി. പക്ഷെ വേറൊരു തരത്തിൽ പറഞ്ഞാൽ ഈ കുഞ്ഞു സിനിമ ശ്രദ്ധിക്കപ്പെടാൻ തന്നെ ഒരു പ്രധാന കാരണം ഭാവന ആണെന്നതാണ് സത്യം.
ഭാവനക്ക് എല്ലാവിധ ആശംസകളും…ഒരിക്കൽ കൂടി മലയാള സിനിമയുടെ മണ്ണിൽ തലയുയർത്തി തന്നെ ചവിട്ടി നിൽക്കാനും വേരുറപ്പിക്കാനും സാധിക്കട്ടെ.

ഇനി സിനിമയിലേക്ക് വരാം. സത്യത്തിൽ എനിക്ക് സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു കുഞ്ഞു സിനിമ. തീർച്ചയായും ഭാവനയുടെ തിരിച്ചു വരവിനപ്പുറം ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമ.
വളരെ പുതിയ പ്രമേയം എന്ന്‌ പറയാൻ സാധിക്കില്ല. പക്ഷെ എത്ര ചർച്ച ചെയ്താലും അധികമാകില്ല എന്നത് കൊണ്ട് തന്നെ ഒരിക്കലും കലികപ്രസക്തി നഷ്ടമാകാത്ത ഒരു പ്രമേയം. വിവാഹമോചനം!

ഇന്നും നമുക്കിടയിൽ ഒരു ലേശം മടിയോടെ തന്നെ, അല്ലെങ്കിൽ മുൻവിധികളോടെ ചർച്ച ചെയ്യപ്പെടുന്ന വിഷയം. നമ്മുടെ മക്കളുടെ ജീവിതത്തിൽ വിവാഹം എന്ന വാക്കിന്‌ ഉള്ളത്ര സ്വീകാര്യത ഒരിക്കലും വിവാഹമോചനത്തിന് ഇല്ല എന്നത് തർക്കമില്ലാത്ത കാര്യമാണല്ലോ…
വിവാഹമോചനത്തിന്റെ വക്കിൽ നിൽക്കുന്ന ഒരു സ്ത്രീ തന്റെ പൂർവ്വകാമുകനെ കണ്ട് മുട്ടുന്നു എന്ന ചെറിയ ഒരു പ്ലോട്ടിൽ ആണ് കഥ വികസിക്കുന്നത്. അവിചാരിതമായി ഉണ്ടാകുന്ന ഒരു കണ്ട് മുട്ടൽ. അതവരുടെ രണ്ട് പേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന സംഭവവികാസങ്ങളിലൂടെ ആണ് കഥ മുന്നോട്ട് പോകുന്നത്.

അതവിടെ നിക്കട്ടെ. ഈ സിനിമയിൽ എന്നെ ആകർഷിച്ചത് രണ്ട് പോയിന്റുകൾ ആണ്.

  1. വിവാഹമോചനം ആവശ്യപ്പെടുന്ന ഒരു സ്ത്രീയുടെയോ പുരുഷന്റെയോ കാരണങ്ങളെ പുറത്തു നിന്ന് മറ്റൊരാൾ വിലയിരുത്തുന്നതും വിധിക്കുന്നതും എത്രത്തോളം വലിയ തമാശയാണ് എന്നത്.
  2. അതുപോലെ വിവാഹമോചിതയായ പുരുഷനും സ്ത്രീയും പിന്നീടങ്ങോട്ട് ജീവിക്കേണ്ടത് അവരുമായി ഒരു ബന്ധവും ഇല്ലാത്ത പലരുടെയും ഓഡിറ്റിങ്ങിന് വിധേയമായിട്ടാകണം എന്ന അടുത്ത ബ്ലണ്ടെർ.

