കുട്ടികളിലെ അർബുദരോഗം – നാം എപ്പോൾ സംശയിക്കണം?

‘ അർബുദം ‘ എന്ന വാക്കു തന്നെ  നമ്മെ ഭീതിയിലാഴ്ത്തുന്നതാണ്. അല്ലെ? വൈദ്യശാസ്ത്രം എത്ര തന്നെ പുരോഗമിച്ചു എന്ന് പറയുമ്പോഴും ഇന്നും ‘ ക്യാൻസർ ‘ എന്ന പദം നമ്മെ വേട്ടയാടുന്നു. അപ്പോൾ അത് കുട്ടികളിലാണെങ്കിലോ? പറയുകയും വേണ്ട! ഒരു അച്ഛനുമമ്മയും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു വർത്തയായിരിക്കുമത്. എന്നാലും കുട്ടികളിലും ഇക്കാലത്തു ധാരാളമായി ഈ രോഗം കണ്ടു വരുന്നു. കാരണങ്ങൾ പലതാകാം. എന്നാൽ എത്ര നേരത്തെ കണ്ടുപിടിക്കുന്നോ, അത്രയും ഫലപ്രദമായിരിക്കും ചികിത്സ എന്നതാണ് ആശ്വാസകരമായ കാര്യം. പക്ഷെ പലപ്പോഴും ഇതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. അതുകൊണ്ട് ഇന്ന് നാം ചർച്ച ചെയ്യുന്ന വിഷയവും അത് തന്നെ.

എന്താകാം  കാരണങ്ങൾ?

മുമ്പ്  പറഞ്ഞ പോലെ ഇന്ന് കുട്ടികളിലെ ക്യാൻസർ മുന്നത്തെ  അപേക്ഷിച്ചു   വളരെ കൂടുതലായി കണ്ടു വരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. പറഞ്ഞു കേൾക്കുന്ന കാരണങ്ങൾ ധാരാളമുണ്ടെങ്കിലും തെളിയിക്കപെട്ടവ വളരെ കുറവാണു. അങ്ങനെ പഠനങ്ങൾ സംശയമന്യേ തെളിയിച്ച കാരണങ്ങൾ താഴെ ചേർക്കുന്നു.
cancer in children 3

  1. ചില രാസപദാര്ഥങ്ങളുടെ അമിത ഉപയോഗം – ബെൻസിൻ  പോലുള്ളവ. ഇവ ഉപയോഗിക്കുന്നത് പ്രധാനമായും കീടനാശിനികളിലാണ്. ഇന്നത്തെ നമ്മുടെ തെറ്റായ കൃഷിരീതികളും ഭക്ഷണരീതികളും ഈ പദാര്ത്ഥം നമ്മുടെ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഏതാണ് കാരണമാകുന്നുണ്ട്.
  1. റേഡിയേഷനുകൾ – പൊതുജനങ്ങൾക്കിടയിൽ വളരെ അധികം തെറ്റിദ്ധാരണ ഉള്ള ഒരു വിഷയമാണിത്. റേഡിയേഷൻ എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നത് മൊബൈലിന്റെ അമിതഉപയോഗമാണ്. മൊബൈലിൽ നിന്ന് റേഡിയേഷൻ വരുന്നുണ്ട്. അത് മാത്രവുമല്ല, മൊബൈലിന്റെ അമിതഉപയോഗം കുട്ടികളിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുമുണ്ട്. രണ്ടും ശരി തന്നെ. എന്നാൽ ആ പ്രശനം ക്യാൻസർ അല്ല! ഇതെല്ലാവരും മനസ്സിലാക്കേണ്ടതാണ് . ലോകമെമ്പാടും ധാരാളം പഠനങ്ങൾ നടന്ന ഒരു വിഷയമാണിത്. മൊബൈലുകളും മൊബൈൽ ടവറുകളും മനുഷ്യകോശങ്ങളിൽ ക്യാൻസർ വളർത്തുന്നു എന്നത് ഇക്കാലമത്രയും തെളിയിക്കപ്പെട്ടിട്ടില്ല. കുട്ടികളിൽ മൊബൈലിന്റെ ഉപയോഗം കുറക്കണം എന്നതിൽ സംശയം വേണ്ട, എന്നാൽ അതിന്റെ കാരണം ക്യാൻസറല്ല എന്ന് മനസിലാക്കുക.

