സ്പെഷ്യൽ വാക്‌സിനുകളെ പറ്റി രണ്ടു വാക്ക്

ഗവണ്മെന്റിന്റെ സൗജന്യ കുത്തിവയ്പുകളിൽ പെടാത്ത വാക്‌സിനുകളെ പറ്റി നമ്മൾ കഴിഞ്ഞ ലക്കത്തിൽ ചർച്ച ചെയ്തിരുന്നു. ഇന്ന് നാം ചർച്ച ചെയ്യുന്നത് അവ ഏതൊക്കെ ആണെന്നും എന്തിനൊക്കെ ആണെന്നുമാണ്.

1: DTaP:

ട്രിപ്പിൾ വാക്‌സിനായ DTap/DTwP വാക്‌സിൻ നമ്മുടെ നാട്ടിൽ ഇപ്പോൾ പെന്റാവാലന്റ് ഇഞ്ചക്ഷനിൽ ഒന്നായാണ് കൊടുക്കുന്നതെന്ന് പറഞ്ഞിരുന്നല്ലോ. ട്രിപ്പിൾ വാക്‌സിൻ കുത്തിവയ്പ്പ് കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന അസ്വസ്ഥതയും  ഇൻജെക്ഷൻ കൊടുത്ത ഭാഗത്തുണ്ടാകുന്ന  തടിപ്പും വേദനയും അത് കാരണം കരച്ചിലും ചെറു പനിയുമൊക്കെ വളരെ സ്വാഭാവികമാണ്. വളരെ ചെറിയ ശതമാനത്തിൽ നിർത്താതെയുള്ള കരച്ചിലും ശക്തമായ പനിയുമൊക്കെ കാണാറുണ്ട്. അതിൽ തന്നെ അപൂർവമായി അപസ്മാരവും സ്വബോധത്തിൽ വ്യതിയാനവും തളർച്ചയുമൊക്കെ വന്നേക്കാം. ഈ പറഞ്ഞ കാര്യങ്ങൾക്കെല്ലാം പ്രധാന കാരണക്കാരൻ ട്രിപ്പിൾ വാക്‌സിനിലെ വില്ലൻ ചുമക്കെതിരെയുള്ള മരുന്നാണ്. ഇതിനെ വിളിക്കുന്നത് wP വാക്‌സിൻ എന്നാണ്. അതായത്  “ഹോൾ സെൽ പെർട്ടൂസിസ് വാക്‌സിൻ” . എന്നാൽ ഈ പറഞ്ഞ കാരണങ്ങളൊന്നും ഈ കുത്തിവയ്പ്പ് കൊടുക്കാതിരിക്കാനുള്ള ന്യായങ്ങൾ ആക്കാൻ സാധിക്കില്ല. കാരണം ഇവയൊക്കെ കാണുന്നത് ലക്ഷക്കണക്കിന് കുട്ടികൾക്ക് കൊടുക്കുമ്പോൾ ഒന്നോ രണ്ടോ പേർക്കാണ്. എന്നാൽ വില്ലൻ ചുമ എന്ന അസുഖം വരുന്നതോ, അതിലൊക്കെ എത്രയോ കൂടുതൽ ആളുകൾക്കും. അത് മാത്രവുമല്ല ഇതിനു കൂടെയുള്ള ടെറ്റനസും തൊണ്ടമുള്ളുമെല്ലാം വളരെ അപകടകാരികളും മരണസാധ്യത വളരെ കൂടുതലുള്ള രോഗങ്ങളുമാണ്.  ചെറിയ തടിപ്പും വേദനയും  ചെറിയ കരച്ചിലും പനിയും ഒക്കെ അവഗണിക്കാവുന്നതേയുള്ളു. ഇത് ഒന്നോ രണ്ടോ ദിവസം മാത്രമേ നിലനിൽക്കുകയുമുള്ളൂ. പനിയുടെ മരുന്ന് സാധാരണയായി ഈ കുത്തിവയ്പ്പിനെ ശേഷം എല്ലാവര്ക്കും നൽകാറുണ്ട്. എന്നാൽ കുറച്ചു കൂടി അപകടകരമായ ശക്തിയുള്ള പനിയും (40.5 C ഇൽ കൂടുതൽ)  അപസ്മാരവും   (കുത്തിവയ്‌പ്പെടുത്ത ആദ്യത്തെ  72 മണിക്കൂറിനുള്ളിൽ) .നിർത്താതെയുള്ള കരച്ചിലും  (മൂന്നു മണിക്കൂറിൽ കൂടുതൽ ) സ്വബോധത്തിൽ വ്യതിയാനവും തളർച്ചയും (ആദ്യത്തെ  48 മണിക്കൂറിൽ )ഒക്കെ ഉണ്ടായാൽ നാം മുൻകരുതലുകൾ എടുക്കേണ്ടതാണ്. നമ്മുടെ മുന്നിലുള്ള വേറൊരു മാർഗം wP വാക്‌സിൻ മാറ്റി aP (എസെല്ലുലാർ പെർട്ടൂസിസ് വാക്‌സിൻ ) നൽകുക എന്നതാണ്.

