ബി.പി ഇങ്ങനെ കൂട്ടല്ലേ! അമിതരക്തസമ്മർദ്ദത്തെ എങ്ങനെ തോൽപ്പിക്കാം?

ബി.പി ഇങ്ങനെ കൂട്ടല്ലേ! അമിതരക്തസമ്മർദ്ദത്തെ എങ്ങനെ തോൽപ്പിക്കാം?

ഇന്ന് ബി.പി.ഇല്ലാത്തവർ കുറവാണ് . പണ്ടൊക്കെ ഇത് വയോധികരുടെ അസുഖമായിരുന്നെങ്കിൽ ഇന്ന് അങ്ങനെയല്ല. കുട്ടികൾക്ക് വരെ ബി.പി. ആണ്. അതിന്റെ കാരണമെന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പറയാം.

പണ്ടൊക്കെ പല രോഗങ്ങളുടെ ഭാഗമായാണ് ബി.പി. വന്നിരുന്നത്. എന്നാൽ ഇന്ന് ബി.പി യുടെ പ്രധാനകാരണം നമ്മുടെ ജീവിതരീതികൾ തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ബി.പി, പ്രമേഹം, കൊളെസ്റ്ററോൾ , അമിതവണ്ണം എന്നിവയെ “ജീവിതചര്യരോഗങ്ങൾ” എന്ന് വിളിക്കുന്നത്. ഇത് തന്നെയാണ് ഇന്നിത് പ്രധാനമായും ചെറുപ്പക്കാരുടെ രോഗമായി മാറാൻ കാരണവും. അപ്പോൾ ഒരു കാര്യം വ്യക്തമാണ് അല്ലെ? അതായത് മരുന്നും മന്ത്രവും കൊണ്ട് മാത്രം മാറ്റാൻ പറ്റുന്ന ഒന്നല്ല രക്തസമ്മര്ദം. അതിനു നമ്മൾ അടിമുടി മാറേണ്ടതുണ്ട് !

എന്താണ് രക്തസമ്മർദ്ദം ?

ഈ രക്തസമ്മർദ്ദം അഥവാ ബി.പി പ്രശ്നക്കാരനാണോ? അല്ലെ അല്ല കേട്ടോ. അതില്ലെങ്കിൽ നമ്മളൊക്കെ വടിയായത് തന്നെ! അതായത് ഒരു നോർമൽ ബി.പി. നമ്മളുടെ ജീവൻ നിലനിർത്താൻ ആവശ്യമാണെന്നർത്ഥം. എല്ലാർക്കുമറിയാലോ, നമ്മുടെ രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. ആ രക്തം നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നത് അത് ഒരു പ്രത്യേക പ്രെഷറിൽ പമ്പ് ചെയ്യപ്പെടുന്നത് കൊണ്ടാണ്. ഒരു കിണറിൽ നിന്നു ഒരു പമ്പ് ഉപയോഗിച്ച് വെള്ളമടിക്കുന്നത് ഓർക്കുക. ആ വെള്ളം ഒരു പ്രേഷറിൽ അടിച്ചാണ് വളരെ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പൈപ്പുകളിൽ എത്തിക്കുന്നത്. അപ്പോൾ ആ പമ്പ് ആണ് നമ്മുടെ ഹൃദയം, ദൂരെ എത്തിക്കുന്ന ധമനികൾ നമ്മുടെ രക്തക്കുഴലുകളും. ഈ രക്തക്കുഴുലകളിലെ ഒരു ആവറേജ് പ്രെഷർ ആണ് രക്തത്തെ എല്ലായിടത്തും എത്തിക്കുന്നത്.
blood-pressure-monitor

എന്താണ് നോർമൽ പ്രെഷർ?

