ഏറ്റവും കൂടുതൽ ചൂഷണങ്ങൾ നടക്കുന്ന ഒരു മേഖലയാണ് കുട്ടികളിലെ അലര്ജി. പലപ്പോഴും കുട്ടികളിലെ അലര്ജി/ വലിവ് മാതാപിതാക്കൾക്കൊരു പേടിസ്വപ്നമാണ് . അതുകൊണ്ടു തന്നെ അവർ പല കെണികളിലും ചെന്ന് വീഴുകയും ചെയ്യും.
കുട്ടിക്ക് വലിവ് / ശ്വാസം മുട്ടലാണെന്നു കേൾക്കാൻ സാധാരണയായി ഒരു അച്ഛനുമമ്മയും ഇഷ്ടപെടാറില്ല. ശെരി തന്നെ. അതുകൊണ്ടു തന്നെ പല ഡോക്ടർമാരും ഇത് തുറന്നു പറയാൻ മടിക്കുന്നതായി കാണാറുണ്ട്. എന്തിനാണ് വെറുതെ അവരെ മുഷിപ്പിക്കുന്നതെന്നു കരുതിയിട്ടാകാം. ഒരു ഡോക്ടറെന്ന നിലയിൽ കുട്ടിക്ക് ശ്വാസം മുട്ടലാണെന്നു തുറന്നു പറഞ്ഞതിന്റെ പേരിൽ പിന്നീട് ഒരിക്കലും കാണാൻ വരാതിരുന്ന മാതാപിതാക്കളെ എനിക്കും അറിയാം. പക്ഷെ അതൊന്നും ഇത് അവരെ അറിയിക്കുന്നതിന് തടസ്സമാകരുത്. എന്തൊക്കെ ലക്ഷണങ്ങൾ ആണ് കുട്ടികളിലെ അലര്ജി/ ആസ്ത്മ ക്കു ഉണ്ടാവുകയെന്ന് മുന്നത്തെ ലക്കങ്ങളിൽ നമ്മൾ ചർച്ച ചെയ്തതാണ്. അപ്പോൾ ഇപ്പറഞ്ഞ ലക്ഷണങ്ങളുമായി വരുന്ന ഒരു കുട്ടിയുടെ അച്ഛനമ്മമാരോട് തൻ സംശയിക്കുന്ന പ്രശനം ഈ കുട്ടിയിൽ വലിവ് ആണ് എന്ന് തുറന്നു പറയുന്നത് തന്നെയാണ് ചികിത്സയുടെ ആദ്യത്തെ കടമ്പ.
വിശദമായ കൗൺസിലിങ് :
ഇത് കുട്ടിക്കല്ലാ കേട്ടോ. അച്ഛനുമമ്മക്കുമാണ്.അല്ലെങ്കിൽ അവർ നിങ്ങൾ കൊടുക്കുന്ന ഒരു ചികിത്സയും വിധത്തിൽ കൊണ്ടുപോകില്ല. നമ്മൾ മുന്നത്തെ ലക്കങ്ങളിൽ ചർച്ച ചെയ്ത കാര്യങ്ങളെല്ലാം വിശദമായി ലളിതമായ ഭാഷയിൽ അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. അവരുടെ ആധികളും സംശയങ്ങളും ക്ഷമയോടെ കേട്ട് ദൂരീകരിക്കണം. ഇല്ലെങ്കിൽ മറ്റു കേട്ട് അവർ നമ്മൾ നൽകുന്ന ചികിത്സ പാതി വഴിയിൽ ഉപേക്ഷിക്കും. അതുകൊണ്ടു തന്നെ കൗൺസിലിങ് ആസ്ത്മയുടെ ചികിത്സയിലെ പ്രധാന ഭാഗമാണ്.
ആർക്കാണ് സ്ഥിരചികിത്സ ആവശ്യമായി വരുന്നത്?
കുട്ടികളുടെ ദൈനം ദിനജീവിതത്തിനെ ബാധിക്കുന്ന എന്ത് തരാം വലിവുകൾക്കും സ്ഥിരചികിത്സ ആവശ്യമാണ്. അതായത്,
- സ്കൂളിൽ ഇടക്കിടക്ക് ലീവ് ആകുക
- ഒട്ടും തന്നെ കളിക്കാനോ മറ്റു ആക്ടിവിറ്റികൾക്കോ സാധിക്കാതെ വരിക. അതായതു നൃത്തം ഇഷ്ടമുള്ള കുട്ടിക്ക് അതിനു പറ്റാതെ വരിക, അല്ലെങ്കിൽ കരാട്ടെ പഠിക്കുന്ന കുട്ടിക്ക് അതിനു സാധിക്കാതെ വരിക
- രാത്രി വലിവ് കാരണം ഒട്ടും തന്നെ ഉറക്കം കിട്ടാതിരിക്കുക.
