കോറോണക്കാലത്തെ കുട്ടിക്കാലം!

കുഞ്ഞുമക്കൾക്ക് ഇത് കൊറോണകാലം മാത്രമല്ല, അവർ ഏറെ സന്തോഷിച്ചു കാത്തിരുന്ന അവധിക്കാലം കൂടിയാണ്! പക്ഷെ ഇത്തവനത്തെ അവധിക്കാലത്തിന്‌ പ്രത്യേകതകൾ ഏറെയായിപ്പോയി അല്ലെ? ഒന്നാമത് വളരെ മുമ്പേ തുടങ്ങി. ഏകദേശം മൂന്നു മാസക്കാലം ഇനി അവധി! പക്ഷെ അതിന്റെ പ്രശ്നമോ?! ഈ കാലത്തു ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി പോയി എന്നത് തന്നെ! ഏഴാം ക്ലാസ് വരെയുള്ള നമ്മുടെ മക്കൾ വീടുകളിലായി ഒതുങ്ങുകയാണ് ഇപ്പോൾ അല്ലെ? ഒന്ന് പുറത്തിറങ്ങാൻ പറ്റുന്നില്ല, കളിയ്ക്കാൻ അച്ഛനമ്മമാർ വിടുന്നുണ്ടാകില്ല അങ്ങനെ, അങ്ങനെ… ഈ അവധിക്കാലം കുട്ടികളെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമാകില്ല എന്നുറപ്പാണ്. ചില നിയന്ത്രണങ്ങൾ അനിവാര്യമായതു കൊണ്ട് തന്നെ നമുക്ക് അനുസരിച്ചേ മതിയാകൂ. എങ്കിൽ കൂടിയും കുട്ടികളെ കുറച്ചു കൂടി ഉന്മേഷവാന്മാരാക്കാൻ നമുക്കെന്ത് ചെയ്യാമെന്ന് ഒന്ന് നോക്കാം.

ക്രിയാത്മകമായി എന്ത് ചെയ്യാം?

എൽ.കെ.ജി / യു.കെ.ജി പ്രായത്തിലുള്ള മക്കൾ:

പലരും ചെയ്യാറുള്ളത് ഒരു ടി.വി. ഓൺ ചെയ്തു കൊടുത്ത അവനവന്റെ ജോലികളിൽ മുഴുകുകയാണ്. ഈ മൂന്നു മാസം നിങ്ങൾ ഇതാണ് ചെയ്യുന്നതെങ്കിൽ അതിനു ശേഷവും കുഞ്ഞു ചെയ്യുന്നത് അത് തന്നെയായിരിക്കും! അപ്പോൾ പരാതിപ്പെട്ടു കാര്യമില്ല എന്ന് സാരം. കാരണം ശീലങ്ങൾ ഉണ്ടായിവരുന്ന പ്രായമാണിത്. ഈ സമയത് അവരുടെ ശ്രദ്ധ എന്നതിലേക്ക് തിരിച്ചു വിടുന്നു, അതുപോലിരിക്കും അവരുടെ ഭാവി പ്രവർത്തനങ്ങളും. അതുകൊണ്ടു ടി.വി. , മൊബൈൽ എന്നിവയിൽ നിന്നും അവരെ അകറ്റി നിർത്താൻ ഈ സമയത് നാം പ്രത്യേകം ശ്രദ്ധിക്കണം.

പിന്നെന്തു ചെയ്യും എന്നത് വലിയൊരു ചോദ്യം തന്നെയാണ് എന്ന് സമ്മതിക്കുന്നു. അതിനു നമ്മൾ കൂടി കുറച്ചു കഷ്ടപെടണം. നമ്മുടെ കുറച്ചു സമയം അവർക്കായി കൊടുക്കണം.