ഒന്നാമത്തെ പോയിന്റിലേക്ക് വരാം. ഒരാൾ വിവാഹമോചനം ആവശ്യപ്പെടുന്നത് അയാൾക്ക് ആ ബന്ധത്തിൽ തുടരാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ്. അതിന് അയാൾക്ക് അയാളുടേതായ പല കാരണങ്ങൾ ഉണ്ടാകാം. ആ കാരണങ്ങൾ അയാൾക്ക് പ്രധാനപെട്ടതാണ്, അഥവാ മതിയായവയാണ്.അത് വേറെ ആരെയും ബോധിപ്പിക്കേണ്ട കാര്യം അയാൾക്കില്ല. അത് അവരുടെ സ്വകാര്യത ആണ്. അത്ര തന്നെ. അതിനെ മാനിക്കുക. അംഗീകരിക്കുക. അത് അവരുടെ ജീവിതമാണല്ലോ.അവർ തീരുമാനിക്കട്ടെ. അല്ലാതെ ഇതിലെ പല കഥാപാത്രങ്ങളെയും പോലെ, ” വരുൺ ഇപ്പോൾ നന്നായി പശ്ചാത്തപിക്കുന്നുണ്ട്. ഒരു ചാൻസ് കൂടി കൊടുത്തൂടെ ? ” ” ഇങ്ങനെ വാശി പിടിച്ചു സ്വന്തം ജീവിതം നശിപ്പിക്കണോ” എന്നൊക്കെ ചോദിക്കുന്നത് നല്ല ബോറൻ ഏർപ്പാട് ആണ്. വർഷങ്ങൾ കൂടെ ജീവിച്ചു ഒരാൾ പിരിയാം എന്നൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതിന് മതിയായ കാരണങ്ങൾ ഉണ്ടാവും എന്നൊരു സാമാന്യ ബുദ്ധി എങ്കിലും കാണിക്കാനുള്ള മര്യാദ നമ്മൾ പാലിക്കണം. അതിനേക്കാൾ കൂടുതലൊന്നും അഞ്ചു മിനിറ്റ് കൊണ്ട് നമുക്ക് ഒരു വ്യക്തിയെ പറ്റി മനസ്സിലാക്കാൻ സാധിക്കില്ല.വിവാഹമുണ്ടെങ്കിൽ വിവാഹമോചനവും ഉണ്ട്.

ഇനി രണ്ടാമത്തെ കാര്യം. വിവാഹമോചിതയായ സ്ത്രീ അല്ലെങ്കിൽ മോചിതനായ പുരുഷൻ എന്നത് അന്യഗ്രഹജീവികൾ ഒന്നും അല്ല. എല്ലാവരെയും പോലെ ഈ ലോകത്തെ എല്ലാ സന്തോഷങ്ങളും അനുഭവിക്കാൻ അർഹരായിട്ടുള്ളവർ തന്നെയാണ്. അതിന് ആരുടേയും സർട്ടിഫിക്കറ്റിന്റെ ആവശ്യം അവർക്കില്ല. അവർക്ക് പ്രണയിക്കാം. മറ്റൊരാളുടെ കൂടെ യാത്രകൾ പോകാം. ഒരുമിച്ചു ജീവിക്കാം. വിവാഹം ചെയ്യാം. ചുരുക്കി പറഞ്ഞാൽ അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാം. അതിന് മാർക്കിടാൻ നമ്മളെ ആരും ചുമതലപെടുത്തിയിട്ടില്ല. ഇതിൽ ഒരു സീനിൽ കാണിക്കുന്ന പോലെ നായികയുടെ തൊഴിൽ സ്ഥാപനത്തിൽ അവർ ഇങ്ങനെ ഒരു സദാചാര ഓഡിറ്റിങ്ങിന് വിധേയയാകുന്നുണ്ട്. വിവാഹമോചിതരായ സ്ത്രീകൾ മുഖത്തു സ്ഥായിയായ വിഷാദഭാവത്തോടെ സ്വന്തം കുട്ടികളുടെ കാര്യം നോക്കി ജീവിക്കണം എന്നൊക്കെ പള്ളീൽ പോയി പറഞ്ഞാ മതി!

അപ്പൊ ന്യൂട്ടൻ പറഞ്ഞ പോലെ പ്രവർത്തനവും പ്രതിപ്രവർത്തനവും ഒക്കെ ലോകനിയമങ്ങൾ ആണ്.

വിവാഹമുണ്ടെങ്കിൽ വിവാഹമോചനവും ഉണ്ട്. അത് ഒരു കുറ്റകൃത്യമോ ആനക്കാര്യമോ ഒന്നും ആക്കേണ്ട ആവശ്യമില്ല.

എത്ര സന്തോഷത്തോടെയാണോ രണ്ട് വ്യക്തികൾ ഒന്നിക്കുന്നത് , ഒരിക്കലും അതെ സന്തോഷത്തോടെ പിരിയൽ സാധ്യമാകണമെന്നില്ല. അത് സത്യമാണ്. പക്ഷെ അതിന്റെ ആഘാതം കൂട്ടാതിരിക്കാൻ എങ്കിലും നമുക്ക് അവരെ സഹായിക്കാമല്ലോ. അവരെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാമല്ലോ. അവരെ അവരുടെ പാട്ടിന് വിടാമല്ലോ.

അത് മതി. അത് മാത്രം മതി 😊.

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top