മൊബൈൽ അല്ലെങ്കിൽ പിന്നെ ഏതു തരം റേഡിയേഷനുകളാണ്  പ്രശ്നക്കാർ?

റേഡിയേഷനുകൾ തന്നെ രണ്ടു തരമുണ്ട്. അയണൈസിങ് റേഡിയേഷനുകളും നോൺ അയണൈസിങ് റേഡിയേഷനുകളും. മൊബൈലുകൾ പുറപ്പെടുവിക്കുന്നത് നോൺ അയണൈസിങ് റേഡിയേഷനുകളാണ്. ഇവക്ക് നമ്മുടെ ശരീരകോശങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള കഴിവില്ല. എന്നാൽ അയണൈസിങ് റേഡിയേഷനുകൾ  അങ്ങനെയല്ല.ഇവക്ക് ശരീരകോശങ്ങളിൽ മാറ്റങ്ങൾ വരുത്തി അവയെ ക്യാൻസർ കോശങ്ങളാക്കാനുള്ള കഴിവുണ്ട്. ഇവയാണ് നമുക്ക് അപകടകാരികൾ.
cancer in children 1
ഇവ വരുന്നതെവിടെ നിന്നാണ്? നമ്മുടെ അന്തരീക്ഷത്തിൽ തന്നെ ഇത്തരത്തിലുള്ള ധാരാളം റേഡിയേഷനുകൾ ഉണ്ട്. ഉദാഹരണത്തിന്, എക്സ് റേ  കിരണങ്ങൾ, ഗാമ കിരണങ്ങൾ എന്നിവ.ഇന്ന് പരിസ്ഥിതി മലിനീകരണത്തിന്റെയും മറ്റും ഫലമായി ഇത്തരത്തിലുള്ള ധാരാളം കിരണങ്ങൾ നമ്മുടെ അന്തരീക്ഷത്തിൽ  എത്തുന്നുണ്ട്. തൽഫലമായി അവയുണ്ടാക്കുന്ന ദൂഷ്യവശങ്ങളും കൂടിയിരിക്കുന്നു.

പിന്നെ ഇത്തരം കിരണങ്ങൾ ഉണ്ടാകുന്നത് ചില തരാം സ്കാനിങ്ങുകളിലും  (സി. ടി . സ്കാൻ പോലെയുള്ള) അതുപോലെ നാം പതിവായി എടുക്കുന്ന എക്സ് റേ ഉപകരണത്തിലുമാണ്. എന്നാൽ അതിനർത്ഥം ആവശ്യമായ ഘട്ടങ്ങളിൽ എക്സ് റേ , സി. ടി. സ്കാൻ എന്നിവ എടുക്കാൻ ഭയപ്പെടണം എന്നല്ല! പലരും ഇത്തരം സ്കാനിങ്ങുകൾക്ക് എഴുതി കൊടുക്കുമ്പോൾ ‘ ഇത് റേഡിയേഷൻ ഉണ്ടാക്കുന്നില്ല?’ എന്ന് പറഞ്ഞു മടിക്കുന്നത് കാണാം. ഒന്നോ രണ്ടോ തവണ എടുക്കുന്നത് കൊണ്ട് ആർക്കും ഒന്നും സംഭവിക്കുകയില്ല. എന്നാൽ വളരെയധികം തവണ ഇത്തരം കിരണങ്ങൾ പതിച്ചാൽ മാത്രമേ പ്രശ്നമുള്ളു. അതായത് നൂറിൽ പരം എക്സ് റേ കൾ  ഒരാൾക്ക് എടുക്കേണ്ടി വന്നാൽ മാത്രം. അങ്ങനെ ഒരു സന്ദർഭം അപൂർവമാണെന്നു  പ്രത്യേകിച്ച് പറയേണ്ടല്ലോ. രോഗനിര്ണയങ്ങൾക്കായുള്ള  ഇത്തരം ടെസ്റ്റുകൾ പല സമയത്തും അത്യാവശ്യമായിരിക്കും. അത് ചെയ്യാനായി റേഡിയേഷൻ ഭയം കാരണം മടിക്കേണ്ടതില്ല എല്ലാവർക്കും മനസിലായി എന്ന് കരുതുന്നു.