- ഒരു മാസത്തിൽ തന്നെ രണ്ടിലധികം തവണ വലിവ് വരിക.
- ഐ.സി.യു വിൽ വലിവ് അധികമായി അഡ്മിറ്റ് ചെയേണ്ടി വരിക.
ചുരുക്കി പറഞ്ഞാൽ ഒരു കുട്ടിക്ക് അവന്റെ/ അവളുടെ കുട്ടിക്കാലം ആസ്വദിക്കാൻ പറ്റാതെ ഈ രോഗം അലട്ടുന്നുവെങ്കിൽ നിർബന്ധമായും നാം അവർക്ക് സ്ഥിരചികിത്സ തുടങ്ങേണ്ടതാണ്.
ഏതെല്ലാം കുട്ടികൾക്ക് ഇതാവശ്യമില്ല?
- ഒരു വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രം
- കാലാവസ്ഥ മാറുമ്പോൾ മാത്രം
- എന്തെങ്കിലും ട്രിഗറുകൾ (പൊടി, പുക… എന്നിവ – കഴിഞ്ഞ ലേഖനത്തിൽ, വിശദീകരിച്ചിട്ടുണ്ട്) ഉള്ളപ്പോൾ മാത്രം
ഇത്തരത്തിൽ കുട്ടിയുടെ ജീവിതത്തിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാതെ ഉള്ള വലിവിനെ നമുക്ക് അവഗണിക്കാം. അത് വരുമ്പോൾ മാത്രം ചികിൽസിച്ചാൽ മതി.
സ്ഥിരചികിത്സ എന്ത്? എന്തിനു?
സാധാരണയായി ഇൻഹേലറുകളാണ് സ്ഥിരചികിത്സക്കായി ഉപയോഗിക്കുന്നത്. അതിൽ തന്നെ രണ്ടു വിധമുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ട്.
- വലിവിനെ പ്രതിരോധിക്കാനുള്ള മരുന്ന് (സ്റ്റിറോയ്ഡ്)
- വലിവ് വരുമ്പോൾ ഉപയോഗിക്കാനുള്ളത് (അസ്തലിൻ പോലെയുള്ളത്)
വലിവിനെ പ്രതിരോധിക്കുന്ന സ്റ്റിറോയ്ഡ് ഇൻഹേലറുകൾ ചെയ്യുന്നത് – കുറെ വലിവ് സഹിച്ചു ക്ഷീണിച്ച നമ്മുടെ മക്കളുടെ ശ്വാസകോശത്തിനു ഒരു പുതുജീവൻ നൽകലാണ്. ഓരോ തവണ വലിവ് വരുമ്പോഴും നമ്മുടെ കുട്ടികളുടെ ശ്വാസകോശത്തിന് ചെറുതെങ്കിലും ഒരു കേടുപാട് വരുത്തുന്നുണ്ട്. ഓരോ തവണ വരുമ്പോഴും ഇത് കൂടി കൂടി വരുന്നു. കുറച്ചു കഴിയുമ്പോൾ ശ്വാസകോശത്തിന്റെ ഘടന സാധാരണയുള്ളതിൽ നിന്ന് മാറി ഒരു ആസ്ത്മ രോഗിയുടേത് പോലെ വീർത്തതായി മാറുന്നു. പിനീട് അവയെ നോർമൽ ഘടനയിലേക്കു തിരിച്ചു കൊണ്ട് വരിക ബുദ്ധിമുട്ടാണ്. സിറോയ്ഡ് ഇൻഹേലറുകൾ ചെയ്യുന്നത് ഈ കേടുപാടുകൾ ശെരിയാക്കലാണ്. പതിയെ ഈ ശ്വാസകോശങ്ങൾ അവർ നോർമൽ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ട് വരുന്നു. അങ്ങനെ പതിയെ വലിവിന്റെ ആക്രമണത്തിന്റെ അളവ് കുറയുന്നു.
