കൊറോണ വൈറസ് ബാധ – നിങ്ങൾ ചെയ്യെണ്ടത് ഇത്രമാത്രം!

ഡോക്ടറെ, ഈ കൊറോണ പകരാതിരിക്കാൻ എന്ത് ചെയ്യണമെന്ന് ഒന്ന് സിംപിൾ ആയി പറഞ്ഞു തരാമോ?

ഇപ്പോൾ പലരിൽ കേൾക്കുന്നതാണ്. അധിക പേർക്കും ഇതൊക്കെ അറിയാമെന്നു മനസിലാക്കുന്നു. എങ്കിലും ഇക്കാര്യങ്ങൾ എത്ര പറഞ്ഞാലും കൂടുതലാവില്ല എന്നതാണ് സത്യം!

  1. COVID 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്ന്‌ വരുന്നവർ ദിശ നമ്പറിൽ (1056) വിളിച്ചു റിപ്പോർട്ട് ചെയ്യണം. ഒരിക്കലും പൊതു ഗതാഗതമോ പൊതു ഇടങ്ങളോ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആശുപത്രിയിൽ നേരിട്ട് പോകാതെ അധികൃതരുമായി ഫോണിൽ ബന്ധപെടുക. അവർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക.
  2. ഹോം ഐസൊലേഷൻ നിർദ്ദേശിക്കപ്പെട്ടവർ ദയാവുചെയ്ത് അത് ഗൗരവമായി കാണുക. വീട്ടിൽ വായുസഞ്ചാരമുള്ള ഒരു മുറിയിൽ സ്വയം ഒതുങ്ങി ജീവിക്കുക. അത് മിനിമം 14 ദിവസമെങ്കിലും വേണ്ടി വന്നേക്കാം. വീടിനു പുറത്തിറങ്ങി നടക്കരുത്. വീട്ടിലുള്ളവരുമായും സമ്പർക്കം പരമാവധി കുറക്കണം. വ്യക്തിശുചിത്വം നിർബന്ധമായും പാലിക്കണം.
  3. നാട്ടിലുള്ളവർ തിരക്കുകളിൽ നിന്ന്‌ സ്വയം ഒഴിഞ്ഞു നിൽക്കുക. അനാവശ്യമായി യാത്ര ചെയ്യരുത്. ആശുപത്രി സന്ദർശനങ്ങൾ കഴിവതും ഒഴിവാക്കണം. അത്യാവശ്യ സാധനങ്ങളെല്ലാം വീടുകളിൽ വാങ്ങി സൂക്ഷിക്കുക. എല്ലാ ആഘോഷപരിപാടികളും തത്കാലത്തേക്ക് മാറ്റിവെക്കുക.

corona1 

ഇത് എന്ത് കൊണ്ട് പറയുന്നു എന്ന് വെച്ചാൽ നമുക്കറിയില്ല നമ്മുടെയിടയിൽ ഈ വൈറസ് കയറിക്കൂടിയ മനുഷ്യരുണ്ടോയെന്ന്. കയറിയ മനുഷ്യർക്കും അറിയില്ല. എന്നാൽ ഈ വൈറസിന് ആ സമയത്തും കൃത്യമായി വേറൊരാളിലേക്ക് ഈ രോഗം പടർത്താൻ അറിയാം! അതായത് ലക്ഷണമില്ലാത്തവർക്കും ഈ വൈറസിനെ മറ്റൊരാളിലേക്ക് പടർത്താൻ കഴിയും. അതുകൊണ്ടു തന്നെ ആൾക്കൂട്ടത്തെ ഒഴിവാക്കലെ ഏക മാർഗമുള്ളൂ.

