പ്രസവത്തിൽ കരയാത്ത കുഞ്ഞുങ്ങളിൽ സംഭവിക്കുന്നതെന്താണ്? എന്താണ് അതിനുള്ള ചികിത്സകൾ?
കുഞ്ഞിന്റെ ആദ്യകരച്ചിൽ വാസ്തവത്തിൽ എന്താണ്?
ഒരു പ്രസവത്തിൽ അമ്മക്കുണ്ടാകുന്ന അത്ര തന്നെ മാറ്റങ്ങൾ ജനിച്ചു വീഴുന്ന കുഞ്ഞിനും ഉണ്ടാകുന്നുണ്ട്. ഗര്ഭപാത്രത്തിനുള്ളിലെ സുഖശീതളമായ അവസ്ഥയിൽ നിന്നും അത്ര തന്നെ സുഖകരമല്ലാത്ത നമ്മുടെ ലോകത്തിലേക്ക് പിറന്നു വീഴുമ്പോൾ ഓരോ കുഞ്ഞും വളരെയേറെ തെയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ഓരോ കുഞ്ഞുശരീരവും വളരെയേറെ മാറ്റങ്ങൾക്കു വിധേയമാവുന്നുണ്ട്. ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് എല്ലാ പോഷകാംശങ്ങളും പൊക്കിൾകൊടി വഴി കുഞ്ഞിന് കിട്ടുന്നു. ഓക്സിജനും അതിൽ പെടുന്നു. ജീവൻ നിലനിർത്താൻ നമുക്കെല്ലാവർക്കും ഓക്സിജൻ ആവശ്യമാണെന്ന് നിങ്ങൾക്കറിയാമല്ലോ. ഗര്ഭസ്ഥശിശുവിനും അങ്ങനെ തന്നെ. ഗർഭാവസ്ഥയിൽ ശ്വസിക്കേണ്ട ആവശ്യം കുഞ്ഞിനില്ല. അതുകൊണ്ടു അവരുടെ ശ്വാസകോശം വീർപ്പിക്കാത്ത ബലൂൺ പോലെ ചുങ്ങിയിരിക്കും. അതിനുചുറ്റും നീരും വെള്ളവും നിറഞ്ഞിരിക്കും. പ്രസവപ്രക്രിയയിൽ പൊക്കിൾ കോടി മുറിക്കപ്പെടുമ്പോൾ പോഷകാംശങ്ങളുടെയും ഓക്സിജന്റെയും ഒഴുക്ക് കൂടി ആണ് നമ്മൾ തടയുന്നത്. ജീവൻ നിലനിർത്താനുള്ള ഓക്സിജൻ കിട്ടാനായി കുഞ്ഞിന്റെ ശ്വാസകോശങ്ങൾ പ്രവർത്തിക്കേണ്ടതായുണ്ട്. അതിനുള്ള കുഞ്ഞിന്റെ ആദ്യത്തെ ഉദ്യമമാണ് ആദ്യകരച്ചിൽ! ആദ്യകരച്ചിൽ ആദ്യജീവശ്വാസം തന്നെ ആണ്.
ഈ ആദ്യശ്വാസത്തിലാണ് ചുങ്ങിയിരുന്ന ശ്വാസകോശങ്ങൾ വികസിക്കുകയും കുഞ്ഞു സ്വന്തമായി ശ്വാസോച്വാസം തുടങ്ങുകയും കെട്ടിക്കിടന്നിരുന്ന നീരും വെള്ളവുമെല്ലാം വലിഞ്ഞു പുറത്തേക്കു തള്ളപ്പെടുകയും ചെയ്യുന്നു. അമ്മയിൽ നിന്ന് വേർപെട്ടു സ്വന്തമായി ഒരു അസ്തിത്വം കുഞ്ഞു സ്ഥാപിക്കുന്നതിന്റെ ആദ്യപടിയാണ് ഈ കരച്ചിൽ.
അപ്പോൾ ആദ്യത്തെ കരച്ചിൽ എത്രത്തോളം പ്രധാനപെട്ടതാണെന്നു ഇപ്പോൾ മനസ്സിലായോ?
കരയാത്ത കുഞ്ഞുങ്ങളിൽ സംഭവിക്കുന്നതെന്ത്?
