മുലയൂട്ടൽ- അമ്മ അറിയേണ്ടതെല്ലാം!

മുലയൂട്ടൽ: പറയുന്നത്ര എളുപ്പമാണോ? ഇതാ അമ്മമാർ അറിയേണ്ടതെല്ലാം!

ഒരു പ്രസവം കഴിഞ്ഞാൽ അമ്മമാർ ഏറ്റവുമധികം ആവലാതിപ്പെടുന്നത് മുലയൂട്ടലിന്റെ കാര്യത്തിലാണ്, അല്ലെ? ആദ്യത്തെ പ്രസവം കൂടിയാണെങ്കിൽ പറയുകയും വേണ്ട. കുറെ പേര് അത് ചെയ്യാൻ പറയുന്നു, മറ്റു ചിലർ ഇത് ചെയ്യാൻ പറയുന്നു.. ആകെ കൂടി കൺഫ്യൂഷൻ! അതിനിടക്ക് “പാലില്ല” എന്ന ചിലരുടെ കമന്റും! പോരെ പൂരം? കരച്ചിലായി, പിഴിച്ചിലായി… സന്തോഷം നിറയേണ്ട വീട് ആകെ ടെന്ഷനിലാവാൻ വേറെ വല്ലതും വേണോ? എങ്കിലിതാ, ഈ ഞാൻ തയ്യാറാക്കിയ ഈ ലേഖനമൊന്നു വായിക്കാം. നിങ്ങൾക്കുണ്ടായേക്കാവുന്ന ഒരു മാതിരിപെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരം തരാൻ ഞാൻ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്, വായിച്ചു നോക്കൂ.

ആദ്യദിനങ്ങളിൽ വരുന്ന മഞ്ഞപ്പാല് കുഞ്ഞിന് കൊടുക്കാമോ?

ആദ്യം വരുന്ന മഞ്ഞപ്പാല് അഥവാ കോളസ്ട്രം വളരെ പ്രധാനപെട്ടതാണ്. ഒരു കുഞ്ഞിന്റെ പ്രതിരോധശക്തി വർധിപ്പിക്കുന്ന ധാരാളം ഘടകങ്ങൾ അതിലുണ്ട്. എന്നാൽ പലപ്പോഴും ഈ മഞ്ഞപ്പാല് കുഞ്ഞിന് കൊടുക്കാതെ പിഴിഞ്ഞ് കളയുന്നത് കാണാറുണ്ട്. കഷ്ടമെന്നേ പറയാനാവൂ. പ്രകൃത്യാ നിങ്ങളുടെ കുഞ്ഞിന് കിട്ടുന്ന പ്രതിരോധകുത്തിവെപ്പാണത്. പാഴാക്കല്ലേ.

എപ്പോഴാണ് മുലയൂട്ടൽ തുടങ്ങേണ്ടത്?

നിങ്ങൾ പ്രസവിച്ചത് നോർമലായാലും  സിസ്സേറിയനായാലും കഴിയുന്നത്ര വേഗത്തിൽ മുലയൂട്ടൽ തുടങ്ങേണ്ടതുണ്ട്. കാരണം, ജനിച്ച ഉടനെ കുഞ്ഞുങ്ങൾ വളരെ ഉഷാറായിരിക്കും, വളരെ താല്പര്യത്തോടെ പാല് കുടിക്കാൻ തുടങ്ങും.  എന്നാൽ സമയം പോകുന്നതോടെ അവരുടെ ശരീരത്തിലെ ഷുഗറിന്റെ അളവ് കുറഞ്ഞു വരികയും അവർ ഉറക്കത്തിലേക്കു പോകുകയും ചെയ്യുന്നു. പിന്നെ പാല് കുടിക്കാൻ വലിയ താല്പര്യം കാണിച്ചെന്നു വരില്ല. രക്തത്തിലെ ഷുഗറിന്റെ അളവ് വല്ലാതെ കുറഞ്ഞു പോകുന്നത് അപകടവുമാണ്. ഓരോ രണ്ടു മണിക്കൂർ ഇടവേളകളിൽ കൃത്യമായി മുലയൂട്ടാനും ശ്രദ്ധിക്കുമല്ലോ!

ആദ്യത്തെ ദിവസത്തെ മഞ്ഞപ്പാല് കുഞ്ഞിന് തികയുമോ?

എപ്പോഴും ആദ്യനാളുകളിൽ കേൾക്കുന്ന ഒരു പരാതിയാണ്, പാലില്ല എന്നത്. ആദ്യദിനങ്ങളിൽ  പാലിന്റെ അളവ് കുറവ് തന്നെയാണ്. പക്ഷെ ഇത് കുഞ്ഞിന് ധാരാളമാണ്. പക്ഷെ പലപ്പോഴും വില്ലന്മാരാകുന്നത് കുഞ്ഞിനെ കാണാൻ വരുന്ന ബന്ധുജനങ്ങളാണ്. “അയ്യോ, പാല് തീരെ ഇല്ലല്ലോ!” എന്ന ഒരൊറ്റ ഡയലോഗ് മതി ആ അമ്മയുടെ ആത്മവിശ്വാസം തകർക്കാൻ. അടുത്ത ഡയലോഗ് ഉടൻ തന്നെ വരും, “ആ വരുന്ന ഡോക്ടറോട് ഒരു പൊടിപ്പാൽ എഴുതി മേടിച്ചൂടേ?” പോരെ പൂരം?! ഞങ്ങൾ കുഞ്ഞിനെ പരിശോധിക്കാൻ വരുമ്പോൾ തന്നെ എല്ലാവരും റെഡി ആയി നിൽക്കുന്നുണ്ടാകും പൊടിപ്പാൽ എഴുതി വാങ്ങാൻ! ഇത് കൊണ്ടുള്ള പ്രശ്നങ്ങൾ ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ?!

