കുട്ടികളിലെ കഫക്കെട്ടും അല്ലെർജിയും ഒന്നാണോ?

 ‘കഫകെട്ട് ‘ – ഈ പദം കേൾക്കാത്ത ഡോക്ടർമാരും പറയാത്ത രക്ഷിതാക്കളുമുണ്ടാവില്ല. അതുകൊണ്ടു ഇന്നത്തെ  ചർച്ചാവിഷയവും അത് തന്നെ. നമുക്കിടയിലുള്ള വലിയ ഒരു തെറ്റിദ്ധാരണ ആണ് കഫക്കെട്ടും അല്ലെർജിയും ഒരു രോഗത്തിന് പറയുന്ന രണ്ടു പേരുകളാണ് എന്നുള്ളത്. എന്നാൽ ഇവ രണ്ടും രണ്ടാണ്.

എന്താണ് കഫക്കെട്ട്?

നമ്മുടെ ശ്വാസകോശത്തിലും ശ്വാസനാളികളിലും പുറത്തു നിന്ന് വരുന്ന രോഗാണുക്കൾ ഉണ്ടാക്കുന്ന അണുബാധ വഴി ഉണ്ടാവുന്നതാണ് കഫക്കെട്ട്. ഇങ്ങനെയുള്ള അണുക്കൾ ശരീരത്തിൽ കിടക്കുമ്പോൾ അവയെ പ്രതിരോധിക്കാനായി നമ്മുടെ ശരീരം തന്നെ തയ്യാറെടുക്കുന്നു. തൽഫലമായി ധാരാളം സ്രവങ്ങൾ ശ്വാസനാളികളിൽ നിന്നും പുറത്തേക്കു വരുന്നു. ഈ സ്രവങ്ങൾ ഈ അണുക്കൾ ശ്വാസകോശത്തിലേക്കു കടക്കുന്നത് തടയാനായാണ് ശരീരം പുറപ്പെടുവിക്കുന്നത്. ഇത് കൂടാതെ മറ്റു പ്രതിരോധഘടകങ്ങളും  (WHITE BLOOD CELLS- MAINLY NEUTROPHILS  ) ഉത്തേജിപ്പിക്കപ്പെടുന്നു. ഇവ അണുക്കളുമായി പൊരുതുകയും അവസാനം അണുക്കളും ഈ ഘടകങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവയുടെ അവശിഷ്ടങ്ങളും സ്രവങ്ങളുമായി ചേർന്നാണ് ഈ ‘കഫം’ എന്ന വസ്തു ഉണ്ടാകുന്നത്. അതുകൊണ്ടാണ് പലപ്പോഴും അതിനു മഞ്ഞ നിറവും കട്ടിയുമൊക്കെ ഉണ്ടാകുന്നത്.

 എന്താണ് അലര്ജി?

പൊടിയും പുകയുമൊക്കെ തട്ടുമ്പോൾ നമ്മൾ തുമ്മാറില്ലേ? ചിലപ്പോൾ കണ്ണിലൂടെയും മൂക്കിലൂടെയും വെള്ളവും വരാറുണ്ട്. അല്ലെ? ഇത് നമ്മുടെ ശരീരത്തിന്റെ വികൃതിയാണ്. ഇവിടെ അണുക്കളല്ല പ്രശ്നക്കാർ. മറിച്ചു  നമ്മുടെ ശ്വാസകോശത്തിനെയും ശ്വാസനാളികളെയും അലോസരപ്പെടുത്തുന്ന ഇത്തരത്തിലുള്ള പൊടിയും പുകയുമൊക്കെയാണ്. ഇതിനെ പ്രതിരോധിക്കാൻ ശരീരം ആശ്രയിക്കുന്നത് മറ്റു ചില ഘടകങ്ങളെയാണ് ( WHITE BLOOD CELLS- MAINLY EOSINOPHILS) . ഇവർ നമ്മുടെ ശരീരത്തിൽ ചില രാസപദാർത്ഥങ്ങൾ ഉണ്ടാക്കുന്നു. തൽഫലമായി നമുക്ക് തുമ്മലും ചെറിയ വിമ്മിഷ്ടവുമുണ്ടാകുന്നു. എന്നാൽ ഇങ്ങനെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ശരീരം ചെയ്യുന്നതെന്താണെന്നോ? ? ഈ പ്രശ്നക്കാരെ നമ്മുടെ ശ്വാസനാളിയിലേക്കു കിടക്കാതെ തടയുകയാണ്! കുറച്ചു കഴിയുമ്പോൾ , അതായത് പൊടിയും പുകയുമൊന്നുമില്ലാത്ത സ്ഥലത്തേക്ക് മാറി നിന്നാൽ,  ഈ പ്രശ്നങ്ങളെല്ലാം മാറുകയും ചെയ്യും. ഇത് സാധാരണ ആളുകളുടെ കാര്യം.

