‘കഫകെട്ട് ‘ – ഈ പദം കേൾക്കാത്ത ഡോക്ടർമാരും പറയാത്ത രക്ഷിതാക്കളുമുണ്ടാവില്ല. അതുകൊണ്ടു ഇന്നത്തെ ചർച്ചാവിഷയവും അത് തന്നെ. നമുക്കിടയിലുള്ള വലിയ ഒരു തെറ്റിദ്ധാരണ ആണ് കഫക്കെട്ടും അല്ലെർജിയും ഒരു രോഗത്തിന് പറയുന്ന രണ്ടു പേരുകളാണ് എന്നുള്ളത്. എന്നാൽ ഇവ രണ്ടും രണ്ടാണ്.
എന്താണ് കഫക്കെട്ട്?
നമ്മുടെ ശ്വാസകോശത്തിലും ശ്വാസനാളികളിലും പുറത്തു നിന്ന് വരുന്ന രോഗാണുക്കൾ ഉണ്ടാക്കുന്ന അണുബാധ വഴി ഉണ്ടാവുന്നതാണ് കഫക്കെട്ട്. ഇങ്ങനെയുള്ള അണുക്കൾ ശരീരത്തിൽ കിടക്കുമ്പോൾ അവയെ പ്രതിരോധിക്കാനായി നമ്മുടെ ശരീരം തന്നെ തയ്യാറെടുക്കുന്നു. തൽഫലമായി ധാരാളം സ്രവങ്ങൾ ശ്വാസനാളികളിൽ നിന്നും പുറത്തേക്കു വരുന്നു. ഈ സ്രവങ്ങൾ ഈ അണുക്കൾ ശ്വാസകോശത്തിലേക്കു കടക്കുന്നത് തടയാനായാണ് ശരീരം പുറപ്പെടുവിക്കുന്നത്. ഇത് കൂടാതെ മറ്റു പ്രതിരോധഘടകങ്ങളും ഉത്തേജിപ്പിക്കപ്പെടുന്നു. ഇവ അണുക്കളുമായി പൊരുതുകയും അവസാനം അണുക്കളും ഈ ഘടകങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവയുടെ അവശിഷ്ടങ്ങളും സ്രവങ്ങളുമായി ചേർന്നാണ് ഈ ‘കഫം’ എന്ന വസ്തു ഉണ്ടാകുന്നത്. അതുകൊണ്ടാണ് പലപ്പോഴും അതിനു മഞ്ഞ നിറവും കട്ടിയുമൊക്കെ ഉണ്ടാകുന്നത്.
എന്താണ് അലര്ജി?
പൊടിയും പുകയുമൊക്കെ തട്ടുമ്പോൾ നമ്മൾ തുമ്മാറില്ലേ? ചിലപ്പോൾ കണ്ണിലൂടെയും മൂക്കിലൂടെയും വെള്ളവും വരാറുണ്ട്. അല്ലെ? ഇത് നമ്മുടെ ശരീരത്തിന്റെ വികൃതിയാണ്. ഇവിടെ അണുക്കളല്ല പ്രശ്നക്കാർ. മറിച്ചു നമ്മുടെ ശ്വാസകോശത്തിനെയും ശ്വാസനാളികളെയും അലോസരപ്പെടുത്തുന്ന ഇത്തരത്തിലുള്ള പൊടിയും പുകയുമൊക്കെയാണ്. ഇതിനെ പ്രതിരോധിക്കാൻ ശരീരം ആശ്രയിക്കുന്നത് മറ്റു ചില ഘടകങ്ങളെയാണ്. തൽഫലമായി നമുക്ക് തുമ്മലും ചെറിയ വിമ്മിഷ്ടവുമുണ്ടാകുന്നു. എന്നാൽ ഇങ്ങനെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ശരീരം ചെയ്യുന്നതെന്താണെന്നോ? ? ഈ പ്രശ്നക്കാരെ നമ്മുടെ ശ്വാസനാളിയിലേക്കു കിടക്കാതെ തടയുകയാണ്! കുറച്ചു കഴിയുമ്പോൾ , അതായത് പൊടിയും പുകയുമൊന്നുമില്ലാത്ത സ്ഥലത്തേക്ക് മാറി നിന്നാൽ, ഈ പ്രശ്നങ്ങളെല്ലാം മാറുകയും ചെയ്യും. ഇത് സാധാരണ ആളുകളുടെ കാര്യം.