ആദ്യദിവസങ്ങളിൽ അനാവശ്യമായി പൊടിപ്പാൽ കൊടുത്താൽ എന്ത് സംഭവിക്കും?

അമ്മക്ക് മുലപ്പാൽ നന്നായി വരാനുള്ള ഏറ്റവും വലിയ ഉത്തേജനം എന്തെന്നെറിയാമോ? സ്വന്തം കുഞ്ഞു മുല കുടിക്കുന്നത് തന്നെ. കുഞ്ഞു മുല വലിച്ചുകുടിക്കുന്തോറും മുലപ്പാൽ പുറപ്പെടുവിക്കുന്ന ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും മുലപ്പാലിന്റെ അളവ് ക്രമേണ കൂടുകയും ചെയ്യുന്നു. എന്നാൽ അനാവശ്യമായി മുലപ്പാലില്ല എന്ന കാരണം പറഞ്ഞു പൊടിപ്പാൽ കൊടുത്തു തുടങ്ങിയാൽ കുഞ്ഞു പിന്നെ മുല കുടിക്കാൻ താല്പര്യം കാണിക്കില്ല, തൽഫലമായി മുലപ്പാലിന്റെ അളവ് ക്രമേണ കുറയുകയും ചെയ്യും. ഇത് മുലക്കുപ്പിയിൽ കൂടി  കൊടുത്താൽ പറയുകയും വേണ്ട! കുഞ്ഞുങ്ങൾക്ക് എപ്പോഴും എളുപ്പവഴി ആണിഷ്ടം. മുലക്കുപ്പിയിൽ കുടിച്ചു ശീലിച്ചാൽ പിന്നെ കുഞ്ഞുങ്ങൾ അത് മാത്രമേ പിന്നീടും ഇഷ്ടപെടുകയുള്ളു. കാരണം നേരിട്ട് മുല വലിച്ചുകുടിക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണത്. അതിനു nipple confusion എന്നാണ് പറയുന്നത്.ചുരുക്കിപ്പറഞ്ഞാൽ വെളുക്കാൻ തേച്ചത് പാണ്ടാകും!

അമ്മക്ക് മുലപ്പാൽ കൂട്ടുകയും കുറക്കുകയും ചെയ്യുന്നത് എന്തൊക്കെയാണ്?

 

മാനസികസമ്മർദ്ദം:

ഏറ്റവും ആദ്യം അമ്മയെ മോശമായി ബാധിക്കുന്നതു മനസികസമ്മർദ്ദമാണ്. അതിനു കാരണക്കാരോ, പലപ്പോഴും നമ്മളും! പാലില്ല, പാലില്ല എന്ന് നമ്മൾ പത്തുതവണ പറഞ്ഞാൽ ആ അമ്മക്ക് ക്രമേണ പാലില്ലാതാവുക തന്നെ ചെയ്യും. കാരണം പാല് ഉത്പാദനം കൂട്ടുന്ന ഹോർമോണായ പ്രൊലാക്ടിൻ , ഓക്സിടോസിൻ എന്നിവയുടെ രക്തത്തിലെ അളവ് കുറക്കാൻ മനസികസമ്മർദ്ദത്തിന് കഴിയും. അതുകൊണ്ടു ദയവുചെയ്ത് മനസികപിരിമുറുക്കം കൊടുക്കുന്ന ഈ വിധ സംഭാഷണങ്ങൾ ഒഴിവാക്കുക, അവൾക്കു മാനസികമായി സപ്പോർട്ട് കൊടുക്കുക. motivate ചെയ്തുകൊണ്ട് ഇരിക്കുക.

മോശമായ ആഹാരക്രമങ്ങൾ:

പലപ്പോഴും പ്രസവിച്ചു കിടക്കുന്ന അമ്മമാരുടെ ഭക്ഷണരീതികൾ വളരെ വിചിത്രമായി തോന്നാറുണ്ട്. വെള്ളം അധികം കുടിക്കരുത്, ഫലവർഗങ്ങൾ കഴിക്കരുത്, പാല് കുടിക്കരുത്, മുട്ട കഴിക്കരുത് ….അങ്ങനെയൊക്കെ. ഇതിൽ ഏറ്റവും കൂടുതൽ പാലുല്പാദനത്തെ ബാധിക്കുന്നത് വേണ്ടവിധത്തിൽ അമ്മമാർ വെള്ളം കുടിക്കാത്തതാണ്. ദയവുചെയ്ത് ഒരു ദിവസത്തിൽ 3 മുതൽ 5 ലിറ്റർ വരെ വെള്ളം കുടിക്കുക. ധാരാളം ഫലങ്ങൾ കഴിക്കുക. പച്ചക്കറികളും ഇലക്കറികളും ധാരാളമായി കഴിക്കുക. മുട്ടയും പാലും കഴിക്കാം. മീനും ഇറച്ചിയും ആവാം , പാകത്തിന്. ഗൈനെക്കോളജിസ്റ് നിർദ്ദേശിച്ച വിറ്റാമിൻ ഗുളികകൾ മറക്കാതെ കഴിക്കുക.

