അല്ലെർജിയും ഭക്ഷണവുമായി ബന്ധമുണ്ടോ? എങ്ങിനെ അല്ലെർജിയെ പ്രതിരോധിക്കാം?

ഭക്ഷണവുമായുള്ള ബന്ധം?

വളരെയധികം  തെറ്റിദ്ധാരണകൾ നിറഞ്ഞ ഒരു വിഷയമാണിത്. അല്ലെർജിയും ഭക്ഷണവുമായി ബന്ധമുണ്ടോയെന്ന് ചോദിച്ചാൽ ഉത്തരം ‘ഉണ്ട് ‘ എന്ന് തന്നെയാണ്. എന്നാൽ അതിനർത്ഥം അല്ലെർജിയുള്ള കുട്ടികളെ കുറെ ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിൽ നിന്ന് വിലക്കണം എന്നല്ല! ഭക്ഷണത്തോടുള്ള അലര്ജി ഓരോ കുട്ടികളിലും ഓരോ പോലെയാണ്. ഒരു കുട്ടിക്ക് അല്ലെർജിയുണ്ടാക്കുന്ന ഭക്ഷണസാധനമായിരിക്കില്ല മറ്റേ കുട്ടിക്ക് അല്ലെർജിക്കു കാരണമാകുന്നത്. അതു ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

സാധാരണയായി നമ്മുടെ നാട്ടിൽ ഒരു പതിവുണ്ട്. അല്ലെർജിയുള്ള കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത ഒരു വലിയ പട്ടിക ഉണ്ടാക്കലാണത്. അതിൽ മുന്പന്തിയിലുണ്ടാകുന്നവർ ഇവരാണ് – പാൽ, തൈര്, മുട്ട, റാഗി, ഗോതമ്പ് , ചെറുപഴം എന്നിവ… ഇതിലെന്തെങ്കിലും സത്യമുണ്ടോ? അതിനു അല്ലെർജിയുണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ എന്തൊക്കെയെന്ന് ആദ്യം അറിയണം, അല്ലെ?

അല്ലെർജിയുണ്ടാക്കാൻ സാധ്യത കൂടിയ ഭക്ഷണസാധനങ്ങൾ:

 ഗോതമ്പ്

 നിലക്കടല

സോയാബീൻ

പാലും പാലുൽപ്പന്നങ്ങളും

കോഴിമുട്ടയുടെ വെള്ളഭാഗം

അണ്ടിപ്പരിപ്പ്

ബദം

ആപ്രിക്കോട്ട്

ചോക്ലേറ്റുകൾ

ചില പഴവര്ഗങ്ങൾ – ഓറഞ്ച് , മുന്തിരി, ചെറുപഴം…

കേക്കുകൾ

ചെമ്മീൻ / കൂന്തൽ/ കടുക്ക / ഞണ്ടു/ കക്കയിറച്ചി

എന്നാൽ ഇതിനർത്ഥം എല്ലാവരിലും ഈ ഭക്ഷണസാധനങ്ങൾ അല്ലെർജിയുണ്ടാക്കുമെന്നല്ല. ഒരു കുട്ടിക്ക് അണ്ടിപ്പരിപ്പ് കഴിച്ചാലാകും അല്ലെർജി വരുന്നത്. എന്നാൽ വേറൊരു കുട്ടിക്ക് ചെമ്മീൻ ആയിരിക്കും പ്രശ്നക്കാരൻ. ഈ രണ്ടു കുട്ടികളിലും പാൽ ഒരു പ്രശ്നവും ഉണ്ടാകണമെന്നില്ല.

ചുരുക്കി പറഞ്ഞാൽ നമ്മുടെ കുട്ടിക്ക് ഏതു ഭക്ഷണസാധനമാണ് അല്ലെർജിയുണ്ടാക്കുന്നതെന്നു നമ്മൾ സൂക്ഷമായി നിരീക്ഷിച്ചു തന്നെ കണ്ടുപിടിക്കണം എന്നർത്ഥം. അല്ലാതെ മുകളിൽ പറഞ്ഞ സാധനങ്ങൾ ഒന്നും തന്നെ കൊടുക്കാതിരുന്നിട്ടു കാര്യമില്ല. തൽഫലമായി പല പോഷകാഹാരങ്ങളും ആ കുട്ടിക്ക് നിഷേധിക്കപെടലാകും ഫലം. അത് ആ കുട്ടിയുടെ വളർച്ചയെ തന്നെ ബാധിച്ചേക്കാം. കാരണം പാലും മുട്ടയുമൊക്കെ അത്രകണ്ട് പോഷകാംശങ്ങൾ നിറഞ്ഞതാണെന്ന് നിങ്ങൾക്കറിയാമല്ലോ.