  1. ചെറിയ കഥാപുസ്തകങ്ങൾ അവർക്കായി വായിച്ചു കൊടുക്കാം. പഞ്ചതന്ത്രകഥകൾ, ഈസോപ്പ് കഥകൾ പോലൊക്കെയുള്ള ഗുണപാഠകഥകൾ അവയിൽ ഉൾപ്പെടുത്താം. ഇത് അവരിൽ സത്ചിന്തകൾ ഉണർത്തുമെന്നതിൽ സംശയമില്ല.
  2. ചിത്രം വരക്കാനുള്ള ഒരു പുസ്തകവും കുറച്ചു കളർ പെന്സിലുകളും വാങ്ങികൊടുക്കാം. അവർ കാണുന്ന എന്തും വരക്കട്ടെ! ഓരോ വര കഴിയുമ്പോഴും നിങ്ങൾ അവരെ പ്രാത്സാഹിപ്പിച്ചു കൊണ്ടിരിക്കുക. മെച്ചപെടാനുള്ള നിങ്ങളുടെ നിർദ്ദേശങ്ങൾ സ്നേഹത്തോടെ പറഞ്ഞു കൊടുക്കുക.
  3. ചിത്രങ്ങൾ കളർ ചെയ്യുവാനുള്ള പുസ്തകങ്ങളും വാങ്ങി കൊടുക്കാം. ഇതെല്ലം അവരുടെ ഭാവനശക്തിയെ ഉണർത്തുന്നതാണ്. വാട്ടർ കളറുകളുമാകാം. കുറച്ചൊക്കെ വീട് അലങ്കോലമാകും കേട്ടോ. സാരമില്ലെന്നെ.
  4. പിന്നെ അവരെ നിങ്ങൾ ചെയ്യുന്ന പണികളിൽ കൂടി പങ്കാളികളാക്കാം. ഉദാഹരണത്തിന് നിങ്ങൾ വീട് വൃത്തിയാക്കുക ആണെന്ന് കരുതുക. അവർ കൂടി കൂടട്ടെ! ഭാവിയിലും സ്വന്തം സ്ഥലവും സാധനസാമഗ്രികളും വൃത്തിയാക്കി വാക്കാണ് ഇത് അവരെ സഹായിക്കും. അത് മാത്രമല്ല അത് സ്വന്തം ഉത്തരവാദിത്തമാണെന്ന് കൂടി അവർക്ക് മനസ്സിലാകും. ഇതിൽ ഒരു ആൺ/ പെൺ വ്യത്യാസവുമില്ല കേട്ടോ. അവർക്ക് ചെയ്യാൻ സാധിക്കുന്ന കുഞ്ഞു കുഞ്ഞു ജോലികൾ അവരെ ഏല്പിക്കുക. ഇത്തവർക്ക് ഉത്തരവാദിത്തബോധം നൽകും.
  5. ചെറിയ പൂന്തോട്ടമോ പച്ചക്കറി തോട്ടമൊ ഒക്കെ ഉണ്ടാക്കാം. അവർ മണ്ണിലിറങ്ങി ശീലിക്കട്ടെ. ഒരു ചെറിയ ജൈവകൃഷി നമ്മുടെ ടെറസ്സിലോ അടുക്കളഭാഗത്തോ അവരെക്കൂടി കൂട്ടി തുടങ്ങുക. പ്രകൃതിയോട് അവരെ അടുപ്പിക്കുക. ദിവസവും അവയെ വെള്ളമൊഴിക്കാനും പരിപാലിക്കാനും പരിശീലിപ്പിക്കുക. ആ ജോലി അവരെ ഏല്പിക്കുക. അതിൽ നിന്നുമുണ്ടാകുന്ന വിളവ് കാണുമ്പോൾ അവരുടെ മുഖത്തെ സന്തോഷം ഒന്ന് സങ്കല്പിച്ചു നോക്കിയേ!
  6. കമ്പ്യൂട്ടർ ഗെയിം, മൊബൈൽ ഗെയിം എന്നിവയിൽ നിന്ന് അവരെ അകറ്റി നാം പണ്ട് കളിച്ചിരുന്ന കളികളിലേക്ക് കൊണ്ട് വരാൻ ഒന്ന് ശ്രമിക്കാവുന്നതാണ്. ഓലകൾ കൊണ്ടുണ്ടാക്കുന്ന കളിപ്പാട്ടങ്ങളും മണ്ണപ്പവുമൊക്കെ തിരിച്ചു വരട്ടെ അല്ലെ? കുട്ടികളുടെ സുരക്ഷാ അപ്പോഴും ശ്രദ്ധിക്കണമെന്ന് പ്രത്യേകം പറയേണ്ടല്ലോ. പൊന്തക്കാടുകളിലേക്കും വിജനമായ സ്ഥലത്തേക്കുമൊന്നും അവർ പോകാതെ ഒരു കണ്ണ് എപ്പോഴും വേണം.
  7. ഇന്നത്തെ ഏറ്റവും വലിയ ഒരു പ്രശനം തൊട്ടടുത്ത വീട്ടിലെ കുട്ടികൾക്ക് വരെ പരസ്പരം അറിയില്ല എന്നതാണ്. അയല്പക്കത്തിലെ മൂന്നോ നാലോ വീട്ടിലെ സമപ്രായക്കാർ ഒരുമിക്കുന്നത് നല്ല ഒരു തുടക്കമായിരിക്കും. ഓരോ ദിവസവും ഓരോ വീട്ടിൽ ആയാൽ അത്രയും നല്ലത്. കൂടുതൽ പേര് ഒത്തുകൂടുന്നത് ഈ സമയത് അഭികാമ്യമല്ലെങ്കിലും മൂന്നോ നാലോ പേര് ഒരുമിച്ചു കളിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇതിൽ ആർകെങ്കിലും ചുമയോ പനിയോ ഒക്കെ ഉണ്ടെങ്കിൽ മാറി നിൽക്കണം. അത്രേയുള്ളു.