കൃത്യമായ ഇടവേളകളിൽ മുലയൂട്ടൽ ചെയ്യാതിരിക്കുക:

മിനിമം 3 മണിക്കൂർ ഇടവേളകളിലെങ്കിലും കുഞ്ഞിനെ ആദ്യദിനങ്ങളിൽ മുലയൂട്ടേണ്ടതാണ്. രാത്രികാലങ്ങളിൽ പ്രത്യേകിച്ച്. ചില സമയങ്ങളിൽ ‘അമ്മ രാത്രി ഉറങ്ങിപോകാനിടയുണ്ട്. അമ്മയുടെ മുലകളിൽ നിന്ന് കൃത്യമായ ഇടവേളകളിൽ പാൽ നീക്കം ചെയ്യപ്പെട്ടാൽ മാത്രമേ പിന്നെയും കൂടുതലായി പാൽ അതിൽ നിറയുകയുള്ളു. കെട്ടിനിൽക്കുന്ന പാൽ നല്ലതല്ല. ഇടയ്ക്കിടയ്ക്ക് പാൽ കൊടുക്കുന്നതും നല്ലതല്ല. കാരണം വേണ്ടത്ര പാൽ വന്നു നിറയാനുള്ള സമയം നമ്മൾ കൊടുത്തുകാണില്ല. പിന്നെ ഒരിക്കലും ക്ലോക്ക് നോക്കിയല്ല പാൽ കൊടുക്കേണ്ടത് എന്നും ഓർക്കുക, കുഞ്ഞു കരയുമ്പോഴെല്ലാം പാലുകൊടുക്കേണ്ടതാണ്. പറഞ്ഞു വന്നത് മൂന്നു മണിക്കൂറിൽ കൂടുതൽ കുഞ്ഞു ഉറങ്ങുകയാണെന്നുണ്ടെങ്കിൽ ഉണർത്തി പാല് കൊടുക്കണമെന്നാണ്.

അനാവശ്യമായി പാലില്ല എന്ന കാരണം പറഞ്ഞു പൊടിപ്പാൽ തുടങ്ങുന്നത് അമ്മയുടെ മുലപ്പാൽ കുറയാൻ കാരണമാവുന്നു.

പശുവിൻപാൽ/ ആട്ടിൻപാൽ എന്നിവ കൊടുക്കാമോ?

പിന്നെ കാണുന്ന ഒരു തെറ്റായ ധാരണയാണ് മറ്റു ജീവികളുടെ പാൽ കൊടുത്താൽ കുഞ്ഞിന് വേഗം തൂക്കം കൂടുമെന്നതു . ഒരു കാര്യം മനസിലാക്കൂ, പ്രകൃതി ഓരോ മൃഗത്തിനും ആവശ്യമായ തരത്തിലാണ് അവയുടെ പാൽ ക്രമീകരിച്ചിരിക്കുന്നത്. പശുവിൻപാൽ പശുക്കുട്ടിക്കുള്ളതാണ്. അതിന്റെ വളർച്ചക്കാവശ്യമായ ചേരുവകളാണ് അതിലുള്ളത്. പശുകുട്ടിക്കു വലുതായി ഡോക്ടറും എൻജിനീയറും ഒന്നും ആവേണ്ടല്ലോ ! അപ്പോൾ ബുദ്ധിവളർച്ചക്കാവശ്യമായ സംഗതികളും ആ പാലിൽ കുറവായിരിക്കും. എന്നാൽ അതിന്റെ അർത്ഥം പശുവിൻപാൽ കുഞ്ഞിന് കൊടുക്കുകയേ അരുത് എന്നല്ല! ഒരു വയസ്സ് കഴിഞ്ഞാൽ അത് കൊടുക്കാവുന്നതാണ്. അതിൽ നല്ല അളവിൽ  പ്രോടീൻ അടങ്ങിയിരിക്കുന്നു. എന്നാൽ പാലിൻവെള്ളം എന്ന പേരിലാണ് കുഞ്ഞുങ്ങൾക്ക് ഇത് കൊടുത്തു കാണാറ്. തെറ്റായ ശീലമാണത്.  വെള്ളം ചേർത്ത് പാലിനെ നേർപ്പിച്ചാൽ കഫക്കെട്ട് വരില്ല എന്നതാണ് ഇതിനു അമ്മൂമ്മമാർ പറയാറുള്ള ഒരു കാരണം, എന്നാലത് പൂർണമായും തെറ്റായ വിവരമാണ്. ഒന്നാമത്തെ കാര്യം മനസ്സിലാക്കേണ്ടത്, പാൽ ഒരിക്കലും കഫക്കെട്ട് ഉണ്ടാക്കുന്നില്ല എന്നതാണ്. ചില കുട്ടികൾക്ക് പാലിന് അലർജി കാണാറുണ്ട്. അത് പാലിന് മാത്രമല്ല, പലപ്പോഴും മറ്റു പല ആഹാരസാധനങ്ങൾക്കും കാണാറുണ്ട്. അത്രേയേയുള്ളു. അങ്ങിനെയുള്ള കുട്ടികൾ പാൽ ഉപയോഗിക്കേണ്ടതില്ല. അതിനർത്ഥം ലോകത്തുള്ള എല്ലാ കുട്ടികൾക്കും പാൽ കഫക്കെട്ടും അല്ലെർജിയും ഉണ്ടാക്കുന്നുവെന്നല്ല. പാൽ കുഞ്ഞുങ്ങളുടെ വളർച്ചക്ക് വളരെ ഉപകാരപ്രദമായ ഒരു പോഷകാഹാരമാണ്. എന്നാൽ നേർപ്പിക്കാതെ കൊടുക്കണമെന്ന് മാത്രം! ഒരു വയസ്സ് കഴിഞ്ഞു മൃഗപ്പാല് കൊടുത്തു തുടങ്ങാം.

