കുട്ടികളിലെ തലയിടിച്ചുള്ള വീഴ്ചകൾ- എല്ലാം നിസ്സാരമാണോ?

ദിവസവും ഓ.പി യിൽ ഒരു അമ്മയെങ്കിലും കുഞ്ഞിനെ എടുത്തു കൊണ്ട് ഈ കാരണം പറഞ്ഞു ഓടി വരാറുണ്ട്. ‘ ഡോക്ടറെ, കുഞ്ഞു കട്ടിലിൽ നിന്ന് ഒന്ന് വീണൂ കേട്ടോ. ഒന്ന് നോക്കി എന്തെങ്കിലും കുഴപ്പമുണ്ടോ എന്നൊന്ന് പറയാമോ?’ എന്നും പറഞ്ഞു… എനിക്കറിയാം , ഒട്ടു മിക്ക  അച്ഛനമ്മമാർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരിക്കും. കുഞ്ഞുങ്ങൾ നടന്നു തുടങ്ങുന്ന സമയത്താണ് അധികവും ഉണ്ടാകാറു. അല്ലെങ്കിൽ അവർ മുട്ടിൽ ഇഴയാൻ തുടങ്ങുമ്പോൾ. കട്ടിലിൽ ഉറക്കി കിടത്തി പോയതായിരിക്കും, കരച്ചിൽ കേട്ട് വരുമ്പോൾ ആശാൻ നിലത്തായിരിക്കും! അധികസമയത്തും ഒരു കുഴപ്പവും ഉണ്ടാകാറില്ല. എന്നാൽ നാം ചിലപ്പോൾ പത്രങ്ങളിൽ  കാണാറുണ്ട്, ‘ തലയിടിച്ചു നിലത്തു വീണ കുഞ്ഞു മരണപ്പെട്ടു ‘ എന്ന വാർത്തകളും. അത് കൊണ്ട് ഈ കാര്യത്തിൽ എന്തൊക്കെ അപകടലക്ഷണങ്ങൾ കാണാം എന്ന് ഓരോ അച്ഛനമ്മമാരും അറിഞ്ഞിരിക്കണം.

വളരെ ഉയരത്തിൽ നിന്നുള്ള വീഴ്ചകളെ മാത്രമാണോ പേടിക്കേണ്ടത്?

പലരുടെയും ചിന്ത വളരെ ഉയരത്  നിന്നുമുള്ള വീഴ്ചകൾ മാത്രമേ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളൂ എന്നാണ്. അങ്ങിനെയല്ല. വളരെ ഉയരം കുറഞ്ഞ കട്ടിലിൽ നിന്ന് വീണ കുട്ടികൾക്ക് വരെ പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നതായി കാണാറുണ്ട്. അത് കൊണ്ട് ഉയരം കുറവാണെന്നത് നമുക്ക് ആശ്വസിക്കാനുള്ള വകയല്ല.
fall in children

എന്തെല്ലാം അപകടകങ്ങളാണ് ഇതിൽ ഒളിഞ്ഞു കിടക്കുന്നത്?

എന്താണ് സംഭവിക്കുന്നത്? നമുക്കറിയാമല്ലോ. കുഞ്ഞുങ്ങളിൽ എല്ലാ അവയവങ്ങളും മുതിർന്നവരെ അപേക്ഷിച്ചു വളരെ നേർത്തതാണ്. അതുപോലെ തന്നെ ആണ് തലച്ചോറും അതിലെ രക്തക്കുഴലുകളും. അവയും മൃദുവാണ്. നമ്മുടെ തലയോട്ടിയാണ് തലച്ചോറിനെ പുറത്തു നിന്നുള്ള ആഘാതങ്ങളിൽ നിന്ന് ഒരു പരിധി വരെ സംരക്ഷിക്കുന്നത്. കുഞ്ഞുങ്ങളിൽ തലയോട്ടിയുടെ കട്ടിയും മുതിർന്നവരേക്കാൾ കുറവ് തന്നെ. അതുകൊണ്ടു തന്നെ തലച്ചോറിൽ ആഘാതമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരിൽ രണ്ടു തരത്തിൽ പ്രശ്നങ്ങളുണ്ടാകാം. ഒന്നാമത്തെ തരത്തിൽ വീഴ്ചയുടെ  ആഘാതത്തിൽ അവരുടെ  തലച്ചോർ തലയോട്ടിയിൽ പോയി ഇടിച്ചുണ്ടാകുന്ന പരിക്കുകൾ. രണ്ടാമത്തേത്, മൃദുവായ രക്തധമനികൾ പൊട്ടി രക്തസ്രാവമുണ്ടാകുന്ന തരം  പരിക്കുകൾ.  രണ്ടും അപകടം തന്നെ.