ഒരു പ്രത്യേക ഭക്ഷണപദാര്ഥം കൊടുക്കുമ്പോഴെല്ലാം നിങ്ങളുടെ കുട്ടിക്ക് അല്ലെർജിയുണ്ടാകുന്നുവെങ്കിൽ ആ ഭക്ഷണം മാത്രം പിനീട്  ഒഴിവാക്കുക. അത്ര മാത്രം. പൊതുവായി തണുപ്പുള്ള, അതായത് ഫ്രിഡ്ജിൽ നിന്നെല്ലാം എടുത്ത ഉടനെത്തന്നെ ഭക്ഷണസാധനങ്ങൾ കൊടുക്കുന്നത് ഒഴിവാക്കുക. ചെറുചൂടോടെ കുട്ടികൾക്ക് ആഹാരം കൊടുക്കാൻ ശ്രദ്ധിക്കുക. ഐസ് ക്രീം പോലെയുള്ള തണുത്ത പദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുക.

വേറെ എന്തൊക്കെ ശ്രദ്ധിച്ചാൽ അല്ലെർജിയുടെ ഉപദ്രവം ഒരു പരിധി വരെ തടയാം?

1. കാലാവസ്ഥാവ്യതിയാനങ്ങൾ – പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങൾ അല്ലെർജി മോശമാക്കാൻ ഇടയുണ്ട്. തണുത്ത കാലാവസ്ഥ പൊതുവെ അല്ലെർജിക്കാർക്ക്  പറ്റില്ല. അത് കൊണ്ട് തണുപ്പുകാലം കുറച്ച ശ്രദ്ധ കൂടുതൽ വേണം. വസ്ത്രങ്ങൾ തണുപ്പിനെ പ്രതിരോധിക്കാൻ തക്കവണ്ണം ഉപയോഗിക്കാം .

2. പെയിന്റുകൾ – ചുമരുകളിൽ അടിക്കുന്ന പെയിന്റുകളുടെ മണവും മറ്റും അല്ലെർജി കൂടാറുണ്ട് . അത് കൊണ്ട് അങ്ങിനെയുള്ള പണികൾ നടക്കുമ്പോൾ കുട്ടികളെ അവിടെ നിന്നും മാറ്റേണ്ടതാണ്.

3.പെർഫ്യൂമുകൾ – തീഷ്ണ ഗന്ധമുള്ള അത്തറുകളും പെർഫ്യൂമുകളും അല്ലെർജിക്കാർക്ക് പറ്റില്ല. അതുകൊണ്ട് അവരുള്ള  സമയത് ഇവയുടെ ഉപയോഗം നിയന്ത്രിക്കണം.

4. വായുമലിനീകരണം – ഇത് ഇന്ന് എത്രത്തോളം വലിയ പ്രശ്നമാണെന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കുമറിയാമല്ലോ!

– വണ്ടികളിൽ നിന്നുള്ള പുക

– റബര് കത്തിക്കുന്ന പുക

– പ്ലാസ്റ്റിക് കത്തിക്കുന്ന പുക

– ഫാക്ടറികളിൽ നിന്നുള്ള പുക

ഇവയെല്ലാം പ്രശ്നക്കാരാണ്. അല്ലെർജിയുള്ള കുട്ടികളെ ഇവയിൽ നിന്നെല്ലാം മാക്സിമം അകറ്റി നിർത്തേണ്ടതാണ്.

5.വളർത്തുമൃഗങ്ങൾ – ഇവയുമായുള്ള അമിത സംസർഗം വിനയാണ് . അതായതു അവർ വീടിന്ന് പുറത്തുണ്ടായത് കൊണ്ട് പ്രശ്നമില്ല. എന്നാൽ അവയുടെ കൂടെ കളിക്കുക, കൂടെ കിടത്തുക ഇവയെല്ലാം അല്ലെർജിക്കാർക്കു പ്രശ്നമാകും. ഇവയുടെ രോമം അലര്ജി അധികരിച്ച കാരണമാകും.

6.നെൽവയലുകളും മെതിക്കലും –  നെൽവയലുകൾ അടുത്തുണ്ടെങ്കിലും അല്ലെർജി കൂടുന്നതായി കാണാറുണ്ട്. ഇവയുടെ പൊടിയും പ്രത്യേകിച്ച് വിളവെടുപ്പിന്റെ കാലത് വളരെ അധികമാകും. ആ സമയത് കുട്ടികളെ മാറ്റി നിർത്തുന്നതായിരിക്കും നല്ലത്.