ആട്ടിൻപാലാണോ പശുവിൻപാലാണോനല്ലത്?

അടുത്തതായി ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമിതാണ്. ആട്ടിൻപാൽ ഒരു തരത്തിലും  പശുവിൻ പാലിനേക്കാൾ മികച്ചതല്ല. എന്നാൽ പല പ്രശ്നങ്ങൾ ഉണ്ട് താനും. ആട്ടിൻപാൽ കുഞ്ഞുങ്ങളിൽ ഹീമോഗ്ലോബിന്റെ ഉത്പാദനം കുറച്ചു വിളർച്ച ഉണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു ഒഴിവാക്കുന്നതാണ് നല്ലത്.

എന്താണ് ഡോക്ടർ കുഞ്ഞു രാത്രി മുഴുവൻ കരയുന്നതു? പാൽ കുടിച്ചു കൊണ്ടേ ഇരിക്കുന്നത്? പാൽ തികയാഞ്ഞിട്ടാണോ?

ഇതാണ് അടുത്ത പ്രശനം, രാത്രിയിലെ കരച്ചിൽ! സാധാരണ രീതിയിൽ തന്നെ കുഞ്ഞുങ്ങൾക്ക് വൈകുന്നേരമാവുന്നതോടെ ചെറിയ അസ്വസ്ഥതകൾ കാണാറുണ്ട്, ചെറിയ ഞെളിപിരികൾ. അത് ഒരു രോഗാവസ്ഥയല്ല, ദഹന പ്രശ്നമാണ്. അത് ഒരു തരത്തിലും കുഞ്ഞിനെ മോശമായി ബാധിക്കുകയുമില്ല, എന്നാൽ കുറച്ചു നേരം കുഞ്ഞു ഞെളിപിരി കൊള്ളുമെന്ന് മാത്രം. ഇത് കൃത്യമായി എന്ത് കൊണ്ടാണെന്നു കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് വല്ലാതെ കൂടുതലായി കാണുന്നത് അമ്മമാർ അരിഷ്ടങ്ങളും ലേഹ്യവുമൊക്കെ അമിതമായി ഉപയോഗിക്കുമ്പോഴാണ്. അതുപോലെ കൂടുതലായി മാംസാഹാരങ്ങൾ കഴിക്കുമ്പോളും ഇത് കൂടുതലാവാറുണ്ട്. ഈ ഞെളിപിരി സാധാരണ മലർത്തി കിടത്തുമ്പോഴായിരിക്കും. ഒന്ന് തോളത്തിട്ടു തട്ടിയാൽ പലപ്പോഴും ഈ കരച്ചിൽ നിൽക്കാറുണ്ട്. അങ്ങിനെയുണ്ടെങ്കിൽ തത്കാലം അതെല്ലാം ‘അമ്മ ഒന്ന് നിർത്തുന്നതാണ് നല്ലതു. കുഞ്ഞിന് ഗ്യാസ് പോകുന്നതിനായി ചില തുള്ളിമരുന്നുകളും ഞങ്ങൾ നൽകാറുണ്ട്. ഇത് സാധാരണയായി 6 മാസം വരെ കാണാറുണ്ട്.

ഇനി രാത്രികരച്ചിലിനെ പറ്റി… നമ്മളുടെ ഒരു ദിനചര്യ എന്താണ്? നമ്മൾ രാവിലെ എണീക്കുന്നു, ജോലിക്കു പോകുന്നു, വൈകിട്ട് വരുന്നു, രാത്രിയാകുമ്പോൾ ഉറങ്ങുന്നു. ഇതിനെ നമ്മുടെ  “ബയോളോജിക്കൽ ക്ലോക്ക്” എന്ന് പറയുന്നു. ഇതിനെ നിയന്ത്രിക്കുന്നത് നമ്മുടെ ശരീരത്തിലെ പീനിയൽ ഗ്രന്ഥിയാണ്. നവജാതശിശുക്കളിൽ ഈ ഗ്രന്ഥിയുടെ പ്രവർത്തനം നേരെ വിപരീതമാണ്. അവർ രാവിലെ കൂടുതൽ സമയം ഉറങ്ങുകയും രാത്രി കൂടുതൽ ഉന്മേഷവാന്മാരായി ഇരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ രാത്രി നമ്മുടെ ഉറക്കവും കളയുന്നു! അവർ അപ്പോൾ പാല് കുടിക്കാൻ കൂടുതൽ താല്പര്യം കാണിക്കും, നിങ്ങൾ എടുത്തിരിക്കാൻ വേണ്ടി വാശി പിടിക്കും, കരയും, ചുരുക്കിപ്പറഞ്ഞാൽ നിങ്ങളെ ഉറക്കില്ല! അത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്, അല്ലാതെ മുലപ്പാൽ തികയാഞ്ഞിട്ടല്ല. അത് മാത്രവുമല്ല , നവജാതശിശുക്കൾ ഒരു ദിവസത്തിൽ കൂടുതൽ സമയം ഉറങ്ങി തന്നെ ആണ് തീർക്കുന്നത്, ഏകദേശം  16-18  മണിക്കൂർ വരെ! അതിൽ അധികസമയവും പകൽ സമയമാണെന്ന്  മാത്രം.