കുറച്ചുകൂടി മുതിർന്ന കുട്ടികൾക്കോ?

ഒരു പത്തു വയസ്സിനു മുകളിലാണെങ്കിലും മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ബാധകമാണ്. അവർക്ക് നമ്മൾ കഥാപുസ്തകങ്ങൾ വായിച്ചു കൊടുക്കേണ്ട കാര്യമൊന്നുമില്ലല്ലോ. കുറെയൊക്കെ കാര്യങ്ങൾ അവർ സ്വയം ചെയ്തു കൊള്ളും. നമ്മുടെ പണി കുറവാണു ഒരു പരിധി വരെ.

പക്ഷെ ഇക്കൂട്ടരെ മുഴുവനായും മൊബൈലിൽ നിന്നും ടി.വി. യിൽ നിന്നും അകറ്റി നിർത്തൽ പ്രയോഗികമാകണമെന്നില്ല. അതൊക്കെ അവരുടെ ശീലമായി മാറിയിട്ടുണ്ടാകും ഇപ്പോഴെക്കും. അതുകൊണ്ടു തന്നെ ഒഴിവാക്കണമെന്നില്ല. പക്ഷെ ഒരു നിശ്ചിത സമയം മാത്രം അതിനായി മാറ്റി വക്കുക. ഒരു ദിവസം ഒരു മണിക്കൂർ എന്നോ മറ്റോ. ഒരിക്കലും അമിതമാകരുത്.

വായനാശീലം വളർത്തുക – ഇവർക്കും വായിക്കാനുള്ള പുസ്തകങ്ങൾ കൊടുക്കാം. അവരുടെ അഭിരുചി കൂടി പരിഗണിക്കണമെന്ന് മാത്രം. അതനുസരിച്ചു സാഹിത്യമോ കഥകളോ ചെറിയ നോവലുകളോ ഒക്കെയാവാം. പുസ്തകങ്ങളെ അവരുടെ കൂട്ടുകാരാക്കാനുള്ള ഒരു നല്ല അവസരമാണിത്. നല്ല പുസ്തകങ്ങളെ അവർക്ക് പരിചയപ്പെടുത്താനും. നാട്ടിലെ ലൈബ്രറിയിൽ അംഗത്വമുണ്ടെങ്കിൽ അവരെയും അതിലേക്ക് കൊണ്ടുവരാം. അവിടെ ഇരുന്നു വായിക്കാതെ വിവിധ പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ട് വരാമല്ലോ.

ദിവസവും ഒരു വിഷയം വായിക്കാൻ പറയുന്നത് നല്ല ആശയമായിരിക്കും. അതിനെ കുറിച്ച് അവർക്ക് വേണമെങ്കിൽ ഇന്റർനെറ്റിൽ സെർച്ച് ചെയ്യാം. അപ്പോൾ കമ്പ്യൂട്ടർ ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല എന്ന പരാതിയും മാറും! എന്നാൽ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള നല്ല ആക്ടിവിറ്റികൾക്കാണ് താനും! ഉദാഹരണത്തിന് ” കൊറോണ വൈറസ് ” എന്ന ഒരു വിഷയം കൊടുക്കൂ. അവർ അതിനെ വാചകങ്ങൾ ഉണ്ടാക്കട്ടെ. പറ്റുമെങ്കിൽ വൈകീട്ട് അവർ ശേഖരിച്ച വിവരങ്ങൾ നിങ്ങളുടെ മുമ്പിൽ ഒരു ലഖു പ്രസംഗം പോലെ പറയട്ടെ. ഇത് കൊണ്ട് പല ഗുണങ്ങളുണ്ട്. കുട്ടികളുടെ പൊതു വിജ്ഞാനം കൂടും. അവർക്ക് മടി കൂടാതെ നാല് പേരുടെ മുമ്പിൽ സംസാരിക്കാനുള്ള ആത്മ വിശ്വാസവും ലഭിക്കും. പറ്റുമെങ്കിൽ ഒരു ചെറിയ പുസ്തകത്തിൽ അവർ ഓരോ വിഷയത്തെ കുറിച്ചും ശേഖരിക്കുന്ന വിവരങ്ങൾ കുറിച്ചിടുവാൻ പറയുക. അത് ഭാവിയിൽ ഗുണം ചെയ്യും.

