പലപ്പോഴും അച്ഛനമ്മമാരിൽ കേൾക്കുന്ന ഒരു ചോദ്യമാണിത് . ഇന്ന് നമുക്ക് ഈ കാര്യം ചർച്ച ചെയ്യാം. ഗവൺമെൻറ്റിൽ നിന്ന് സൗജന്യമായി ലഭിക്കാത്ത കുത്തിവയ്പുകളെയാണ് ഇങ്ങനെ വിളിക്കുന്നത്. ഇവ സാധാരണയായി സ്വകാര്യ ആശുപത്രികളിലാണ് ലഭ്യമാവുക. നമ്മൾ മരുന്നുകൾ വാങ്ങുന്ന പോലെ പൈസ കൊടുത് വാങ്ങി കൊടുക്കേണ്ടതാണ്. മുമ്പ് ഇവയെ ” ഓപ്ഷണൽ ” വാക്‌സിനുകൾ എന്ന് വിളിച്ചിരുന്നു. എന്നാൽ ഇപ്പോ ആ പദം അധികമാരും പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം ഇവ കൊടുക്കേണ്ട വലിയ അത്യാവശ്യമൊന്നുമില്ല എന്ന ഒരു ധ്വനി ആ പദം നൽകുന്നത് കൊണ്ടാണിത്.
അപ്പോൾ അടുത്ത ചോദ്യം, ഇതൊക്കെ കുറച്ചു കൂടുതലല്ലേ? കൊടുക്കേണ്ടത് നിര്ബന്ധമാണോ? ഉത്തരം മുകളിൽ പറഞ്ഞതിൽ നിന്ന് തന്നെ മനസ്സിലായല്ലോ. ഇതിൽ ‘ നിർബന്ധം ‘ എന്നൊരു വാക്കിനര്ഥമില്ല. നമ്മുടെ മക്കൾക്ക് ഒരു അസുഖവും വരരുത് എന്നത് നമ്മുടെ നിര്ബന്ധമല്ലേ ? അപ്പോൾ അത് വരാതിരിക്കാനുള്ള കുത്തിവയ്‌പ്പുകൾ എടുക്കേണ്ടതും ആവശ്യം തന്നെയല്ലേ? അതെ എന്ന് തന്നെയാണ് ഉത്തരം. എന്നാൽ അതിനു പല തടസ്സങ്ങളും ഉണ്ട് എന്നത് വാസ്തവം തന്നെ.
ഒന്നാമത്തെ തടസ്സം സാമ്പത്തികം തന്നെയാണ്. ഈ കുത്തിവയ്പുകളിൽ പലതും വില കൂടിയവയാണ്. അത് മാത്രമല്ല, ഒന്നിൽ കൂടുതൽ ഡോസുകളും ആവശ്യമാണ് പലതിനും. അതുകൊണ്ടു തന്നെ എല്ലാവര്ക്കും സാമ്പത്തികമായി ഇത് താങ്ങാൻ സാധിക്കണമെന്നില്ല. അതുകൊണ്ട് എന്നോട് ചോദിക്കുന്ന അച്ഛനമ്മമാരോട് ഞാൻ പറയാറുള്ളത് ഇതാണ്, ” ഈ കുത്തിവയ്‌പ്പുകൾ എടുത്താൽ ഇപ്പറഞ്ഞ അസുഖങ്ങൾ വരാനുള്ള സാധ്യത നന്നേ കുറവാണു. സാമ്പത്തികമായി നിങ്ങൾക്ക് ബുദ്ധിമുട്ടുകളില്ലെങ്കിൽ കൊടുക്കുക.” ഒരിക്കലും ഈ കുത്തിവയ്പുകളുടെ ഗുണഫലങ്ങൾ അറിയാതതു കൊണ്ട് മാത്രം അച്ഛനമ്മമാർ ഇവ കൊടുക്കാതിരിക്കരുത് എന്ന് ഞാൻ ഉറപ്പു വരുത്താറുണ്ട്.
അപ്പോൾ അടുത്ത ചോദ്യം, എന്ത് കൊണ്ട് ഗവെർന്മെന്റ് ഇത് സൗജന്യമായി നൽകുന്നില്ല?