മേല്പറഞ്ഞ പോലെ ആദ്യകരച്ചിൽ കുഞ്ഞിന്റെ ആദ്യശ്വാസം തന്നെ ആണ്. ഇതിലൂടെ ആണ് ജീവൻ നിലനിർത്താനാവശ്യമായ ഓക്സിജൻ കുഞ്ഞിന്റെ രക്തത്തിലേക്ക് എത്തുന്നത്. കുഞ്ഞു കരയാത്ത സന്ദർഭങ്ങളിൽ ഈ ഓക്സിജൻ വിതരണം തടസ്സപ്പെടുന്നു. നമ്മുടെ ശരീരത്തിലെ ഏതു തരം കോശങ്ങളും ഓക്സിജന്റെ അഭാവത്തിൽ നശിച്ചു തുടങ്ങും. അതിൽ തന്നെ ഏറ്റവും ആദ്യം ബാധിക്കപെടുന്നത് തലച്ചോറിലെയും നാഡീവ്യവസ്ഥയിലെയും കോശങ്ങളാണ്. ഓക്സിജന്റെ ലഭ്യതക്കുറവ് തുടരുന്തോറും ക്രമേണ മറ്റു കോശങ്ങളും പതിയെ നശിച്ചു തുടങ്ങും. ഉദാഹരണത്തിന് കിഡ്നികൾ, ചെറുകുടൽ, വൻകുടൽ, ഹൃദയം… മുതലായവ. ഇത് ഈ അവയവങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവർത്തനതകരാറുകൾ പലവിധത്തിൽ കുഞ്ഞിന്റെ ആരോഗ്യത്തെയും ഭാവിജീവിതത്തെയും ബാധിച്ചേക്കാം. നമ്മുടെ തലച്ചോറിന്റെ ഓരോ ഭാഗവും നമ്മുടെ ശരീരത്തിന്റെ ഓരോ പ്രവർത്തനങ്ങളെയാണ് നിയന്ത്രിക്കുന്നതിന് നിങ്ങൾക്കറിയാമല്ലോ. ഏതു ഭാഗത്തേക്കാണോ ഓക്സിജന്റെ ലഭ്യത കുറഞ്ഞത് എന്നനുസരിച്ചാണ് ആ കുഞ്ഞിന് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഉദാഹരണത്തിന്, കാഴ്ച നിയന്ത്രിക്കുന്ന ഭാഗമാണ് ബാധിച്ചതെങ്കിൽ കുട്ടിക്ക് ഭാവിയിൽ കാഴ്ചക്കുറവുണ്ടാകാം, കേൾവിയുടെ ഭാഗമാണെങ്കിൽ കേൾവിക്കുറവുണ്ടായേക്കാം. ചില കുട്ടികളിൽ അപസ്മാരരോഗമായി കാണാറുണ്ട്. ഓരോ കുട്ടികളും ഓരോ സമയത്തായി നോർമൽ ആയി ചെയ്യണ്ട കാര്യങ്ങൾ അഥവാ ‘ഡെവലപ്മെന്റൽ മൈൽ സ്റ്റോൺസ്’ ഈ കുട്ടികളിൽ വൈകി ആയിരിക്കും ഉണ്ടാവുക. ഉദാഹരണത്തിന് 5 മാസമാവുമ്പോഴേക്കും കുട്ടികളുടെ കഴുത്തു ഉറയ്ക്കണം, 8 മാസത്തിൽ തനിയെ ഇരിക്കാൻ സാധിക്കണം, 13 മാസത്തിൽ തനിയെ നടക്കാൻ കഴിയണം… ഇതെല്ലം ഈ കുട്ടികളിൽ വൈകിയേ നടക്കുകയുള്ളൂ. കൂടാതെ ചില കുട്ടികളിൽ മസിലുകൾക്ക് ബലക്കുറവായും കാണാറുണ്ട്
ദഹനവ്യവസ്ഥയിലാവട്ടെ, പാല് ദഹിക്കാതെ ചിലപ്പോൾ വയറു വീർക്കലും കുടലിൽ വ്രണങ്ങളും കാണപ്പെടാറുണ്ട്. കിഡ്നിയുടെ പ്രവർത്തനവും ബാധിക്കപെടുന്നു. ചുരുക്കിപ്പറഞ്ഞാൽ ശരീരത്തിലെ എല്ലാ അവയവ്യവസ്ഥയെയും ഓക്സിജന്റെ ലഭ്യതക്കുറവ് ബാധിക്കുന്നു.
പ്രസവത്തിൽ കരയാത്ത കുഞ്ഞുങ്ങളുടെ ചികിത്സ എങ്ങനെയാണ്?