7. വീട്ടിലെ പൊടിയും അഴുക്കും- വീട്ടിൽ ഉണ്ടാകുന്ന പൊടികളും മറ്റും അല്ലെർജി കൂട്ടാറുണ്ട്. പ്രത്യേകിച്ചും നമ്മുടെ കർട്ടണുകളിലും നിലത്തു വിരിക്കുന്ന പരവതാനികളിലും  മറ്റും പൊടി താങ്ങി നിൽക്കാറുണ്ട്. ഇവയെല്ലാം തട്ടിക്കുടഞ്ഞു വൃത്തിയാക്കുമ്പോഴെല്ലാം പൊടി നാലുപാടും പറക്കും. ഇത് കുട്ടികൾക്ക് നല്ലതല്ല. അതുകൊണ്ടു തന്നെ നിലത്തു വിരിക്കുന്ന മാറ്റുകൾ ഒഴിവാക്കുക. കർട്ടനുകൾ തട്ടിക്കുടയാതെ  vacuum cleaner ഉപയോഗിച്ച് വൃത്തിയാക്കുക. അടിച്ചു വരുന്നത് ഒഴിവാക്കി നിലമെല്ലാം വെള്ളം ഉപയോഗിച്ച് തുടക്കുക. കുട്ടികൾ വീട്ടിലുള്ളപ്പോൾ വീട് വൃത്തിയാക്കൽ ഒഴിവാക്കുന്നതാണ് അഭികാമ്യം.   അതുപോലെതന്നെ നിത്യേന ഉപയോഗിക്കുന്ന കിടക്കവിരികളും മറ്റും കൃത്യമായി മാറ്റി, കഴുകി വൃത്തിയാക്കി ഉപയോഗിക്കേണ്ടതാണ്.

8.പുകവലി – വീട്ടിൽ പുക വലിക്കുന്നവരുണ്ടെങ്കിൽ ഒരു ചികിത്സയും നിങ്ങളുടെ കുട്ടിയുടെ അല്ലെർജി മാറ്റില്ല. പുകവലി ഒഴിവാകുകയേ രക്ഷയുള്ളൂ.

9.വിറകടുപ്പ്- ഇതിൽ നിന്നുള്ള പുകയും പ്രശ്നമാണ്. ഇപ്പോൾ ഒരു മാതിരി എല്ലാ വീട്ടിലും ഗ്യാസ് അടുപ്പുകൾ ഉള്ളത് കൊണ്ട് വലിയ പ്രശ്നമില്ല.

10.വീടിനടുത്തുള്ള കുറ്റിക്കാടുകൾ – ഇവിടെയുള്ള ചില ചെടികളിൽ നിന്നുള്ള  POLLENS/ SPORES അല്ലെർജി അധികമാകാറുണ്ട്. അപ്പോൾ കാടെല്ലാം വെട്ടി വൃത്തിയാക്കുക. അവിടെ കളിയ്ക്കാൻ പോകുന്നത് ഒഴിവാക്കുക.

11.ടെഡി ബെയർ പോലുള്ള കളിപ്പാട്ടങ്ങൾ – ഇവയെല്ലാം പഞ്ഞികെട്ടു പോലെ മൃദുവായത് കൊണ്ട് ധാരാളം പൊടി താങ്ങി നിൽക്കും. കുട്ടികൾ പലപ്പോഴും ഇതിനെയൊക്കെ കെട്ടിപിടിച്ചായിരിക്കും ഉറങ്ങുന്നത്. ഇതും അല്ലെർജി അധികരിക്കാൻ  കാരണമാണ്. അതുകൊണ്ട് ഒഴിവാക്കുന്നതാണ് നല്ലത്.

12.പാറ്റ, ഫങ്കസ്സുകൾ (പൂപ്പലുകൾ)  , ചിതൽ – വീടുകളിൽ കാണുക പാറ്റകൾ (), പൂപ്പലുകൾ, ചിതൽ പാറ്റകൾ ഇവയെല്ലാം അല്ലെർജിക്കാർക്ക് പറ്റുന്നവയല്ല. ഇവയെ ഒഴിവാക്കാനുള്ള മാര്ഗങ്ങള് തേടണം.

13.കൂടുതലയുള്ള ശാരീരികാധ്വാനം- ഇതും കുട്ടികളിൽ വലിവുണ്ടാക്കാറുണ്ട്. ഒഴിവാക്കുന്നതാണ് നല്ലത്.

അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ, അല്ലെർജിയുടെ/ ആസ്ത്മയുടെ ചികില്സ പോലെത്തന്നെ പ്രധാനമാണ് മുകളിൽ പറഞ്ഞ പ്രശ്നക്കാരെ  (TRIGGERS) നേരിടലും. ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധി വരെ അല്ലെർജിയുടെ ശല്യം നമുക്ക് തടയാം. വന്നു ചികില്സിക്കുന്നതിനേക്കാൾ വരാതെ നോക്കുന്നത് തന്നെയല്ലേ എപ്പോഴും നല്ലത്?!

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top