ഇന്ന് കുട്ടികളിലെ ഓ .പി കളിൽ കേട്ട് വരുന്ന സർവസാധാരണമായ പരാതിയാണ് കുട്ടിക്ക് ശെരിയായി മലം പോകുന്നില്ല എന്നത്. ജനിച്ച കുട്ടികൾ മുതൽ മുതിർന്ന കുട്ടികളിൽ വരെ ഇത് ഒരു പോലെ കാണുന്നുണ്ട്. അധിക ശതമാനവും പ്രശ്നമുള്ളതല്ലെങ്കിൽ കൂടി ഒരു ചെറിയ ശതമാനമെങ്കിലും നമ്മെ വലക്കാറുണ്ട് . ഓരോ പ്രായമനുസരിച്ചും പലതാകാം കാരണങ്ങൾ. ഒന്നൊന്നായി നമുക്ക് നോക്കാം.
ജനിച്ച മുതൽ ആറ് മാസക്കാലം വരെ:
ജനിച്ചു കഴിഞ്ഞു ആദ്യത്തെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കുഞ്ഞുങ്ങൾക്ക് അവരുടെ ആദ്യത്തെ മലം ആയിട്ടുള്ള മഷി അഥവാ മെക്കോണിയം പോകേണ്ടതാണ്. കറുത്ത നിറത്തിൽ ഒരു കൊഴുത്ത ദ്രവകമായാണ് ഇത് പോകുക. ആദ്യത്തെ കുറച്ചു ദിനങ്ങൾ ഇങ്ങനെ തന്നെ ആയിരിക്കും മലം പോകുന്നത്. ക്രമേണ നിറം മങ്ങി കറുപ്പിൽ നിന്ന് പച്ചയായി , പിന്നീട് മഞ്ഞയായി മാറുന്നു. ഇതിനു ഒരാഴ്ച മുതൽ പത്തു ദിവസം വരെ എടുത്തേക്കാം. ആദ്യത്തെ ദിവസങ്ങൾ കുഞ്ഞു പല തവണ മലം കളഞ്ഞേക്കാം. ക്രമേണ അത് കുറഞ്ഞു വരാം.
എല്ലാവർക്കുമറിയുന്ന പോലെ ആദ്യത്തെ ആര് മാസം നവജാതശിശുക്കൾക്ക് മുലപ്പാൽ മാത്രമാണല്ലോ നൽകുന്നത്. ഈ സമയത് കുഞ്ഞുങ്ങൾ ചില സന്ദർഭങ്ങളിൽ പല ദിവസങ്ങൾ കഴിഞ്ഞായിരിക്കും മലം കളയുന്നത്. ഇത് അച്ഛനമ്മമാരിൽ അനാവശ്യ ടെൻഷൻ ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. വേറൊരു തരത്തിലും കുഴപ്പമില്ലാത്ത, ഉഷാറായി ഇരിക്കുന്ന കുഞ്ഞു മൂന്നോ നാലോ ദിവസം മലം പോയില്ല എന്ന് പറഞ്ഞു ഭയപ്പെടേണ്ടതായി ഒന്നുമില്ല. ചിലപ്പോൾ ഈ കുഞ്ഞുങ്ങൾ ഒരാഴ്ച വരെ മലം കളയാതെ കാണാറുണ്ട്. അത് നോർമൽ ആണ്. എന്ന ചില സംഗതികൾ നാം ശ്രദ്ധിക്കണം.
- കുട്ടിക്ക് കീഴ്ശ്വാസം പോകുന്നുണ്ടോ?
- കുഞ്ഞു പാല് കുടിക്കുന്നുണ്ടോ?
- കുഞ്ഞു മഞ്ഞ/ പച്ച നിറത്തിൽ ശര്ധിക്കുന്നുണ്ടോ?
- കുഞ്ഞു കളിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടോ?
- e. കുഞ്ഞിന്റെ വയർ വളരെ കൂടുതലായി വീർത്തിട്ടുണ്ടോ? മുഴ അത്പോലെ എന്തെങ്കിലും കാണുന്നുണ്ടോ?
- f. കുഞ്ഞിന്റെ തൈറോയ്ഡ് ഹോർമോൺ ടെസ്റ്റ് ചെയ്തിട്ടുണ്ടോ?
ഇതിൽ കുഞ്ഞു നന്നായി ഇരിക്കുകയും, കീഴ്ശ്വാസം പോകുകയും, പാല് കുടിക്കുകയും , ശര്ദ്ധിക്കാതിരിക്കുകയും വയർ വീർക്കാതിരിക്കുകയും തൈറോയ്ഡ് ടെസ്റ്റ് നോർമൽ ആകുകയും ചെയ്താൽ കൂടുതലായി ഒന്നും ഭയപ്പെടാനില്ല.