അമ്മയും കുഞ്ഞും എങ്ങിനെ ഇരുന്നാണ് മുലകൊടുക്കേണ്ടത്?

ഈ ലേഖനത്തിന്റെ കൂടെ തന്നെ  നിങ്ങൾക്ക് എൻറെ വീഡിയോ ലഭ്യമാണ്. അത് കാണുക. അതിൽ ഒരു കുഞ്ഞിനെ വെച്ച് കൊണ്ട് തന്നെ എങ്ങിനെയാണ് മുലയൂട്ടേണ്ടത് എന്ന് ഞാൻ വിശദീകരിക്കുന്നുണ്ട്. വായിക്കുന്നതിനേക്കാൾ കണ്ടു മനസിലാക്കുന്നതാണ് എപ്പോഴും നല്ലത്.

അമ്മ എങ്ങിനെയാണ് ഇരിക്കേണ്ടത്?
 • നല്ല വണ്ണം നിവർന്നു ഇരിക്കുക, പുറംഭാഗത്തിനു നല്ലപോലെ സപ്പോർട്ട് കൊടുക്കുക. അല്ലാത്തപക്ഷം പുറംവേദന വിട്ടുമാറുകയില്ല.
 • കുഞ്ഞുമായി സംവദിക്കുക, അവരുടെ മുഖത്തേക്ക് നോക്കി പാലൂട്ടുക. അവർക്കു താരാട്ടു പാടികൊടുക്കുക, കഥപറഞ്ഞു കൊടുക്കുക, കൊഞ്ചിക്കുക.. കാരണം നിങ്ങളും അവരുമായുള്ള ആത്മബന്ധത്തിന്റെ തുടക്കമാണ് മുലയൂട്ടൽ!
 • മുൻഭാഗം നല്ലവണ്ണം തുറന്ന ഒരു വസ്ത്രം ധരിക്കുക. അതിന്റെ ഒരു ഭാഗവും കുഞ്ഞിന്റെ മുഖത്തു തട്ടി അലോസരപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക.
 • കുഞ്ഞിന്റെ ശരീരം മുഴുവനായിനിങ്ങളുടെ ഒരു കൈയ്യിൽ സപ്പോർട്ട് ചെയ്യുക. വലതുഭാഗത്തെ മുലകൊടുക്കുമ്പോൾ നിങ്ങളുടെ വലത്തേ കയ്യിലും ഇടതു ഭാഗത്തുനിന്നും കൊടുക്കുമ്പോൾ ഇടതു കയ്യിലും പിടിക്കുക. കുഞ്ഞിന്റെ തല നിങ്ങളുടെ കൈമുട്ടുകളിലും പാദങ്ങൾ നിങ്ങളുടെ കൈകളിലുമാവണം ഉണ്ടാവേണ്ടത്.
 • കുഞ്ഞു വളഞ്ഞു ഇരിക്കരുത്. ശരീരം ഒരു നേർ രേഖയിലായിരിക്കണം.
 • കുഞ്ഞിന്റെ ശരീരം നിങ്ങളെ അഭിമുഖീകരിച്ചിരിക്കണം. കുഞ്ഞിന്റെ താടി നിങ്ങളുടെ മാറിൽ തൊട്ടു വേണം ഇരിക്കാൻ. നിങ്ങളുടെയും കുഞ്ഞിന്റെയും ശരീരങ്ങൾ തമ്മിൽ ഒരു വിടവുണ്ടാവാൻ പാടുള്ളതല്ല.
മുല കുടിക്കുമ്പോൾ കുഞ്ഞിന്റെ വായ എങ്ങിനെ ഇരിക്കണം? മുലക്കണ്ണ് പൊട്ടുന്നതെന്തു കൊണ്ട്?

സാധാരണയായി കണ്ടു വരുന്ന ഒരു കാര്യമാണിത്, കുഞ്ഞു മുല കുടിക്കുന്നത് ഒരു കുഴൽ വെച്ച് ജ്യൂസ് വലിച്ചു കുടിക്കുന്ന പോലെയാണ്. വേറൊരു തരത്തിൽ പറഞ്ഞാൽ, മുലക്കണ്ണ് മാത്രമാണ് കുഞ്ഞിന്റെ വായിൽ ഉണ്ടാകാറുള്ളത്. ഇതിന്റെ പ്രശ്നമെന്തെന്നാൽ, കുഞ്ഞിന് പാൽ ഒട്ടും തന്നെ കിട്ടില്ല. അപ്പോൾ കുഞ്ഞു കൂടുതൽ ശക്തിയിൽ വലിക്കുകയും മുലക്കണ്ണ് പൊട്ടുകയും ചെയ്യുന്നു. അങ്ങിനെ സംഭവിച്ചാൽ പിന്നെ വേദന കാരണം  അമ്മ മുലയൂട്ടാൻ മടിക്കും,. ഫലമോ? പാല് കെട്ടിനിന്ന് മുല കല്ലിച്ചു തുടങ്ങും, ചിലപ്പോൾ പഴുക്കാൻ വരെ കാരണമാകും.