ഇതിൽ  തന്നെ അൾട്രാസൗണ്ട് സ്കാൻ , എം. ആർ. ഐ. സ്കാനുകളും പൂർണമായും സുരക്ഷിതമാണ്. അപ്പോൾ മനസ്സിലാകേണ്ടതിത്രയെ ഉള്ളു, വേണ്ട കാര്യങ്ങൾക്കായി സ്കാനുകൾ എടുത്തേ മതിയാകൂ. എന്നാൽ അനാവശ്യമായി കുട്ടികൾക്ക് എക്സ് റെകളും  മറ്റും ഒഴിവാക്കണം. സാധാരണ ജലദോഷങ്ങൾക്ക് വരെ എക്സ് റേ എടുക്കുന്ന ഡോക്ടർമാരും , അല്ലെങ്കിൽ അതിനായിക്കോ വാശി പിടിക്കുന്ന മാതാപിതാക്കളുമുണ്ട്. അവരൊന്നും ശ്രദ്ധിച്ചാൽ നന്ന് !

  1. പാരമ്പര്യം – ഇന്ന് ഏറ്റവും കൂടുതൽ പഠനങ്ങൾ നടക്കുന്നത് ഇതിലാണ്. പല തരാം ക്യാൻസറുകളും പല കുടുംബങ്ങളിലും ഓരോ തലമുറയിലും കണ്ടു വരാറുണ്ട്. ഉദാഹരണത്തിന് സ്തനാർബുദം, കുടലിലെ അർബുദം എന്നിവ. പഠനങ്ങൾ തെളിയിക്കുന്നതെന്തെന്നാൽ, കുടുംബങ്ങളിൽ പൊതുവായി കണ്ടു വരുന്ന ചില ജീനുകളാണ് ഇതിനു കാരണം എന്നാണ്. ഇന്ന് ഇത്തരം പഠനങ്ങൾ വളരെ മുന്നോട്ടു പോയിരിക്കുന്നു. ഇത്തരം ജീനുകൾ നമ്മുടെ ശരീരത്തിലുണ്ടോ എന്ന് കണ്ടു പിടിക്കുക വഴി ക്യാൻസർ വരുന്നതിനു മുന്നേ തന്നെ  പ്രതിവിധികൾ ചെയ്യുന്നത് വരെ വൈദ്യശാസ്ത്രം പുരോഗമിച്ചിരിക്കുന്നു.
  1. ചില ജനിതകരോഗങ്ങൾ – കുട്ടികളിൽ കാണുന്ന ചില ജനിതകരോഗങ്ങളിൽ അഥവാ സിൻഡ്രോമുകളിൽ ( ഡൌൺ സിൻഡ്രോമുകൾ പോലുള്ളവ) ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാറുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം കുഞ്ഞുങ്ങളിൽ നമ്മൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്.

ലക്ഷണങ്ങൾ എന്തൊക്കെയാകാം?