നമ്മുടെ ആവറേജ് ബി.പി. 120/80 ആണ്. എന്നാൽ എല്ലാർക്കും ഇത് കൃത്യം ആയി നിൽക്കണമെന്നില്ല. നോർമൽ ബി.പി. എന്ന് പറയുന്നത് ഒരു റേഞ്ച് ആണ്. ബി.പി. കൂടി എന്ന് പറയുന്നത് ഓരോരുത്തർക്കും ഓരോ പോലെയാണ്. ഒരു രോഗിയെ പൂർണമായും മനസ്സിലാക്കിയതിനു ശേഷമേ അദ്ദേഹത്തിന് രക്തസമ്മർദ്ദം ഉണ്ടോയെന്നും അതിനു മരുന്ന് തുടങ്ങാണോയെന്നും ഡോക്ടർക്ക് തീരുമാനിക്കാൻ പറ്റൂ. അത് ഓരോ രോഗിയെ അനുസരിച്ചു മാറിക്കൊണ്ടിരിക്കുകയും ചെയ്യും.
വേറൊരു അസുഖങ്ങളുമില്ലാത്തവർക്ക് ഇത് പരമാവധി 130/80 വരെ പോകാം. ഇവരിൽ 140/90 മുകളിൽ പോയാൽ മരുന്നുകൾ തുടങ്ങേണ്ടി വന്നേക്കാം. 130/80നും 140/90 നും ഇടക്കാണെങ്കിൽ ഭക്ഷണക്രമം കൊണ്ട് തന്നെ നമുക്കിതിനെ കുറക്കാൻ സാധിച്ചേക്കും. എന്നാൽ മറ്റു അപകടഘടകങ്ങൾ ആയ അമിതവണ്ണം, കൊളെസ്റ്ററോൾ , പ്രമേഹം എന്നിവയൊക്കെ ഉള്ളവരിൽ ചിലപ്പോൾ 130/80 നു മുകളിൽ പോയാൽ തന്നെ മരുന്നുകൾ വേണ്ടിവന്നേക്കാം. അതുകൊണ്ടു ഒരിക്കലും രണ്ടു രോഗികളെ തമ്മിൽ താരതമ്യപ്പെടുത്താൻ കഴിയില്ല. ഒരേ ബി.പി ഉള്ള രണ്ടു പേരിൽ ചിലപ്പോൾ ചികിത്സ വിഭിന്നമായിരിക്കും
basic_blood_pressure_chart

എന്താണ് ലോ ബി.പി?

ബി.പി 100/60 ക്കു താഴെ പോകുകയാണെങ്കിൽ ബി.പി കുറഞ്ഞു എന്ന് പറയാം.

എങ്ങിനെ നിങ്ങൾക്ക് അമിതരക്തസമ്മർദ്ദമുണ്ടെന്നു സ്ഥിരീകരിക്കാം?

ആദ്യം വേണ്ടത് ശെരിക്കും നിങ്ങൾക്ക് ബി.പി ഉണ്ടോയെന്ന് ഉറപ്പിക്കലാണ്. അത് ഒരിക്കൽ മാത്രം നോക്കുമ്പോൾ കാണുന്ന ഒരു കൂടിയ റീഡിങ് വെച്ചല്ല ഉറപ്പിക്കുന്നത്. പലർക്കും ഡോക്ടർമാരെ അല്ലെങ്കിൽ ആശുപത്രി കാണുമ്പോൾ തന്നെ ബി.പി കൂടും അല്ലെ? അപ്പോൾ എങ്ങിനെ നമ്മൾ ഉറപ്പിക്കും ഇത് ശെരിക്കുമുള്ള രക്തസമ്മർദ്ദമാണെന്ന് ? അതിനായി മൂന്നു തവണ വിവിധ സമയങ്ങളിലായി ബി.പി നോക്കേണ്ടതുണ്ട്. ഈ മൂന്നു സമയത്തും ബി.പി കൂടി നിൽക്കുകയാണെങ്കിൽ നിങ്ങള്ക്ക് അമിതരക്തസമ്മർദ്ദമുള്ളതായി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു.

എപ്പോൾ മുതൽ നമ്മൾ ശ്രദ്ധിച്ചു തുടങ്ങണം?

35 വയസ്സ് കഴിഞ്ഞാൽ ബി.പി ഒന്ന് ഇടയ്ക്കിടെ നോക്കുന്നത് നല്ലതായിരിക്കും. 6 മാസത്തിലൊരിക്കലെങ്കിലും. 130/80 നും 140/90 നും ഇടക്കുള്ള ബി.പി. ഞാൻ പറഞ്ഞത് പോലെ നമുക്ക് നല്കുന്നത് സൂചനയാണ്. അധികരക്തസമ്മർദ്ദം എന്ന് വിളിക്കാൻ കഴിയില്ലെങ്കിലും അങ്ങോട്ടിനീ അധികദൂരമില്ല എന്നാണ് ഇത് നമ്മോടു പറയുന്നത്.

പക്ഷെ ഈ കാലത്തു ചെറുപ്പക്കാരിൽ വളരെ കൂടുതലായി അമിതരക്തസമ്മര്ദം കണ്ടുവരുന്നു. അതുകൊണ്ടു 35 വയസ്സുകഴിഞ്ഞേ നോക്കൂ എന്ന് വാശി പിടിക്കേണ്ടതില്ല. കുറച്ചു ശ്രദ്ധ എല്ലാർക്കുമാവാം.

