ഗർഭകാലത്തു നമ്മൾ ചെയ്യുന്ന ടെസ്റ്റുകളും സ്കാനുകളും – എന്തൊക്കെ? എന്തിനൊക്കെ? എപ്പോഴൊക്കെ?

ഗര്ഭിണിയാവുന്ന സമയത്തു നമ്മൾ ഓരോ മാസവും പല ടെസ്റ്റുകളും സ്കാനുകളും ഒക്കെ ചെയ്യാറുണ്ട്, അല്ലെ? എന്നാൽ ഇതൊക്കെ എന്തിനുള്ള ടെസ്റ്റുകളാണെന്നും എപ്പോഴൊക്കെ ചെയ്യണമെന്നും പലപ്പോഴും നമുക്ക് വേണ്ടത്ര അറിവ് കാണാറില്ല. ഈ ലേഖനത്തിൽ നമ്മൾ അതിനെകുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്. അത് കൂടാതെ അമ്മയാവാനുള്ള ശെരിയായ പ്രായമെന്താണെന്നും ഗര്ഭിണിയാവുന്നതിനു മുമ്പേ കൊടുക്കാറില്ല കൗൺസിലിങ്ങിന്റെ പ്രാധാന്യമെന്താണെന്നും കൂടി നമുക്ക് നോക്കാം.

intl_india_andrea_Singh_154

ഗർഭിണികളുടെ പ്രായം:

നമ്മുടെ രാജ്യത്തിലെ പ്രസവസംബന്ധമായ മരണങ്ങളിൽ നല്ലൊരു ശതമാനം കൗമാരപ്രായക്കാരായ അമ്മമാരാണ് എന്നത് എത്ര പേർക്കറിയാം?! ഇന്നും ശൈശവ വിവാഹങ്ങൾ നമ്മുടെ രാജ്യത്തു നടക്കുന്നു എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാർഥ്യമാണ്. സമ്പൂർണ സാക്ഷരതാ അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനത്തു പോലും നമുക്ക് ഇത് കാണാവുന്നതാണ്. ഹൃതുമതിയായാൽ വിവാഹപ്രായമായി എന്ന തെറ്റിദ്ധാരണ ഇന്നും പല സമൂഹങ്ങളിലും നില നില്കുന്നു! നമ്മുടെ ഭരണഘടനാ അനുശാസിക്കുന്ന പ്രായം 18 വയസ്സാണെങ്കിലും പെൺകുട്ടികൾക്ക് 21വയസ്സെങ്കിലും വരെ കാത്തിരിക്കുന്നതാണ് അഭികാമ്യം. ശാരീരികമായ വളർച്ചയിൽ കവിഞ്ഞു അവരുടെ മാനസികമായ വളർച്ച കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. ഗര്ഭസംബന്ധമായ ധാരാളം പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ കാണുന്നത് പ്രായപൂർത്തി ആകാതെ ഗര്ഭിണികളാകുന്ന പെണ്കുട്ടികളിലാണ് എന്നതും ഓർക്കുക. നമ്മുടെ പെണ്മക്കൾ പഠിക്കട്ടെ, സ്വന്തം കാലിൽ നിൽക്കട്ടെ.. എന്നിട്ടു മാത്രം അവരെ ഒരു കുടുംബജീവിതത്തിലേക്കു പറഞ്ഞു വിടുക!

ഗര്ഭിണിയാകുന്നതിനു മുമ്പേ വേണ്ട കൗൺസിലിങ്.

ഇന്ന് ധാരാളം ആശുപത്രികൾ ഗര്ഭധാരണം പ്ലാൻ ചെയ്യുന്നവർക്ക് വേണ്ടി കൗൺസിലിങ് സെഷനുകൾ നടത്താറുണ്ട്. മാനസികമായി വേണ്ട വിധം തയ്യാറെടുക്കാനും ഫോളിക് ആസിഡ് ഗുളികകൾ തുടങ്ങുവാനും എല്ലാം ഇത് സഹായിക്കും. ഫോളിക് ആസിഡ് മുന്നേക്കൂട്ടി തുടങ്ങുന്നത് വഴി ഗർഭസ്ഥശിശുവിൽ ഉണ്ടാകാൻ ഇടയുള്ള നാഡീവ്യവസ്ഥയിലെ ചില വൈകല്യങ്ങൾ തടയാൻ നമുക്ക് സാധിക്കുന്നു.