അസ്തലിൻ പോലെയുള്ള മരുന്നുകൾ ചെയ്യുന്നത് പെട്ടെന്നുണ്ടാകുന്ന വലിവിനെ ചികില്സിക്കലാണ്. ഇത് ഒരിക്കലും പിനീടുള്ള വലിവിന്റെ ആക്രമണത്തെ തടയുകയില്ല. സ്ഥിര ചികിത്സ വേണ്ടാത്ത കുട്ടികൾക്ക് ഇത്തരം മരുന്നുകൾ മാത്രം മതിയാകും. കാരണം അവർക്ക് വലിവ് വരുന്ന തവണകൾ കുറവായതു കൊണ്ട് ശ്വാസകോശത്തിന് കാര്യമായ കേടുപാടുകൾ ഉണ്ടായിക്കാണില്ല.
ഈ മരുന്നുകൾ എന്തിനു തുടങ്ങണം എന്നുള്ളതിന് ഒരു ഉത്തരം കൂടിയുണ്ട്. അത് നമ്മുടെ മക്കളുടെ സന്തോഷമാണ്.
ഞാൻ മുകളിൽ പറഞ്ഞപോലെ ഇടക്കിടക്ക് വലിവ് വരുന്ന കുട്ടികളുടെ ജീവിതം നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ശെരിക്കും കഷ്ടമാണ്.അവരുടെ മാത്രമല്ല, അവരുടെ അച്ഛനമ്മമാരുടെയും. അവർക്ക് പലപ്പോഴും ഇഷ്ടപെട്ട ഭക്ഷണം കഴിക്കാൻ സാധിക്കില്ല, ഒന്ന് പുറത്തു കളിയ്ക്കാൻ പോകാൻ പറ്റില്ല, ഇഷ്ടമുള്ള സ്പോർട്സ് ഇനങ്ങളിൽ പങ്കെടുക്കാൻ പറ്റില്ല, ഒരു ഡാൻസ് കളിയ്ക്കാൻ പറ്റില്ല. എപ്പോഴും അച്ഛനമ്മമാരുടെ കർക്കശനിയന്ത്രണങ്ങളിലാകും അവരുടെ ജീവിതം. ഇത് കുട്ടികളിൽ വല്ലാത്ത ഒരു അവസ്ഥ തന്നെ ഉണ്ടാക്കുന്നതായി കാണാറുണ്ട്. പലപ്പോഴും അവർ വിഷാദരോഗത്തിലേക്കു വഴുതിവീഴാം, അല്ലെങ്കിൽ അകാരണമായി ദേഷ്യപ്പെടാം, വലുതാകുന്തോറും അവർക്ക് ജീവിതത്തോട് തന്നെ ഒരു തരാം വിരക്തി തോന്നി തുടങ്ങാം. കാരണം സ്വാതന്ത്ര്യമാണല്ലോ പരമപ്രധാനം?! അത് കൊണ്ട് തന്നെ അവർക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള ഒരേ ഒരു വഴി വലിവിന്റെ കൃത്യമായ ചികിത്സയാണ്.
മാനസികമായ വളർച്ച മാത്രമല്ല, ശാരീരികമായ വളർച്ചയും ഇവരിൽ ബാധിക്കപെടും. മറ്റു കുട്ടികളെ അപേക്ഷിച്ചു തൂക്കവും ഉയരവുമെല്ലാം വലിവുള്ള കുട്ടികളിൽ കുറവയാണ് കാണാറുള്ളത്. ഇതും ‘ എന്തിനു കൃത്യമായ ചികിത്സ നൽകണം?’ എന്നതിന്റെ ഉത്തരമാണ്. കൃത്യമായ ചികിത്സ കിട്ടുന്ന കുട്ടികൾ സാധാരണ കുട്ടികളെ പോലെ നല്ല രീതിയിൽ വളരുന്നത് നമ്മൾ എത്രയോ കാണുന്നതാണ്.
അപ്പോൾ എന്താണ് ഇടവിട്ട് വരുന്ന വലിവിന്റെ കൃത്യമായ ചികിത്സാരീതിയെന്നു മനസ്സിലായല്ലോ. ഇപ്പോൾ നിങ്ങളുടെ മനസ്സിലുള്ള ചോദ്യം ഞാൻ പറയാം, “ഈ സ്റ്റിറോയ്ഡ് ഇൻഹേലറുകൾ പ്രശ്നമാണെന്നാണല്ലോ കേട്ടിരിക്കുന്നത്? പിന്നെന്താ ഡോക്ടർ ഇങ്ങനെ പറയുന്നത് ?” എന്നല്ലേ? പേടിക്കേണ്ട, നിങ്ങളുടെ ഈ ആശങ്കക്കുള്ള മറുപടി കൃത്യമായി അടുത്തയാഴ്ചത്തെ ലേഖനത്തിൽ കിട്ടിയിരിക്കും, പോരെ?