നമ്മുടെ രാജ്യം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണെന്ന് എല്ലാവർക്കുമറിയാമല്ലോ. ഈ സ്പെഷ്യൽ വാക്‌സിനുകൾ വില കൂടിയവയാണെന്നും പറഞ്ഞു. അതുകൊണ്ടു തന്നെ നമ്മുടെ കുട്ടികൾക്ക് എല്ലാവര്ക്കും തന്നെ ഇപ്പറഞ്ഞ എല്ലാ വാക്‌സിനുകളും സൗജന്യമായി കൊടുക്കുക എന്നത് ഒരു ഗവണ്മെന്റിനെ സംബന്ധിച്ചും സാമ്പത്തികമായി ശ്രമകരമാണ്. എന്നാൽ തന്നെയും മുമ്പ് സ്പെഷ്യൽ വാക്‌സിനുകൾ ആയിരുന്ന പല കുത്തിവയ്പുകളും ഇന്ന് ഗവണ്മെന്റ് സൗജന്യമായി നല്കി തുടങ്ങിയിട്ടുണ്ട്. അതായത് ഇന്ന് നാം പൈസ കൊടുത്ത വാങ്ങി കൊടുക്കേണ്ട വാക്‌സിനുകൾ കാലക്രമേണ സൗജന്യമായി ഗവൺമെന്റിൽ നിന്ന് കിട്ടി തുടങ്ങുമായിരിക്കും എന്നർത്ഥം.
ഗവണ്മെന്റ് സൗജന്യമായി കൊടുക്കാത്തതിന് കാരണം ഈ അസുഖങ്ങൾ വന്നാലും കുട്ടികൾക്ക് വലിയ ആപത്തൊന്നും ഇല്ലാത്തത് കൊണ്ടല്ലേ?
ഒരിക്കലുമല്ല. ഗവണ്മെന്റ് സൗജന്യമായി കൊടുക്കുന്നത് ഏറ്റവും അപകടകാരികളായ അസുഖങ്ങൾക്കെതിരെയാണെന്നത് ശരി തന്നെ. ഇവയിൽ പലതും വന്നാൽ ചികിത്സ തന്നെ ബുദ്ധിമുട്ടണ്. മരണമാകാം ഫലം. ഉദാഹരത്തിനു തൊണ്ടമുള്ള് പോലെയുള്ള അസുഖങ്ങൾ. അതുകൊണ്ടു സർക്കാർ തരുന്ന കുത്തിവയ്‌പ്പുകൾ എടുക്കേണ്ടതാണോ എന്നതിൽ തർക്കമില്ല. എടുത്തേ തീരൂ.
എന്നാൽ സ്പെഷ്യൽ വാക്‌സിനുകൾ തടയുന്ന അസുഖങ്ങൾക്ക് ചികിത്സയൊക്കെ ലഭ്യമാണ്. അവയിൽ പലതും അത്രകണ്ട് മാരകവുമല്ല. ഉദാഹരണത്തിന് ചിക്കൻ പോക്സ്. നമ്മുടെ കുട്ടികൾക്ക് വന്നാൽ തന്നെ വലിയ പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ കുറച്ചു പാടുകൾ മാത്രം ബാക്കിയാക്കി ഭേദപ്പെടാറുണ്ട്. എന്നാൽ എല്ലാ കുട്ടികളിലും അങ്ങനെയാണോ? അല്ല. ഇതേ ചിക്കൻ പോക്സ് തന്നെ ചില കുട്ടികളിൽ അവരുടെ മരണത്തിനു വരെ കാരണക്കാരനും ആകാറുണ്ട്. ചിക്കൻ പോക്സ് വൈറസുകൾ തലച്ചോറിലെത്തിയാൽ അവിടെ നീര്കെട്ടുണ്ടാക്കുകയും തൽഫലമായി മരണം വരെ സംഭവിക്കുകയും ചെയ്യാം. അല്ലെങ്കിൽ ആ കുട്ടിയുടെ ഭാവിയിലെ ബുദ്ധിവികാസത്തെ സാരമായി ബാധിച്ചേക്കാം. അപ്പോൾ പറഞ്ഞു വന്നത് നാം കുഴപ്പക്കാരല്ലെന്നു കരുതുന്ന പല അസുഖങ്ങളും ഏതു കുട്ടിയിൽ അവയുടെ ഉഗ്രരൂപമെടുക്കുമെന്നു നമുക്കറിയില്ല. ഏത് കുട്ടിയുടെ ജീവൻ അപകടത്തിലാക്കുമെന്നു നമുക്കറിയില്ല. അത് കൊണ്ടു തന്നെ ഇവയെ പ്രതിരോധിക്കാൻ പറ്റുമെങ്കിൽ അതാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനു ഏറ്റവും ഉത്തമം. അവിടെയാണ് ഈ കുത്തിവയ്പുകളുടെ പ്രാധാന്യവും.