ഗർഭിണി ആണോയെന്ന് ടെസ്റ്റ് ചെയ്യുന്നത് എങ്ങിനെ?

മുമ്പൊക്കെ ആശുപത്രിയിൽ നടത്തിയിരുന്ന ഈ ടെസ്റ്റ് എന്ന് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ധാരാളം കമ്പനികളുടെ പ്രെഗ്നൻസി കിറ്റുകൾ വിപണിയിൽ ലഭ്യമാണ്. നമ്മുടെ മൂത്രത്തിലെ HCG ഹോർമോണിന്റെ അളവ് നോക്കിയാണ് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് പറയുന്നത്. ആദ്യം ചെയ്യുമ്പോൾ വരകൾ തെളിഞ്ഞു കാണുന്നില്ലെങ്കിൽ 24 – 48 മണിക്കൂർ കഴിഞ്ഞു ഒന്ന് കൂടി നോക്കേണ്ടതാണ്. രാവിലെ എഴുന്നേറ്റ ഉടൻ ഉള്ള മൂത്രസാമ്പിളാണ് ഉത്തമം. റിസൾട്ടിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു ഗൈനെക്കോളജിസ്റിനെ കണ്ടു ലാബിൽ പരിശോധിച്ച് ഫലം ഉറപ്പു വരുത്തുക.

493x335_pregnancy_tests_ref_guide

ആദ്യത്തെ ഡോക്ടർ ചെക്ക് അപ്പ് എപ്പോൾ?

