നിങ്ങളുടെ കുട്ടിക്ക് ഓരോ പ്രായത്തിലും എത്ര തൂക്കം വേണം?

“ഡോക്ടറെ, എന്റെ കുട്ടിക്ക് 3 വയസ്സായി. തൂക്കം 12 കിലോയേയുള്ളു. ഇത് കുറവല്ലേ? ഈ വയസ്സിൽ എത്ര തൂക്കം വേണം? “ ഓ.പി യിലെ സർവസാധാരണമായ ചോദ്യം. അത് കൊണ്ട് തന്നെ ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നതും അതാണ്, ഓരോ പ്രായത്തിലും കുട്ടികൾക്ക് വേണ്ട തൂക്കം എത്ര?

എങ്ങിനെ ആണ് ഇത് കണ്ടു പിടിക്കുന്നത്?

നിങ്ങൾക്കെല്ലാവർക്കുമറിയാവുന്ന പോലെ ഒരു കുട്ടിയുടെ തൂക്കം വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവർ ജനിച്ച സ്ഥലം, അവരുടെ വർഗം, പാരമ്പര്യം, ഭക്ഷണരീതികൾ, അവർ താമസിക്കുന്ന ചുറ്റുപാട്, മാനസിക വ്യതിയാനങ്ങൾ അങ്ങനെ പലതും…ജനിക്കുമ്പോഴുള്ള തൂക്കം തന്നെ വിവിധ ദേശങ്ങളിൽ വ്യത്യസ്തമാണ്. പാശ്ചാത്യദേശങ്ങളിൽ ജനിക്കുന്ന കുട്ടികൾ നമ്മുടെ കുട്ടികളെക്കാൾ തൂക്കത്തോടെയാണ് ജനിക്കുന്നത്. അത് കൊണ്ട് തന്നെ ലോകമൊട്ടുക്കുമുള്ള കുട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നത് ശ്രമകരമാണ്. എങ്കിൽ കൂടിയും ലോകാരോഗ്യസംഘടന ആയ  WHO അതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവർ വര്ഷങ്ങളോളം ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളെ പഠനവിധേയമാക്കുകയും അവരുടെ ഓരോ പ്രായത്തിലുമുള്ള തൂക്കത്തെ കുറിച്ച് പഠിക്കുകയും ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളിൽ ലോകത്തെ വികസിത രാജ്യങ്ങളും വികസ്വരരാജ്യങ്ങളും ഉൾപ്പെടുന്നു. തൽഫലമായി അവർ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഉപയോഗിക്കാൻ പാകത്തിൽ ഒരു തൂക്ക ചാർട്ട്  നിര്മിക്കുകയുണ്ടായി. ഇതിൽ ഒരു പ്രായത്തിൽ ഒരു കുട്ടിക്ക് വേണ്ട ഏറ്റവും കുറഞ്ഞ തൂക്കവും ഏറ്റവും കൂടിയ തൂക്കവും രേഖപെടുത്തിയിട്ടുണ്ട്. നമ്മുടെ ഭാരതത്തിലെ ശിശുരോഗവിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്  (IAP) ഇപ്പറഞ്ഞ ചാർട്ടിനെ നമ്മുടെ രാജ്യത്തുള്ള കുട്ടികൾക്ക് ഉപയോഗിയോഗിക്കാൻ  പാകത്തിൽ  2016 ഇൽ  ഒന്ന് മിനുക്കിയെടുത്തു. ഈ  ചാർട്ട് ഉപയോഗിച്ചാണ് ഇന്ന് ഞങ്ങൾ ഒരു പ്രായത്തിലെ കുട്ടിയുടെ തൂക്കം നോര്മലാണോ അല്ലെങ്കിൽ കുറവാണോ എന്നൊക്കെ പറയുന്നത്.

എന്താണീ തൂക്ക ചാർട്ട്?

