“അമ്മിഞ്ഞപ്പാൽ അമൃതം” : സത്യമാണോ?

അമ്മിഞ്ഞപ്പാൽ അമൃതം” : സത്യമാണോ?

എപ്പോഴും കേൾക്കുന്ന പല്ലവിയാണല്ലോ ഇത് അല്ലെ? എന്താണിതിന്റെ സത്യം? എന്തുകൊണ്ടാണ് മുലപ്പാലിത്ര അമൂല്യമായത്? നമുക്കൊന്ന് നോക്കിയാലോ…

മുലപ്പാൽ ഓരോ മൃഗങ്ങൾക്കും ഓരോ പോലെയാണ്. അതായതു പശുവിനു ഉള്ളത് പശുക്കുട്ടിക്ക് വേണ്ട പാലാണ്. അതുപോലെ തന്നെ ആണ് മനുഷ്യന്റെ കാര്യവും. മനുഷ്യരിൽ തന്നെ ഓരോ അമ്മമാരിലും അത് വ്യത്യസ്തമാണ്. മാസം തികഞ്ഞു പ്രസവിച്ച അമ്മയുടെ പാലും മാസം തികയാതെ തൂക്കകുറവുള്ള കുഞ്ഞുണ്ടായ അമ്മയുടെ പാലും വ്യത്യസ്തമാണ്. പല ഘടകങ്ങളും മാസം തികയാതെ ഉണ്ടായ കുഞ്ഞിന്റെ അമ്മയുടെ പാലിൽ കൂടുതലായിരിക്കും, കാരണം ആ കുഞ്ഞിന് കൂടുതൽ പോഷകഘടകങ്ങൾ  ആവശ്യമുണ്ട്. അപ്പോൾ അത്രയും സൂക്ഷ്മതയോടെ ആണ് പ്രകൃതി മുലപ്പാലിനെ ഒരുക്കിയിരിക്കുന്നത്.

എന്താണ് മറ്റു മൃഗപ്പാലുകളെ അപേക്ഷിച്ചു മുലപ്പാലിന്റെ ഗുണങ്ങൾ ?

മുലപ്പാലിന്റെ ഗുണങ്ങൾ ൩ പേർക്കാണ് ലഭിക്കുക, ആത്യന്തികമായി അത് നവജാതശിശുവിനു തന്നെ ആണ്. രണ്ടാമതായി അമ്മയ്ക്കും, മൂന്നാമതായി നമ്മുടെ സമൂഹത്തിനും!

 കുഞ്ഞിനുള്ള ഗുണങ്ങൾ:

നമുക്ക് നല്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല സമീകൃതാഹാരമാണ് മുലപ്പാൽ. അതായത് നവജാതശിശുവിന്റെ വളർച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും കൃത്യമായ അളവിൽ ഒത്തിണങ്ങിയതാണ് മുലപ്പാൽ. അവയെന്തൊക്കെയാണ്? അന്നജം അഥവാ കാര്ബോഹൈഡ്രേറ്റ് , മാംസ്യം അഥവാ പ്രോടീൻ, കൊഴുപ്പ് അഥവാ ഫാറ്റ് , വിറ്റാമിനുകൾ , പിന്നെ ധാതുലവണങ്ങൾ അഥവാ മിനറൽസ്. മുലപ്പാലിനോളം ഇതെല്ലം ഒത്തിണങ്ങിയ ഒരു പൊടിപ്പാൽ ഉണ്ടാക്കാൻ ഇന്നേവരെ നമുക്ക് സാധിച്ചിട്ടില്ല, ഇനി സാധിക്കാനും പോകുന്നില്ല!

പ്രത്യേകമായി ഒരു തയ്യാറെടുപ്പുകളും ആവശ്യമില്ല, ചിലവുകളുമില്ല! എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും കുഞ്ഞിന് സൗകര്യമായി കൊടുക്കാൻ സാധിക്കുന്നു. പൊടിപ്പാലിന് എന്തൊക്കെ തയ്യാറെടുപ്പുകൾ വേണമല്ലേ?! അത് മാത്രമോ? ഇതിന്റെയൊക്കെ വിലയും ഒട്ടും കുറവല്ല. ഒരു സാധാരണക്കാരന് താങ്ങാൻ ബുദ്ധിമുട്ട് തന്നെയാണ്.