ഗർഭിണിയാണെന്ന് അറിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ചെക്ക് അപ്പ് വളരെ പ്രധാനമാണ്. നേരത്തെ കൂട്ടി തുടങ്ങിയില്ലെങ്കിൽ ഫോളിക് ആസിഡ് ഗുളികകൾ ഉടൻ തന്നെ തുടങ്ങേണ്ടതുണ്ട്. അത് പോലെ പ്രധാനമാണ് ആദ്യത്തെ സ്കാനും. ഭ്രൂണം ഗര്ഭാശയത്തിനു ഉള്ളിൽ തന്നെയാണെന്ന് ഉറപ്പാക്കാനുള്ള സ്കാനിംഗ് ആണത്. മുന്തിരിക്കുല ഗർഭത്തെ പറ്റിയെല്ലാം നിങ്ങൾ കേട്ടിരിക്കുമല്ലോ. ചില സന്ദർഭങ്ങളിൽ ഭ്രൂണം ഗര്ഭാശയത്തിനു പുറത്തു പറ്റിപ്പിടിച്ചിരിക്കുന്ന കാണാം. ഈ സന്ദർഭങ്ങളിൽ ആ ഭ്രൂണത്തെ അവിടെ നിന്ന് എടുത്തു കളയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ഭ്രൂണം വലുതാവുന്നതിനനുസരിച്ചു ഗര്ഭാശയത്തെ പോലെ വികസിക്കാൻ അതിനു പുറത്തുള്ള അവയവങ്ങൾക്ക് സാധിക്കില്ല. തൽഫലമായി അത് പൊട്ടുകയും രക്തസ്രാവമുണ്ടാകുകയും അമ്മയുടെ ജീവൻ തന്നെ ആപത്തിലാകുകയും ചെയ്യുന്നു. അതുകൊണ്ടു ആദ്യത്തെ സ്കാൻ വളരെ മുഖ്യമാണ്. അതുപോലെ തന്നെയാണ് ആദ്യ സന്ദർശനത്തിൽ ചെയ്യുന്ന രക്ത ടെസ്റ്റുകളും. സാധാരണയായി ഹീമോഗ്ലോബിന്റെ അളവ്, രക്ത ഗ്രൂപ്പിങ്, എച്.ഐ.വി ടെസ്റ്റിംഗ്, ഹെപ്പറ്റൈറ്റിസ് ബി ടെസ്റ്റിംഗ്, വി.ഡി.ആർ. എൽ ടെസ്റ്റിംഗ്, തൈറോയ്ഡ് ടെസ്റ്റിംഗ് മുതലായവയാണ് നടത്താറ്. ഹീമോഗ്ലോബിൻ കുറവുള്ള അമ്മമാരിൽ അത് നോർമൽ ആക്കുന്നതിനായി മരുന്നുകൾ തുടങ്ങേണ്ടതാണ്. അല്ലെങ്കിൽ അമ്മയിലെ വിളർച്ച കുഞ്ഞിന്റെ വളർച്ചയെ വളരെ പ്രതികൂലമായി ബാധിക്കും. രക്തഗ്രൂപ് അറിഞ്ഞിരിക്കേണ്ടതും വളരെ അത്യാവശ്യമാണ്.
checkup
അപൂർവ ഗ്രൂപ്പുകളായ നെഗറ്റീവ് ഗ്രൂപ്പാണ് അമ്മക്കെങ്കിൽ അത്യാവശ്യത്തിനു രക്തദാനം ചെയ്യുന്നതിനായി ആളുകളെ കണ്ടെത്തിവെക്കേണ്ടതുണ്ട്. തൈറോയ്ഡ് പ്രശ്നങ്ങൾ സാധാരണയായി ഗർഭകാലത്തും പതിവാണ്. അതും കണ്ടെത്തി ചികിൽസിക്കേണ്ടത് കുഞ്ഞിന്റെ ആരോഗ്യത്തിനു ആവശ്യമാണ്. എച്.ഐ.വി ബാധിതയാണ് ‘അമ്മ എന്ന് കണ്ടെത്തിയാൽ അമ്മയുടെ ചികിത്സയും കുഞ്ഞിന് അത് ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകളും എടുക്കാനുണ്ട്. ഹെപ്പറ്റൈറ്റിസ് ബി പിടിപെട്ട അമ്മയുടെ കാര്യവും അതുപോലെ തന്നെയാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി ചികിത്സകൾ വൈകാതെ തുടങ്ങേണ്ടതാണ്. ഇതൊക്കെ കൂടാതെ അമ്മയുടെ അമിത ആകാംഷ ദൂരീകരിക്കാനും സംശയനിവാരങ്ങൾക്കും നിങ്ങളുടെ ഗൈനെക്കോളജിസ്റ്റുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച സഹായിക്കുന്നു. ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ ഭക്ഷണക്രമവും ചിട്ടപ്പെടുത്താവുന്നതാണ്.

സ്കാനിങ്ങുകൾ എപ്പോഴൊക്കെ?