എന്നാൽ ചില ആളുകളിൽ ജന്മനാ തന്നെ ഈ പ്രക്രിയ കുറച്ചു കൂടി ശക്തമായിരിക്കും. അതിനു കാരണമായി പറയുന്നത് ജനിതകമായ / പാരമ്പര്യമായി കിട്ടുന്ന ചില തകരാറുകളാണ്. ഇവരിൽ ഈ പ്രക്രിയ മുകളിൽ പറഞ്ഞ പോലെ തുമ്മലിലും ചീറ്റലിലുമൊന്നും നിൽക്കില്ല. നമ്മുടെ ശരീരത്തിൽ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉണ്ടാകേണ്ട ചില പ്രതിരോധഘടകങ്ങൾ ഇവരിൽ ആവശ്യത്തിൽ കൂടുതലായി ഉണ്ടാകുകയും , തൽഫലമായി അമിതമായി പ്രവർത്തിക്കുന്നതുമാണ് കാരണം.
നമ്മുടെ ശ്വാസകോശത്തിലേക്കു എത്തുന്ന പ്രധാന ശ്വാസനാളി (TRACHEA) നെഞ്ചിൽ വെച്ച് രണ്ടായി പിരിഞ്ഞു വലതു ശ്വാസകോശത്തിലേക്കും ഇടതു ശ്വാസകോശത്തിലേക്കും (RIGHT AND LEFT BRONCHUS) പോകുന്നു. ശ്വാസകോശത്തിലെത്തി കഴിഞ്ഞാൽ പിന്നീട് വളരെ ചെറിയ നാളികൾ അഥവാ ട്യൂബുകളായി (BRONCHIOLES) ഇവ വിഭജിക്കുന്നു. ഈ നാളികൾ വഴിയാണ് നാം ശ്വസിക്കുന്ന ഓക്സിജെൻ രണ്ടു ശ്വാസകോശങ്ങളിലുമായി എത്തുന്നത്. ഈ ശ്വാസനാളികൾക്ക് ചുരുങ്ങാനും വികസിക്കാനുമുള്ള കഴിവുണ്ട്.
മുകളിൽ പറഞ്ഞ പോലെ പൊടിയും പുകയുമൊക്കെ വരുമ്പോൾ അത് ശ്വാസകോശത്തിലെത്താതെ നോക്കാനായി ഈ ശ്വാസനാളികളും പ്രയത്നിക്കുന്നു. ഇവ ചുരുങ്ങുകയും ഉള്ളിലോട്ടുള്ള പാത അടക്കുകയും ചെയ്യുന്നു. ഇത് കാരണമാണ് നമുക്ക് ചുമയും ചെറിയ വിമ്മിഷ്ടവും തോന്നുന്നത്. ഇത് സാധാരക്കാരിലെ കാര്യം. എന്നാൽ അല്ലെർജിയുടെ ബുദ്ധിമുട്ടുള്ളവരിൽ ഈ പ്രക്രിയ പതിന്മടങ്ങു ശക്തിയോടാവുകയും, ഈ ശ്വാസനാളികൾ സാധാരണയിൽ കവിഞ്ഞു ചുരുങ്ങുകയും ചെയ്യുന്നു. അത് മാത്രവുമല്ല, പൂർവ സ്ഥിതിയിലേക്ക് മടങ്ങാനും ഇവർക്ക് സാധിക്കില്ല. ഇതിന്റെ ഫലമായി ഇവർക്ക് ശ്വാസവായു കിട്ടാതെ വരികയും ശ്വാസം മുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് നീണ്ടുനിന്നാൽ ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയാൻ വരെ കാരണമായേക്കാം. ഇതാണ് അലര്ജി / ആസ്ത്മ രോഗമുള്ളവരിൽ സംഭവിക്കുന്നത്.