സത്യം പറയാലോ, സ്ത്രീധനം എന്ന പേരിൽ സ്വന്തം മകളുടെ “വില” നിശ്ചയിച്ചു ( അതും സ്വയമല്ല! ഏതോ ഒരുത്തൻ അല്ലെങ്കിൽ ഏതോ ഒരു കുട്ംബം! ആറ്റു നോറ്റു വളർത്തിയ സ്വന്തം കുഞ്ഞിന് ഒരു സുപ്രഭാതത്തിൽ ഒരു വില ഇടുന്നു!) ആ വില അഭിമാനത്തോടെ കൊട്ത്തു, അവസാനം ആ വില പോരെന്നു തോന്നി വാങ്ങിയവർ അവളെയങ്ങു ഇല്ലാതാക്കുമ്പോൾ നെഞ്ചത്തടിച്ചു നിലവിളിക്കുന്ന അച്ഛനമ്മമാരോട് എനിക്ക് സിമ്പതി ഇല്ല. ക്രൂരമായി തോന്നിയേക്കാം. പക്ഷെ ആ മരണത്തിൽ അവർക്ക് കൂടി പങ്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. കരയാൻ അവർക്ക് അവകാശമില്ലെന്നും ഞാൻ കരുതുന്നു. “സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചിരുന്നത്രെ!” എന്ന വാചകം നാളെ എല്ലാ പത്രങ്ങളിലും കാണാം എന്നെനിക്കുറപ്പാണ്! അല്ലെങ്കിലും ഇതൊന്നും ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ലല്ലോ! സൂചനകൾ എത്രയോ ദിവസങ്ങൾക്ക് മുമ്പ് ഇവർക്ക് കിട്ടികാണണമല്ലോ. എന്നിട്ടും?!!
കല്യാണം കഴിച്ചു കൊടുത്ത പെണ്മക്കൾ വീട്ടിൽ വന്നു നിന്നാൽ ലോകം കീഴ്മേൽ മറിയുമല്ലോ അല്ലെ?! നാട്ടുകാർ ചോദിക്കുമല്ലോ അല്ലെ?! സോറി, ഞാനോർത്തില്ല! എന്റെ തെറ്റ്!
എത്ര പെട്ടെന്നാണ് ഒരു പെൺകുട്ടി സ്വന്തം വീട്ടിൽ അന്യയാകുന്നത്! അവളുടെ സ്വന്തം വീട്ടിൽ രണ്ടു ദിവസത്തിലധികം നിന്നാൽ എന്തെല്ലാം ചോദ്യങ്ങൾ! എന്ന് മാറും നമ്മുടെ നാട്?! നിങ്ങളുടെ പെണ്മക്കളുടെ ജീവനാണോ അതോ ദുരഭിമാനമാണോ വലുതെന്നു ഓരോ അച്ഛനമ്മമാരും ചിന്തിക്കേണ്ടിയിരിക്കുന്നു! സ്വന്തം പെണ്മക്കളെ പഠിപ്പിച്ചു സ്വന്തം കാലിൽ നിർത്തി, “ഇതാണ് ഞാൻ അവൾക്ക് കൊടുക്കുന്ന ഏറ്റവും വലിയ ധനം” എന്ന് തലയുയർത്തി പറയാൻ എന്നാണു നമ്മുടെ അച്ഛനമ്മമാർക്ക് സാധിക്കുക?! വിവാഹജീവിതത്തിൽ മകൾക്ക് പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നു എന്ന് തോന്നുന്ന ആ നിമിഷം ” ധൈര്യമായി ഇറങ്ങി വാ മോളേ, ഞങ്ങളുണ്ട് കൂടെ. വിവാഹമല്ല ജീവിതത്തിന്റെ അവസാനം.” എന്ന് പറഞ്ഞു അവളുടെ കൈ പിടിക്കാൻ ഇപ്പോഴും പല അച്ഛനമ്മമാർക്കും സാധിക്കാത്തതെന്തേ!
എനിക്ക് പ്രതീക്ഷ ഇനിയുള്ള പെൺമക്കളിൽ മാത്രം! സ്വന്തം വില ഇടാൻ ഒരുത്തനെയും വീട്ടിൽ ക്ഷണിച്ചിരുത്തരുത്! അല്ലെങ്കിൽ അതിനനുവദിക്കരുത്. നിങ്ങളുടെ വില നിങ്ങൾ സ്വയമിടുക. പക്ഷെ ഒന്നുറപ്പാക്കണം. ആ വില തരാൻ ലോകത് ഒരാൾക്കും കഴിയരുത് ! അത്രക്ക് അമൂല്യമാണ് നിങ്ങൾ ഓരോരുത്തരും!
ഒരു തീരുമാനം ഇപ്പോൾ തന്നെ എടുക്കുക,
“എനിക്ക് വിലയിടാൻ ഒരാളെയും ഞാൻ അനുവദിക്കില്ല”
ഡോ. സൗമ്യ സരിൻ