എന്നാൽ ചില ആളുകളിൽ ജന്മനാ തന്നെ ഈ പ്രക്രിയ കുറച്ചു കൂടി ശക്തമായിരിക്കും. അതിനു കാരണമായി പറയുന്നത് ജനിതകമായ / പാരമ്പര്യമായി കിട്ടുന്ന ചില തകരാറുകളാണ്. ഇവരിൽ ഈ പ്രക്രിയ മുകളിൽ പറഞ്ഞ പോലെ തുമ്മലിലും ചീറ്റലിലുമൊന്നും നിൽക്കില്ല. നമ്മുടെ ശരീരത്തിൽ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ   ഉണ്ടാകേണ്ട ചില പ്രതിരോധഘടകങ്ങൾ ഇവരിൽ  ആവശ്യത്തിൽ കൂടുതലായി ഉണ്ടാകുകയും , തൽഫലമായി അമിതമായി  പ്രവർത്തിക്കുന്നതുമാണ്   കാരണം.

നമ്മുടെ ശ്വാസകോശത്തിലേക്കു എത്തുന്ന പ്രധാന ശ്വാസനാളി (TRACHEA) നെഞ്ചിൽ വെച്ച് രണ്ടായി പിരിഞ്ഞു വലതു ശ്വാസകോശത്തിലേക്കും ഇടതു ശ്വാസകോശത്തിലേക്കും  (RIGHT AND LEFT BRONCHUS) പോകുന്നു.  ശ്വാസകോശത്തിലെത്തി കഴിഞ്ഞാൽ  പിന്നീട് വളരെ ചെറിയ നാളികൾ അഥവാ ട്യൂബുകളായി  (BRONCHIOLES) ഇവ വിഭജിക്കുന്നു. ഈ നാളികൾ വഴിയാണ് നാം ശ്വസിക്കുന്ന ഓക്സിജെൻ രണ്ടു ശ്വാസകോശങ്ങളിലുമായി എത്തുന്നത്. ഈ ശ്വാസനാളികൾക്ക് ചുരുങ്ങാനും വികസിക്കാനുമുള്ള കഴിവുണ്ട്.

മുകളിൽ പറഞ്ഞ പോലെ പൊടിയും പുകയുമൊക്കെ വരുമ്പോൾ  അത് ശ്വാസകോശത്തിലെത്താതെ നോക്കാനായി ഈ ശ്വാസനാളികളും പ്രയത്നിക്കുന്നു. ഇവ ചുരുങ്ങുകയും ഉള്ളിലോട്ടുള്ള പാത അടക്കുകയും ചെയ്യുന്നു. ഇത് കാരണമാണ് നമുക്ക് ചുമയും ചെറിയ വിമ്മിഷ്ടവും തോന്നുന്നത്. ഇത് സാധാരക്കാരിലെ കാര്യം. എന്നാൽ അല്ലെർജിയുടെ ബുദ്ധിമുട്ടുള്ളവരിൽ ഈ പ്രക്രിയ പതിന്മടങ്ങു ശക്തിയോടാവുകയും, ഈ ശ്വാസനാളികൾ സാധാരണയിൽ കവിഞ്ഞു ചുരുങ്ങുകയും ചെയ്യുന്നു. അത് മാത്രവുമല്ല, പൂർവ സ്ഥിതിയിലേക്ക്  മടങ്ങാനും ഇവർക്ക് സാധിക്കില്ല. ഇതിന്റെ ഫലമായി ഇവർക്ക് ശ്വാസവായു കിട്ടാതെ വരികയും ശ്വാസം മുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് നീണ്ടുനിന്നാൽ ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയാൻ വരെ കാരണമായേക്കാം. ഇതാണ് അലര്ജി / ആസ്ത്മ രോഗമുള്ളവരിൽ സംഭവിക്കുന്നത്.