പ്രകൃത്യാ തന്നെ വളരെ മധുരമുള്ളതാണ്. മുലപ്പാൽ പെട്ടെന്ന് ദഹിക്കുന്നതാണ്. കാരണം മുലപ്പാലിലുള്ള പ്രൊറ്റീനിന്റെ പേര് ” വേ പ്രൊറ്റീൻ (whey protein) ” എന്നാണ്.. ഇത് കുഞ്ഞുങ്ങൾക്ക് പെട്ടെന്ന് ദഹിക്കും. നവജാതശിശുക്കൾക്കു ആദ്യത്തെ 4 മാസങ്ങൾ ദഹനരസങ്ങൾ വളരെ കുറവായിരിക്കും. വേറെന്തു പാൽ കൊടുത്താലും അത് ദഹിക്കാനുള്ള കഴിവ് അവർക്കു കുറവാണ് . തൽഫലമായി ദഹനക്കുറവും അസ്വസ്ഥതകളും ഉണ്ടാവും. അപ്പോൾ മറ്റു കട്ടി ആഹാരങ്ങളുടെ കാര്യം പറയണോ!

മറ്റു മൃഗപ്പാലിലുള്ളപോലെ അല്ലെർജി ഉണ്ടാക്കുന്ന ഘടകങ്ങൾ മുലപ്പാലിലില്ല. 1 വയസ്സിനു മുമ്പായി പശുവിൻപാൽ കൊടുത്താൽ കുട്ടികളിൽ അല്ലെർജി കൂടുതലായി കാണപെടുന്നുണ്ടെന്നു പഠനങ്ങൾ തെളിയിച്ചതാണ്. അത് ഭാവിയിൽ ആസ്ത്മ പോലെയുള്ള അസുഖങ്ങൾക്ക് വരെ കാരണമാകുന്നു. അതുകൊണ്ടു 1  വയസ്സുവരെ കുഞ്ഞിന് മറ്റു പാലുകൾ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

കുഞ്ഞിന്റെ വളർച്ചക്കാവശ്യമായ കാൽസ്യം, ഫോസ്‌ഫറസ്‌ , ഇരുമ്പ് എന്നിവ കൂടുതൽ അളവിൽ മുലപ്പാലിൽ നിന്ന് ആഗിരണം ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ധാതുക്കളുടെ കുറവ് മറ്റു പാലുകൾ കുടിക്കുന്ന കുട്ടികളെ അപേക്ഷിച്ചു മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികൾക്ക് കുറവായിരിക്കും. തൽഫലമായി കുഞ്ഞുങ്ങൾക്കു നല്ല രീതിയിലുള്ള എല്ലിന്റെയും പല്ലിന്റെയും വളർച്ചയും നല്ല ഹീമോഗ്ലോബിൻ അളവും ഉണ്ടാകുന്നു. വിളർച്ച ഉണ്ടാകുന്നില്ല.

മുലപ്പാലിൽ കുഞ്ഞിന് പ്രതിരോധശക്തി നൽകുന്ന “ഇമ്മ്യൂണോഗ്ലോബുലിനുകൾ ” ധാരാളമായി അടങ്ങിയിരിക്കുന്നു. തൽഫലമായി കുട്ടികൾക്ക് സർവസാധാരണമായി കണ്ടുവരുന്ന കഫക്കെട്ട് , വയറിളക്കം എന്നീ പ്രശ്നങ്ങൾ ഈ കുട്ടികളിൽ കുറവാണ്. അത് കൂടാതെ തന്നെ കുട്ടികളിൽ കണ്ടുവരുന്ന അല്ലെർജി, ആസ്ത്മ എന്നീ പ്രശ്നങ്ങളും ഈ ഘടകങ്ങൾ കുറക്കുന്നു. നമ്മുടെ നാട്ടിൽ ശിശുമരണത്തിന്റെ പ്രധാനകാരണങ്ങളിൽ ഒന്നാമത്തേത് അണുബാധകളാണ്. അത് കുറക്കുന്നതിന് ഒരു പരിധി വരെ മുലപ്പാൽ നമ്മളെ സഹായിക്കുന്നു. ഇതെല്ലാം പഠനങ്ങൾ തെളിയിച്ചതാണ് കേട്ട

