എന്താണ് ഒരു സാധാരണ പ്രസവം? ആരോഗ്യമുള്ള നവജാതശിശു എങ്ങിനെയാകണം?
ഒരു സ്ത്രീ പ്രസവിക്കുമ്പോൾ ഒരു കുഞ്ഞു മാത്രമല്ല, ഒരു അമ്മയും അച്ഛനും കൂടിയാണ് ജനിക്കുന്നത്. ഒരു സ്ത്രീ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഒരു കുഞ്ഞിന് ജന്മം നൽകുമ്പോഴാണ്. പക്ഷെ എനിക്ക് തോന്നുന്നു, ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിക്കുന്നതും ഈ ആദ്യനാളുകളിൽ തന്നെയാണ്. എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട, എന്താണ് ശരി, എന്താണ് തെറ്റ് …ഒന്നും അറിയാത്ത ഒരു അവസ്ഥ. ഒരു ഉത്തരവാദിത്തങ്ങളുമില്ലാതെ പാറിപ്പറന്നു നടന്നിരുന്ന ഒരു ജീവിതത്തിൽ നിന്ന് പെട്ടെന്ന് ഉള്ള ഒരു മാറ്റം! ഞാനും പകച്ചുപോയിട്ടുണ്ട് ജീവിതത്തിന്റെ ആ ഒരു ഘട്ടത്തിൽ.. ഈ ലേഖനത്തിൽ ഞാൻ ഉദ്ദേശിക്കുന്നതും ഈ ടെൻഷൻ ദൂരീകരിക്കാനാണ്. അതിനായി എന്താണ് ഒരു സാധാരണ പ്രസവമെന്നും എങ്ങിനെ ആണ് പൂര്ണാരോഗ്യമുള്ള ഒരു ഇരിക്കേണ്ടതെന്നും ആദ്യം നമ്മൾ അറിയണം.
എന്താണ് ഒരു സാധാരണ/ സുഖ പ്രസവം?
നമ്മുടെ ഇടയിലുള്ള ഒരു ചിന്തയാണ് സുഖപ്രസവമെന്നാൽ നോർമൽ ഡെലിവെറിയാണെന്ന്. അങ്ങനെയാണോ? സിസ്സേറിയൻ സാധാരണ പ്രസവത്തിൽ പെടില്ലെ? എന്നാൽ അങ്ങനെയല്ല, പ്രസവം എങ്ങിനെ നടന്നു എന്നത് നോക്കിയല്ല അതിനെ സുഖപ്രസവമെന്നു വിളിക്കുന്നത്. നോർമൽ പ്രസവമായാലും സിസ്സേറിയനായാലും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നെങ്കിൽ അതെല്ലാം സുഖപ്രസവങ്ങളാണ്!
നവജാതശിശു എന്ന് വിളിക്കുന്നതാരെ?
ജനിച്ചു ആദ്യത്തെ 28 ദിവസം പ്രായമായ കുഞ്ഞുങ്ങളെ ആണ് നവജാതശിശുക്കൾ എന്ന് വിളിക്കുന്നത്. 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്ക് നോക്കുമ്പോൾ അതിൽ ഏറ്റവും കൂടുതൽ ആദ്യത്തെ 28 ദിവസത്തിനുള്ളിൽ ഉള്ള കുഞ്ഞുങ്ങളാണെന്നുള്ള വിവരം നിങ്ങൾക്കറിയാമോ? അതിൽ നിന്ന് തന്നെ ഈ ദിവസങ്ങൾ എത്ര പ്രാധാന്യമുള്ളവയാണെന്നു നമുക്ക് ഊഹിക്കാമല്ലോ!
എന്താണ് മൂപ്പെത്തിയ പ്രസവം?
40 ആഴ്ച അല്ലെങ്കിൽ 280 ദിവസങ്ങളാണ് ഒരു അമ്മയുടെ ഗര്ഭകാലം. എങ്കിൽ കൂടിയും 37 ആഴ്ച കഴിഞ്ഞ ഗർഭത്തെ പൂര്ണവളർച്ചയെത്തിയ അല്ലെങ്കിൽ മൂപ്പെത്തിയ ഗര്ഭമായി കണക്കാക്കാം. 37 ആഴ്ചക്കു മുമ്പ് ജനിച്ച കുഞ്ഞുങ്ങളെ നമ്മൾ മൂപ്പെത്താതെ ജനിച്ച കുഞ്ഞുങ്ങളെന്നു പറയുന്നു. ഇതിൽ തന്നെ 34 ആഴ്ചക്കു മുമ്പാണെങ്കിൽ നിശ്ചയമായും ഈ കുഞ്ഞുങ്ങൾക്ക് ഐ.സി.യു പരിചരണം ആവശ്യമായി വരും.അതുപോലെ 42 ആഴ്ച കഴിഞ്ഞ ഗർഭത്തെ മൂപ്പു കൂടിപ്പോയ ഗര്ഭമായും നമ്മൾ പറയാറുണ്ട്. മൂപ്പു കുറഞ്ഞ ഗര്ഭത്തെപോലെ തന്നെ മൂപ്പു കൂടുന്നതും നല്ലതല്ല കേട്ടോ.