ആദ്യത്തെ സ്കാനിങ്ങിനെ പറ്റി നമ്മൾ പറഞ്ഞു കഴിഞ്ഞല്ലോ .. അത് നിങ്ങൾ ഗര്ഭിയാണെന്നു അറിഞ്ഞ ഉടൻ തന്നെ ആണ് വേണ്ടത്. അടുത്ത സ്കാൻ സാധാരണയായി 11 മുതൽ 14 ആഴ്ചക്കുള്ളിലാണ് നടത്താറ്. ഇതിനെ ആദ്യത്തെ അനോമലി സ്കാൻ എന്ന് പറയുന്നു. നിങ്ങളുടെ കുഞ്ഞിന് വളരെ അപകടകരമായ ജന്മവൈകല്യങ്ങളുണ്ടോ എന്നറിയാൻ ആണത്. അത് കഴിഞ്ഞുള്ള സ്കാൻ 20 ആഴ്ച കഴിഞ്ഞാണ് നടത്താറ്. ഇത് രണ്ടാമത്തെ അനോമലി സ്കാൻ ആണ്. കുറച്ചു കൂടി സൂക്ഷ്മമായ വൈകല്യങ്ങൾ കണ്ടുപിടിക്കാൻ ഇത് സഹായിക്കുന്നു. ഉദാഹരണത്തിന് മുച്ചിറി, മുച്ചുണ്ട് മുതലായവ.. എങ്കിലും ഒന്നോർക്കുക, ഒരു സ്കാനിങ്ങിനും 100% നിങ്ങളുടെ കുഞ്ഞിലേ എല്ലാ പ്രശ്നങ്ങളും കണ്ടുപിടിക്കാൻ സാധ്യമല്ല. ചെറിയൊരു ശതമാനം കുഞ്ഞു ജനിച്ചു കഴിഞ്ഞാലേ ചിലപ്പോൾ കണ്ടുപിടിക്കാൻ കഴിയാറുള്ളു. അവസാനത്തെ സ്കാൻ നിങ്ങളുടെ പ്രസവത്തീയതി അടുപ്പിച്ചാണ് ചെയ്യാറ്. ഇതിൽ പ്രധാനമായും കുഞ്ഞിന്റെ കിടപ്പ്, വെള്ളത്തിന്റെ അളവ്, കുഞ്ഞിന്റെ ഏകദേശ തൂക്കം, മറുപിള്ളയുടെ സ്ഥാനം എന്നിവയാണ് നോക്കാറുള്ളത്.
uss
ഈ പറഞ്ഞ ൪ സ്കാനിങ്ങുകൾ എല്ലാ സ്ത്രീകളിലും നിർബന്ധമായും ചെയേണ്ടവയാണ്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിൽ കൂടുതൽ സ്കാനിങ്ങുകൾ ആവശ്യമായി വരാറുണ്ട്. അത് നിങ്ങളുടെ ഗൈനെക്കോളജിസ്റ്റിന്റെ തീരുമാനത്തിന് വിട്ടുകൊടുക്കുക. ഒരു ഉദാഹരണത്തിന് ഗർഭാശയത്തിൽ വെള്ളം കുറവാണെന്നു കണ്ടാൽ ഇടയ്ക്കിടെ സ്കാനിങ്ങിലൂടെ അത് നിരീക്ഷിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അത് നിങ്ങളുടെ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായേക്കാം. അങ്ങനെയുള്ള സന്ദർഭങ്ങൾ ഓരോ സ്ത്രീക്കും വ്യത്യസ്ഥവുമാണ്.

ചില പ്രത്യേക ടെസ്റ്റുകൾ:

ചില അമ്മമാരിൽ ചില പ്രത്യേക ബ്ലഡ് ടെസ്റ്റുകൾ വേണ്ടി വരാറുണ്ട്. ഉദാഹരത്തിനു പ്രായക്കൂടുതലുള്ള അമ്മമാർ, മൂത്ത കുട്ടിക്ക് ജനിതകവൈകല്യമുള്ള അമ്മമാർ, കുടുംബത്തിൽ ജന്മവൈകല്യമുള്ള കുട്ടികൾ മുതലായവ. ഇപ്പറഞ്ഞ സന്ദർഭങ്ങളിൽ ഗര്ഭാവസ്ഥയിലുള്ള നിങ്ങളുടെ കുഞ്ഞിന് വൈകല്യമില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനായി ചില രക്ത ടെസ്റ്റുകൾ നടത്താറുണ്ട്- ട്രിപ്പിൾ ടെസ്റ്റ് , ക്വഡ്രാപ്പിൽ ടെസ്റ്റ് , ആംനിയോസിൻറെസിസ് , കൊറിയോണിക് വില്ല്സ് സാംപ്ലിങ് മുതലായവ.. ഇത് സാധാരണയായി എല്ലാ അമ്മമാരിലും നടത്തുന്നവയല്ല.

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top