ഇതൊക്കെ തടയാൻ ഒരൊറ്റ മാർഗം ഉള്ളൂ, കുഞ്ഞിന്റെ വായ കൃത്യമായി നല്ലപോലെ തുറന്നു മുലക്കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗം മുഴുവനായും കുഞ്ഞിന്റെ വായ്ക്കുള്ളിൽ വരുന്ന പോലെ മുലയൂട്ടുക.

കുഞ്ഞിന്റെ കീഴ്ചുണ്ട് പുറമേക്ക് പിളർന്നിരിക്കണം. കുഞ്ഞിന്റെ താടി നിങ്ങളുടെ മാറിൽ തൊട്ടിരിക്കണം. മുലക്കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗം കഴിയുന്നത്ര കുഞ്ഞിന്റെ വായ്ക്കുള്ളിലായിരിക്കണം. ഇങ്ങനെ ശ്രദ്ധിച്ചു കൊടുത്താൽ മുലക്കണ്ണ് പൊട്ടുന്നത് ഒഴിവാക്കാം.

കുഞ്ഞിന് പാല് തികയുന്നുണ്ടെന്നു എങ്ങിനെ മനസിലാക്കാം?
 • കുഞ്ഞിനെ ശ്രദ്ധിക്കുക, 24 മണിക്കൂറിൽ നല്ലപോലെ 6-8  തവണ മൂത്രമൊഴിക്കുന്നുണ്ടോ? 2-3  തവണ മലം പോകുന്നുണ്ടോ? എങ്കിൽ കുഞ്ഞിന് വേണ്ടത്ര പാൽ കിട്ടുന്നുണ്ട്.
 • പാല് കുടിച്ചു കുഞ്ഞു 2-3 മണിക്കൂർ സുഖമായി ഉറങ്ങുന്നുണ്ടെങ്കിൽ പാൽ തികയുന്നുണ്ട്.
 • കുഞ്ഞിന് വേണ്ടപോലെ തൂക്കം കൂടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. മാസം തികഞ്ഞ് പ്രസവിച്ച കുഞ്ഞിന് ദിവസേന 20 ഗ്രാം എങ്കിലും കൂടേണ്ടതാണ്.
 • പാൽ കുടിക്കുമ്പോൾ കുഞ്ഞിന്റെ കവിളുകൾ പാൽ വന്നു നിറഞ്ഞു വീർത്തിരിക്കുകയും മൂന്നു നാല് തവണ പാൽ വലിച്ചതിനു ശേഷം ഒന്ന് നിർത്തി കുഞ്ഞു പാൽ ഇറക്കുന്നതിന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നുണ്ടോ, എങ്കിൽ പാൽ വേണ്ടോളമുണ്ട്.
 • അമ്മക്ക് ഒരു ഭാഗത്തു നിന്നും പാൽ കൊടുക്കുമ്പോൾ മറുഭാഗത്തും നിന്നും പാൽ ഇറ്റി ഇറ്റി പോകുന്നുണ്ടോ? എങ്കിൽ ആവശ്യത്തിന് പാലുണ്ട്.
 • 2-3 മണിക്കൂർ കഴിയുമ്പോൾ അമ്മക്ക് പാൽ വന്നു നിറഞ്ഞു മുലകൾക്ക് ഭാരം അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ പാലുണ്ട്.
കുഞ്ഞിന് മുലപ്പാലിന് പുറമെ ചൂടുവെള്ളം/ ഉണക്കമുന്തിരിവെള്ളം/ കൽക്കണ്ടവെള്ളം എന്നിവ കൊടുക്കേണ്ടതുണ്ടോ?

ഒരിക്കലുമില്ല, നന്നായി മുല കുടിക്കുന്ന കുഞ്ഞിന് ഇതിന്റെ ഒന്നും ആവശ്യമില്ല. ഇതെല്ലം കൊടുത്തു തുടങ്ങിയാൽ, കുഞ്ഞു മുല കുടിക്കാൻ മടി കാണിക്കുകയും മുലപ്പാൽ കുറയുകയും ചെയ്യുന്നു. അത് മാത്രമല്ല, കുഞ്ഞിന് വയറിളക്കവും മറ്റും പിടി പെടുകയും ചെയ്യും.

എപ്പോഴാണ് പൊടിപ്പാൽ ഉപയോഗിക്കേണ്ടി വരുന്നത്?