എന്തൊക്കെയാണ് അമിതരക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ?

ഇതിന്റെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലക്ഷണം “ലക്ഷണമില്ലായ്മ” ആണ്. തമാശ പറഞ്ഞതല്ല കേട്ടോ. പലപ്പോഴും ഒരു നോർമൽ ചെക്കപ്പിലായിരിക്കും ഇത് കണ്ടുപിടിക്കപെടുന്നത്. ലക്ഷണങ്ങളൊക്കെ വരുമ്പോഴേക്കും പലപ്പോഴും വളരെ വൈകിയിരിക്കും. അതായത് ലക്ഷണങ്ങൾക്കായി കാത്തിരിക്കുന്നത് വിഡ്ഢിത്തമാണെന്നർത്ഥം!

എങ്കിൽ കൂടിയും കൂടിയ ബി.പി കാണിക്കുന്ന കുറച്ചു ലക്ഷണങ്ങൾ ഇവിടെ പറയാം,
പലപ്പോഴും പല അസുഖങ്ങളുടെ കൂടെ കാണപ്പെടുന്ന ബി.പി ആണ് ലക്ഷണങ്ങൾ കാണിക്കുന്നത്, അത് ആ രോഗത്തിന്റെ ലക്ഷണങ്ങളായിരിക്കും. ഉദാഹരത്തിനു, വൃക്കരോഗമുള്ളവരിൽ അധികരക്തസമ്മര്ദം സാധാരണമാണ്. അവരിൽ കൈകാലുകളിലെ നീരും മൂത്രസംബന്ധമായ പ്രശ്നങ്ങളും ലക്ഷണങ്ങളായി കാണാവുന്നതാണ്. അതുപോലെ അമിതവണ്ണം ഒരു ലക്ഷണമായി കണക്കാക്കാം.

ബി.പി ക്രമാതീതമായി കൂടുമ്പോൾ

  • അസഹ്യമായ തലവേദന
  • തലകറക്കം
  • ബോധക്ഷയം
  • ഓക്കാനം
  • കാഴ്ചക്കുറവ്
  • കാഴ്ചക്ക് മങ്ങൽ
  • പക്ഷാഘാതം
  • മൂക്കിലൂടെയുള്ള രക്തസ്രാവം

ഇത് കൂടാതെ കാരണം കൂടാതെ വികാരവിക്ഷോഭം നടത്തുക, അമിതദേഷ്യം കാണിക്കുക, ഹൃദയമിടിപ്പ് കാരണമില്ലാതെ കൂടുക, അനാവശ്യ ഭയം ഇവയൊക്കെ കാണാറുണ്ട്.

പക്ഷെ ഇതെല്ലം കുറച്ചു കാലമായി കൂടി നിൽക്കുന്ന ബി.പി കാരണമാണ് ഉണ്ടാകാറ് . നീണ്ടു നിൽക്കുന്ന ബി.പി നമ്മുടെ ഓരോ അവയവവ്യവസ്ഥകളെയായി നശിപ്പിച്ചു തുടങ്ങും. അതിൽ ഏറ്റവും കൂടുതലായി ബാധിക്കപ്പെടുന്നത് ഇവയൊക്കെയാണ്.

  1. മസ്തിഷ്ക്കം: തലച്ചോറിൽ രക്തസ്രാവമോ അല്ലെങ്കിൽ രക്തം കട്ട പിടിക്കുകയോ ചെയ്യുന്നു. തൽഫലമായി പക്ഷാഘാതമുണ്ടാകും. ശരീരത്തിന്റെ ഒരു ഭാഗം പൂർണമായോ അല്ലെങ്കിൽ ഭാഗികമായോ തളർന്നുപോകും.
  2. ഹൃദയം: ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന രക്തധമനികളിൽ രക്തം കട്ട പിടിക്കുകയും ഹൃദയാഘാതമുണ്ടാവുകയും ചെയ്യാം. അല്ലെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനം ക്രമേണ കുറഞ്ഞു കുറഞ്ഞു വന്നു നിൽക്കുന്നു.
  3. വൃക്കകൾ: വൃക്കകൾ ക്രമേണ പ്രവർത്തനം കുറഞ്ഞു പൂർണമായി നിലക്കുന്നു

ഇത് കൂടാതെ കാഴ്ച, കേൾവി ഇവയെല്ലാം പതിയെ കുറഞ്ഞു വരുന്നു.