കുഞ്ഞു പ്രസവത്തിൽ കരയാത്തത് എന്ത്ഈ കാരണം കൊണ്ടുമായിക്കോട്ടെ, എത്രയും വേഗം ആദ്യജീവശ്വാസം കൃത്രിമമായി കൊടുക്കുകയാണ് വേണ്ടത്. ചില സന്ദർഭങ്ങളിൽ ഓക്സിജന്റെ നീണ്ട അലഭ്യത കുഞ്ഞിന്റെ ഹൃദയമിടിപ്പ് തന്നെ കുറച്ചെന്നു വരാം, ചിലപ്പോൾ ഹൃദയം മുഴുവനായും നിലച്ച നിലയിൽ ആയിരിക്കും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ കൃത്രിമശ്വാസത്തിനു പുറമെ ഹൃദയമിടിപ്പ് തിരിച്ചു കൊണ്ടുവരാനായി സി.പി.ആർ കൊടുക്കുകയോ ഇൻജെക്ഷൻ ആയി ജീവൻരക്ഷാ മരുന്നുകൾ കൊടുക്കുകയോ വേണ്ടി വന്നേക്കാം. ഏതെല്ലാം ലേബർ റൂമിൽ വെച്ച് തന്നെ ചെയ്യേണ്ട കാര്യങ്ങളാണ്. അതിനു ശേഷം കുഞ്ഞിനെ ഉടൻ തന്നെ നവജാതശിശുക്കൾക്കായുള്ള ഐ.സി.യു ലേക്ക് മാറ്റി സഹായങ്ങൾ തുടരേണ്ടതാണ്. ചിലപ്പോൾ വെന്റിലെറ്റർ സഹായം ആവശ്യമായി വന്നേക്കാം. ഹൃദയമിടിപ്പും ബി.പി. യും നോർമൽ ആയി നിലനിർത്താനാവശ്യമായ മരുന്നുകൾ വേണ്ടി വന്നേക്കാം. അപസ്മാരമുണ്ടായാൽ അതിനു വേണ്ട മരുന്നുകൾ നൽകേണ്ടതുണ്ട്. അവരുടെ ഓരോ അവയവത്തിന്റെയും പ്രവർത്തനം തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കേണ്ടതും അത്യാവശ്യമാണ്. കുഞ്ഞു മെച്ചപ്പെടുന്നതിനനുസരിച്ചു പതുക്കെ സഹായങ്ങൾ കുറച്ചു കൊണ്ട് വരാവുന്നതാണ്. പതുക്കെ മുലപ്പാൽ കൊടുത്തു തുടങ്ങാനും അമ്മയുടെ അടുത്തേക്ക് മാറ്റാനും ശ്രമിക്കാവുന്നതാണ്. എന്നാൽ ഇതിനു എത്ര ദിവസങ്ങൾ വേണ്ടി വരും എന്നത് ഓരോ കുഞ്ഞിനും ഓരോ പോലെയാണ്. ഓക്സിജന്റെ അഭാവത്തിന്റെ കാഠിന്യത്തിനനുസരിച്ചു ഓരോ കുഞ്ഞുങ്ങളുടെ പ്രശ്നങ്ങളിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. പെട്ടെന്ന് തന്നെ കൃത്രിമശ്വാസം കിട്ടിയ ഒരു കുഞ്ഞിന് അതിനു താമസം നേരിട്ട ഒരു കുഞ്ഞിനേക്കാൾ നിശ്ചയമായും പ്രശ്നങ്ങൾ കുറവായിരിക്കും.
പ്രശ്നങ്ങൾ പ്രതീക്ഷിക്കപ്പെടുന്ന പ്രസവങ്ങളിൽ കുട്ടികളുടെ ഡോക്ടർ കൂടി ഉണ്ടാവണം എന്ന് പറയുന്നതിന്റെ കാര്യം ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ!
ഈ കുഞ്ഞുങ്ങളെ എങ്ങനെ ആണ് മുന്നോട്ടു കൊണ്ടുപോകേണ്ടത്?
ഐ.സി.യു വിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതോടെ ഇവരുടെ ചികിത്സ അവസാനിക്കുന്നില്ല. പ്രത്യേക ഇടവേളകളിൽ ഇവരുടെ ചെക്ക് അപ്പ് ആവശ്യമാണ്. സാധാരണ കുഞ്ഞുങ്ങളെ പോലെ ഇവർ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടോ , അപസ്മാരം വരുന്നുണ്ടോ, കാഴ്ചയും കേൾവിയുമെല്ലാം ശെരിയാണോ , മസിലുകൾക്ക് വേണ്ട ബലമുണ്ടോ എന്നെല്ലാം ഓരോ സന്ദർശനത്തിനും പരിശോധിക്കേണ്ടതുണ്ട്. ഇവരുടെ തലച്ചോറിന്റെ എം.ആർ.ഐ എടുത്തു നോക്കേണ്ടതും അത്യാവശ്യമാണ്. എങ്കിലേ എത്രത്തോളം ഭാഗങ്ങൾ ബാധിക്കപ്പെട്ടിട്ടുണ്ട് എന്ന് നമുക്കറിയാൻ പറ്റൂ. പല കുഞ്ഞുങ്ങൾക്കും ഫിസിയോതെറാപ്പി ആവശ്യമായി വരാറുണ്ട്.
