പ്രസവശേഷം കുഞ്ഞു കരഞ്ഞില്ലേ?

ലേബർ  റൂമിനു മുന്നില് അക്ഷമരായി ആ നല്ല വാര്ത്ത കേള്ക്കാനായി നമ്മള് നില്ക്കുമ്പോള് നേഴ്സ് വന്നു നിങ്ങളുടെ പേര് വിളിക്കുന്ന ആ നിമിഷം ഒന്ന് സങ്കല്പിച്ചു നോക്കൂ. ഭാര്യ പ്രസവിച്ചെന്നും എന്ത് കുഞ്ഞാണെന്നും കേള്ക്കുമ്പോൾ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ‘കുഞ്ഞു കരഞ്ഞോ സിസ്റ്ററെ?’. ഈ ചോദ്യത്തില് നിന്ന് തന്നെ ആദ്യത്തെ കരച്ചില് വളരെ പ്രധാനപെട്ടതാണെന്ന് വ്യക്തമാണ്.

കുഞ്ഞിന്റെ ആദ്യകരച്ചില് എന്താണ്?.

ഒരു പ്രസവത്തില് അമ്മക്കുണ്ടാകുന്ന അത്ര തന്നെ മാറ്റങ്ങള് ജനിച്ചു വീഴുന്ന കുഞ്ഞിനും ഉണ്ടാകുന്നുണ്ട്. ഗർഭപാത്രത്തിനുള്ളിലെ സുഖശീതളിമയിൽ നിന്ന് അത്ര തന്നെ സുഖകരമല്ലാത്ത നമ്മുടെ ലോകത്തിലേക്ക് പിറന്നു വീഴുമ്പോള് ഓരോ കുഞ്ഞും വളരെയേറെ തെയ്യാറെടുപ്പുകള് നടത്തുന്നുണ്ട്. ഓരോ കുഞ്ഞുശരീരവും വളരെയേറെ മാറ്റങ്ങള്ക്കു വിധേയമാവുന്നുണ്ട്. ഗര്ഭാവസ്ഥയില് അമ്മയില് നിന്ന് എല്ലാ പോഷകാംശങ്ങളും പൊക്കിള്കൊടി വഴി കുഞ്ഞിന് കിട്ടുന്നു. ഓക്സിജനും അതില് പെടുന്നു. ഗര്ഭാവസ്ഥയില് ശ്വസിക്കേണ്ട ആവശ്യം കുഞ്ഞിനില്ല. അതുകൊണ്ട് അവരുടെ ശ്വാസകോശം വീര്പ്പിക്കാത്ത ബലൂണ് പോലെ ചുങ്ങിയിരിക്കും. അതിനുചുറ്റും നീരും വെള്ളവും നിറഞ്ഞിരിക്കും. പ്രസവപ്രക്രിയയില് പൊക്കിള് കോടി മുറിക്കപ്പെടുമ്പോള് പോഷകാംശങ്ങളുടെയും ഓക്സിജന്റെയും ഒഴുക്ക് കൂടിയാണ് നമ്മള് തടയുന്നത്. ജീവന് നിലനിര്ത്താനുള്ള ഓക്സിജന് കിട്ടാനായി കുഞ്ഞിന്റെ ശ്വാസകോശങ്ങള് പ്രവര്ത്തിക്കേണ്ടതായുണ്ട്. അതിനുള്ള കുഞ്ഞിന്റെ ആദ്യത്തെ ഉദ്യമമാണ് ആദ്യകരച്ചില്! ആദ്യകരച്ചില് ആദ്യജീവശ്വാസം തന്നെ ആണ്.
newborn-1
ഇതിലാണ് ചുങ്ങിയിരുന്ന ശ്വാസകോശങ്ങള് വികസിച്ച്, കുഞ്ഞ് സ്വയം ശ്വാസോച്വാസം തുടങ്ങി, കെട്ടിക്കിടന്നിരുന്ന നീരും വെള്ളവുമെല്ലാം വലിഞ്ഞു പുറത്തേക്കു പോവുന്നത്. അമ്മയില് നിന്ന് വേര്പെട്ട് കുഞ്ഞു സ്വന്തമായി ഒരു അസ്തിത്വം സ്ഥാപിക്കുന്നതിന്റെ ആദ്യപടികൂടിയാണ് ഈ കരച്ചില്. എപ്പോഴൊക്കെ കുഞ്ഞുങ്ങള്കരയാതിരിക്കാം?
പ്രസവത്തിലുള്ള പ്രശ്നങ്ങൾ മാത്രമല്ല കുഞ്ഞു കരയാതിരിക്കാനുള്ള ഏകകാരണം. അത് ഗര്ഭാവസ്ഥയില് ഉള്ള പ്രശ്നങ്ങൾകൊണ്ടാവാം, പ്രസവസമയത്തെ ചില പാകപ്പിഴകളാവാം, പ്രസവശേഷമുള്ള കുഞ്ഞിന്റെ ചില രോഗാവസ്ഥകളാകാം. അങ്ങനെ കാരണങ്ങൾ പലതാണ്.