അപകടസൂചനകൾ എന്തൊക്കെ?
  1. ഇടവിട്ടുള്ള ശര്ധി
  2. അപസ്മാര ലക്ഷണങ്ങൾ
  3. ബോധക്കുറവ് , ഉഷാറില്ലായ്മ
  4. ചെവിയിലൂടെയോ മൂക്കിലൂടെയോ ഉള്ള രക്തസ്രാവം
  5. വലിയ കുട്ടികളിൽ തലവേദന, കാഴ്ചക്ക് വ്യക്തതയില്ലായ്മ, ഒന്ന് രണ്ടായി കാണൽ.
ഏതു സമയത്താണ് ഈ ലക്ഷണങ്ങൾ കാണുന്നത്?

അധിക കുട്ടികളിലും ആദ്യത്തെ  72  മണിക്കൂറിൽ ഈ അപകടലക്ഷണങ്ങൾ കാണാറുണ്ട്. എന്നാൽ എല്ലായ്‌പോഴും ഇത് ശെരിയാവണമെന്നുമില്ല. ചില പ്രത്യേകതരം തലച്ചോറിലെ  രക്തസ്രാവത്തിൽ  ആദ്യത്തെ രണ്ടു മൂന്നു ദിനങ്ങൾ കുഞ്ഞു ഒരു ലക്ഷണങ്ങളും കാണിക്കാറില്ല. എന്നാൽ അതിനുശേഷമായിരിക്കും മുകളിൽ പറഞ്ഞ അപകടലക്ഷണങ്ങൾ കാണിക്കുന്നത്. അത് കൊണ്ട് വീഴ്ച കഴിഞ്ഞുള്ള ആദ്യത്തെ ഒരാഴ്ച നാം ജാഗരൂകരായി ഇരിക്കേണ്ടത് അത്യാവശ്യമാണ്.

എല്ലാ വീഴ്ചകളിലും തലയുടെ സ്കാൻ എടുക്കേണ്ടത് അത്യാവശ്യമാണോ?

എല്ലാ വീഴ്ചകളിലും ഇത് അത്യാവശ്യമാണെന്ന് പറയാൻ കഴിയില്ല. അനാവശ്യമായി ഒരു ലക്ഷണങ്ങളു കാണിക്കാതെ ഇരിക്കുന്ന ഒരു കുട്ടിക്ക് റേഡിയേഷൻ ഉള്ള സി.ടി. സ്കാൻ പോലുള്ള ടെസ്റ്റുകൾ ഒഴിവാക്കാകുന്നതാണ്. എന്നാൽ മുകളിൽ പറഞ്ഞ അപകടലക്ഷണങ്ങൾ ഉണ്ടെങ്കിൽ വേറെ വഴികളില്ല. സി. ടി. സ്കാൻ കൂടിയേ തീരൂ. കാരണം, രക്തസ്രാവം കണ്ടുപിടിക്കാൻ മാത്രമല്ലത്. മുകളിൽ പറഞ്ഞ പോലെ പലതരം രക്തസ്രാവങ്ങളുണ്ട്. ഓരോ തരത്തിനും ഓരോ ചികിത്സയായിരിക്കും. അത് കൊണ്ട് രക്തസ്രാവത്തിന്റെ ഘടന, സ്ഥാനം , വലിപ്പം, വ്യാപ്തി ഇവയെല്ലാം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അതിനു തലച്ചോറിന്റെ സി. ടി. സ്കാൻ കൂടിയേ തീരൂ.
child-fall

കുട്ടിയെ അഡ്മിറ്റ് ചെയ്യണ്ട ആവശ്യമുണ്ടോ?

പല സന്ദര്ഭങ്ങളിലും കുഞ്ഞുങ്ങൾ  വീഴ്ച കഴിഞ്ഞാൽ ഒന്നോ രണ്ടോ തവണ ശര്ധിക്കുന്നത് കാണാറുണ്ട്. എന്നാൽ ബോധത്തിനോ മറ്റോ പ്രശ്നങ്ങളുണ്ടാവില്ല. കുഞ്ഞു ഉഷാറായിരിക്കുകയും ചെയ്യുന്നുണ്ടായിരിക്കും. അതുകൊണ്ട് ധൃതിപ്പെട്ട് സി. ടി. സ്കാൻ എടുക്കേണ്ടതില്ല. എന്നാൽ ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു വിടാൻ ഡോക്ടർമാർക്ക് ബുദ്ധിമുട്ടായിരിക്കും. കാരണം വീട്ടിൽ പോയിട്ടായിരിക്കാം കുഞ്ഞിന് മറ്റു ബുദ്ധിമുട്ടുകൾ കാണുന്നത്. പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ സൗകര്യമില്ലാത്ത ചുറ്റുപാടാണെങ്കിൽ , നാല്പത്തിയെട്ടു മണിക്കൂർ കുഞ്ഞിനെ ഒബ്സർവേഷന് വേണ്ടി കിടത്താറുണ്ട്. രക്തസ്രാവം ഉണ്ടായാൽ ഓരോ മിനിട്ടും വിലപ്പെട്ടതാണ്. അതുകൊണ്ടാണ് ആശുപത്രിയിൽ തന്നെ കിടത്താൻ പറയുന്നത്.
safety_home_stairs_falls

എന്തൊക്കെയാണ് ചികിത്സകൾ?