ഒരു കാര്യം എല്ലായ്പോഴും ഓർമ  വെക്കുക, പൊടിപ്പാൽ മുലപ്പാലിന് പകരം കൊടുക്കാനുള്ള ഒരുആഹാരമല്ല . എന്നാൽ ചില സന്ദർഭങ്ങളിൽ അത് കൊടുക്കേണ്ടി വരാറുണ്ട് . ഉദാഹരണത്തിന്,  പാൽ വളരെ കുറവാകുന്ന അവസ്ഥയിൽ , അല്ലെങ്കിൽ അമ്മയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കിൽ… അതുകൊണ്ട്  തന്നെ അതിനെ ഒരു മരുന്നായി കാണുക. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അത് ഉപയോഗിക്കുക. കൃത്യമായ അനുപാതത്തിൽ വെള്ളവും പൊടിയും കലർത്തുക. സാധാരണയായി 30  മില്ലി വെള്ളത്തിൽ ഒരു സ്പൂൺ ആണ് കലർത്താറുള്ളത്. പൊടിയുടെ കൂടെ തന്ന സ്പൂൺ തന്നെ ഉപയോഗിക്കുക. 30  മില്ലി ഒരു ഔൺസ് ഗ്ലാസ് ഉപയോഗിച്ച് തന്നെ അളക്കുക.

പൊടിപ്പാൽ മുലക്കുപ്പിയിൽ ആക്കി കൊടുക്കാമോ?

പാടില്ല, മുലക്കുപ്പിയുടെ ഉപയോഗം പല രീതിയിൽ കുഞ്ഞിനെ ബാധിക്കുന്നു. ആദ്യമായി മുമ്പ് പറഞ്ഞ പോലെ കുഞ്ഞിന് മുല വലിച്ചു കുടിക്കാനുള്ള താല്പര്യം കുറയുന്നു, തൽഫലമായി മുലപ്പാലും കുറയുന്നു. അത് കൂടാതെ കുഞ്ഞിന് വയറിളക്ക രോഗങ്ങളും മറ്റു അണുബാധകളും വരാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് അത് ഒഴിവാക്കുന്നതാണ് നല്ലത്. ഒരു ഗ്ലാസും സ്പൂണും ഉപയോഗിച്ച് കൊടുക്കുന്നതാണ് അഭികാമ്യം.

കുഞ്ഞു എപ്പോഴും കരച്ചിലാണല്ലോ ഡോക്ടറെ, പാല് കുറഞ്ഞിട്ടല്ലേ?

ഒരു കാര്യം എപ്പോഴും ഓർക്കുക, കുഞ്ഞിന്റെ കരച്ചിൽ എപ്പോഴും വിശന്നിട്ടല്ല. കുഞ്ഞിന്റെ ഭാഷ കരച്ചിൽ മാത്രമാണ്. അത് പല കാരണങ്ങൾ കൊണ്ടാകാം. മൂത്രം ഒഴിച്ചാൽ കുഞ്ഞു കരയാം, മലം പോകുന്നതിന്റെ മുമ്പ് കരയാം, തണുത്താൽ കരയാം, ചൂടെടുത്തലും കരയാം. അപ്പോൾ എന്ത് കാരണമാണ് എന്ന് കണ്ടെത്തി അത് പരിഹരിക്കുക. പല കാരണങ്ങളിൽ ഒന്ന് മാത്രമാണ് വിശപ്പ്.

എത്ര തവണയാണ് പാല് കൊടുക്കേണ്ടത്?

മുമ്പ് പറഞ്ഞ പോലെ ക്ലോക്ക് നോക്കി പാല് കൊടുക്കേണ്ടതില്ല. കുഞ്ഞിന് ആവശ്യം തോന്നുമ്പോഴൊക്കെ കൊടുക്കാം. അതിനു “ഡിമാൻഡ് ഫീഡിങ്” എന്ന് പറയും. കുഞ്ഞു ഉറങ്ങിക്കൊണ്ടേ ഇരിക്കുകയാണെങ്കിൽ ഒരു 3 മണിക്കൂറിൽ ഒരു തവണ എങ്കിലും പാല് കൊടുക്കേണ്ടതാണ്. അല്ലെങ്കിൽ രക്തത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞുപോകാനിടയുണ്ട്.

രണ്ടുഭാഗത്തു നിന്നും മാറി മാറി കൊടുക്കുന്നത് തെറ്റാണോ?

അതെ, അത് ശെരിയല്ല. ഒരു വശത്തു നിന്ന് തന്നെ ചുരുങ്ങിയത് 10-15  മിനിറ്റ് കൊടുക്കേണ്ടതാണ്. കാരണം ആദ്യത്തെ മിനിറ്റുകളിൽ വരുന്ന പാൽ (foremilk)  വളരെ നേർത്തതായിരിക്കും. അത് കുഞ്ഞിന്റെ ദാഹം മാറ്റാനുള്ളതാണ്. അതിനു ശേഷം മാത്രമാണ് കൊഴുത്ത പാൽ (hindmilk) വരുന്നത്. അത് കുടിച്ചാൽ മാത്രമേ കുഞ്ഞിന്റെ വിശപ്പ് മാറുകയും  തൂക്കം കൂടുകയുള്ളു. നമ്മൾ രണ്ടു വശത്തു നിന്നും മാറി മാറി കൊടുത്താൽ കുഞ്ഞിന് ആദ്യം വരുന്ന നേർത്ത പാൽ മാത്രമേ കിട്ടുകയുള്ളു, തൽഫലമായി വേണ്ടത്ര കൊഴുപ്പു നിറഞ്ഞ പാൽ കിട്ടാതിരിക്കുകയും തൂക്കം വേണ്ടവിധത്തിൽ കൂടാതിരിക്കുകയും ചെയ്യുന്നു.

എത്രകാലമാണ് മുലയൂട്ടേണ്ടത്?