ഒരേ വയസ്സുള്ള രണ്ടു കുട്ടികളുടെ തൂക്കം വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് , 3 വയസുള്ള 2 കുട്ടികളെ എടുക്കുക. ഒരാൾക്ക് 12 കിലോ, മറ്റെയാൾ 15 കിലോ. നമുക്ക് തോന്നും ആദ്യത്തെ ആൾക്ക് തൂക്കം പോരെന്നും രണ്ടാമത്തെ കുട്ടി ആവശ്യത്തിന് തൂക്കമുള്ളയാളാണെന്നും. എന്നാൽ അങ്ങനെയല്ല, ഇവർ രണ്ടുപേരും 3  വയസ്സിനു വേണ്ട നോർമൽ തൂക്കമുള്ളവരാണ്. ഞാൻ പറയാൻ ഉദ്ദേശിച്ചതെന്തെന്നാൽ, ഒരു വയസ്സിനു വേണ്ട നോർമൽ തൂക്കം ഒരിക്കലും ഒരു സംഖ്യയല്ല. അത് ഒരു റേഞ്ച് ആണ്. അതായതു മിനിമം തൂക്കം മുതൽ ഉണ്ടാവാൻ പാടുള്ള മാക്സിമം  തൂക്കം വരെയുള്ള ഒരു റേഞ്ച്. ഞാൻ മുമ്പ് പറഞ്ഞല്ലോ, വികസിതരാജ്യങ്ങളെയും വികസ്വരരാജ്യങ്ങളെയും ചേർത്താണ് ഈ പഠനം നടത്തി ഇങ്ങനെ ഒരു ചാർട്ട് ഉണ്ടാക്കിയത്. അത് കൊണ്ട് തന്നെ ഇന്ത്യയിലെ മൂന്നു വയസ്സുള്ള കുട്ടിക്ക് നോർമൽ ആയുള്ള തൂക്കം 15  ആണെങ്കിൽ അമേരിക്കയിലെ കുട്ടിക്ക് അത് 18 ആകും. എന്നാൽ ഇന്ത്യയേക്കാൾ വികസനം പുറകോട്ടുള്ള രാജ്യത്ത് അത് ഒരു പക്ഷെ 12 കിലോ ആയിരിക്കാം. അപ്പോൾ ഇവരെ മൂന്നു പേരെയും നോർമൽ എന്ന് വിളിക്കണമെങ്കിൽ അതൊരു റേഞ്ച് ആവണമല്ലോ. ഈ ചാർട്ട് പ്രകാരം മൂന്നു വയസുള്ള കുട്ടികളുടെ തൂക്ക റേഞ്ച് 11 മുതൽ 18  വരെയാണ്. അപ്പോൾ നമ്മൾ മേല്പറഞ്ഞ മൂന്നു രാജ്യത്തെ കുട്ടികളും ഇതിൽ ഉൾപ്പെട്ടു അല്ലെ? അതായത് അവർ മൂന്നു പേരും അവരുടെ ചുറ്റുപാട് പ്രകാരം മൂന്നു വയസ്സിനു വേണ്ട തൂക്കമുള്ളവരാണെന്നു  അർഥം.

എങ്ങിനെ ആണ് ഈ മിനിമം തൂക്കവും മാക്സിമം തൂക്കവും നിശ്ചയിക്കുന്നത്?

ലക്ഷക്കണക്കിന് കുട്ടികളിൽ നടത്തിയ പഠനങ്ങളിൽ നിന്നും ഒരു പ്രത്യേക വയസിൽ ഇവരിൽ ഏറ്റവും കുറഞ്ഞത് എത്ര തൂക്കം വരെ പോകുന്നുണ്ടെന്നും ഏറ്റവും കൂടിയത് എത്ര വരെ പോകുന്നുണ്ടെന്നും മനസ്സിലാക്കി. അങ്ങിനെ അതിൽ നിന്നും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ൧൦൦ കുട്ടികളെ ഉൾപ്പെടുത്തി ഒരു സാമ്പിൾ ഗ്രൂപ്പ് നിർമിച്ചു. അവരെ തൂക്കത്തിന്റെ ആരോഹണക്രമത്തിൽ ക്രമീകരിച്ചു. ഇതിൽ ഓരോ കുട്ടിയേയും നമുക്ക് ” സെൻടൈൽ ” എന്ന് വിളിക്കാം. ഒന്നാമത്തെ കുട്ടി, അതായത് ഏറ്റവും കുറഞ്ഞ തൂക്കമുള്ളയാൾ, ഒന്നാമത്തെ സെൻടൈൽ. അമ്പതാമത്തെ കുട്ടി ” അമ്പതാമത്തെ സെൻടൈൽ” അങ്ങിനെ അങ്ങിനെ.. ഇങ്ങനെ ക്രമീകരിച്ചതിൽ മൂന്നാം സെൻടൈൽ മുതൽ  തൊണ്ണൂറ്റി ഏഴാം സെൻ ടൈൽ വരെ നോർമൽ റേഞ്ച് ആയി കണക്കാക്കി. അതായത് മൂന്നാം സെൻടൈൽ കുട്ടിയുടെ തൂക്കമാണ് ആ വയസ്സിനു വേണ്ട ഏറ്റവും കുറഞ്ഞ തൂക്കം. അത് പോലെ തൊണ്ണൂറ്റി ഏഴാം കുട്ടിയുടെ തൂക്കമാണ് ആ വയസ്സിനു അനുവദിക്കാവുന്ന മിനിമം തൂക്കം. മൂന്നാം സെൻടൈലിനു താഴെയുള്ളവർ തൂക്കകുറവുള്ളവരായും തൊണ്ണൂറ്റി ഏഴാം സെൻടൈലിനു മുകളിലുള്ളവരെ തൂക്കക്കൂടുതലുള്ളവരായും നമ്മൾ എടുക്കുന്നു.

ഇതിൽ ആൺ പെൺ  വ്യത്യാസമുണ്ടോ?

