‘ഉത്രമാർ’ ഉണ്ടാകാൻ യഥാർത്ഥ കാരണക്കാർ ആര്?

‘സ്ത്രീധനം’ എന്ന പേരിൽ സമൂഹത്തിൽ നടക്കുന്ന ‘വിൽക്കൽ- വാങ്ങൽ’ ആചാരത്തെ പറ്റി ഇന്നലെ ഇട്ട ടോക്കിനു താഴെ വന്ന കമന്റുകളാണ് ചുവടെ! അനുകൂലിച്ചും പ്രതികൂലിച്ചും! സന്തോഷം, കുറഞ്ഞത് ഈ വിഷയം ആളുകൾ സംസാരിച്ചെങ്കിലും തുടങ്ങിയല്ലോ!

പക്ഷെ എന്നെ അത്ഭുതപെടുത്തിയ കാര്യം അതല്ല, സ്ത്രീധനവ്യവസ്ഥയെ ന്യായീകരിക്കുന്നതിൽ അധികവും സ്ത്രീകൾ തന്നെയാണ്! ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കൊടുത്തേ തീരൂ!

ചോദ്യം 1: നിങ്ങൾ ഡോക്ടർ ആണല്ലോ. അച്ഛനമ്മമാർ സർക്കാർ ജോലിക്കാരും. സാമ്പത്തികം ഉണ്ടാകുമെന്നുറപ്പ്! അപ്പോൾ എന്തിനാണ് സ്ത്രീധനം ചോദിക്കുന്നത്! ഭർതൃവീട്ടുകാർക്കറിയാം വേണ്ടത് കൊടുക്കുമെന്ന്! നിങ്ങളുടെ ജോലി തന്നെയാണ് സ്ത്രീധനം. അതിനു നിങ്ങളുടെ അച്ഛനമ്മമാർ ‘ചിലവാക്കിയതാണ്’ സ്ത്രീധനം. പാവപെട്ട മാതാപിതാക്കൾക്ക് ഇത് സാധിക്കുമോ? അവർക്ക് സ്ത്രീധനം കൊടുത്തല്ലേ പറ്റൂ?!

ഉത്തരം: ഞാൻ ‘ഡോക്ടർ’ ആയല്ല ജനിച്ചത്! മാതാപിതാക്കൾ ജോലിക്കാരായിരുന്നു എന്നത് സത്യം. പിന്നെ അവർ ഒന്നും ‘ചിലവാക്കി’ അല്ല എന്നെ പഠിപ്പിച്ചത് ( ഈ പറഞ്ഞവർ ഉദ്ദേശിച്ചത് ലക്ഷകണക്കിന് ചിലവാക്കി എന്നെ ‘ഡോക്ടറാക്കി’ എന്നാണ്!) കഷ്ടപ്പെട്ട് പഠിച്ചു സർക്കാർ സീറ്റിൽ തന്നെയാണ് ഇക്കാലമത്രേയും പഠിച്ചത്. അതവിടെ നിക്കട്ടെ! ഇനി പെണ്മക്കളുടെ പഠനത്തിന് കുറച്ചു പൈസ ചിലവാക്കി എന്ന് തന്നെ വക്കുക! എന്താ കൊഴപണ്ടൊ? ആൺമക്കളെ അങ്ങനെ പഠിപ്പിക്കുന്നില്ലേ? അപ്പോൾ പെണ്മക്കളുടെ പഠനത്തിന് ചിലവാക്കുന്നത് എങ്ങിനെ “സ്ത്രീധന” കണക്കിൽ പെടുമെന്നു മനസ്സിലായില്ല! അവളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കാൻ അച്ഛനമ്മമാർ സമ്പാദിച്ച പൈസ ഉപയോഗിച്ചോളൂ. പക്ഷെ അവളെ കണക്കു പറഞ്ഞു “വാങ്ങാൻ” വരുന്നവരുടെ മുന്നിൽ കാണിക്ക വെക്കാനാവരുത് ആ ധനം!

ഇനിയും സംശയമുണ്ടെങ്കിൽ ആദ്യത്തെ സ്ക്രീൻഷോട്ട് വായിക്കുക! ഒരു അംഗൻവാടി ടീച്ചറുടെ മൂന്ന്‌ പെൺമക്കളിൽ ഒരാൾ എനിക്ക് അയച്ച മെസ്സേജ് ആണ്! ആ വാക്കുകളിലെ അഭിമാനം തിരിച്ചറിയാൻ ഒന്ന് ശ്രമിക്കുക! ആ അമ്മ എങ്ങിനെ ആണ് അവരെ മൂന്നുപേരെയും വളർത്തിയതെന്ന്‌! അപ്പോൾ സാമ്പത്തികം ആണോ പ്രശനം?! അല്ലേ അല്ല! ചിന്താഗതിയാണ് പ്രശനം! ഈ ചോദ്യം എന്നോട് ചോദിച്ചവരൊക്കെ നല്ല വിദ്യാഭ്യാസവും ജോലിക്കാരുമാണെന്നു അവരുടെ പ്രൊഫൈലിൽ പോയപ്പോൾ മനസ്സിലായി. ഈ ചിന്താഗതി വെച്ചു ജീവിക്കുന്ന നിങ്ങളുടെ പെണ്മക്കളോട് സഹതപിക്കാനേ തരമുള്ളു!

