കൗമാരക്കാർക്ക് നിർബന്ധമായും എടുക്കേണ്ട കുത്തിവയ്‌പ്പുകൾ എന്തൊക്കെ?

പത്തു മുതൽ പതിനെട്ടു വയസ്സുവരെയാണ് കൗമാരകാലം. പത്തു വയസ്സ് കഴിഞ്ഞാൽ പിന്നെ ആകെ എടുക്കേണ്ട കുത്തിവയ്പ്പ് ടി.ടി. മാത്രമാണെന്നാണ് അധികപേരുടെയും ധാരണ അല്ലെ? ഗവെർന്മെന്റ് ആശുപത്രികളിൽ സൗജന്യമായി കിട്ടുന്നത് ഇതേ ഉള്ളു എന്നത് സത്യം തന്നെ. എന്നാൽ ഇത് കൂടാതെ ഈ  പ്രായത്തിൽ കൊടുക്കാൻ കഴിയുന്ന ധാരാളം കുത്തിവയ്പുകളുണ്ട്. ഇന്ന് നാം കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പല നൂതന കുത്തിവയ്പുകളും ഇവർ കുഞ്ഞുങ്ങളായിരുന്നപ്പോൾ ലഭ്യമായിരുന്നില്ല. അതിനർത്ഥം ഈ കുത്തിവയ്‌പ്പുകൾ ” കൊടുക്കേണ്ട സമയം” കഴിഞ്ഞെന്നും ഇനിയൊരിക്കലും ഇവയൊന്നും കൗമാര പ്രായമെത്തിയ ഇവർക്ക്  കൊടുക്കാൻ പറ്റില്ല എന്നുമല്ല . ഇവർക്കും നൽകാം. അല്ലെങ്കിൽ നൽകണം. കാരണം പ്രതിരോധിക്കാൻ കഴിയുന്ന പല രോഗങ്ങൾക്കും നമ്മുടെ കുട്ടിയെ വിട്ടു കൊടുക്കേണ്ട ആവശ്യമില്ലല്ലോ! അതുകൊണ്ടു  ഇന്ന് നാം ചർച്ച ചെയ്യുന്ന വിഷയം – ഏതൊക്കെ ആണ് ഇനിയും ഇവർക്ക് നല്കാൻ കഴിയുന്ന വാക്‌സിനുകൾ എന്നും അത് എങ്ങിനെ/ എപ്പോൾ കൊടുക്കണമെന്നുമാണ്.  ഇത് വരെ ഈ  പ്രതിരോധ കുത്തിവയ്പ്പുകൾ  എടുക്കാത്ത കൗമാരക്കാർക്കും/ അല്ലെങ്കിൽ എടുത്തിട്ടുണ്ടോ എന്ന് ഉറപ്പില്ലാത്തവർക്കും ഇവ കൊടുക്കാവുന്നവയാണ്.

  • Tdap / Td

ഈ കുത്തിവയ്‌പ്പുകൾ പറ്റി വിശദമായി നാം കഴിഞ്ഞ ലേഖനത്തിൽ ചർച്ച ചെയ്തതാണ്. ഇന്ന് ടി.ടി. ഇന്ജക്ഷന് പകരം വിദഗ്ധർ  നിർദ്ദേശിക്കുന്നത് Tdap / Td ഇഞ്ചക്ഷനുകൾ എടുക്കാനാണ്. ടി.ടി. സംരക്ഷണം തരുന്നത് ടെറ്റനസ് രോഗത്തിന് മാത്രമാണെന്നിരിക്കെ , ഇവ കൗമാരപ്രായക്കാരെ  ഡിഫ്തീരിയ / വില്ലൻ ചുമ എന്നീ  രോഗങ്ങളിൽ നിന്ന് കൂടി സംരക്ഷിക്കുന്നു.