തീർച്ചയായും ഉണ്ട്. ആദ്യവര്ഷങ്ങളിൽ ഈ വ്യത്യാസം ഒട്ടും പ്രകടമല്ല. എന്നാൽ കൗമാരപ്രായമാകുമ്പോഴേക്കും ഇത് കണ്ടു തുടങ്ങും. ആൺകുട്ടികളുടെ എല്ലിന്റെ തൂക്കം പെണ്കുട്ടികളേക്കാൾ കൂടുതലാണ്. അത് കൊണ്ട് തന്നെ അവരുടെ ശരീരഭാരവും പെണ്കുട്ടികളേക്കാൾ കൂടുതലാകും. അത് കൊണ്ട് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ചാർട്ടുകളും വ്യത്യസ്തമാണ്.

അപ്പോൾ ഇനി നമുക്ക് ഓരോ വയസ്സിലെയും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും തൂക്കത്തിന്റെ ചാർട്ട് നോക്കാം, അല്ലെ?  ഈ ചാർട്ട് ഉപയോഗിചു  നിങ്ങൾക്ക് തന്നെ വളരെ എളുപ്പത്തിൽ നിങ്ങളുടെ മോന്റെയോ മോളുടെയോ തൂക്കം അവരുടെ പ്രായത്തിനു അനുസരിച്ച ഉണ്ടോയെന്ന് നോക്കാം!

അപ്പോൾ ഈ ചാർട്ട് നോക്കി സ്വന്തം കുഞ്ഞിന്റെ തൂക്കം കൂടുതലോ കുറവോ എന്ന് എളുപ്പത്തിൽ മനസിലാക്കാം അല്ലെ?

പക്ഷെ ഒരു കാര്യം എപ്പോഴും മനസ്സിൽ വെക്കുക. ഇന്ന് നമ്മളെ അഭിമുഖീകരിക്കുന്ന വിപത്തുകൾ രണ്ടാണ്. പണ്ട് അതിൽ പ്രധാനി തൂക്കകുറവായിരുന്നെങ്കിൽ ഇന്നത് പൊണ്ണത്തടിയാണ്. കുട്ടികളിലെ പൊണ്ണത്തടി വികസിത രാജ്യങ്ങളിൽ മാത്രം കണ്ടു വരുന്നതാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇന്നത് ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളെയും പിടി കൂടിയിരിക്കുന്നു. മാറുന്ന ജീവിതരീതികളും ഭക്ഷണരീതികളും തന്നെ കാരണം! മുകളിൽ പറഞ്ഞ ചാർട്ട് ഉപയോഗിച്ച് തൂക്കക്കുറവ് കണ്ടു പിടിക്കാൻ വളരെ എളുപ്പമാണ്, എന്നാൽ ഇതുകൊണ്ടു മാത്രം പൊണ്ണത്തടി കണ്ടു പിടിക്കാൻ പറ്റി കൊള്ളണം  എന്നില്ല.

കാരണം പൊണ്ണത്തടി കണ്ടുപിടിക്കാൻ തൂക്കം മാത്രം പോരാ, ഉയരവും കൂടി വേണം. ഒരാളുടെ ഉയരത്തിനനുസരിച് തൂക്കമുണ്ടോയെന്നു നോക്കുന്നത്  BMI ഉപയോഗിച്ചാണ്. കുട്ടികളിലും അങ്ങനെ തന്നെ.  അതിനാൽ ഇങ്ങനെയുള്ള കുട്ടികളെ കണ്ടു പിടിക്കാൻ  BMI യുടെ ചാർട്ടുകളും ലഭ്യമാണ്.

BMI = WEIGHT IN KG/( HEIGHT IN METER ) * (HEIGHT IN METER)

ഉദാഹരണത്തിന്,  15 വയസ്സുള്ള രണ്ടു ആൺകുട്ടികളുടെ തൂക്കം  65  കിലോ. നമ്മുടെ ചാർട്ട് പ്രകാരം ഇവർ രണ്ടു പേരും നോർമൽ തൂക്കമുള്ളവരാണ് അല്ലെ? എന്നാൽ ഇതിൽ ഒരാളുടെ ഉയരം  140 CM  ഉം മറ്റേയാളുടെ ഉയരം  170 CM ഉം ആണെന്ന് വെക്കുക. അപ്പോൾ ആദ്യത്തെ ആളുടെ BMI = 33.1  , രണ്ടാമത്തെ ആളുടെ  BMI = 22.5 ആണ്.  BMI ചാർട്ട് പ്രകാരം  ഇതിൽ ആദ്യത്തെ ആൾ പൊണ്ണത്തടിയുള്ള കുട്ടിയും രണ്ടാമത്തെ കുട്ടി നോർമൽ തൂക്കമുള്ള കുട്ടിയുമാണ്.

ഇപ്പോൾ ഇവിടെ അതിനെ   പറ്റി കൂടുതൽ  ചർച്ച ചെയ്യുന്നില്ല. നിങ്ങളുടെ അറിവിലേക്കായി പറഞ്ഞെന്നു മാത്രം.

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top