ഇത് മേല്പറഞ്ഞ പ്രശ്നങ്ങൾ വളരെ വളരെ അപൂർവമായേ ഉണ്ടാകാറുള്ളൂ. അപ്പോൾ ഈ കുട്ടികൾക്ക് DTaP നല്കുന്നതാണ് ഉചിതം. എന്നാൽ ഒരു കാര്യം എപ്പോഴും മനസ്സിൽ വക്കേണ്ടതാണ്. ട്രിപ്പിൾ വാക്‌സിന് അലര്ജി ഉണ്ടായ കുട്ടികൾക്ക് ഈ രണ്ടു കുത്തിവയ്പുകളും മേലിൽ നൽകരുത്. പെർട്ടൂസിസ് ഭാഗം ഇല്ലാത്ത വാക്‌സിനുകളെ പിന്നീട് കൊടുക്കാവൂ.

അപ്പോൾ സ്വാഭാവികമായി ഒരു സംശയം വരാം. എല്ലാ കുട്ടികൾക്കും DTaP കൊടുത്തൂടെ? അത് സത്യത്തിൽ എലിയെ പേടിച്ചു ഇല്ലം ചുടുന്ന പോലെ ആകും. ഒന്നാമത്തെ കാരണം മേല്പറഞ്ഞ എല്ലാ പ്രശ്നങ്ങളും വളരെ അപൂർവമായേ കാണാറുള്ളു എന്നതാണ്. അത് മാത്രവുമല്ല, രോഗ പ്രതിരോധ ശക്തി ഉണ്ടാക്കുന്ന കാര്യത്തിൽ DTaP  ഒരു തരത്തിലും DTwP ക്കു മുകളിലല്ല. അതുകൊണ്ടു എല്ലാ കുട്ടികൾക്കും അനാവശ്യമായി DTaP നൽകുന്നത് ശെരിയല്ല.

വേറൊരു തെറ്റിദ്ധാരണ, ഈ ഇൻജെക്ഷൻ ” വേദനയില്ലാത്തത് (painless ) ആണെന്നുള്ളതാണ്. ഇൻജെക്ഷൻ എടുക്കുമ്പോഴുള്ള വേദന  എല്ലാത്തിനും ഒന്ന് തന്നെ ആണ്. എന്നാൽ അതിനു ശേഷമുള്ള തടിപ്പും വേദനയും താരതമ്യേന കുറവായിരിക്കുമെന്നു മാത്രം. പലരും ഈ ഇൻജെക്ഷൻ വെച്ചാൽ വേദനയെ ഉണ്ടാകില്ല എന്ന തെറ്റിദ്ധാരണയിൽ “painless ” കുത്തിവയ്പ്പ് ചോദിച്ചു വരുന്നത് കാണാറുള്ളത് കൊണ്ട് പറഞ്ഞെന്നു മാത്രം. അത് മാത്രവുമല്ല ഈ കുത്തിവയ്പുകൾക്ക് വലിയ വിലയുമാണുള്ളത്. അതുകൊണ്ടു ആവശ്യമില്ലാതെ പൈസ കളയേണ്ടതില്ല. നമുക്ക് സൗജന്യമായി ലഭിക്കുന്ന പെന്റാവാലന്റ് ഇൻജെക്ഷൻ തന്നെ ധാരാളം. ഈ കുത്തിവയ്പ്പ് മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടായ കുഞ്ഞുങ്ങൾക്ക് മാത്രമായി ഒതുക്കുന്നതാണ് നല്ലത്.