ക്യാൻസറിന് മാത്രമായി ലക്ഷണങ്ങൾ പേരെടുത്തു പറയാൻ സാധ്യമല്ല. പ്രത്യേകിച്ച് കുട്ടികളിൽ. ഓരോ തരാതരം അര്ബുദങ്ങളിലും ലക്ഷണങ്ങൾ പലതാകാം. അതിനായി കുട്ടികളിൽ കൂടുതലായി കാണപ്പെടുന്ന അര്ബുദങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ മനസ്സിലാക്കണം. അവ ഇവയൊക്കെയാണ്.
cancer in children 4

  1. രക്താർബുദം
  2. തലച്ചോറിലുണ്ടാകുന്ന ട്യൂമറുകൾ
  3. ശരീരത്തിലെ മറ്റു അവയവങ്ങളിൽ നിന്നുണ്ടാകുന്ന ട്യൂമറുകൾ

പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങൾ

 

  1. വിളർച്ച/ അനീമിയ – വിളർച്ച ഇന്ന് കുട്ടികളിൽ വളരെ കൂടുതൽ കാണപ്പെടാറുണ്ട്. അതിനു കാരണങ്ങളും പലതാണ്. ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഇരുമ്പിന്റെ കുറവുമൂലമുള്ള വളർച്ചയാണ്.എന്നാൽ അർബുദവും ഒരു കാരണമാണ് എന്നതാണ് നാം മനസിലാക്കേണ്ടത്. ഇതു കണ്ടുപിടിക്കാനായി കൂടുതൽ ടെസ്റ്റുകൾ ആവശ്യമായി വന്നേക്കാം.
  2. കൂടിക്കൂടി വരുന്ന ക്ഷീണം /ഉഷാറില്ലായ്മ
  3. വിശപ്പില്ലായ്മ
  4. തൂക്കം വല്ലാതെ കുറഞ്ഞുപോകൽ
  5. രാത്രികാലങ്ങളിൽ കാണപ്പെടുന്ന അമിതമായ വിയർപ്പ്
  6. ഇടവിട്ടുള്ള കാരണം കണ്ടുപിടിക്കാനാവാത്ത  പനി
  7. കഴലവീക്കം – ഇവ കഴുത്തിലോ കക്ഷങ്ങളിലോ ഒക്കെ കാണപ്പെടാം. വളരെ സാധാരണയായി കാണപ്പെടാറുണ്ടെങ്കിലും വേദനയില്ലാത്ത , അതിവേഗം വലിപ്പം കൂടുന്ന കഴലകളെ നാം അവഗണിക്കരുത്. അതിൽ നിന്ന് നീര് കുത്തി പരിശോധന ആവശ്യമായേക്കാം.
  8. നീലിച്ച പാടുകൾ – ശരീരത്തിൽ കാണപ്പെടുന്ന ഇത്തരം പാടുകൾ അവഗണിക്കരുത്. ഇത് രക്തം കട്ട പിടിക്കാത്തതിന്റെ ഫലമാകാം. അതിനു കാരണം അർബുദവുമാകാം.
  9. രക്തസ്രാവം – മുകളിൽ പറഞ്ഞപോലെ രക്തം കട്ട പിടിക്കാനുള്ള ബുദ്ധിമുട്ട് കാരണം ശരീരത്തിൽ എവിടെ നിന്നാണെങ്കിലും രക്തസ്രാവമുണ്ടായേക്കാം.
  10. വയറിൽ കാണപ്പെടുന്ന മുഴകൾ – കുഞ്ഞുങ്ങളെ അമ്മമാർ കുളിപ്പിക്കുമ്പോഴൊക്കെ ആണ് അവർ ഇത് ശ്രദ്ധിക്കാറു. വയറിലെ അവയവങ്ങളിൽ നിന്നുണ്ടാകുന്ന വളർച്ചകളിൽ ആണ് സാധാരണയായി ഇങ്ങനെ കാണാറുള്ളത്. ഇത് ക്യാൻസർ മൂലമാണോ എന്നറിയാണ് ബയോപ്സി പോലെയുള്ള കൂടുതൽ ടെസ്റ്റുകൾ ആവശ്യമാണ്.
  11. തലച്ചോറിലെ / ബ്രെയിൻ ട്യൂമറുകളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ – വിട്ടുമാറാത്ത തലവേദന, ഛർദി, അപസ്മാരം, കാഴ്ചക്ക് മങ്ങൽ, ഒന്ന് രണ്ടായി കാണൽ എന്നിവയാണ് തലച്ചോറിൽ കാണപ്പെടുന്ന വളർച്ചകളിൽ കാണാറുള്ള ലക്ഷണങ്ങൾ. ഈ പറഞ്ഞ കാര്യങ്ങൾ കണ്ടാൽ , ഉടൻ തന്നെ തലയുടെ സ്കാൻ ചെയ്തു പ്രശ്നമുണ്ടോ എന്ന് നോകേണ്ടതായി വരം.
എങ്ങിനെയാണ് കണ്ടു പിടിക്കുന്നത്?

