ഡോക്ടർ, എന്റെ കുട്ടിയെന്താ തൂക്കം വെക്കാത്തത്

ഇത് ഞങ്ങൾ ദിനവും ഏറ്റവും കൂടുതൽ തവണ കേൾക്കുന്ന ഒരു ചോദ്യമാണ്. ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും ഇന്നും ഡോകടർ സംസാരിക്കാൻ പോകുന്നത് കുട്ടികൾക്ക് നല്ല ഭക്ഷണം കൊടുക്കുന്നതിനെ കുറിച്ചാണെന്നു. നിങ്ങൾ ഇങ്ങനെ കരുതാനുള്ള കാരണവും ഞാൻ പറയാം, ഒരു കുട്ടി തൂക്കം വെക്കാത്തത് ഭക്ഷണം കഴിക്കാത്തത് കൊണ്ടാണെന്നു ആർക്കാണ് അറിയാത്തത് അല്ലെ?! എന്നാൽ ഇന്നെന്റെ ചർച്ച ഭക്ഷണത്തെ പറ്റിയല്ല! ഒരു കുട്ടി തൂക്കം കൂടാത്തതിനുള്ള ഏക കാരണം ആഹാരം ശെരിക്കു കഴിക്കാത്തതാണെന്നുള്ള നമ്മുടെ തെറ്റിദ്ധാരണ മാറ്റുക തന്നെ യാണ് ഇന്നത്തെ ചർച്ചയുടെ ലക്‌ഷ്യം എന്നത് കൊണ്ട് തന്നെ ആണത്. ഞാൻ എനിക്കുണ്ടായ ഒന്ന് രണ്ടു അനുഭവങ്ങൾ പറയാം.

2 വയസ്സായ ഒരു ആണ്കുട്ടിയുമായാണ് അവർ എന്നെ കാണാൻ വന്നത്, പരാതി മേല്പറഞ്ഞതു തന്നെ. ” കുട്ടി തൂക്കം വെക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് കഫക്കെട്ടും പനീയുമാണ്‌. ഒരു ഉന്മേഷവുമില്ല. കുറച്ചു കളിക്കുമ്പോഴേക്കും ക്ഷീണിക്കും. ഒരു ആരോഗ്യവുമില്ല ഡോക്ടറെ, വിശപ്പിനും തൂക്കം കൂടാനുമുള്ള എന്തെങ്കിലും ഒരു മരുന്ന്… ” എല്ലാവരെയും പോലെ അവരും പറഞ്ഞു നിർത്തി. ഞാനവനെ നോക്കി, ശെരിയാണ്. തൂക്കം വളരെ കുറവ്, ക്ഷീണിച്ചിരിക്കുന്നു. അവനെ പരിശോധിക്കാനായി എന്റെ സ്റ്റെതോസ്കോപ്പ് അവനെ നെഞ്ചിൽ വെച്ചതും ഞാൻ അപകടം മണത്തു. അവന്റെ ഹൃദയമിടിപ്പ് ആകെ താളം തെറ്റിയ അവസ്ഥയിലാണ്. കേൾക്കാൻ പാടില്ലാത്ത പല ശബ്ദങ്ങളും കേൾക്കാം. ഞാൻ ആ മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങൾ കൂട്ടി വായിച്ചു. അതെ, ഹൃദയമാണ് പ്രതി! പ്രശ്നം വാൽവിനോ അല്ലെങ്കിൽ ഭിത്തിയിലെ സുഷിരങ്ങളോ ആവാം. ഞാൻ അവരെ കാര്യങ്ങൾ ധരിപ്പിച്ചു. കേട്ട പാടെ അവർ പറഞ്ഞത് ” ഏയ്, ഇല്ല ഡോക്ടറെ. അതൊന്നും ആവില്ല. കൂടെ കൂടെ വരുന്ന കഫകെട്ടല്ലാതെ അവനു വേറെ പ്രശ്നങ്ങളൊന്നുമില്ല.