വീട്ടിലെ ജോലികളുടെ ഉത്തരവാദിത്തം ഇവർക്കും കൊടുക്കണം , മുകളിൽ പറഞ്ഞ പോലെ തന്നെ. പ്രായത്തിനനുസരിച്ചു ഏല്പിക്കുന്ന ജോലികളുടെ ഗൗരവവും മാറ്റാം. സ്വന്തം കാര്യങ്ങൾ നോക്കാൻ അവരെ പതുക്കെ പ്രാപ്തരാക്കണം.

മുതിർന്ന കുട്ടികളെ , ആൺകുട്ടികളെയും പെൺകുട്ടികളെയും , അടുക്കളയിൽ കയറ്റി ശീലിപ്പിക്കുന്നതും നല്ലതു തന്നെ. അത്യാവശ്യത്തിനു സ്വയം പാകം ചെയ്യാൻ എല്ലാ കുട്ടികളും അറിഞ്ഞിരിക്കണം. അത് കൂടാതെ അമ്മയെ അടുക്കളയിൽ സഹായിക്കുന്നത് അടുക്കളപ്പണി എന്തോ മോശം ജോലിയാണെന്ന് ധാരണയും മാറ്റും! ഇതെല്ലം സ്ത്രീകൾക്ക് മാത്രം പറഞ്ഞ പണികളെല്ലെന്നും, പരസ്പരം സഹായിച്ചാണ് വീട്ടിലെ എല്ലാ ജോലികളും എടുക്കേണ്ടതെന്നുമുള്ള വലിയൊരു പാഠം ഇത് ആൺകുട്ടികളെ പഠിപ്പിക്കും. അടുക്കളയിലെ പാത്രം കഴുകലും വൃത്തിയാക്കളുമെല്ലാം അവർ ചെയ്തു പഠിക്കട്ടെ !

പച്ചക്കറിത്തോട്ടവും പൂന്തോട്ടവുമൊക്കെ ഇവർക്കും പയറ്റാം കേട്ടോ! മുതിർന്ന കുട്ടികളായത് കൊണ്ട്, ഹോബ്ബികൾ ഉണ്ടാകാൻ സാധ്യത ഉണ്ടല്ലോ. ഇല്ലെങ്കിൽ അവരുടെ അഭിരുചി അനുസരിച്ചു ഒന്ന് തുടങ്ങാൻ നിർദ്ദേശിക്കാം. വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാം.

ചില കുട്ടികൾ അനാവശ്യമായി ഭീതിയിൽ കൂടി ആണെന്ന് ഞാൻ ശ്രദ്ധിക്കുകയുണ്ടായി. നിപ, പ്രളയം, ഇപ്പോൾ കൊറോണ…! അവരെ സമാധാനമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം. ആർകെങ്കിലും അമിതമായി ഭയപ്പാടുണ്ടെങ്കിൽ അതിനു വേണ്ട കൗൺസിലിങ് കൊടുക്കാൻ മറക്കല്ലേ. കുട്ടികളാണെങ്കിലും അവർക്കും അവരുടേതായ ആശങ്കകൾ കാണാം. അവയെ അവഗണിക്കരുത്.

അങ്ങിനെ ഒക്കെ നമ്മുടെ കുട്ടികൾ സന്തോഷത്തോടെ ക്രിയാത്മകമായി ഈ “കൊറോണ അവധി” ആഘോഷിക്കട്ടെ! ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു, ഈ അവധി നമുക്ക് ട്രിപ്പ് പോവാനോ ചുറ്റി നടക്കാനോ ഉള്ളതല്ല. സുരക്ഷിതരായി വീട്ടിൽ ഇരിക്കാനാണ്! അതുകൊണ്ടു നമ്മുടെ കുട്ടികൾ വീട്ടിലിരിക്കട്ടെ, പക്ഷെ അതെ സമയം അവരുടെ വിലപ്പെട്ട സമയം മൊബൈലിലും ടി.വി. യുടെ മുമ്പിലും നശിപ്പിക്കാതിരിക്കട്ടെ!

Home of Dr Soumya sarin’s Healing Tones

Scroll to Top