ഗർഭകാലത്തുണ്ടാകുന്ന ചില പ്രശ്നങ്ങള്

 

  1. അമ്മമാർ പ്രായെ തീരെ കുറഞ്ഞവരാവുക. അല്ലെങ്കിൽ പ്രായം കൂടിയവരാവുക.
  2. ഗർഭകാലത്തെ രക്താതിസമ്മര്ദ്ദം
  3. ഗർഭകാലത്തെ പ്രമേഹം
  4. ഒന്നിലധികം ഗർഭസ്ഥശിശുക്കളുണ്ടാവുക.(ഇരട്ടകളെ പ്രസവിക്കുക)
  5. ഗർഭ പാത്രത്തിെല കുഞ്ഞിന്റെ കിടപ്പിലെ പ്രശ്നങ്ങള്.
  6. ഗർഭാശയത്തിലെ വെള്ളക്കൂടുതലും /കുറവും
  7. അമ്മയിലെ വളരെ കാലമായുള്ള ചില രോഗാവസ്ഥകള്- ഉദാഹരണത്തിന് ഹൃദ്രോഗങ്ങള്, ശ്വാസകോശരോഗങ്ങള്
  8. അമ്മയുടെ പുകവലി, മദ്യപാനം
പ്രസവസമയത്തെ പ്രശ്നങ്ങള്:
  1. കുഞ്ഞു ഗര്ഭാശയത്തില് മഷി ഇടുന്നത്
  2. കുഞ്ഞിന്റെ പൊക്കിള്കൊടി ആദ്യം പുറത്തേക്കു തള്ളി വരുന്നത് (cord prolapse)
  3. മറുപിള്ള അടര്ന്നു വരുന്നത് (abruptio placenta)
  4. മറുപിള്ള വളരെ താഴെയായതിനാല് രക്തസ്രാവമുണ്ടാകുന്നത് (placenta praevia)
  5. ഗര്ഭപാത്രം വേണ്ടവിധം വികസിക്കാത്തത് മൂലം പ്രസവത്തിന് അധികസമയം എടുക്കുന്നത് (prolonged labour
പ്രസവശേഷം സംഭവിക്കുന്നത്:
  • കുഞ്ഞുങ്ങളിലെ ശ്വാസകോശരോഗങ്ങള്
  • കുഞ്ഞുങ്ങളില ഹൃദ്രോഗങ്ങള്.

പ്രശ്നങ്ങൾ എങ്ങനെ കുറയ്ക്കാം
newborn-child-seconds-after-birth-umbilical-cord-has-not-yet
കുഞ്ഞു പ്രസവത്തില് കരയാതിരിക്കുന്ന അവസ്ഥ നമുക്ക് ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും. കരുതലോടെ ചിട്ടപ്പെടുത്തിയ ഒരു ഗർഭകാലമാണ് ആദ്യം ആവശ്യം.

  1. കൃത്യമായ സമയത്ത് പരിശോധനകൾ നടത്തുക
  2. ഡോക്ടര് നിര്ദ്ദേശിക്കുന്ന മരുന്നുകള് കൃത്യമായി കഴിക്കുക , പ്രത്യേകിച്ച് അയേണ്, കാല്സ്യം, ഫോളിക് ആസിഡ് ഗുളികകള്
  3. ആവശ്യമായ രക്ത പരിശോധനകൾ കൃത്യമായ സമയങ്ങളില് ചെയ്യുക
  4. രക്തസമ്മർദ്ദമോ പ്രമേഹമോ കൂടുതലാണെന്നു കണ്ടാല്, ഡോക്ടറുടെ നിര്ദ്ദേശങ്ങള് കണിശമായി പാലിക്കുക, മരുന്നുകള് കഴിക്കുക, ഭക്ഷണനിയന്ത്രണം വേണ്ട വിധം പാലിക്കുക.
  5. സ്കാനിങ്ങുകളെല്ലാം വേണ്ട സമയത്തു ഡോക്ടര് നിര്ദ്ദേശിക്കുന്ന പോലെ ചെയ്യുക
  6. പോഷകാംശമുള്ള നല്ല ഭക്ഷണങ്ങള് കഴിക്കുക
  7. ധാരാളം വെള്ളം കുടിക്കുക
  8. ഗർഭകാലത്ത് പ്രശ്നമുള്ള അമ്മമാര് ഏതപകടവും നേരിടാന് സുസജ്ജമായ ആശുപത്രികള് പ്രസവത്തിനായി തിരഞ്ഞെടുക്കുക. അങ്ങനെ ഉള്ള അമ്മമാരെ മെഡിക്കല് കോളേജ് പോലെയുള്ള സൗകര്യങ്ങളോടു കൂടിയ ആശുപത്രികളിലേക്ക് മുന്കൂട്ടി റെഫര് ചെയ്യാന് ഡോക്ടര്മാരും ശ്രദ്ധിക്കേണ്ടതാണ്.
  9. പ്രസവസമയത്ത് ഒരു ശിശുരോഗവിദഗ്ധന്റെ സേവനം ഉറപ്പുവരുത്തുക. കുഞ്ഞ് കരഞ്ഞില്ലെങ്കില് ഉടന് തന്നെ കൃത്രിമ ശ്വാസം നല്കേണ്ടതുണ്ട്. അതിനായി വിദഗ്ധപരിശീലനം നേടിയ ഡോക്ടര് ഉണ്ടായിരിക്കണം.

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top