NB:അപ്പോൾ സാമ്പത്തികമല്ല പെണ്മക്കളുടെ ആത്മാഭിമാനം തീരുമാനിക്കുന്നത്! പാവപ്പെട്ടവനും പണക്കാരനും അഭിമാനം തുല്യമാണ്!

ചോദ്യം 2: നിങ്ങൾ സ്വർണത്തിൽ പൊതിഞ്ഞല്ലേ കല്യാണത്തിന് ഒരുങ്ങിയത്? അപ്പോൾ അത് സ്ത്രീധനത്തെ പെടില്ലെ?

ഉത്തരം: സ്വർണത്തിൽ ‘പൊതിഞ്ഞു’ അല്ല ഒരുങ്ങിയത്, പക്ഷെ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം ഭദ്രമായി ബാങ്കിൽ എന്റെ ലോക്കറിൽ ഇരിക്കുന്നുണ്ട്. ആർക്കും കാഴ്ച വെച്ചിട്ടില്ല. ആരും എത്രയുണ്ടെന്ന് അന്വേഷിച്ചിട്ടുമില്ല! ഭാവിയിൽ എനിക്കോ എന്റെ കുടുംബത്തിനോ സാമ്പത്തികമായി ഒരാവശ്യം വന്നാൽ ഉപയോഗിക്കും.

NB: സ്വർണാഭരണങ്ങളുടെ അമിത ഉപയോഗത്തോട് യോജിപ്പില്ല.സ്വർണം വിവാഹത്തിന്റെ ഒഴിച്ച് കൂടാൻ പറ്റാത്ത കാര്യമാണെന്നൊക്കെ ഉള്ള ചിന്തകൾ മാറേണ്ടിയിരിക്കുന്നു. ഇപ്പോൾ മാറുന്നുമുണ്ട്! ഇനി ഉപയോഗിച്ചവർ, ഉള്ള ആഭരണങ്ങൾ ആ പെൺകുട്ടി സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കട്ടെ. തുടർന്ന് പഠിക്കാനോ മറ്റോ. അപ്പോഴേ അതിനു ഒരു അർത്ഥമുള്ളൂ!

ചോദ്യം 3: ഉത്രയെപ്പോലെ കുറച്ചു ശാരീരിക പരിമിതികൾ ഉള്ള കുട്ടികളെ സ്വീകരിക്കാൻ ആരെങ്കിലും തയ്യാറാകുമോ? നിങ്ങൾ ഒരു അംഗവൈകല്യമുല്ലയാളായിരുനെങ്കിൽ നിങ്ങളുടെ ഭർത്താവ് നിങ്ങളെ സ്വീകരിക്കുമോ?

ഉത്തരം: ബെസ്റ്റ് ചോദ്യം! നിങ്ങളൊക്കെ ഏതു യുഗത്തിലാണ് ഹേ ജീവിക്കുന്നത്? പെൺകുട്ടികളുടെ ഇങ്ങനെയുള്ള ‘കുറവുകൾ’ നികത്തുന്നത് പൊന്നും പണ്ടവും കൊടുത്താണോ? അതൊക്കെ കിട്ടിയാൽ ഭർത്താവിന് അത് വരെ തോന്നാത്ത ‘സ്നേഹം’ പൊട്ടി മുളക്കുമോ? ഞാൻ അംഗവൈകല്യമുല്ല ഒരാൾ ആയിരുന്നെങ്കിലും എന്റെ മാതാപിതാക്കളുടെ ചിന്തയിൽ ഒരു മാറ്റവും ഉണ്ടാകുമായിരുന്നില്ല. അവർ എന്റെ കഴിവുകൾ തിരിച്ചറിഞ്ഞു എന്നെ ആ വഴിക്കു നടത്തിയേനെ. ആരുടേയും തലയിൽ എങ്ങിനെയെങ്കിലും കെട്ടിവെക്കാൻ ശ്രമിക്കുമായിരുന്നില്ല!