എങ്ങിനെ അല്ലെർജിയും കഫക്കെട്ടും തമ്മിൽ തിരിച്ചറിയാം?

രോഗലക്ഷണങ്ങൾ നോക്കി തന്നെ ഇവ രണ്ടും തമ്മിൽ ഒരു പരിധി വരെ തിരിച്ചറിയാം.

കഫക്കെട്ട്:

ഇതിനു പ്രത്യേകിച്ച് പ്രായമൊന്നും ഇല്ല, ഏതു പ്രായത്തിലും കുട്ടികളിൽ വരാം. നവജാതശിശുക്കളിൽ വരെ കാണാറുണ്ട്. പലപ്പോഴും മൂർച്ഛിച്ചു ന്യൂമോണിയ ആയി മാറുകയും ചെയ്യും.

പനി ആണ് മുഖ്യലക്ഷണം. കൂടെ വിട്ടു മാറാത്ത ചുമയും. കേൾക്കുന്ന സമയത്തു അധികവും കഫമുള്ള ചുമ പോലിരിക്കും. കഫം കൂടുതലായി നിറഞ്ഞാൽ നെഞ്ചുവേദന കുട്ടികൾ പറയാറുണ്ട്. ചിലപ്പോൾ നെഞ്ചിൽ നീർക്കെട്ടും ഉണ്ടാകാം. സ്ഥിതി കൂടുതൽ സങ്കീര്ണമാകുന്നത് വേണ്ട സമയത്തു ചികിത്സ കിട്ടാത്തപ്പോഴാണ്. ഇതോടെ  പനി അധികമാവുകയും കുട്ടിയുടെ ശ്വാസോച്വസ  നിരക്ക് കൂടുകയും ചെയ്യും. കുഞ്ഞിന്റെ നെഞ്ച് ശ്വസിക്കുമ്പോൾ കുഴിഞ്ഞു പോകുന്നതും മൂക്ക് വിടർന്നുപോകുന്നതും കാണാം. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു കുഞ്ഞു ചിലപ്പോൾ നീലക്കളറായെന്നും വരാം. ചില കുഞ്ഞുങ്ങളിൽ ഇത് മൂലം അപസ്മാരം വരെ വരാറുണ്ട്. അതുകൊണ്ട് കഫക്കെട്ടിനെ നമ്മൾ സൂക്ഷിച്ചു തന്നെ കൈകാര്യം ചെയ്യണം. തുടക്കത്തിൽ തന്നെ ഡോക്ടറെ കാണിച്ചു മരുന്നുകൾ തുടങ്ങുന്നതാണ് നല്ലത്. ഫാർമസികളിൽ പോയി സ്വയം ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നത് ഒട്ടും തന്നെ അഭികാമ്യമല്ല. കാരണം ഏതു മരുന്നാണ് തുടങ്ങേണ്ടതെന്നു ഒരു ഡോക്ടർ തീരുമാനിക്കുന്നത് കുട്ടിയെ നേരിട്ട് പരിശോധിച്ച ശേഷമാണു. അതുകൊണ്ട് തീരുമാനം ഡോക്ടർക്ക് വിട്ടുകൊടുക്കുക.

അലര്ജി:

ഇവിടെ പലപ്പോഴും നമുക്ക് പാരമ്പര്യമായ ഒരു ബന്ധം കാണാം. അതായത് അടുത്ത ബന്ധുക്കളിൽ ആർകെങ്കിലും അല്ലെർജിയുടെയോ വലിവിന്റെയോ ബുദ്ധിമുട്ടുണ്ടാകും. പക്ഷെ ഇത് നിർബന്ധമല്ല കേട്ടോ.