കുഞ്ഞിന് കുടലിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടെങ്കിൽ മേല്പറഞ്ഞ പല ലക്ഷണങ്ങളും കാണിക്കാം. അങ്ങനെ ഉള്ള സന്ദർഭങ്ങളിൽ കീഴ്ശ്വാസം പോകില്ല, കുഞ്ഞു മഞ്ഞ/ പച്ചനിറത്തിൽ ശര്ധിക്കാൻ തുടങ്ങും , വയർ വീർക്കും, അതുപോലെതന്നെ കുഞ്ഞു കരഞ്ഞു കൊണ്ടേ ഇരിക്കുകയും ചെയ്യും. ഇങ്ങനെ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ഒരു ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
കുഞ്ഞുങ്ങളിൽ കാണുന്ന തൈറോയ്ഡ് പ്രശ്നങ്ങളിലും മലബന്ധം കാണാറുണ്ട്. അത് കൊണ്ട് തന്നെ എല്ലാ നവജാതശിശുക്കളുടെയും തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നത് ഇന്ന് നിർബന്ധമാക്കിയിട്ടുണ്ട്. അത് പോലെ തന്നെ പൊടിപ്പാൽ കൊടുക്കുന്ന കുഞ്ഞുങ്ങളിലും അനാവശ്യമായി ആറ് മാസത്തിനു മുമ്പ് കുറുക്ക് കൊടുത്തു തുടങ്ങുന്ന കുഞ്ഞുങ്ങളിലും ദഹനപ്രശ്നങ്ങൾ കാരണം ചില സമയത് മലബന്ധം കാണാറുണ്ട്. ഇത് കൊണ്ട് കൂടിയാണ് ആറ് മാസം വരെ മുലപ്പാൽ മാത്രം കൊടുക്കാൻ പറയുന്നത്. അമ്മമാർ കൂടുതലായി പച്ചമരുന്നുകളും ലേഹ്യങ്ങളുമൊക്കെ കഴിക്കുമ്പോഴും ഈ പ്രശനം കാണാറുണ്ട്. ഇത് കൂടാതെ ചില ജനിതക തകരാറുകളിലും ( അപൂർവമാണെങ്കിൽ കൂടി ) നവജാതശിശുക്കളിൽ മലബന്ധം കാണാറുണ്ട്. മാറാതെ നിൽക്കുന്ന മലബന്ധത്തിൽ കൂടുതൽ ടെസ്റ്റുകൾ ആവശ്യമായി വന്നേക്കാം.
അപ്പോൾ ചുരുക്കി പറഞ്ഞാൽ മുകളിൽ പറഞ്ഞ അപകടസൂചനകൾ ഒന്നുമില്ലെങ്കിൽ കൂടുതൽ ഭയപ്പെടേണ്ട, കുഞ്ഞു എല്ലാ ദിവസവും കൃത്യമായി അപ്പിയിടണം എന്ന പിടിവാശിയും വേണ്ട.
ഒരിക്കലും സോപ്പ് മലധ്വരത്തിൽ വെക്കുകയോ അല്ലെങ്കിൽ വേറെന്തെങ്കിലും വസ്തുക്കൾ മലധ്വരത്തിൽ ഇട്ടു മലം പുറത്തേക്കു വരുത്താൻ ശ്രമിക്കുകയോ ചെയ്യരുത്. ഇതെല്ലം മലധ്വരത്തിൽ മുറിവുണ്ടാക്കാൻ സാധ്യത ഉള്ള കാര്യങ്ങളാണ്. ഇത് ഈ പ്രശ്നത്തെ അധികരിപ്പിക്കുകയും ചെയ്യും.
അതുപോലെ ആവണക്കെണ്ണ കൊടുക്കുന്ന ശീലവും നമുക്കുണ്ട്. ഒരിക്കലും ചെയ്യരുത്, പ്രത്യേകിച്ച് കുട്ടിക്കളിൽ. ഇത് ശ്വാസകോശത്തിൽ കയറി നിമോണിയ വരെ ആകാൻ ഇടയുണ്ട്.