2.TDap

ഏഴു വയസ്സിനു ശേഷം DTap / DTWp കൊടുക്കാൻ പാടുള്ളതല്ല. എന്നാൽ മുതിർന്ന കുട്ടികളിലും ഈ രോഗങ്ങൾ കാണുകയും അവർ മറ്റുള്ളവർക്ക് രോഗം പിടി പെടാൻ കാരണമായ സ്രോതസ്സുകളായി പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന അറിവിന്റെ വെളിച്ചത്തിലാണ് അവർക്കും സുരക്ഷാ ആവശ്യമാണെന്ന് മനസ്സിലായത്. അത് മാത്രമല്ല DTaP / DTwP എന്നിവയുടെ രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ് പത്തുവയസ്സാവുമ്പോഴേക്കും ക്രമേണ കുറഞ്ഞു തുടങ്ങുകയും ചെയ്യും. അതുകൊണ്ടു തന്നെ കുറച്ചു വ്യതിയാനങ്ങൾ വരുത്തി Tdap  എന്ന കുത്തിവയ്‌പ്പു പത്തു വയസ്സിൽ കൊടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഗവൺമെന്റിൽ ടി.ടി. ഇൻജെക്ഷൻ ആണ് ഇപ്പോഴും പത്തു വയസ്സിൽ നൽകുന്നത്. പതിനെട്ടു വയസ്സുവരെ എപ്പോൾ വേണമെങ്കിലും Tdap കുത്തിവയ്പെടുക്കാവുന്നതാണ്.

3.ന്യൂമോകോക്കൽ വാക്‌സിൻ :

വളരെയധികം പ്രാധാന്യമുള്ള ഒരു കുത്തിവയ്പ്പാണിത്. കുഞ്ഞുകുട്ടികളിൽ കാണുന്ന അപകടകാരികളായ അസുഖങ്ങളാണ് നിമോണിയ (ശ്വാസകോശത്തിലെ അണുബാധ) , മെനിഞ്ചൈറ്റിസ് (തലച്ചോറിലെ അണുബാധ) എന്നിവ. ഇവ വന്നു പിടിപെട്ടാൽ ചികിത്സ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, പിന്നീട് കുട്ടികളുടെ ബുദ്ധിവികാസത്തെയും മറ്റും മോശമായി ബാധിക്കാൻ വരെ കാരണമായേക്കാം. അത് കൊണ്ട് തന്നെ അവയെ പ്രതിരോധിക്കുന്ന ഈ കുത്തിവയ്‌പ്പെടുക്കാൻ ഞാൻ അച്ഛനമ്മമാരെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇതിൽ തന്നെ രണ്ടു തരം  വാക്‌സിനുകൾ ലഭ്യമാണ്. ഒന്ന് pcv 13 , അടുത്തത് PCV 10 . പേരുകൾ സൂചിപ്പിക്കുന്ന പോലെ തന്നെ ന്യൂമോകോക്കൽ ബാക്റ്റീരിയയുടെ പതിമൂന്നു തരം സ്ട്രെയിനുകളെ പ്രതിരോധിക്കുന്നതാണ് ഒന്നാമത്തെ വാക്‌സിൻ. അടുത്ത പത്തു തരം സ്ട്രെയിനുകളെ മാത്രമേ പ്രതിരോധിക്കുന്നുള്ളൂ. സ്വാഭാവികമായും PCV 13 നാണു കൂടുതൽ സംരക്ഷണം തരാൻ കഴിവുള്ളത്. അതുകൊണ്ടു തന്നെ വിലയും മറ്റേതിനേക്കാളും കൂടുതൽ തന്നെ. സാമ്പത്തികമായി സാധിക്കുമെങ്കിൽ PCV 13 എടുക്കുന്നത് നല്ലതായിരിക്കും. ഇല്ലെങ്കിൽ വിലയിൽ കുറഞ്ഞ PCV 10 എങ്കിലും കൊടുക്കുക.