ഇവർക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അതിനു വേണ്ട ടെസ്റ്റുകൾ ചെയ്തു കാര്യങ്ങൾ മനസ്സിലാക്കിയാൽ എത്രയും വേഗം തന്നെ അതിനു വേണ്ട പരിഹാരമാർഗങ്ങളും നമുക്ക് ചെയ്യാവുന്നതാണ്. അതൊക്കെ എത്ര വേഗം ചെയ്യുന്നോ അത്രയും നല്ല പുരോഗതി അവരുടെ ജീവിതത്തിൽ നമുക്ക് കാണാൻ സാധിക്കും. അവരുടെ ജീവിതത്തിന്റെ മൂല്യം കൂട്ടാനും നമുക്ക് സാധിക്കും. ഞാനിത്രയും ഇവിടെ പറയാൻ കാരണം പലപ്പോഴും ഈ കുഞ്ഞുങ്ങളെ മാതാപിതാക്കൾ ഡിസ്ചാർജ് കഴിഞ്ഞാൽ ചെക്ക് അപ്പുകൾക്കായി കൊണ്ട് വന്നു കാണാറില്ല. ഇനി കൊണ്ട് വന്നാൽ തന്നെ കൃത്യമായി വേണ്ട ടെസ്റ്റുകളും ചികിത്സകളും ചെയ്യുന്നതായി കാണാറില്ല. അത് വളരെ കുറഞ്ഞ ശതമാനമാണെങ്കിൽ പോലും. ഇനി കൂടുതലൊന്നും ചെയ്തിട്ട് കാര്യമില്ല എന്ന ഒരു നിലപാടാണ് കുറച്ചെങ്കിലും മാതാപിതാക്കൾ എടുക്കുന്നതായി കാണാറുള്ളത്. ആ ചിന്താഗതി മാറണം. മാറ്റിയെ പറ്റൂ!
ഇതിൽ എന്തെങ്കിലും പുതിയ ചികിത്സാരീതികൾ വന്നിട്ടുണ്ടോ?
നിശ്ചയമായും ഉണ്ട്. ടോട്ടൽ ബോഡി കൂളിംഗ് എന്ന നൂതനചികിത്സാരീതി കേരളത്തിൽ എത്രയോ ആശുപത്രികളിൽ ലഭ്യമാണ്. പ്രസവത്തിൽ കരയാത്ത കുഞ്ഞുങ്ങളെ ആദ്യത്തെ ൬ മണിക്കൂറിൽ ഈ ആശുപത്രികളിൽ എത്തിക്കാൻ കഴിഞ്ഞാൽ ഈ ചികിത്സാരീതി പരീക്ഷിക്കാവുന്നതാണ്. ഒരു പ്രത്യേക മെഷീനിൽ വെച്ച് കുഞ്ഞിന്റെ തലയും ഉടലും ഒരു നിശ്ചിത താപനിലയിൽ ൭൨ മണിക്കൂർ വെക്കുന്നതാണ് ഈ ചികിത്സാരീതി. ലോകമെമ്പാടുമുള്ള പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് എന്തണെന്നാൽ ഈ ചികിത്സ രീതി കുഞ്ഞിന്റെ തലച്ചോറിലെ കോശങ്ങളെ നശിക്കാതെ കാത്തുരക്ഷിക്കുന്നു എന്നാണ്. അത് വഴി കുഞ്ഞിന് ഭാവിയിലുണ്ടാകാവുന്ന മുകളിൽ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഈ ചികിത്സാരീതി വഴി കുറക്കാമെന്നതാണ്.
കൂടുതൽ പുതിയ മരുന്നുകൾക്കായി നമുക്ക് കാത്തിരിക്കാം.
ഒന്നോർക്കുക, ആ കുഞ്ഞുങ്ങളും മനുഷ്യരാണ്, ജീവിക്കാൻ അവകാശമുള്ളവർ!