മുതിർന്ന കുട്ടികൾ
- തൈറോയ്ഡ് പ്രശ്നങ്ങൾ എല്ലാ പ്രായത്തിലും ഇതിനു കാരണമാകാറുണ്ട് – അത് കൊണ്ട് ഒരു തവണയെങ്കിലും ഇത് ടെസ്റ്റ് ചെയ്യുന്നത് നല്ലതായിരിക്കും. മലബന്ധത്തിന് പുറമെ മറ്റു ലക്ഷണങ്ങളും ഇതിൽ ഉണ്ടാവാറുണ്ട്. അത് ഒരു ഡോക്ടർക്ക് പരിശോധനയിൽ കണ്ടുപിടിക്കാവുന്നതേ ഉള്ളു.
- വെള്ളം കുടിക്കുന്നതിന്റെ അപര്യാപ്തത: ഇന്നത്തെ കുട്ടികളിലെ വലിയൊരു പ്രശ്നമാണത്. വേണ്ട അളവിൽ വെള്ളം കുടിക്കാത്തത്. പത്തു കിലോ ഉള്ള കുട്ടി ഒരു ദിവസം ഒരു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. അത് ജ്യൂസ് ആയോ കഞ്ഞി വെള്ളമായോ എന്ത് രൂപത്തിൽ വേണമെങ്കിലും കുടിക്കാം. ഇരുപത് കിലോ ഉള്ള കുട്ടി ഏകദേശം ഒന്നര ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. പത്തു വയസ്സിൽ മുകളിൽ പ്രായമുള്ള കുട്ടികൾ മിനിമം 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഇത് അച്ഛനമ്മമാർ പ്രത്യേകം ശ്രദ്ധിച്ചു ചെയ്യേണ്ടതാണ്. സ്കൂളിൽ കൊണ്ട് പോകുന്ന വെള്ളമെല്ലാം കുട്ടികൾ കുടിക്കുന്നുണ്ടോ എന്ന് നമുക്ക് ഉറപ്പിക്കാണാനാകില്ല. അത് കൊണ്ട് വീട്ടിൽ ഉള്ള സമയത് തന്നെ അവർ വേണ്ട വിധത്തിൽ വെള്ളം കുടിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഇത് കുറഞ്ഞാണ് മലം കട്ടിയാകാനിടയുണ്ട്. അത് കൂടാതെ മൂത്രപഴുപ്പും വരാം.
- ഭക്ഷണശീലങ്ങൾ
- പച്ചക്കറികളും പഴവര്ഗങ്ങളും – നമ്മുടെ മലം മൃദുവാക്കുന്ന ഫൈബർ നാരുകൾ ഉള്ളത് ഈ ഭക്ഷണപദാര്ഥങ്ങളിലാണ്. അതുകൊണ്ടു ഇവ കുട്ടികളുടെ ആഹാരത്തിൽ നല്ലവണ്ണം ഉള്പെടുത്തിയെ തീരൂ.
- ജങ്ക് ഫുഡിന്റെ അമിത ഉപയോഗം – ഇന്നത്തെ തലമുറയുടെ ഒരു ശാപമാണ് ഫാസ്റ്റ് ഫുഡിന്റെ പുറകെയുള്ള ഓട്ടം. ഇതും മലബന്ധത്തിനുള്ള പ്രധാന കാരണമാണ്. പൊറോട്ട പോലെയുള്ള മൈദയുടെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ മലബന്ധം ഉണ്ടാക്കുന്നു. കുട്ടികളുടെ ഇന്നത്തെ പ്രധാന ആഹാരമാണ് ബിസ്ക്കറ്റും റസ്കുമൊക്കെ. ഇതിലൊക്കെ പ്രധാനമായുള്ളത് മൈദയാണ്. അതുപോലെ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നൂഡിൽസും പാസ്തയുമൊക്കെ. അതുകൊണ്ട് കുട്ടികളിൽ ഇവ നിയന്ത്രിക്കേണ്ടത് നമ്മൾ തന്നെയാണ്.
- പോളിഷിംഗ് ചെയ്ത അരിയുടെ അമിത ഉപയോഗം – പണ്ട് നമ്മൾ ഉപയോഗിച്ചിരുന്ന ചുവന്ന അരിയിൽ ഉള്ള തവിടാണ് വളരെ നല്ല ഫൈബർ. ഇത് മലത്തെ മൃദുവാക്കുന്നു. എന്നാൽ ഇന്ന് നാം വ്യാപകമായി ഉപയോഗിക്കുന്നത് പോളിഷിംഗ് ചെയ്ത വെള്ള അരി ആണ്. ഇത് വീണ്ടും മലബന്ധത്തെ വഷളാക്കുന്നു.