ഈ അസുഖങ്ങളൊക്കെ കുട്ടികൾക്ക് വരേണ്ടതല്ലേ? എന്നാലല്ലേ പ്രകൃത്യാലുള്ള പ്രതിരോധ ശക്തി അവർക്ക് ലഭിക്കുകയുള്ളു?
ഈ വാദത്തിനും ഉത്തരം മുകളിൽ പറഞ്ഞത് തന്നെ. ചിക്കൻ പോക്സ്, ടൈഫോയ്ഡ് എന്നീ അസുഖങ്ങൾ വന്നാൽ കുട്ടികൾക്ക് പ്രകൃത്യാലുള്ള പ്രതിരോധ ശക്തി ലഭിക്കുമെന്നത് ശരി തന്നെയാണ്. എന്നാൽ അതിനു വേണ്ടി നാം രോഗം തന്നെ വരണമെന്ന് വാശി പിടിക്കുന്നത് മണ്ടത്തരമായിരിക്കും. കാരണം മുമ്പ് പറഞ്ഞത് തന്നെ. നമ്മുടെ കുഞ്ഞിന് ആ രോഗം മൂർച്ഛിച്ചു വേറെ പ്രത്യാഘാതങ്ങൾ വരില്ല എന്ന ഒരു ഉറപ്പും നമുക്കില്ല.അതുകൊണ്ടു തന്നെ ഒരു ഭാഗ്യപരീക്ഷണം വേണോയെന്നുള്ള വലിയൊരു ചോദ്യം നമുക്ക് മുന്നിലുണ്ട്. ഇങ്ങനെ സംഭവിച്ച ധാരാളം കുട്ടികളെ കണ്ടിട്ടുള്ളതുകൊണ്ടാകാം, ആ ഭാഗ്യപരീക്ഷണം ഒഴിവാക്കണം എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം.
ഈ കുത്തിവയ്പുകൾക്ക് പാർശ്വഫലങ്ങൾ കൂടുതലല്ലേ?
തെറ്റായ ചിന്തയാണിത്. ഇവക്ക് ഇത്തരം അപകടകരമായ യാതൊരു പാർശ്വഫലങ്ങളുമില്ല. ഒരു ഇന്ജെക്ഷനോട് വരാവുന്ന അല്ലെർജിയാണ് നാം ഭയപ്പെടുന്ന ഏക പാർശ്വഫലം. അത് നാം കൊടുക്കുന്ന ഏതൊരു കുത്തിവയ്പ്പിനുമുണ്ട്. ഗവൺമെന്റിൽ കൊടുക്കുന്ന ഇഞ്ചക്ഷനുകൾക്കുമുണ്ട്. എന്നാൽ ഇതെല്ലം വളരെ അപൂർവമായേ കാണാറുള്ളു. ഈ പേടി കാരണം ആരും കുഞ്ഞുങ്ങൾക്ക് ഈ പ്രതിരോധകുത്തിവയ്പുകൾ കൊടുക്കാതിരിക്കരുത്. കാരണം ഈ പാർശ്വഫലങ്ങളെക്കാൾ എത്രയോ അപകടകാരികളാണ് ഈ കുത്തിവയ്‌പ്പുകൾ എടുക്കാതിരുന്നാൽ വന്നേക്കാവുന്ന മാരകരോഗങ്ങൾ.