കുട്ടികളിലെ അർബുദം കണ്ടുപിടിക്കാനായി പല ടെസ്റ്റുകളും ആവശ്യമായി വന്നേക്കാം.

  1. രക്താർബുദം സംശയികുന്നുണ്ടെങ്കിൽ പ്രധാനമായും ചെയേണ്ടവ ഇവയാണ്,
  • പെരിഫെറൽ സ്മിയർ (peripheral smear study)
  • മജ്ജ കുത്തി പരിശോധിക്കൽ  (bone marrow aspiration study)
  • രക്തത്തിൽ തന്നെ ട്യുമർ മാർക്കറുകളുടെ ടെസ്റ്റുകൾ  (tumour marker study)
  1. വയറ്റിലെ ട്യൂമറുകൾ – എന്തൊക്കെ ടെസ്റ്റുകൾ വേണമെന്നത് ട്യൂമർ  ഏതു അവയവത്തെ നിന്നും വരുന്നു എന്ന് മനസ്സിലാക്കിയതിനു ശേഷമാണു തീരുമാനിക്കുന്നത്.
  • അവയുടെ സ്വഭാവം മനസ്സിലാക്കാനായി പലതരം സ്കാനുകൾ വേണ്ടാതായി വന്നേക്കാം.
  • അതുപോലെ ബയോപ്സിയും അത്യാവശ്യമാണ്.
  • രക്തത്തിലെ ട്യൂമർ മാർക്കറുകളും പരിശോധിക്കേണ്ടതായി വരും.
  1. തലച്ചോറിലെ ട്യൂമറുകൾ
  • വിവിധതരം സ്കാനുകൾ
  • ബയോപ്സി
  • രക്തത്തിലെ ട്യൂമർ മാർക്കറുകൾ

വയറിലെയും തലച്ചോറിലെയും ട്യൂമറുകളുടെ ആത്യന്തികമായ പരിശോധനാഫലം പലപ്പോഴും ഓപ്പറേഷന് ശേഷം ആ മുഴ നീക്കം ചെയ്തു അതിന്റെ ബയോപ്സി ഫലം വന്നതിനു ശേഷമേ പറയാൻ സാധിക്കാറുള്ളു. രക്തത്തിലെ ട്യൂമർ മാർക്കറുകൾ പലപ്പോഴും ചില ചികിത്സകൾ വേണോ എന്ന്  തീരുമാനിക്കാനാണ് ഉപയോഗിക്കാറ്. അതുപോലെ ഓരോ ചികിത്സയുടെയും വിജയസാധ്യതയും നമുക്ക് മാർക്കറുകൾ കണ്ടാൽ ഒരു പരിധി വരെ പ്രവചിക്കാൻ സാധിക്കും.

ചികിത്സകൾ എന്തൊക്കെ?

ഇന്ന് വൈദ്യശാസ്ത്രം വളരെ പുരോഗമിച്ചിരിക്കുന്നു. എങ്കിൽ കൂടിയും അർബുദത്തിന്റെ ചികിത്സാവിജയം ആശ്രയിച്ചിരുന്നത് രണ്ടു  കാര്യങ്ങളെ ആണ്.
cancer in children 2
നേരത്തെ ഉള്ള രോഗനിര്ണയം …. ശെരിയായ ചികിത്സ

ക്യാൻസർ ചികിത്സയൊക്കെ ഫലപ്രദമാണോ? രക്ഷപ്പെടുമോ?