സാധാരണയായി രോഗലക്ഷണങ്ങൾ തുടങ്ങുന്നത് രണ്ടു വയസ്സിനു ശേഷമാണ് . പനിയുടെ അഭാവമാണ് ഇവിടുത്തെ പ്രത്യേകത. പനി ഇല്ലാതെയുള്ള വരണ്ട ചുമയും ശ്വാസതടസ്സവും. മാത്രവുമല്ല, ഈ ലക്ഷണങ്ങൾ ഇടക്കിടക്ക് വന്നുകൊണ്ടിരിക്കുകയും ചെയ്യും.  ഈ വരണ്ട  ചുമ രാത്രികാലങ്ങളിലും പുലര്കാലങ്ങളിലും കൂടുന്നതായി കാണാം. ചില സമയങ്ങളിൽ വലിവ് ( ചൂളമടിക്കുന്ന പോലത്തെ ശബ്ദം) നമുക്ക് പുറത്തേക്കും കേൾക്കും. പെട്ടെന്നായിരിക്കും ഈ ലക്ഷണങ്ങൾ തുടങ്ങുന്നത്. പെട്ടെന്ന് തന്നെ കൂടുകയും ചെയ്യും..  ശ്വാസം മുട്ടൽ കൂടുന്നതോടെ കുട്ടി നിർത്താതെ ചുമക്കുകയും അസ്വസ്ഥത കാണിക്കുകയും ചെയ്യും. മുകളിൽ പറഞ്ഞ പോലെ ശരീരത്തിലെ ഓക്സിജൻ കുറയുന്നത് ഇവിടെയും അപകടമാണ്. പലപ്പോഴും കുട്ടികളോട് ചോദിക്കുമ്പോൾ അവർ പറയാറുള്ളത് – നെഞ്ചിൽ എന്തോ വലിയ ഭാരം കയറ്റി വെച്ച പോലെ തോന്നുന്നു എന്നാണ്.

ചില കുട്ടികളിൽ അല്ലെർജിയുടെ ഭാഗമായി വരണ്ട ചർമവും അതിൽ തന്നെ ചുവന്ന തടിച്ച ഭാഗങ്ങളും കാണാറുണ്ട്. ഇതിനെ  ‘ATOPIC DERMATITIS ‘ എന്ന് പറയുന്നു. ചില കുഞ്ഞുങ്ങളിൽ അല്ലെർജി ശ്വാസതടസമുണ്ടാക്കാറില്ല. മറിച്ചു , രാത്രികാലങ്ങളിൽ നിർത്താതെയുള്ള ചുമയും തുമ്മലും ഉണ്ടാക്കുന്നത് കാണാം. ഇതിന്റെ കൂടെ തന്നെ മൂക്കടപ്പും മൂക്കൊലിപ്പും ഉണ്ടാകും. ഇതിനെ  ‘ALLERGIC RHINITIS’എന്ന് പറയുന്നു. ഇതെല്ലം അല്ലെർജിയുടെ വകഭേദങ്ങളാണ്.

ചുരുക്കി പറഞ്ഞാൽ, പനിയുടെ അഭാവവും വരണ്ട ചുമയും കൂടെക്കൂടെയുള്ള വരവുമാണ് അല്ലെർജിയുടെ പ്രധാന ലക്ഷണങ്ങൾ. പലപ്പോഴും രക്ഷിതാക്കൾ ഇതിനെ കഫകെട്ടായി കണ്ടു അനാവശ്യമായി ആന്റിബയോട്ടിക്കുകളും ചുമക്കുള്ള മരുന്നുകളും വാങ്ങി കൊടുക്കുന്നത് കാണാറുണ്ട്. തല്കാലമൊരു ആശ്വാസം കിട്ടുമെങ്കിലും ഇതേ പ്രശ്നങ്ങൾ വീണ്ടും തലപൊക്കും. അതുകൊണ്ട് അല്ലെർജിയെ അഥവാ വലിവിനെ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ കടമ്പ. അത് കഴിഞ്ഞാൽ നമുക്ക് കൃത്യമായ ചികിത്സ സാധ്യമാണ്. അതിനെപ്പറ്റി അടുത്ത ലക്കത്തിൽ…

Home of Dr Soumya sarin’s Healing Tones

Scroll to Top