ആദ്യത്തെ  6 മാസം മുലപ്പാൽ മാത്രമാണ് കൊടുക്കേണ്ടത്. ഇതിനെ ‘exclusive breastfeeding’ എന്ന് പറയുന്നു. മറ്റു ആഹാരസാധനങ്ങൾ ദഹിക്കാനുള്ള കഴിവ് കുഞ്ഞിന് ഉണ്ടാകുന്നത് 4 മാസം മുതലാണ്. അത് വേണ്ട വിധത്തിൽ പാകപ്പെടുന്നത് 6 മാസത്തിലാണ്. അതുകൊണ്ടു തന്നെ 6 മാസം മുതൽ മുലയൂട്ടലിനു പുറമെ മറ്റു കട്ടിയാഹാരങ്ങൾ കൊടുത്തു തുടങ്ങാം. എത്രകാലം വരെ മുലയൂട്ടൽ തുടരണം എന്നാണെങ്കിൽ, 2 വയസ്സുവരെയും അതിനു ശേഷവും എന്നാണുത്തരം. പക്ഷെ പതുക്കെ കാട്ടിയാഹാരങ്ങൾ കൂട്ടി കൂട്ടി കൊണ്ട് വരാൻ  ശ്രദ്ധിക്കണം, കാരണം മുലപ്പാലിന്റെ അളവ്  6 മാസം കഴിഞ്ഞാൽ പതുക്കെ കുറഞ്ഞു തുടങ്ങും. അതുകൊണ്ടു 6  മാസത്തിനു ശേഷം  മുലപ്പാലിൽ മാത്രം ആശ്രയിച്ചാൽ അത് കുഞ്ഞിന്റെ വളർച്ചയെ ബാധിക്കും.

ജോലിക്കു പോകുന്ന അമ്മമാർ എങ്ങിനെ മുലയൂട്ടും?

വളരെ പ്രസക്തമായ ചോദ്യമാണ്! ഇന്ന് ഒരു വിധം  എല്ലാ അമ്മമാരും ജോലിക്കാരാണ്. പലർക്കും 6 മാസം ലീവ് കിട്ടാറില്ല. അപ്പോൾ 6  മാസം മുലപ്പാൽ മാത്രം എങ്ങിനെ കൊടുക്കാൻ പറ്റും? പൊടിപ്പാൽ കൊടുക്കേണ്ടി വരില്ലേ? ഇതാണ് എല്ലാവരുടെയും ചോദ്യം. ആര് പറഞ്ഞു മുലപ്പാൽ മാത്രം കൊടുക്കാൻ പറ്റില്ലെന്ന്? പറ്റും. നിങ്ങൾ ജോലിക്കു പോകുന്നതിനു മുന്നേ പാല് പിഴിഞ്ഞ് വെച്ച് പൊയ്ക്കോളൂ. വെറും സാധാരണ താപനിലയിൽ മുലപ്പാൽ  6-8  മണിക്കൂർ വരെ ഒരു കുഴപ്പവും കൂടാതെ ഇരിക്കും. ഇനി ഫ്രിഡ്ജിൽ ആണെങ്കിൽ (ഫ്രീസറിനു പുറത്തു) 24 മണിക്കൂർ വരെ ഇരിക്കും. ഫ്രീസറിൽ 3 മാസം വരെ ഇരിക്കും. മുലപ്പാൽ ബാങ്കുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അവിടെയൊക്കെ ഇങ്ങനെയാണ് മുലപ്പാൽ ശേഖരിച്ചു വെക്കുന്നത്. അപ്പോൾ ജോലിക്കു പോകുന്ന അമ്മമാർ ആ കാരണം കൊണ്ട് കുട്ടിക്ക് വേറെ എന്തെങ്കിലും കൊടുക്കേണ്ടതുണ്ടോ? ഇല്ല! ഇനി മുലപ്പാൽ പിഴിയാൻ ബുദ്ധിമുട്ടാണെങ്കിൽ ബ്രേസ്റ് പമ്പ് ഉപയോഗിച്ചും മുലപ്പാൽ ശേഖരിക്കാം. ഒരു കാര്യം ശ്രദ്ധിക്കുക, ഫ്രിഡ്ജിൽ വെച്ച പാൽ കുഞ്ഞിന് കൊടുക്കുന്നതിനു മുമ്പ് സാധാരണ താപനിലയിലേക്കു എത്തിക്കേണ്ടതുണ്ട്. അതിനു ഒരിക്കലും ചൂടാക്കരുത്. ചൂടുവെള്ളം നിറച്ച  ഒരു പാത്രത്തിലേക്ക് മറ്റൊരു ചെറിയ പാത്രത്തിൽ പാൽ നിറച്ചു ഇറക്കി വെച്ചാൽ മതി.

എങ്ങിനെയാണ് പാലുകുടിച്ചശേഷം തട്ടിക്കൊടുക്കേണ്ടത്?

പാലുകുടിച്ച ശേഷം കുഞ്ഞിനെ തോളത്തു ഇട്ടു തട്ടിക്കൊടുക്കേണ്ടതാണ്. അതും മിനിമം 15 മിനിറ്റെങ്കിലും. എങ്ങിനെയാണ് ചെയേണ്ടതെന്നു അറിയാൻ വീഡിയോ കാണുക.

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top