തൂക്കക്കുറവ് ആഹാരം കുറവായതുകൊണ്ടാണ്. ഈ പ്രായത്തിൽ ഹൃദ്രോഗമോ?” അവരെ പറഞ്ഞു മനസ്സിലാക്കി കാർഡിയോളോജിസ്റ്റിന്റെ അടുത്തേക്ക് എക്കോ ടെസ്റ്റിന് വിടാൻ ഞാൻ നന്നേ പണിപ്പെട്ടു. എല്ലാ ടെസ്റ്റുകളും കഴിഞ്ഞപ്പോൾ ഞാൻ സംശയിച്ച പോലെ തന്നെ അവനു ഹൃദയഭിത്തിയിൽ വലിയ സുഷിരങ്ങൾ ഉണ്ടായിരുന്നു. ജന്മനാ ഉള്ളതാണ്. പിന്നെയും വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് അവർ പറഞ്ഞത്, ” ഒന്ന് രണ്ടു ഡോക്ടർമാർ ഈ സംശയം പറഞ്ഞിരുന്നു, ഞങ്ങൾ അത്ര കാര്യമാക്കിയില്ല.” അവനെ ഉടൻ തന്നെ ഓപ്പറേഷന് വേണ്ടി റെഫർ ചെയ്തു, ഇപ്പോൾ അവൻ സുഖമായിരിക്കുന്നു. തൂക്കം കൂടി വരുന്നു, ഇടയ്ക്കിടെ വരുന്ന കഫകെട്ടുകളില്ല, ഉഷാറായി സ്കൂളിൽ പോവാൻ തുടങ്ങിയിരിക്കുന്നു. ഇത്രയും പറഞ്ഞത് ഒരൊറ്റ കാര്യം വ്യക്തമാക്കാനാണ്. തൂക്കം കൂടാത്തതിന് കാരണങ്ങൾ പലതാകാം. പോഷകാഹാരക്കുറവ് അതിലൊന്ന് മാത്രം! ഇന്ന് നമ്മൾ ഈ കാരണങ്ങളെ പറ്റിയാണ് ചർച്ച ചെയ്യുന്നത്.
എന്തൊക്കെയാവാം കാരണങ്ങൾ:

ഗർഭാവസ്ഥയിലെ ചില പ്രശ്നങ്ങൾ

ഒരു കുട്ടിയുടെ ആരോഗ്യം നിശ്ചയിക്കുന്നത് അവന്റെ ഗര്ഭകാലം കൂടിയാണ്. ആ സമയത്തുണ്ടാകുന്ന ചില പ്രശ്നങ്ങൾ ഭാവിയിലെ തൂക്കകുറവിലേക്കു നയിക്കാറുണ്ട്. നല്ല ജനനതൂക്കത്തോട് കൂടി ജനിക്കുന്ന ഒരു കുട്ടി ഒരു പരിധി വരെ ആരോഗ്യവാനാണ് എന്ന് നമുക്ക് പറയാം. അപ്പോൾ ഗർഭാവസ്ഥയിലെ എന്തൊക്കെ പ്രശ്നങ്ങൾ കുഞ്ഞിന്റെ തൂക്കത്തെ ബാധിക്കുമെന്ന് നോക്കാം..

 • അമ്മയിലെ പോഷകാഹാരക്കുറവ്
 • അമ്മയിലെ വിളർച്ച/ അനീമിയ
 • ഗര്ഭകാലത്തുണ്ടാകുന്ന രക്തസമ്മര്ദം
 • ഗർഭകാലത്തു അമ്മയിലുണ്ടാകുന്ന ചില വൈറസ് പനികൾ – ഉദാഹരണത്തിന് റൂബെല്ല പനി , സൈറ്റോമെഗാലോ വൈറസ് പനി
 • ഗർഭകാലത്തും അമ്മക്കുണ്ടാകുന്ന ചില അണുബാധകൾ – ടോക്‌സോപ്ലാസ്മാ അണുബാധ
 • ചില അസുഖങ്ങളോട് കൂടിയുള്ള അമ്മമാർ – ഹൃദ്രോഗമുള്ളവർ, വലിവുള്ളവർ, ബാധിതർ

ഇനി പ്രസവശേഷമുള്ള കാരണങ്ങളിലേക്ക് കടക്കാം.