കുഞ്ഞിന്റെ ബുദ്ധിവളർച്ചക്കാവശ്യമായ ധാരാളം ഘടകങ്ങൾ മുലപ്പാലിലുണ്ട്. മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞിന്റെ  IQ (Intelligence quotient) മറ്റു കുഞ്ഞുങ്ങളെ അപേക്ഷിച്ചു വളരെ മുന്നിലാണെന്ന് തെളിയിക്കപ്പെട്ടതാണ്. മുന്നേ പറഞ്ഞപോലെ ഓരോ മൃഗത്തിന്റെയും പാല് അതിന്റെ കുഞ്ഞിന് ചേർന്ന രീതിയിലാണ് പ്രകൃതി ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു മൃഗങ്ങളുടെ പാൽ മനുഷ്യകുഞ്ഞിനു ചേർന്നതല്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ! പശുകുട്ടിക്കു സ്‌കൂളിൽ പോകുകയും എൻട്രൻസ് പരീക്ഷ പാസ്സാകുകയും ഒന്നും വേണ്ടല്ലോ അല്ലെ?!

വേറൊരു കാര്യം, പ്രായമാകുമ്പോൾ നമുക്ക് വന്നു തുടങ്ങുന്ന ബി.പി , ഷുഗർ , കൊളെസ്റ്ററോൾ, ഹൃദ്രോഗങ്ങൾ , പൊണ്ണത്തടി  എന്നീ അസുഖങ്ങൾ/ ജീവിതശൈലീരോഗങ്ങൾ  മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികളിൽ കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. തള്ളലല്ല കേട്ടോ, അമ്മയാണ് സത്യം!

 അപ്പോൾ ഒന്നാലോചിച്ചു നോക്കൂ, മുലയൂട്ടുന്നതിലൂടെ നമ്മൾ നമ്മുടെ കുഞ്ഞിന് ഒരു ആയുസ്സിന്റെ ആരോഗ്യമാണ് നൽകുന്നത്, അല്ലെ?

ഇനി അമ്മക്ക് എന്തൊക്കെ ഗുണങ്ങളാണ് കിട്ടുന്നതെന്നു നോക്കാം..

പലർക്കുമുള്ള ഒരു തെറ്റിദ്ധാരണ ആണ്,മുലയൂട്ടൽ ശരീരത്തിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നു എന്നത്. സത്യം നേരെ മറിച്ചാണ്. പ്രസവം കഴിഞ്ഞു സ്ത്രീകൾക്ക്  കണ്ടമാനം ശരീരഭാരം കൂടുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? ഈ ഭാരം ഒരു പരിധി വരെ കുറക്കാൻ മുലയൂട്ടൽ നമ്മെ സഹായിക്കുന്നു. പെട്ടെന്ന് തന്നെ പ്രസവത്തിനു മുമ്പുള്ള ശരീരവടിവിലേക്കു തിരിച്ചുവരാൻ സ്ത്രീകൾക്ക് സാധിക്കുന്നു. പിന്നെന്തു വേണം ? ഇത് മാത്രമോ? പ്രസവം കഴിഞ്ഞു ഒരു 6 മാസമെങ്കിലും മാസക്കുളി വരാൻ സാധാരണയായി സമയം എടുക്കാറുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് വെച്ചാൽ, മുലയൂട്ടുന്ന സമയത്തു ‘പ്രൊലാക്ടിൻ’ എന്ന  ഹോർമോൺ അമ്മയുടെ ശരീരത്തിൽ കൂടുതലായി ഉണ്ടാവുകയും അത് നമുക്ക് പ്രകൃത്യാ തന്നെ ഒരു ഗർഭനിരോധനം തരികയും ചെയ്യുന്നു. എങ്ങനെയാണെന്നല്ലേ ? പറയാം. ഈ ഹോർമോൺ അണ്ഡവിസർജനത്തെ തടയുന്നു, തൽഫലമായി മാസക്കുളിയും വൈകുന്നു. പെട്ടെന്ന് തന്നെ അടുത്ത കുഞ്ഞു ഗർഭം ധരിക്കാതിരിക്കാനുള്ള പ്രകൃതിയുടെ വഴിയാണിത്. എന്നാൽ ഇതിനെ കണ്ണടച്ച് വിശ്വസിച്ചു വേറെ ഒരു ഗര്ഭനിരോധനമാര്ഗങ്ങളും ഉപയോഗിക്കാതിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല കേട്ടോ. മിനിമം രണ്ടു വർഷത്തെ ഇടവേള രണ്ടു പ്രസവങ്ങൾ തമ്മിൽ അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ നിങ്ങൾ ഇഷ്ടമുള്ള ഗര്ഭനിരോധനമാര്ഗങ്ങൾ നിങ്ങളുടെ ഡോക്ടറുമായി ആലോചിച്ച ശേഷം ചെയേണ്ടതാണ്. പ്രൊലാക്ടിൻ നിങ്ങള്ക്ക് ഒരു എക്സ്ട്രാ സംരക്ഷണം തരുമെന്ന് മാത്രം.