പിന്നെ ഈ ‘ അംഗവൈകല്യം’ എന്ന വാക്കു തന്നെ ഇപ്പോഴില്ല എന്ന് ഒന്ന് ഓർമിപ്പിക്കട്ടെ! ഒന്നല്ലെങ്കിൽ വേറൊരു കഴിവ് കൊണ്ട് അനുഗ്രഹീതനാണ് മനുഷ്യർ ഓരോരുത്തരും! അത് കണ്ടെത്തണമെന്ന് മാത്രം! ശാരീരിക പരിമിതിയള്ള എത്ര മിടുക്കികളാണ് പല രീതിയിലും അവരുടെ കഴിവ് തെളിയിച്ചിരിക്കുന്നത്! അതിനു വേണ്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രചോദനമാണ്. അല്ലാതെ ‘നിനക്ക് കുറവുകളുണ്ട്, അതുകൊണ്ട് ഈ പൊന്നും പണവും അത് മറയ്ക്കാൻ ആവശ്യമാണ്’ എന്ന് പറഞ്ഞു അവളെ തളർത്തുന്ന സ്വന്തക്കാരെയല്ല!

NB: ധനം കൊണ്ട് വാങ്ങാൻ കഴിയുന്നതല്ല സ്നേഹം!അതിനു ശ്രമിച്ചാൽ നാളെ നിങ്ങളുടെ മകൾ തന്നെയാകും അനുഭവിക്കേണ്ടി വരുന്നത്!

ചോദ്യം 4: ഡോക്ടർക്ക് സൗന്ദര്യമുണ്ട്. ജോലിയുണ്ട്. അതുകൊണ്ട് ഇതൊക്കെ പറയാം! അതില്ലാത്തവരോ?

ഉത്തരം: ഈ പറഞ്ഞ ” സൗന്ദര്യം” എന്താണെന്ന് പിടി കിട്ടിയില്ല. ബാഹ്യമായ ചന്തമാണ്‌ ഉദ്ദേശിച്ചതെങ്കിൽ നിങ്ങൾക്ക് തെറ്റി! എന്നേക്കാൾ എത്രയോ ഭംഗിയുള്ള, പഠിപ്പുള്ള, സ്പെഷ്യലിസ്റ് ഡോക്ടറായ എന്റെ പെൺസുഹൃത്തുക്കളോട് ഒരു ഉളുപ്പുമില്ലാതെ സ്ത്രീധനം ചോദിച്ചു കല്യാണം അന്വേഷിച്ചു വന്ന എത്രയോ പേരെ എനിക്കറിയാം. ആരും ഈ പറയുന്ന ചന്തമോ ജോലിയോ ഒന്നും ഒരു അലങ്കാരമായി കണ്ടില്ല! വന്ന ചെറുക്കനേക്കാൾ പഠിപ്പുള്ള പെണ്ണും കൊടുക്കണം അങ്ങോട്ട് സ്ത്രീധനം! പിന്നെ, ഈ സൗന്ദര്യത്തിലൊന്നും ഒന്നുമില്ലാട്ടോ. ആസിഡ് ആക്രമണങ്ങൾ നേരിട്ട സഹോദരിമാർ സുന്ദരികളല്ലേ? അവരെ ജീവിതത്തിലേക്ക് ചേർക്കാനും ഉണ്ടായിരുന്നല്ലോ ആണുങ്ങൾ!

അപ്പോൾ അതൊന്നുമല്ല പ്രശനം!

ഈ കല്യാണം എന്നത് പെൺജീവിതത്തിന്റെ അവസാനവാക്കല്ല എന്ന് കൂടി ഒന്ന് പറഞ്ഞു വെക്കട്ടെ! അധിക അച്ഛനമ്മമാരുടെയും പെൺകുട്ടികളെ കുറിച്ചുള്ള ഏറ്റവും വലിയ സ്വപ്നം അവരുടെ വിവാഹമാണ്! അതൊന്നു മാറ്റിപിടിക്കേണ്ട സമയമായിരിക്കുന്നു! അവരെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാക്കുക എന്ന സ്വപ്നമാകട്ടേ ഇനി നമ്മുടെ മാതാപിതാക്കളെ നയിക്കുന്നത്. ഉള്ളിന്റെ ഉള്ളിൽ സന്തോഷമായിരിക്കാനാണ് ഓരോ പെണ്ണും ശ്രമിക്കേണ്ടത്, അത് വിവാഹം കഴിച്ചാലും ഇല്ലെങ്കിലും! നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ വേണം!

എന്റെ പൊന്നു സഹോദരി സഹോദരന്മാരെ, പറയാൻ ആണെങ്കിൽ നമുക്ക് നൂറു ന്യായീകരണങ്ങൾ നിരത്താം. ഒന്നും സംഭവിക്കില്ല! ‘സ്ത്രീധനം’ എന്ന ദുരാചാരം ഇതുപോലെ തുടരും! അത്ര തന്നെ! പക്ഷെ “ട്രാഫിക്” സിനിമയിലെ ഡയലോഗ് ഞാൻ ഒന്ന് കടമെടുക്കട്ടെ. ചെറിയ ഒരു തിരുത്തലോടെ.

“നിങ്ങളുടെ ഒരു ‘NO!’ നാളെ ചരിത്രമാകും- സ്ത്രീധനത്തോട് നിങ്ങൾ പറയുന്ന “One Big NO!”

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top