കൊടുക്കേണ്ട രീതി:

പത്തു വയസ്സിൽ കൊടുക്കേണ്ട ടി.ടി. ഇന്ജക്ഷന് പകരം Tdap കൊടുക്കുക, അതിനു ശേഷം ഓരോ പത്തു വർഷവും Td എടുക്കുക. പത്തു വയസ്സിൽ ടി.ടി. എടുത്തിട്ടില്ലാത്ത കുട്ടിക്കും/ അല്ലെങ്കിൽ തനിക്കു എടുത്തിട്ടുണ്ടോ എന്നറിയാത്ത കുട്ടിക്കും  ആദ്യഡോസ് ആയി Tdap നൽകാവുന്നതാണ്. ഇതിനു പ്രായപരിധി ഒന്നുമില്ല. അതിനു ശേഷം ഓരോ പത്തു വർഷവും Td  എടുക്കാവുന്നതാണ്. Tdap / Td  ലഭ്യമല്ലെങ്കിൽ പത്തു വയസ്സിലും പതിനാറു വയസ്സിലും ടി.ടി. ഇൻജെക്ഷൻ നിർബന്ധമായും എടുക്കണം. അതിനു ശേഷം എല്ലാ പത്തു വർഷവും ആവർത്തിക്കുകയും വേണം.

  • എം.എം. ആർ

കൗമാരപ്രായക്കാരിൽ , പ്രത്യേകിച്ചും പെൺകുട്ടികളിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു കുത്തിവയ്പ്പാണിത്. മംസ് ( മുണ്ടിനീര്) , മീസിൽസ് (അഞ്ചാം പനി ) , റൂബെല്ല പനി  എന്നിവയിൽ നിന്നാണ് ഈ ഇൻജെക്ഷൻ നമുക്ക് സംരക്ഷണം തരുന്നത്. ഇതിൽ റൂബെല്ല പനി വളരെ ശ്രദ്ധിക്കേണ്ടതാണ്.. സാധാരണരീതിയിൽ ഇത് നമ്മെ കൂടുതൽ ശല്യപ്പെടുത്താതെ വന്നു പോകുന്ന ഒരു വൈറൽ പനി ആണ്. പനീ , മേലുവേദന, ദേഹത് ചുവന്നു തടിച്ച പാടുകൾ , കഴലവീക്കം എന്നീ ലക്ഷണങ്ങൾ ആണുണ്ടാകാറുള്ളത്. എന്നാൽ ചില സമയങ്ങളിൽ ഇതേ റൂബെല്ല വൈറസ് വില്ലനാകാറുണ്ട്. അത് ഗര്ഭിണികളിലാണ്. ഇവരിൽ ഗർഭിണിയായി ആദ്യത്തെ മൂന്നു നാല് മാസത്തിനുള്ളിൽ ഈ പനി വന്നാൽ അത് ബാധിക്കുന്നത് അമ്മയെയല്ല, മറിച്  ഗര്ഭസ്ഥശിശുവിനെയാണ്. അതും വളരെ മോശമായി. കുഞ്ഞിന്റെ വളർച്ച മുരടിക്കുന്നു, തലച്ചോറിന്റെ വികാസം കുറയുന്നു. ജനിക്കുമ്പോൾ തന്നെ കാഴ്ച ശക്തിക്കും കേൾവി ശക്തിക്കും തകരാറുകളുണ്ടാകാം. ഹൃദയത്തിൽ ജന്മനാ തന്നെ വൈകല്യങ്ങളുണ്ടാകാം. ചുരുക്കിപ്പറഞ്ഞാൽ ഈ കുഞ്ഞുങ്ങൾ ജീവിച്ചാൽ തന്നെ വളരെ അധികം ശാരീരികവൈകല്യങ്ങളോടുകൂടിയാകും ശിഷ്ടജീവിതം തള്ളി നീക്കുന്നത്. അമ്മക്ക് കൊടുക്കുന്ന ഒരു ഇഞ്ചക്ഷനിലൂടെ ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാമെന്നത് വലിയൊരു കാര്യമല്ലേ! ഇത് പെണ്കുട്ടികളിലെ  കാര്യം. ഇനി ആൺകുട്ടികളുടെ കാര്യമെടുക്കാം. ചില സന്ദർഭങ്ങളിൽ മുണ്ടിനീര് വൃഷണങ്ങളെ ബാധിക്കാറുണ്ട്. വളരെ അപൂർവമാണെങ്കിലും ഇത് ആണുങ്ങളിൽ വന്ധ്യതക്ക് കാരണമാകാം. അതുകൊണ്ടു തന്നെ എം.എം.ആർ ഇൻജെക്ഷൻ ആണ്കുട്ടികളിലും പ്രാധാന്യമർഹിക്കുന്നു. 