മുകളിൽ പറഞ്ഞ പോലെ ചികിത്സ ഓരോ കേസിലും വ്യത്യസ്തമായിരിക്കും. രക്തസ്രാവത്തിന്റെ സ്വഭാവമനുസരിച് ചികിത്സയും മാറും. വളരെ ചെറിയ രക്തസ്രാവങ്ങൾ തനിയെ തന്നെ ഉൾവലിഞ്ഞു പോകാറുണ്ട്. അതിനു പ്രത്യേക ചികിത്സയൊന്നും ആവശ്യമായി വരാറില്ല. എന്നാൽ കുട്ടിയെ ആശുപത്രിയിൽ കിടത്തി മോണിറ്റർ ചെയേണ്ടത് അത്യാവശ്യമാണ്. എന്നാൽ കൂടുതലായുള്ള രക്തസ്രാവങ്ങൾ നമ്മുടെ തലച്ചോറിന്റെ ഉള്ളിലെ പ്രഷർ കൂട്ടുകയും തന്മൂലം തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയുംചെയ്യും. അങ്ങനെയുള്ള രക്തസ്രാവങ്ങൾ മൂലമുണ്ടാകുന്ന രക്തക്കട്ടകളെ തലയോട്ടിയിൽ ധ്വരമിട്ടു പുറത്തു കളയേണ്ടതാണ്.  എങ്കിൽ മാത്രമേ തലയോട്ടിക്കുള്ളിൽ കൂടിയ പ്രെഷറിനെ  നിയന്ത്രിക്കാൻ സാധിക്കൂ. ഇങ്ങനെയുള്ള കേസുകളിൽ കുഞ്ഞുങ്ങൾക്ക് ശ്വാസതടസ്സമെല്ലാം വരാൻ സാധ്യത ഉള്ളതിനാൽ ചിലപ്പോൾ വെന്റിലെറ്റർ സഹായം ആവശ്യമായി വന്നേക്കാം. പതിയെ കുഞ്ഞു സ്വയം ശ്വാസം എടുക്കുന്നതിനനുസരിച് ഈ സഹായം കുറച്ച നിർത്താവുന്നതുമാണ്.

ഇതിനെ എങ്ങിനെ തടയാൻ സാധിക്കും?

വീഴ്ചകൾ എത്രത്തോളം പ്രശ്നക്കാരാകാം എന്ന് കണ്ടല്ലോ! അതുകൊണ്ടു തന്നെ ഇതെല്ലം വരാതെ നോക്കുന്നതാണ് നല്ലത്.

  1. മുട്ടിലിഴഞ്ഞു പോകുന്ന പ്രായത്തിൽ തനിയെ ഉറക്കികിടത്തി പോകാതിരിക്കുക. ഉയരം കൂടിയ കട്ടിലുകൾക്ക് പകരം നിലത്തു കിടക്ക വിരിച്ചു കിടത്തം. (പരിസരം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്ന് മാത്രം!). കുഞ്ഞിന് ചുറ്റും ഉയരം കൂടിയ തലയണകൾ ഒരു അതിരു പോലെ വെക്കാവുന്നതാണ്.
  2. അപകടകരമായ ഉയരത്തിൽ ഒരിക്കലും കുഞ്ഞിനെ കയറ്റി നിർത്താതിരിക്കുക
  3. കുഞ്ഞു കളിക്കുമ്പോഴും എപ്പോഴും ഒരു കണ്ണ് കുഞ്ഞിന്റെ കൂടെ ഉണ്ടായിരിക്കണം. തനിച്ചാക്കി പോകുകയേ അരുത്.
  4. കുഞ്ഞിന് കയറാൻ തക്കവണ്ണം ഉയരത്തിൽ സാധനങ്ങൾ വെക്കരുത്.
  5. കുഞ്ഞിനെ കളിപ്പിക്കാൻ വേണ്ടി ആണെങ്കിൽ പോലും മുകളിലേക്ക് ഇട്ടു പിടിക്കുകയും മറ്റും അരുത്.
സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നത് എപ്പോഴും മനസ്സിൽ വക്കുക!

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top