തുടക്കത്തിൽ തന്നെ കണ്ടു പിടിക്കാൻ കഴിഞ്ഞാൽ ഒരു പരിധി വരെ അധിക അര്ബുദങ്ങളും നമുക്ക് പൂർണമായും ചികിൽസിച്ചു ബദ്ധമാക്കാൻ കഴിയും. ഏതു ക്യാൻസറും അതിന്റെ സ്റ്റേജ് അനുസരിച്ചു ആണ് ചികിത്സയോട് പ്രതികരിക്കുന്നത്. വൈകി മാത്രം കണ്ടുപിടിക്കപെടുന്ന അര്ബുദങ്ങൾ പലപ്പോഴും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നിട്ടുണ്ടാകും. അപ്പോൾ ചികിത്സയും അത്ര കണ്ടു ഫലിച്ചെന്നു വരില്ല. അതുകൊണ്ടു കൂടിയാണ് മേല്പറഞ്ഞ ലക്ഷണങ്ങൾ ഒരിക്കലും കുട്ടികളിൽ അവഗണിക്കപ്പെടരുതെന്നു ഞാൻ പറഞ്ഞത്.

രണ്ടാമത്തെ കാര്യം , കൃത്യമായ ചികിത്സ ആണ്. ഇന്നും നമ്മുടെ നാട്ടിൽ ക്യാൻസർ മാറാൻ പല കപടവൈദ്യന്മാരെയും മുള്ളത്തയെയും ലക്ഷ്മി തരുവിനെയും   ആശ്രയിക്കുന്ന അഭ്യസ്തവിദ്യരായ ആളുകളുണ്ടെന്നത് വേദനിപ്പിക്കുന്ന സത്യമാണ്. നമ്മുടെ കേരളത്തിൽ തന്നെ മികച്ച ക്യാൻസർ ചികിത്സ ലഭ്യമാക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. അതിൽ തന്നെ മിക്കവാറും  സർക്കാർ സ്ഥാപനങ്ങളാണ്. ക്യാൻസർ ആണെന്ന് തെളിഞ്ഞാൽ ഇത്തരം വർഷകരുടെ കെണിയിൽ വീഴാതെ കൃത്യമായ നല്ല ചികിത്സ ഈ സ്ഥാപനങ്ങളിൽ നിന്ന് നേടുകയാണ് ചെയേണ്ടത്.

ചികിത്സ രീതികൾ  എന്തൊക്കെ?

ഇത് ട്യൂമർ നീക്കം ചെയ്യാനുള്ള ഓപ്പറേഷനുകളാകാം. അല്ലെങ്കിൽ മരുന്നുകൾ ഉപയോഗിച്ചുള്ള കീമോതെറാപ്പി ആകാം. അല്ലെങ്കിൽ റേഡിയേഷൻ ഉപയോഗിച്ചുള്ള റേഡിയോതെറാപ്പി ആകാം. ഇപ്പറഞ്ഞതിൽ ഏതൊക്കെ വേണമെന്നത് തീരുമാനിക്കുന്നത് ഓരോ രോഗിയുടെയും ക്യാൻസറിന്റെ സ്വഭാവമനുസരിച്ചാണ്. ഇത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ആ തീരുമാനങ്ങൾ നിങ്ങളുടെ ഓൺകോളജിസ്റ്റിന് വിട്ടു കൊടുക്കുന്നതാണ് നല്ലത്. ഇന്ന് ഏതൊരു കാൻസറിനും ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള കൃത്യമായ ചികിത്സ പ്രോട്ടോകോളുകൾ ലഭ്യമാണ്. അതിനനുസരിച്ചാണ് ചികിത്സകൾ മുന്നോട്ടു പോകുക.

 

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top