- സർജിക്കൽ ആയുള്ള കാരണങ്ങൾ – കുറച്ച ശതമാനം കുട്ടികളിൽ ചെറുകുടലിലോ വന്കുടലിലോ ഉള്ള ചില പ്രശ്നങ്ങൾ കാരണവും മലബന്ധം ഉണ്ടാകാറുണ്ട്. ഇത് കണ്ടുപിടിക്കാനായി ഒരു സരജൻ ഡോക്ടറുടെ സഹായം വേണ്ടി വന്നേക്കാം.
ഇത്രയൊക്കെ സൂക്ഷിച്ചാൽ തന്നെ ഒരു പരിധി വരെ നമുക്ക് മലബന്ധം വരാതെ നോക്കാം.
ഇനി വന്നു കഴിഞ്ഞാൽ എന്ത് ചെയ്യണമെന്നു നോക്കാം.
സാധാരണയായി കാണുന്ന ഒരു പ്രശനം വീണ്ടും വീണ്ടും വരുന്ന മലബന്ധമാണ്. അതിന്റെ പ്രധാനകാരണം മലധ്വരത്തിൽ വരുന്ന മുറിവുകളാണ്. ആദ്യത്തെ തവണ മലബന്ധം വന്ന സമയത് കുഞ്ഞു കട്ടിയായ മലം കഷ്ടപ്പെട്ട് പുറത്തേക്കു തള്ളുന്ന സമയത് മലധ്വരത്തിന്റെ മൃദുവായ ഭാഗത്തു മുറിവുണ്ടായിട്ടുണ്ടാകാം. അതിന്റെ ഫലമായി വേദന കാരണം കുഞ്ഞു മലം ഭാവിയിൽ പിടിച്ചു വച്ചേക്കാം . ഇതിന്റെ ഫലമായി വീണ്ടും മലം കട്ടിയാകുകയും അത് വീണ്ടും മലബന്ധമായി മാറുകയും ചെയ്യാം. ഇത് ഒരു ആവർത്തനമായി സംഭവിക്കുന്നു.
അതുകൊണ്ടു വിട്ടു വിട്ടു വരുന്ന മലബന്ധത്തിൽ ഇങ്ങനെയുള്ള മുറിവുകളുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അതിനു ഒരു സരജൻ ഡോക്ടറുടെ സഹായം വേണ്ടി വന്നേക്കാം.ഉണ്ടെങ്കിൽ അതിന്റെ ചികിത്സ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം മലബന്ധം വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയും ചെയ്യും
മലം ലൂസ് ആകുവാനുള്ള മരുന്നുകളുടെ ഉപയോഗം-
ഒരു കാര്യം ഇപ്പോഴും ഓർക്കുക, ഈ മരുന്നുകൾ മലം മൃദുവാക്കാൻ സഹായിക്കും , ശെരി തന്നെ. ഇവ നമ്മുടെ ചികിത്സയുടെ പ്രധാന ഭാഗവുമാണ്. എന്നാൽ ഇവ കാരണത്തെ ചികില്സിക്കുകയില്ല. പല അച്ഛനമ്മമാരും വര്ഷങ്ങളോളം കുട്ടികൾക്ക് ഈ മരുന്നുകൾ നിരന്തരം കൊടുക്കുന്നതായി കാണാം. എന്നാൽ കാരണം എന്തെന്ന് അറിയാനുള്ള ഒരു ടെസ്റ്റുകളും ചെയ്തിട്ടുണ്ടാകുകയുമില്ല. ഒരുദാഹരണം പറഞ്ഞാൽ, നിങ്ങളുടെ കുട്ടിയുടെ മലബന്ധത്തിന് കാരണം തൈറോയ്ഡ് ഹോർമോണിന്റെ കുറവാണെങ്കിൽ, അതിന്റെ ചികിത്സയാണു ആദ്യം ചെയേണ്ടത്. അതിന്റെ കൂടെ മലം മൃദുവാകാനുള്ള മരുന്നുകളും കൊടുക്കാം. എങ്കിൽ മാത്രമേ എന്നന്നേക്കുമായി ആ കുട്ടിയുടെ മലബന്ധം നമുക്ക് പരിഹരിക്കാൻ സാധിക്കൂ. അല്ലാതെ മുകളിൽ പറഞ്ഞ മരുന്നുകൾ മാത്രം കൊടുത്തുകൊണ്ടിരുന്നാൽ, നാം ചികില്സിക്കുന്നത് മലബന്ധത്തെ മാത്രമാണ്. അതിന്റെ കാരണത്തെ അല്ല.