  1. വ്യക്തിശുചിത്വം പാലിക്കുക. ഇടക്കിടക്ക് സോപ്പും വെള്ളവുമുപയോഗിച്ചു കൈ കഴുകുക. പുറത്തുപോയി തിരികെ വന്നാൽ, ചുമക്കുമ്പോൾ കൈകൾ അബദ്ധത്തിൽ വൃത്തികേടായാൽ, ചുമയുള്ള ഒരു രോഗിയുമായി സമ്പർക്കത്തിൽ വന്നാൽ, ഒരു ബസ് ഇൽ യാത്ര കഴിഞ്ഞാൽ,ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ്, കഴിച്ചതിനു ശേഷം…. അങ്ങിനെ എല്ലാ സന്ദർഭങ്ങളും കൈകൾ വൃത്തിയാക്കികൊണ്ടേ ഇരിക്കുക. കാരണം നമ്മുടെ കൈകളാണ് പ്രധാനമായും ഈ വൈറസുകളുടെ വാഹകരായി പ്രവർത്തിക്കുന്നത്.
  2. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല/ tissue ഉപയോഗിക്കുക. ഇല്ലെങ്കിൽ കൈമുട്ടിലേക്ക് തുമ്മുക/ ചുമക്കുക. ഉടൻ തന്നെ കൈ കഴുകുക. ഉപയോഗിച്ച തൂവാല disinfectant ഉപയോഗിച്ച് കഴുകുക. tissue പേപ്പർ വലിച്ചെറിയാതെ നിർമാർജനം ചെയ്യുക.
  3. ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന/ തൊടുന്ന ലിഫ്റ്റിന്റെ ബട്ടൺ/ കൈവരികൾ/ ബസ്സിലെ കമ്പികൾ/ atm മെഷീനുകൾ എന്നിവ തൊട്ടാൽ ഉടൻ തന്നെ കൈ കഴുകുക. കാരണം ഇവയിൽ വൈറസുകൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
  4. കൈകഴുകുമ്പോൾ ഉൾഭാഗം, പുറംഭാഗം, വിരലുകൾക്കിട, തള്ളവിരൽ, നഖങ്ങൾ, വിരലുകളുടെ അഗ്രഭാഗം, കൈത്തണ്ട എന്നീ ഭാഗങ്ങൾ വൃത്തിയായി കഴുകണം.
  5. ഇടക്കിടക്ക് മുഖത് തുടരുത്. കാരണം നമ്മുടെ കണ്ണുകൾ, മൂക്ക്, വായ എന്നീ അവയവങ്ങളിൽ ശ്ലേഷ്‌മപടലത്തിലൂടെ (മ്യൂക്കസ് membrane ) ഈ വൈറസിന് എളുപ്പത്തിൽ നമ്മുടെ ശരീരത്തിൽ കയറാനാകുമെന്നത് തന്നെ!

corona2

ഒരു കാര്യ കൂടി. ഈ വൈറസ് ഏറ്റവും മോശമായി ബാധിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവർ ഇവരൊക്കെയാണ്
  1. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ
  2. പ്രമേഹം , രക്തസമ്മര്ദം എന്നീ പ്രശ്നങ്ങൾ ഉള്ളവർ
  3. വൃക്കരോഗമുള്ളവർ
  4. കരൾരോഗമുള്ളവർ
  5. ഹൃദ്രോഗികൾ
  6. ക്യാൻസർ രോഗികൾ
  7. കീമോതെറാപ്പി / റേഡിയേഷൻ എന്നിവ കിട്ടുന്നവർ
  8. ഗർഭിണികൾ
  9. അവയവം മാറ്റി വെച്ചവർ
  10. എയ്ഡ്സ് രോഗികൾ
  11. സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ
  12. മറ്റു പ്രതിരോധശേഷി കുറവുള്ളവർ

ഇവരെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചുമയും തുമ്മലും പനിയുമൊക്കെ ഉള്ളവർ ഇവരുമായി സമ്പർക്കം പരമാവധി ഒഴിവാക്കണം. ഇവരുടെ ഈ സമയത്തെ ആശുപത്രി സന്ദർശനങ്ങളും പറ്റുമെങ്കിൽ ( എമർജൻസി ഒഴികെ) ഒഴിവാക്കുക. ഡോക്ടറുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുക.

പിന്നെ രോഗപ്രതിരോധശേഷി കൂട്ടാൻ എന്ത് ചെയ്യണം എന്ന സംശയം അല്ലെ? ഒരു കാര്യം മനസിലാക്കൂ, നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടാൻ നമുക്ക് മാത്രമേ സാധിക്കൂ.. ഒരു മരുന്നിനും കഴിയില്ല. വ്യക്തിശുചിത്വം, സമീകൃതമായ ഭക്ഷണശീലം, വ്യായാമം എന്നിവയാണ് അതിന്റെ ആണിക്കല്ലുകൾ. ലഹരിപദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കുക. പഴങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തുക. പുറത്തു നിന്നുള്ള ജങ്ക് ഫുഡ് ഒഴിവാക്കുക എന്നിവ കൂടി ശ്രദ്ധിക്കണം.

അവസാനമായി ഒരു വാക്ക് കൂടി, ഹോം ഐസൊലേഷനിൽ കഴിയുന്ന വിദേശങ്ങളിൽ നിന്ന്‌ വന്നവർ നമ്മുടെ സഹോദരങ്ങളാണ്! അവർ നമുക്ക് വേണ്ടിയാണ് ഈ ത്യാഗം ചെയ്യുന്നത്. അവരെ ഒറ്റപെടുത്തരുത്!! കുത്തി നോവിക്കരുത്! അവരെ ഫോണിലൂടെ വിളിച്ചു ആശ്വസിപ്പിക്കാൻ. നമ്മുടെ നന്ദി അറിയിക്കാം!

 

ഇത് സംബന്ധിച്ച എന്ത് സഹായത്തിനും വിളിക്കാം ഈ നമ്പറിൽ

8553449241 / 9961015101

എന്തിനും നിങ്ങളിൽ ഒരാളായി ഈ ഡോക്ടർ കൂടി ഉണ്ടാകും എന്ന വാക്കോടെ

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top