കൊടുക്കേണ്ട രീതി :

രണ്ടു ഡോസുകളായാണ് കൊടുക്കുന്നത്. ആദ്യഡോസ്- രണ്ടാമത്തെ ഡോസ് ആദ്യഡോസ് എടുത്തതിനു 4 -8  ആഴ്ച കഴിഞ്ഞു.

  • ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ

ഹെപ്പറ്റൈറ്റിസ് ബി എന്ന രോഗമെന്താണെന്നു കഴിഞ്ഞ ലേഖനങ്ങളിൽ നാം ചർച്ച ചെയ്തതാണ്. ഇതിനെതിരെ പൂർണ സംരക്ഷണം തരുന്ന കുത്തിവയ്പ്പാണിത്. ചികിത്സ എടുത്തില്ലെങ്കിൽ നമ്മുടെ കരളിനെ വളരെ മോശമായി ബാധിക്കുന്നതും കാലമേറുന്തോറും കരളിലെ ക്യാൻസർ ആയി പോലും രൂപാന്തരം പ്രാപിക്കാൻ ശക്തിയുള്ളതുമായ അസുഖമാണ് ഹെപ്പറ്റൈറ്റിസ് ബി.  അതുകൊണ്ടു തന്നെ ഈ കുത്തിവയ്പ്പിനു പ്രാധാന്യമേറുന്നു.

കൊടുക്കേണ്ട രീതി :

മൂന്നു ഡോസുകളായാണ് നൽകേണ്ടത്.

ആദ്യഡോസ് കൊടുക്കുക – രണ്ടാമത്തെ ഡോസ് ആദ്യഡോസ് എടുത്തതിനു ശേഷം ഒരു മാസം കഴിഞ്ഞു – മൂന്നാമത്തെ ഡോസ് ആദ്യഡോസ് എടുത്തതിന്റ് ശേഷം ആര് മാസം കഴിഞ്ഞു.

  • ഹെപ്പറ്റൈറ്റിസ് എ വാക്‌സിൻ

വൃത്തിഹീനമായ വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. ഇന്നത്തെ നമ്മുടെ കൗമാരപ്രായക്കാർ പുറമെ നിന്നുള്ള ഭക്ഷണപാനീയങ്ങളിലും ഫാസ്റ്റ് ഫുഡിലുമൊക്കെ അമിതതാത്പരരാണെന്നു നമുക്കറിയാമല്ലോ! അതുകൊന്ദ് തന്നെ ഇവരിൽ രോഗസാധ്യതയും കൂടുതലാണ്. ഹെപ്പറ്റൈറ്റിസ് എ രോഗവും മൂർച്ഛിച്ചാൽ കരളിനെ മോശമായി ബാധിക്കുന്നതാണ്. അതുകൊട്നു തന്നെ പ്രതിരോധമാണ് അഭികാമ്യം.

കൊടുക്കേണ്ട രീതി :

രണ്ടു ഡോസുകളാണ് കൊടുക്കേണ്ടത്.

ആദ്യഡോസ് കൊടുക്കുക – രണ്ടാമത്തെ ഡോസ് ആദ്യഡോസ് കൊടുത്തു കഴിഞ്ഞു ആര് മാസങ്ങൾക്ക് ശേഷം.

  • ടൈഫോയ്ഡ് വാക്‌സിൻ

മുകളിൽ പറഞ്ഞ പോലെ തന്നെ മലിനമായ ഭക്ഷണപാനീയങ്ങളാണ് ടൈഫോയ്ഡ് പണിയുടെയും പ്രധാനകാരണം. ടൈഫോയ്ഡ് പനിയും നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കാവുന്നതാണ്. ചിലരിൽ ഇത് അപകടകരമായ അവസ്ഥകളിലേക്കും നീങ്ങാം.

കൊടുക്കേണ്ട രീതി :

ഒരൊറ്റ ഡോസ് കൊടുത്താൽ തന്നെ നല്ല രീതിയിൽ സംരക്ഷണം നൽകുന്ന ” കൊഞ്ചുഗേറ്റഡ്  വാക്‌സിനുകൾ” ഇന്ന് വിപണികളിൽ ലഭ്യമാണ്.