ഈ വാക്‌സിനുകൾ കാർഡിൽ പറഞ്ഞ സമയത് കൊടുക്കാൻ കഴിഞ്ഞില്ല. പിന്നീട് കൊടുക്കാൻ പറ്റുമോ?
പറ്റും. കാർഡിൽ പറഞ്ഞ സമയമാണ് ഉത്തമമെങ്കിലും പിന്നീടും ഈ വാക്‌സിനുകൾ നൽകാവുന്നതാണ്. എന്നാൽ ഇതിനായി ഒരു ശിശുരോഗവിദഗ്ധനെ കണ്ടു പിന്നീട് കൊടുക്കേണ്ട ഷെഡ്യൂൾ എഴുതി വാങ്ങണം. ഇതിനു “ക്യാച്ച് അപ്പ് ” വാക്‌സിനേഷൻ എന്ന് പറയും. അതുകൊണ്ട് മിസ് ആയി എന്ന കാരണത്താൽ കൊടുക്കാതിരിക്കേണ്ട കാര്യമില്ല.
ഇത് സ്വകാര്യ ആശുപത്രികൾ ലാഭമുണ്ടാക്കാനായി ചെയ്യുന്നതല്ലേ?
എല്ലാവർക്കുമുള്ള തെറ്റിദ്ധാരണ ആണിത്. സ്പെഷ്യൽ വാക്‌സിനുകൾ മക്കൾക്ക് കൊടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പഠനങ്ങൾ നടത്തുന്നതും വേണ്ട മാർഗരേഖകൾ തയ്യാറാക്കുന്നതും ലോകാരോഗ്യസംഘടനയും അതാത് രാജ്യങ്ങളിലെ ശിശുരോഗവിദഗ്ധരുടെ കൂട്ടായ്മയും ചേർന്നാണ്. ഇന്ത്യയിൽ അത് ചെയ്യുന്നത് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് എന്ന സംഘടനയാണ്. ഭാരതത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരായ ശിശുരോഗവിദഗ്ധരുടെ കൂട്ടായ്മയാണ് ഇതിനെല്ലാം മേൽനോട്ടം വഹിക്കുന്നത്. നമ്മുടെ രാജ്യത്തെ കുഞ്ഞുങ്ങളുടെ ആരോഗ്യം മാത്രം മുന്നിൽക്കണ്ടാണ് അവർ ഏതൊരു മാർഗ്ഗനിർദ്ദേശങ്ങളും മുന്നോട്ടു വക്കുന്നത്. ആ മാർഗനിർദ്ദേശമനുസരിച്ചേ ഇന്ത്യയിൽ ഏതൊരു സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും ഇതെല്ലം ചെയ്യാൻ സാധിക്കൂ. സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും ചെയ്യാനുള്ള അനുവാദം ഞങ്ങൾക്കാർക്കുമില്ല. അതിനാൽ ഈ ഭയം അസ്ഥാനത്താണ് .
അവസാനമായി ഒരു കാര്യം ഒന്നുകൂടി ഊന്നി പറയുന്നു. സ്പെഷ്യൽ കുത്തിവയ്‌പ്പുകൾ കുട്ടികൾക്ക് ഒരു ദോഷവും ചെയ്യില്ല.അത് മാത്രവുമല്ല അപകടകാരികളയേക്കാവുന്ന പല അസുഖങ്ങളിൽ നിന്നും നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കുകയും ചെയ്യും. സാമ്പത്തികപ്രശ്നങ്ങൾ ഒരു വെല്ലുവിളി തന്നെയാണ്. എങ്കിൽ കൂടിയും ഇതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അറിവില്ലായ്മയും കാരണം ആരും ഇത് മക്കൾക്ക് നല്കാതിരിക്കരുത്. സാമ്പത്തികമായി താങ്ങാൻ ആവുമെങ്കിൽ ദയവുചെയ്ത് കൊടുക്കുക. കാരണം ഏതൊരു അസുഖമായാലും, പ്രതിരോധമാണ് ഏറ്റവും നല്ല വഴി.