ഇത് വളർത്തുമൃഗങ്ങളിൽ നിന്ന് പകരുമോ?
നമ്മുടെ നാട്ടിൽ ഈ വൈറസ് എത്തിയിരിക്കുന്നത് ഒരു മനുഷ്യനിലൂടെയാണ്. ഈ രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മട്ടാു മനുഷ്യരിലേക്കും പകരമെന്നു കണ്ടെത്തിയിട്ടുണ്ട്. ചൈനയിൽ ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ചു എന്നാണ് നിഗമനം. ഇന്ത്യയിൽ അതിനുള്ള സാധ്യത വളരെ തുച്ഛമാണ്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കാണ് പകരാനുള്ള സാധ്യത കൂടുതൽ. അതുകൊണ്ടു മൃഗങ്ങളെ പേടിക്കേണ്ടതില്ല. എങ്കിൽ പോലും മൃഗങ്ങളുമായുള്ള അമിതസമ്പർക്കാം നല്ലതല്ല, ഒഴിവാക്കാം.ഇനി അതാണ് ജീവിതമാർഗമെങ്കിൽ, അവയെ തൊട്ട ശേഷം കൈ നന്നായി സോപ്പിട്ടു കഴുകുക.
പഴങ്ങൾ കഴിക്കാമോ?
നിപ്പയുടെ പേടി കൊണ്ടാണെന്നു തോന്നുന്നു ആളുകൾക്ക് പഴങ്ങളോട് പേടി. ധൈര്യമായി കഴിച്ചോളൂ. പ്രതിരോധശേഷി കൂടാൻ നല്ലതാണ്.
നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാമോ?
മുകളിൽ പറഞ്ഞപോലെ മൃഗങ്ങളെ പേടിക്കേണ്ട അവസ്ഥ ഇപ്പോഴില്ല. ഇറച്ചി നല്ലപോലെ വേവിച്ചു കഴിക്കാം.
തൊണ്ട വരളരുത് എന്നത് ശെരിയാണോ?
നല്ല പോലെ വെള്ളം കുടിക്കണമെന്നേ അർത്ഥമുള്ളൂ. നിർജലീകരണം തടയാനാണിത്. അല്ലാതെ വരണ്ട തൊണ്ടയിൽ കൊറോണ വരുമെന്നർത്ഥമില്ല.
ആന്റിബയോട്ടിക്കുകൾ സഹായിക്കുമോ?
ഇല്ല. ഇതൊരു വൈറസ് ബാധയാണ്. ആന്റിബയോട്ടിക്കുകൾ നമ്മെ ഒരു വിധേനയും സഹായിക്കില്ല.
മറ്റു ആന്റിവൈറൽ മരുന്നുകൾ എടുത്താൽ പ്രതിരോധിക്കാൻ സാധിക്കുമോ?
ഇല്ല. ഈ വൈറസ്സിനെതിരായ ആന്റിവൈറൽ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അസൈക്ലൊവിർ പോലെ ചിക്കൻപോക്സിനെ പ്രതിരോധിക്കുന്ന മരുന്നുകൾ ഇവിടെ സഹായിക്കില്ല. അവ വൈറസ്സിനെതിരെ പ്രവർത്തിക്കുന്നവയാണെങ്കിൽ കൂടി. കാരണം ഇത് പുതിയ ജനിതക ഘടന ഉള്ള പുതിയ വൈറസ് ആണ്. ശാസ്ത്രജ്ഞർ പഠനങ്ങളിൽ ആണ്. എത്രയും വേഗം കണ്ടുപിടിക്കുമെന്നു പ്രത്യാശിക്കാം.
വേറെ ശാസ്ത്രശാഖകളിൽ മരുന്നുണ്ടോ?
ഉണ്ടായിരുന്നെങ്കിൽ ലോകാരോഗ്യസംഘടന അവരെ ചൈനയിൽ എത്തിച്ചേനെ! അല്ല, ഉണ്ടെന്നാണ് ഇപ്പോഴും വാദമെങ്കിൽ, ഉള്ളവരോട് ആ രഹസ്യം ചൈനക്ക് പറഞ്ഞു കൊടുക്കാൻ അപേക്ഷ! അല്ല പിന്നെ! തള്ളുമ്പോഴും വേണ്ടേ ഒരു മയമൊക്കെ! ഇല്ല സുഹൃത്തുക്കളെ, ഇന്നീ ദിവസം വരെ ഒരു പ്രതിരോധ മരുന്നും കണ്ടുപിടിച്ചിട്ടില്ല. അലോപ്പതിയിലേ ചില മരുന്നുകൾ ഫലപ്രദമാണെന്ന് ചില പഠനങ്ങൾ കാണിക്കുന്നുവെന്ന് കേട്ടു. എങ്കിൽ കൂടിയും ആധികാരികമായ വാർത്ത വന്നിട്ടില്ല. ഇനിയും പഠനങ്ങൾ ആവശ്യമായിരിക്കും.