എങ്ങനെയൊക്കെ നമുക്ക് ബി.പി നിയന്ത്രിക്കാം?

മുന്നേ പറഞ്ഞപോലെ മരുന്നുകൾ മാത്രമല്ല ഇതിനുള്ള മാർഗം . അതിന്റെ കൂടെ ചെയ്യണ്ട പലതുമുണ്ട്. അതെന്തൊക്കെയെന്നു നോക്കാം അല്ലെ?
world-hypertension-day-2018may-17-blood-pressure-food-blivenews.com_

ഭക്ഷണക്രമങ്ങൾ:

  • വറുത്തതും പൊരിച്ചതുമായ ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക
  • എണ്ണപലഹാരങ്ങൾ ഒഴിവാക്കുക
  • എണ്ണയുടെ ഉപയോഗം മാക്സിമം കുറക്കുക
  • എരിവും പുളിയും പരമാവധി കുറക്കുക
  • ഉപ്പിന്റെ അമിതഉപയോഗം കുറക്കുക.
  • പുറത്തു നിന്ന് വാങ്ങുന്ന ബേക്കറി സാധനങ്ങൾ കുറക്കുക
  • അച്ചാർ, പപ്പടം,ഉണക്കമീൻ എന്നിവ ഒഴിവാക്കുക
  • സസ്യാഹാരങ്ങൾ കൂടുതലായി ഉപയോഗിക്കുക
  • മാംസാഹാരങ്ങൾ കുറക്കുക, കഴിക്കുകയാണെങ്കിൽ തന്നെ കറി ആക്കി കഴിക്കുക.
  • കാര്ബോനേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക
  • ഫാസ്റ്റ് ഫുഡ് പരമാവധി ഒഴിവാക്കുക
  • ചുവന്ന മാംസം ഒഴിവാക്കുക
  • മഞ്ഞൾ, നെല്ലിക്ക, മാതളം, വെളുത്തുള്ളി , നാരങ്ങ, ചെറു പഴം, കരിക്കിൻവെള്ളം, ഉലുവ , തക്കാളി . ബീറ്റ്റൂട്ട് , തേൻ (൧ സ്പൂൺ) , ഇഞ്ചി ഇവയൊക്കെ ബി.പി നോര്മലായി നിലനിർത്താൻ നല്ലതാണെന്നു തെളിയിക്കപ്പെട്ടതാണ്. ഇതിൽ പ്രമേഹരോഗികൾ ചില വ്യത്യാസങ്ങൾ വരുത്തണമെന്ന് മാത്രം.

പുകവലി ഒട്ടും തന്നെ പറ്റില്ല.മദ്യപാനവും അതുപോലെ തന്നെ. ഇത്തരം ദുശീലങ്ങൾ വെച്ച് എന്ത് ചികിത്സ ചെയ്തിട്ടും കാര്യമില്ല കേട്ടോ.

heart-effects-of-smoking
പിന്നെ ഉപ്പു ഒട്ടും തന്നെ ഉപയോഗിക്കരുത് എന്ന് പറഞ്ഞില്ല കേട്ടോ. സാധാരണ ഉപയോഗിക്കുന്ന ഉപ്പ് ആവാം. എന്നാൽ ഉപ്പു കൂടുതൽ ഉപയോഗിക്കുന്ന ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കണമെന്നേയുള്ളു.

ടെൻഷൻ ഒഴിവാക്കൂ…

മുമ്പ് പറഞ്ഞ പോലെ ഇന്ന് ചെറുപ്പക്കാരിൽ അമിതരക്തസമ്മർദ്ദത്തിന്റെ കാരണം അവരുടെ ജോലിസംബന്ധമായ മാനസികപിരിമുറുക്കങ്ങളാണ്. സമ്മതിക്കുന്നു, ഈ ലോകം ഇന്ന് മാത്സര്യങ്ങൾ നിറഞ്ഞതു തന്നെയാണ്.പക്ഷെ ജീവിതം ഒന്നല്ലേയുള്ളു. അത് ഇങ്ങനെ ടെന്ഷനടിച്ചു ബി.പി കൂട്ടി കളയാനുള്ളതാണോ? ജോലിയും വേണം, ജീവിതവും വേണം, ആരോഗ്യവും വേണം. അല്ലെ? ചുമരില്ലാതെ ചിത്രമെഴുതാൻ സാധിക്കുമോ?