സാധാരണയായി പെന്റാവാലന്റ് ഇൻജെക്ഷൻ കൊടുക്കുന്ന അതെ ദിവസമാണ് ഇതും കൊടുക്കേണ്ടത്. അതായത് 6 , 10 , 14  ആഴ്ചകളിലും ഒന്നരവയസ്സിൽ ഒരു ബൂസ്റ്ററും. ഇങ്ങനെ  കൊടുത്തില്ലെങ്കിൽ അഞ്ചു വയസ്സ് വരെയും ഇത് കൊടുക്കാവുന്നതാണ്. എന്നാൽ ഓരോ പ്രായത്തിലും കൊടുക്കുന്ന വിധം വ്യത്യസ്തമാണ്. അതിനാൽ ഒരു ശിശുരോഗവിദഗ്ധനെ കണ്ടു വേണം നിങ്ങളുടെ കുട്ടിയുടെ പ്രായത്തിനനുസരിച്ചു ഷെഡ്യൂൾ എഴുതി വാങ്ങുന്നത്.

4.ചിക്കൻപോക്സ് വാക്‌സിൻ:

വാരിസെല്ല വൈറസ്സുണ്ടാക്കുന്ന ചിക്കൻപോക്‌സ്‌ എന്ന അസുഖത്തിന്റെ പറ്റി  കേൾകാത്തവരുണ്ടാകില്ല. പലരും ഈ വാക്‌സിനെതിരെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ചിക്കൻപോക്‌സ്‌ ” വന്നു പോകണം” എന്നും അത് കുട്ടിക്ക് പ്രതിരോധ ശക്തി നൽകുമെന്നും ഈ വാക്‌സിൻ അനാവശ്യമാണെന്നും ഇതെടുത്താലും ചിക്കാൻപോക്‌സ്‌ വരാമെന്നും. ഇപ്പറഞ്ഞതിൽ തെറ്റില്ല, എന്നാൽ ഈ വാക്‌സിൻ അനാവശ്യമാണെന്നതൊഴിച്ചു. കാരണം ചിക്കൻപോക്‌സ്‌ എല്ലാ കുട്ടികളിലും  വരുന്നത്  ഒരുപോലെയല്ല. ചില കുട്ടികളിൽ ഈ രോഗം പല അവയവങ്ങളെയും സാരമായി ബാധിക്കുകയും മരണം വരെ സംഭവിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഈ വൈറസ് തലച്ചോറിനെ ബാധിച്ചു കഴിഞ്ഞാൽ വളരെ അപകടമാണ്. ജീവൻ രക്ഷപ്പെട്ടാൽ തന്നെ പിന്നീടുള്ള ബുദ്ധിവളർച്ചയും മറ്റും വളരെ മോശമാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ചിക്കൻപോക്‌സിനെ ഇങ്ങനെ സ്വാഗതം ചെയ്യുന്നതിൽ ഒരർത്ഥവുമില്ല. പിന്നെ ഈ വാക്‌സിൻ നൂറു ശതമാനം ചിക്കൻപോക്സിൽ നിന്ന് സംരക്ഷിക്കില്ല എന്നത് ശെരി തന്നെ. എന്നാൽ വന്ന ചിക്കൻപോക്‌സ്‌ അപകടകാരിയാകാതെ നോക്കാൻ ഈ വാക്‌സിന് കഴിയും. വളരെ കുറച്ചു പേരിൽ ഈ വാക്‌സിൻ എടുത്താലും ചിക്കൻപോക്‌സ്‌ വരാറുണ്ട്. എന്നാൽ ഒരിക്കലും മുകളിൽ പറഞ്ഞ അപകടസ്ഥിതിയിലേക്ക് പോകാറില്ല. അതുകൊണ്ടുതന്നെ ഈ വാക്‌സിനെ ഒരിക്കലും അവഗണിക്കാനാകില്ല.

ഇത് ഒരു വയസ്സ് കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും കൊടുക്കാം. സാധാരണയായി രണ്ടു ഡോസുകളാണ് കൊടുക്കാറ്. ആദ്യത്തേത് 15 -18  മാസത്തിലും രണ്ടാമത്തേത് 4 -6  വയസ്സിനുള്ളിലും കൊടുക്കാം. രണ്ടാമത്തെ ഡോസ് ആദ്യ ഡോസ് കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും കൊടുക്കാവുന്നതാണ്.

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top