കൂടാതെ, ഇന്ന് വളരെ കൂടുതലായി സ്ത്രീകളിൽ കണ്ടുവരുന്ന  കാൻസറുകളായിട്ടുള്ള   ഗർഭാശയ കാൻസർ (എൻഡോമെട്രിയൽ ക്യാൻസർ ), അണ്ഡാശയകാൻസർ (ഒവേറിയൻ കാൻസർ ) ,  ഗര്ഭാശയഗള കാൻസർ (സെർവിക്കൽ കാൻസർ ), സ്തനാർബുദം (ബ്രേസ്റ് കാൻസർ) എന്നിവയെല്ലാം മുലയൂട്ടുന്ന അമ്മമാരിൽ കുറവാണെന്നു കണ്ടെത്തിയിരിക്കുന്നു. അതൊരു ചെറിയ കാര്യമാണോ? അല്ലെ അല്ല!

ഇതിനൊക്കെ പുറമെ, അമ്മയും കുഞ്ഞുമായുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കാൻ മുലയൂട്ടൽ സഹായിക്കുന്നു. മുലയൂട്ടിയ അമ്മമാരും കുഞ്ഞുങ്ങളും കൂടുതൽ ഊഷ്മളബന്ധം നിലനിർത്തുന്നു എന്നും തെളിയിക്കപ്പെട്ടതാണ

അവസാനമായി സമൂഹത്തിനു എന്താണ് ഗുണം എന്ന് നോക്കാം അല്ലെ..

മുന്നേ പറഞ്ഞ കാര്യങ്ങൾ തന്നെ ആണ്. പ്രകൃത്യാ ഉള്ള ഗർഭനിരോധനം കാരണം ജനസംഖ്യ നിയന്ത്രണം സാധ്യമാകുന്നു. കുട്ടികളിലെ അണുബാധകളെ നല്ലവണ്ണം കുറക്കുന്നതിനാൽ ശിശുമരണനിരക്ക് കുറയുന്നു, ആരോഗ്യമുള്ള ഒരു യുവതലമുറയെ നമ്മുടെ രാജ്യത്തിന് കിട്ടുന്നു. മധ്യവയസ്സിൽ കാണുന്ന ജീവിതശൈലീരോഗങ്ങൾ കുറക്കുന്നതിനാൽ മരണനിരക്ക് കുറയുന്നു, ജനതയുടെ പൊതുവെയുള്ള ആരോഗ്യം മെച്ചപ്പെടുന്നു. ചികിത്സ ചിലവുകൾ കുറയുന്നു. ആ പണം മറ്റു നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുന്നു.

അപ്പോൾ എല്ലാവര്ക്കും ഒരു കാര്യം മനസ്സിലായി എന്ന് കരുതുന്നു, മുലപ്പാലിന്  പകരം മുലപ്പാൽ മാത്രം! അപ്പോൾ മടിക്കാതെ മുലയൂട്ടി തുടങ്ങാം അല്ലെ!

 

 

 

Home of Dr Soumya sarin’s Healing Tones

Scroll to Top