  • അതുകൊണ്ടു ജോലിയെ ശരണം എന്ന് ചിന്തിക്കാതെ ജീവിതം കൂടി ആസ്വദിക്കുക.
  • കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ശ്രദ്ധിക്കുക.
  • എന്ത് ജോലിയാണെങ്കിലും ആസ്വദിച്ചു ചെയ്യുക.
  • ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക
  • ഇടയ്ക്കു ചെറിയ വിനോദയാത്രകൾ പോകുക
  • യോഗ പോലെയുള്ള ചില ശീലങ്ങൾ ആകാം
  • വ്യായാമമുറകൾ

vmlkythosdf6pjldquir
ദിവസേന ഒരു 45 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കുക. വീട്ടിൽ ചെയ്യുന്ന ജോലികളാണ് ഉദ്ദേശിച്ചത് കേട്ടോ. ഇത് വ്യായാമമായി വേറെ തന്നെ ചെയ്യണം. അത് നടക്കലായോ സൈക്ലിങായോ യോഗയായോ ഒക്കെ ചെയ്യാം.

മരുന്നുകൾ:

മുകളിൽ പറഞ്ഞ ജീവിതചര്യകളുടെ കൂടെ ചിലപ്പോൾ മരുന്നിന്റെ സഹായവും നമുക്ക് ആവശ്യമായി വരാറുണ്ട്. നിർഭാഗ്യവശാൽ ഇന്ന് ആളുകൾ പല തെറ്റിദ്ധാരണകൾ കാരണം ഈ മരുന്നുകൾ കഴിക്കാൻ മടിക്കുന്നത് കാണാറുണ്ട്. അവക്ക് ദൂഷ്യവശങ്ങൾ അഥവാ സൈഡ് എഫക്ട് ഉണ്ടെന്നാണ് കാരണമായി കേൾക്കാറ് . കൃത്യമായി മരുന്ന് കഴിച്ചാൽ ഒരു പ്രശ്നവും കൂടാതെ നിയന്ത്രിക്കാവുന്ന ബി.പി ഇങ്ങനെ ഉള്ള തെറ്റിദ്ധാരണകൾ കാരണം അനിയന്ത്രിതമായി പലപ്പോഴും വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകാറുള്ളത്. ഇവർ പലപ്പോഴും ഹൃദയാഘാതമാണ് പക്ഷാഘാതമായുമൊക്കെ ആയിട്ടാണ് ആശുപത്രികളിൽ എത്താറുള്ളത് . അതിനാൽ അനാവശ്യ തെറ്റിദ്ധാരണകൾ വെച്ച് പുലർത്തി സ്വന്തം ജീവിതം അപകടത്തിലാ ക്കല്ലെ എന്നൊരു അപേക്ഷയെ എനിക്കുള്ളൂ. ഈ മരുന്നുകൾ നിങ്ങള്ക്ക് നല്ലതല്ലാത്ത ഒന്നും ചെയ്യുകയില്ല. പക്ഷെ നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കണമെന്നു മാത്രം.

പിന്നെ ഒരു കാര്യം മറക്കാതിരിക്കുക.. പ്രമേഹവും രക്തസമ്മർദ്ദവുമൊക്കെ വന്നു കഴിഞ്ഞാൽ അവയെ ശരിയായ ചികിത്സയിലൂടെ നിയന്ത്രിച്ചു നിർത്തി അവ കൂടുതൽ പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കാതെ നോക്കുകയാണ് നമ്മൾ ചെയേണ്ടത്. അല്ലാതെ ഇവയെ പൂർണമായി പിഴുതെറിയാൻ ബുദ്ധിമുട്ടാണ്. ഇന്ന് കാണുന്ന വേറൊരു പ്രവണത, പല വ്യാജന്മാരും മരുന്നില്ലാതെ ഇതെല്ലം മാറ്റികൊടുക്കാം എന്ന് പറഞ്ഞു ആളുകളെ വലയിൽ വീഴ്ത്തുന്നതാണ്. അവരുടെ വലയിൽ പലപ്പോഴും വീഴുന്നതോ, അഭ്യസ്ഥ വിദ്യരായ ആളുകളും! ഇവർ കൊടുക്കുന്ന പല പച്ചമരുന്നുകളും രോഗികളെ എത്തിക്കുന്നത് ഡയാലിസിസ് വാർഡുകളിലാണ്. ഇങ്ങനെയുള്ള കെണികളിൽ വീഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ!

ഇനി നമുക്ക് ബി.പി. യെ ധൈര്യമായി പിടിച്ചു കേട്ടാം അല്ലെ?

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top