  • ചിക്കൻ പോക്സ് വാക്‌സിൻ

വളരെ സർവസാധാരണമായി കാണുന്ന അസുഖമാണെങ്കിലും ചിക്കൻ പോക്സ് നമ്മെ ചില സന്ദർഭങ്ങളിൽ നമ്മെ വലക്കാറുണ്ട്. ഈ അസുഗം മൂർച്ഛിച്ചാൽ തലച്ചോറിനെ വരെ ബാധിക്കാനും രോഗി മരണത്തിനു വരെ കീഴടങ്ങാനും ഇടയുണ്ട്. എന്നാൽ ഇതിലും അപകടം വേറൊരു കൂട്ടരിലാണ് . എം. എം. ആർ വാക്‌സിനിൽ പറഞ്ഞ പോലെത്തന്നെ ഗർഭിണികളിൽ. ആദ്യ മൂന്നു നാല് മാസത്തിനുള്ളിൽ ഗർഭിണിക്ക് ചിക്കൻ പോക്സ് വരാനിടയായാൽ അത് ബാധിക്കുന്നതും ഗര്ഭസ്ഥശിശുവിനെയാണ്. പല രീതികളിലുള്ള ശാരീരിക വൈകല്യങ്ങളും ഇവരിൽ കാണാം. ഇത് മാത്രമല്ല, പ്രസവത്തിനു തൊട്ടു മുമ്പും പ്രസവം കഴിഞ്ഞു ഉടനെയുള്ള ദിവസങ്ങളിലും അമ്മക്ക് വരുന്ന ചിക്കൻ പോക്‌സും കുഞ്ഞിനെ മോശമായി ബാധിക്കാറുണ്ട്. അതുകൊട്നു തന്നെ അമ്മമാരിൽ ഈ അസുഗം വരാതെ നോക്കുന്നതാണ് നല്ലത്. അതിനുള്ള വഴിയോ ഒന്ന് മാത്രം. പെൺകുട്ടികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുക.

കൊടുക്കേണ്ട വിധം :

രണ്ടു ഡോസുകളാണ് കൊടുക്കേണ്ടത്.

ആദ്യഡോസ് കൊടുക്കുക – രണ്ടാമത്തെ ഡോസ് ആദ്യഡോസ് കൊടുത്തതിനു ശേഷം 4 – 8 ആഴ്ചകൾക്ക് ശേഷം കൊടുക്കുക.

ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. പെൺകുട്ടികൾ എം.എം.ആർ വാക്‌സിനും ചിക്കൻ പോക്സ് വാക്‌സിനും എടുത്തശേഷം അടുത്ത മൂന്നു മാസക്കാലം ഗര്ഭിണിയാകാതെ നോക്കേണ്ടതാണ്. ഗര്ഭനിരോധനമാര്ഗങ്ങള് തീർച്ചയായും ഉപയോഗിക്കേണ്ടതാണ്.

  • എച്‌ . പി. വി. വാക്‌സിൻ

സെർവൈക്കൽ / ഗര്ഭാശയഗളകാൻസെർ വരുന്നതിനെ പ്രതിരോധിക്കാൻ കഴിവുള്ള വാക്‌സിൻ ആണിത്. പെൺകുട്ടികൾക്കാണ് നൽകേണ്ടത്. ഇന്ന് സ്ത്രീകളിൽ വളരെയധികം പേരിൽ കാണുന്ന ഒരു ക്യാൻസർ ആണിത്. അതുകൊന്ദ് തന്നെ പ്രതിരോധം പ്രധാനമാണ്. രണ്ടു തരം വാക്‌സിനുകൾ ലഭ്യമാണ്.

കൊടുക്കേണ്ടരീതി:

മൂന്നു ഡോസുകൾ ആണ് കൊടുക്കേണ്ടത്.

ആദ്യഡോസ് കൊടുക്കുക – ആദ്യഡോസ് എടുത്തതിനു ശേഷം 1 / 2  മാസങ്ങൾക്കു ശേഷം രണ്ടാമത്തെ ഡോസ് (ഇത് നിങ്ങൾ ഏതു തരാം വാക്‌സിൻ ആണ് എടുത്തത് എന്ന് നോക്കിയാണ് തീരുമാനിക്കുന്നത്) – മൂന്നാമത്തെ ഡോസ് ആദ്യഡോസ് കഴിഞ്ഞു ആര് മാസങ്ങൾക്ക് ശേഷം.

അപ്പോൾ വേഗം തന്നെ നമ്മുടെ കൗമാരക്കാരെ സുരക്ഷിതരാക്കുകയല്ലേ?!

Home of Dr Soumya sarin’s Healing Tones

Scroll to Top