A. പോഷകാഹാരക്കുറവ്

ഏറ്റവും കൂടുതലായി കാണുന്ന പ്രശനം ഇത് തന്നെ ആണ്. ഈ വിഷയം വിശദമായി നമ്മൾ മുൻലക്കങ്ങളിൽ ചർച്ച ചെയ്തതാണ്.

 • ആദ്യ ആറുമാസം മുലപ്പാൽ മാത്രം – ഇത് പലപ്പോഴും നടക്കുന്നതായി കാണാറില്ല, കുറുക്കുകളും മറ്റും നേരത്തെ തുടങ്ങുന്നതായി കാണാം.
 • ആറാം മാസത്തിൽ തുടങ്ങേണ്ട ഭക്ഷണക്രമങ്ങൾ വൈകി തുടങ്ങുന്നു
 • വേണ്ട പോഷകഘടകങ്ങൾ കുട്ടിയുടെ ഭക്ഷണത്തിൽ ചേർക്കാതിരിക്കുക.
 • അമിതമായി വിപണിയിലെ ഉത്പന്നങ്ങളെ ആശ്രയിക്കുക.

ഇതൊക്കെയാണ് കൂടുതലായി കണ്ടുവരുന്ന തെറ്റായ പ്രവണതകൾ.

B . കുട്ടികളിലെ ചില അസുഖങ്ങൾ – രണ്ടാം സ്ഥാനം ഇതിനാണെന്നു തോന്നുന്നു.

കുട്ടികളിലെ പല അസുഖങ്ങളും അവരുടെ തൂക്കക്കുറവിലേക്കു നയിക്കാറുണ്ട്. ഞാൻ തുടക്കത്തിൽ പറഞ്ഞ കുട്ടിയെ പോലെ. അവയെന്തൊക്കെയെന്നു നോക്കാം.

 • ഇടക്കിടക്കുണ്ടാകുന്ന അണുബാധകൾ
 • വിട്ടു വിട്ടു വരുന്ന കഫക്കെട്ട്
 • ഹൃദ്രോഗങ്ങൾ
 • ഇടക്കിടക്ക് വരുന്ന മൂത്രപ്പഴുപ്പ്
 • ആസ്ത ഉള്ള കുട്ടികൾ
 • കുട്ടികളിലെ ടി.ബി. രോഗം
 • കുട്ടികളിലെ വിളർച്ച/ അനീമിയ

ഈ ലിസ്റ്റ് മുഴുവനല്ല, കാരണം നൂറു കണക്കിന് അസുഖങ്ങൾ കുട്ടികളിലെ തൂക്കക്കുറവിനു കാരണമാവാറുണ്ട്. ഏറ്റവും കൂടുതലായി കാണുന്നവ പറഞ്ഞെന്നു മാത്രം.

C. കുട്ടികളിലെ ദഹനപ്രശ്നങ്ങൾ –

ചില കുട്ടികളിൽ ഭക്ഷണം എത്ര കഴിച്ചാലും അത് ശരീരത്തിലേക്ക് ആഗിരണം ചെയ്യപെടുകയില്ല. ചെറുകുടലിലെയും വന്കുടലിലെയും ചില പ്രശ്നങ്ങൾ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള കുട്ടികളിൽ വിട്ടു മാറാത്ത വയറു വേദനയും വയറിളക്കവുമൊക്കെ കാണാറുണ്ട്. ഇത് കൂടുതൽ ടെസ്റ്റുകൾ വഴി കണ്ടു പിടിക്കേണ്ട ഒരവസ്ഥയാണ്.

