നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞു ഏതു ഒരു സ്ത്രീയുടെയും സ്വപ്നമാണ്, അല്ലെ? എന്നാൽ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം ഒരു പരിധി വരെ അമ്മയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുത നമ്മൾ പലപ്പോഴും ഓർക്കാറില്ല. നല്ല വിത്തുണ്ടായാൽ മാത്രം പോരാ, അത് ഫലഭൂയിഷ്ഠമായ മണ്ണിൽ വീണാൽ മാത്രമേ അതിനു തഴച്ചു വളരാൻ സാധിക്കുകയുള്ളു. ഇവിടെ കുഞ്ഞുങ്ങൾ വിത്താണെങ്കിൽ അവർ വളരേണ്ട മണ്ണാണ് ഓരോ അമ്മമാരും.
ഭക്ഷണക്രമം:
നിങ്ങൾക്കിഷ്ടമുള്ള പോഷകാംശങ്ങൾ നിറഞ്ഞ ഏതു ഭക്ഷണവും കഴിക്കാവുന്നതാണ്. ആദ്യത്തെ മാസങ്ങളിൽ പഴുക്കാത്ത പപ്പായയും പൈൻ ആപ്പിളും ഒഴിവാക്കുക. ഇത് ചിലപ്പോൾ അബോർഷന് കാരണമായേക്കാം. വെള്ളം ധാരാളം കുടിക്കാൻ പ്രത്യേക ശ്രദ്ധ വേണം കേട്ടോ. ഇത് മൂത്രപ്പഴുപ്പിനെ അകറ്റി നിർത്തും. പുറമെ നിന്ന് വാങ്ങുന്ന ബേക്കറി സാധനങ്ങൾ പരമാവധി ഒഴിവാക്കണേ. വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഭക്ഷണസാധനങ്ങളാണ് ഏറ്റവും ഉത്തമം.
ആദ്യത്തെ മാസങ്ങളിൽ ശർദ്ധിയുണ്ടെങ്കിൽ ഒരു സൂത്രം പറഞ്ഞു തരാം. ബ്രഷ് ചെയ്ത ഉടനെ തന്നെ പുളിപ്പുള്ള എന്തെങ്കിലും അലിയിച്ചു ഇറക്കുക. ഭക്ഷണസാധനകൾ ഒരുമിച്ചു കുറെ കഴിക്കാതെ കുറച്ചു കുറച്ചായി പല തവണകളായി കഴിക്കുക. വിപണികളിൽ കിട്ടുന്ന പല പൊടികളുമാണ് ഉത്തമ ആഹാരം എന്ന ഒരു ധാരണ നമ്മുടെ സ്ത്രീകൾക്കിടയിൽ കണ്ടുവരുന്നുണ്ട്. ഒരിക്കലും അത് ശെരിയല്ല. നമ്മുടെ വീട്ടിലെ പോഷഹാഹാരങ്ങൾ തന്നെയാണ് ഏറ്റവും നല്ലത്. ഇലക്കറികളും പച്ചക്കറികളും എത്രവേണമെങ്കിലും കഴിച്ചോളൂ. പഴങ്ങൾ ദിവസവും ഓരോന്നെങ്കിലും കഴിക്കാം. മുളപ്പിച്ച പയറുവർഗങ്ങളും റാഗിയും എല്ലാം ഉത്തമമാണ്. പൊരിച്ചതും വറുത്തതും ഒരു പരിധിയിൽ കൂടുതൽ ഒഴിവാക്കുമല്ലോ.
ജോലിയും വ്യായാമവും:
ഗര്‍ഭധാരണം എന്ന് പറയുന്നത് പലർക്കും ജോലി രാജി വെക്കുന്നതിനും വീട്ടിൽ വന്നു ചടഞ്ഞു കൂടി ഇരിക്കുന്നതിനും ഉള്ള ഒരു ഉപാധിയാണ് പലപ്പോഴും! അതിന്റെ ആവശ്യമുണ്ടോ! ഇല്ലേ ഇല്ല. ഗര്‍ഭധാരണം ഒരു രോഗാവസ്ഥയല്ലെന്നു ആദ്യം തന്നെ മനസിലാക്കുക. അത് ഒരു പ്രകൃതിനിയമമാണ്. അതിനെ തരണം ചെയ്യാനുള്ള മാനസികവും ശാരീരികവുമായ ശക്തി പ്രകൃതി ഓരോ സ്ത്രീക്കും നൽകിയിട്ടുണ്ട്.