D. ജനിതക തകരാറുകൾ-

അപൂർവ്വമെങ്കിലും കുറച്ചു കുട്ടികൾ ജന്മനാ തന്നെ ചില ക്രോമോസോം വൈകല്യങ്ങളുമായാണ് ജനിക്കുന്നത് . അവരിലും തൂക്കക്കുറവ് വളരെ കൂടുതലാണ്. ഇത് ഒരു ശിശുരോഗവിദഗ്ധന് പലപ്പോഴും ജനിച്ച ഉടനെ തന്നെ കണ്ടു പിടിക്കാൻ സാധിക്കുന്ന അവസ്ഥയാണ്. എന്നാൽ ചില കുട്ടികളിൽ ഇതിന്റെ ലക്ഷണങ്ങൾ വൈകിയാണ് പ്രത്യക്ഷപെടാറു.

E. ജന്മനാ ഉള്ള രാസപ്രവർത്തനവൈകല്യങ്ങൾ

നമ്മുടെ ശരീരത്തിൽ നടക്കുന്ന ആയിരക്കണക്കിന് രാസപ്രവർത്തനങ്ങളുടെ ഫലമായാണ് നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എല്ലാം നമുക്ക് ദഹിപ്പിക്കാൻ സാധിക്കുന്നത്. എന്നാൽ ചില കുട്ടികളിൽ ചില രാസപ്രവർത്തനങ്ങൾ ജന്മനാ തന്നെ നടക്കുന്നുണ്ടാകില്ല. തൽഫലമായി അവരിൽ പല പ്രശ്നങ്ങളും ഉടലെടുക്കും. ഒരു ഉദാഹരണത്തിന് ഗാലക്ടോ സേമിയ എന്ന അസുഖത്തിൽ ആ കുട്ടിക്ക് പാലോ പാലുല്പന്നങ്ങളോ ദഹിപ്പിക്കാനുള്ള കഴിവുണ്ടാകുകയില്ല. ഇവരിൽ തൂക്കക്കുറവ് വളരെ കൂടുതലായി കാണപ്പെടുന്നു.

F. പാരമ്പര്യം :

പാരമ്പര്യവും തൂക്കക്കുറവിന്റെ ഒരു കാരണമാണ് കേട്ടോ. വളരെ മെലിഞ്ഞ ശരീര പ്രകൃതിയുള്ള അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന മക്കളും അങ്ങനെ തന്നെ ആവാനുള്ള സാധ്യത വളരെ കൂടുതലാണ്.

അപ്പോൾ കാരണങ്ങളെല്ലാം നമ്മൾ വായിച്ചു കഴിഞ്ഞു. അപ്പോൾ ഇനിയെന്ത് ചെയ്യണം?

ഒന്ന് മാത്രം. തൂക്കം കൂടാത്തത് ഭക്ഷണം കഴിക്കാത്തത് കൊണ്ട് മാത്രമല്ല എന്ന് മനസ്സിലാക്കുക. അതിനുള്ള പരിഹാരം വൈറ്റമിൻ സിറപ്പുകളും വിശപ്പിനുള്ള മരുന്നുകളുമല്ല. കാരണം കണ്ടെത്തലാണ്. അതിനായി ഒരു ഡോക്ടറുടെ സഹായം തേടണം, അദ്ദേഹം എന്തെങ്കിലും ടെസ്റ്റുകൾ പറയുകയാണെങ്കിൽ അത് എന്തിനാണെന്ന് ചോദിച്ചു മനസ്സിലാക്കി ചെയ്യുക. കാരണം എന്തെങ്കിലും രോഗാവസ്ഥ കാരണമാണ് നിങ്ങളുടെ കുട്ടിക്ക് തൂക്കം കൂടാത്തതെങ്കിൽ ചികിൽസിക്കേണ്ടത് ആ രോഗത്തെയാണ്, തൂക്കക്കുറവിനെയല്ല! ആ രോഗം ഭേദമാവുന്നതോടെ/ ശെരിയായി നിയന്ത്രിക്കുന്നതിലൂടെ തൂക്ക കുറവും പമ്പ കടക്കും, നാം തുടക്കത്തിൽ പറഞ്ഞ ആ കുട്ടിയെപ്പോലെ!

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top