എന്തെങ്കിലും രോഗാവസ്ഥയുടെ ഭാഗമായി നിങ്ങളുടെ ഡോക്ടർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് വേറെ കാര്യം. അല്ലാത്ത പക്ഷം സ്വയം വിധിക്കുന്ന പരിപൂര്ണവിശ്രമത്തിന്റെ ആവശ്യം ഇല്ല കേട്ടോ. ജോലിയും കളയേണ്ടതില്ല. വലിയ ശാരീരിക അധ്വാനമില്ലാത്ത ജോലികളാണെങ്കിൽ തുടരുക തന്നെ ചെയ്യാം. നിങ്ങളുടെ മനസ്സും ശരീരവും ഉഷാറായി ഇരിക്കുന്നത് നിങ്ങളുടെ കുഞ്ഞിന് നല്ലതേ വരുത്തൂ. അല്ലെങ്കിൽ കുഞ്ഞും നിങ്ങളെ പോലെ മടിച്ചി ആയേക്കാം! ഡെലിവെറിക്ക് തൊട്ടു മുമ്പത്തെ ദിവസം വരെ ജോലിക്കു പോയ എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് തന്നെ ആണ് ഞാനിതു പറയുന്നത് കേട്ടോ. ജോലി കഴിഞ്ഞു വന്നാൽ വേണ്ടത്ര വിശ്രമം കിട്ടുന്നുണ്ടെന്നു ഉറപ്പു വരുത്തുക. നല്ല പോലെ സുഗമായി ഉറങ്ങുക.
സാധാരണയായി കാണുന്ന രോഗാവസ്ഥകൾ:
ഗർഭാവസ്ഥയിൽ സർവസാധാരണമായി കാണുന്ന ധാരാളം പ്രശ്നങ്ങളുണ്ട്. അതിൽ അധികവും ഗർഭാവസ്ഥയിൽ മാത്രം വന്നു അതിനു ശേഷം അപ്രത്യക്ഷമാവുന്നവയാണ്. അതിൽ ചിലതാണ് രക്ത സമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവ. ഇവയെല്ലാം പ്രസവശേഷം മാറുമെങ്കിലും ഗർഭാവസ്ഥയിൽ അമ്മയെയും കുഞ്ഞിനേയും പ്രതികൂലമായി ബാധിക്കുന്നവയാണ്. ഓരോ ചെക്ക് അപ്പിന് പോകുമ്പോഴും ബി.പി. നോക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെയാണ് പ്രമേഹമുണ്ടോ എന്ന് അറിയുന്നതിനായി ചെയ്യുന്ന രക്ത ടെസ്റ്റുകളും.
ഇതിൽ ഏതെങ്കിലും ഉണ്ടെന്നു കണ്ടുപിടിക്കപ്പെട്ട കഴിഞ്ഞാൽ നിങ്ങളുടെ ഗൈനെക്കോളജിസ്റ് നിർദ്ദേശിക്കുന്ന ചികിത്സാരീതികൾ കൃത്യമായി പാലിക്കുക. ചിലപ്പോൾ മരുന്നുകളോ ഭക്ഷണനിയന്ത്രണമോ ഇന്‍സുലിനോ പോക്കേ വേണ്ടി വന്നേക്കാം. എന്നാൽ അതെല്ലാം നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനാണെന്നു മനസിലാക്കണം. തൈറോയ്ഡ് കുറവുള്ളവർക്കു തൈറോക്സിന്‍ ഗുളികകൾ ആവശ്യമായി വന്നേക്കാം. ഒരിക്കലും ചികിത്സയോട് അലംഭാവം കാണിക്കരുത്.
അപകടസൂചനകൾ:
ചില അപകടസൂചനകൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. രക്തസ്രാവം, വെള്ളം പൊട്ടിപ്പോകൽ, മാസം തികയാതെയുള്ള വയറുവേദന, അസഹ്യമായ തലവേദന, കാഴ്ച മങ്ങൽ, മുഖത്തും കൈകാലുകളിലും നീരുവക്കൽ, പനി, അപസ്മാരം , കുഞ്ഞിന്റെ അനക്കക്കുറവ് എന്നിവയെല്ലാം പലതിന്റെയും ലക്ഷണമായേക്കാം. അതുകൊണ്ടു ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്.
പ്രതിരോധകുത്തിവയ്പുകൾ:
രണ്ടു ഡോസ് ടി.ടി. ഇൻജെക്ഷൻ നിർബന്ധമായും ഗർഭിണികൾ എടുക്കേണ്ടതാണ്. ഗര്‍ഭിണിയാവുന്നതിനു മുന്നേ തന്നെ പെൺകുട്ടികൾക്ക് എം.എം.ആർ , ഹെപ്പറ്റൈറ്റിസ് ബി , ചിക്കൻപോക്സ് കുത്തിവയ്പ്പുകൾ കിട്ടിയെന്നു ഉറപ്പുവരുത്തുക. ഈ കുത്തിവയ്പുകളെടുത്താൽ അടുത്ത ൩ മാസമെങ്കിലും ഗർഭിണി ആവാതിരിക്കാനും ശ്രദ്ധിക്കണം. പേപ്പട്ടി വിഷബാധക്കുള്ള വാക്സിൻ ഗർഭിണികൾക്ക് ആവശ്യമെങ്കിൽ കൊടുക്കാവുന്നതാണ്.