എന്താണ് ഒരു നവജാതശിശുവിന്റെ സാധാരണ തൂക്കം?
നമ്മൾ ഇന്ത്യൻ വംശജരിൽ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ശരാശരി 3 കിലോ വരെ തൂക്കം ഉണ്ടാവാറുണ്ട്. 2.5 കിലോയിൽ താഴെ തൂക്കമുള്ള കുട്ടികളെ “തൂക്കകുറവുള്ള നവജാതശിശുക്കൾ” എന്ന് വിളിക്കാം. തൂക്കക്കുറവുപോലെ തന്നെ ആണ് തൂക്കക്കൂടുതലും. സാധാരണ രീതിയിൽ ഇന്ത്യയിലെ കുഞ്ഞുങ്ങൾ ൪ കിലോയിൽ അധികം ആവാറില്ല. എന്നാൽ ഗർഭകാലത്തു അമ്മമാരിൽ കാണുന്ന പ്രമേഹരോഗത്തിലും മറ്റും കുഞ്ഞുങ്ങൾ തൂക്കക്കൂടുതലായി ജനിക്കുന്നത് കാണാറുണ്ട്. അത് കൊണ്ട് തൂക്കക്കൂടുതൽ എല്ലായ്‌പോഴും ആരോഗ്യത്തിന്റെ ലക്ഷണമാകണമെന്നില്ല.
എന്താണ് ആദ്യദിവസങ്ങളിൽ കുഞ്ഞുങ്ങൾ ഭാരം കുറഞ്ഞു പോകുന്നത്?
എപ്പോഴും കുഞ്ഞിന്റെ ആദ്യദിനങ്ങളിൽ “കുഞ്ഞു തൂക്കം കൂടുന്നില്ല ” എന്ന പരാതിയുമായി വരുന്ന അമ്മമാരുടെ എണ്ണം കുറവല്ല. ഇതൊരു പ്രശ്നമാണോ? അല്ലെ അല്ല. ഇത് സാധാരണമാണ്. ആദ്യദിനങ്ങളിൽ കുഞ്ഞിന്റെ തൂക്കം കുറയുന്നത് സാധാരണമാണ്. ശരീരത്തിലുള്ള അധിക ജലാംശം നഷ്ടപ്പെടുന്നത് മൂലമാണത്. ആദ്യ 6-7 ദിനങ്ങൾ തൂക്കം കുറഞ്ഞു അതിനു ശേഷം തൂക്കം കൂടാൻ തുടങ്ങും. ഏകദേശം 10-12 ദിവസമാവുമ്പോഴേക്കും കുഞ്ഞു ജനിച്ച സമയത്തെ തൂക്കം വീണ്ടെടുക്കും. അതിനു ശേഷം പതുക്കെ പതുക്കെ തൂക്കം കൂടാൻ തുടങ്ങും.
കുഞ്ഞുങ്ങൾ ഓരോ മാസവും എത്ര തൂക്കം കൂടണം?
ആദ്യമാസങ്ങളിൽ കുഞ്ഞു ഒരു ദിവസം 20 മുതൽ 30 ഗ്രാം വരെ കൂടേണ്ടതാണ്. അതായതു ആദ്യമാസത്തിൽ ആദ്യത്തെ 10 ദിവസങ്ങളൊഴിച്ചാൽ ബാക്കി 20 ദിവസങ്ങളിൽ കുഞ്ഞു 400 മുതൽ 600 gm വരെ ജനനത്തൂക്കത്തിൽ നിന്നും കൂടേണ്ടതാണ്. പിന്നീടു മാസത്തിൽ ഏകദേശം 600-900gm വരെ അവർ കൂടേണ്ടതുണ്ട്. ഇത് ദിവസത്തിൽ 20 ഗ്രാമിൽ കുറഞ്ഞാൽ നാം അതിന്റെ കാരണം കണ്ടെത്തി ശെരിയാക്കേണ്ടതാണ്. കാരണം ഒരു കുഞ്ഞു നന്നായി തൂക്കം വെക്കുന്നുവെങ്കിൽ അതിനർത്ഥം ആ കുഞ്ഞു ആരോഗ്യവാനായി വളരുന്നുവെന്നാണ്.
അപ്പോൾ അവസാനമായി ഒരു ചോദ്യം! ആരാണ് ആരോഗ്യമുള്ള ഒരു നവജാതശിശു?
കുഞ്ഞു ജനിച്ചത് കുറഞ്ഞത് 37 ആഴ്ചത്തെ ഗര്ഭകാലയളവ് കഴിഞ്ഞാവുകയും 2.5 കിലോയിൽ അധികം തൂക്കത്തോടെ ആവുകയും പ്രസവത്തിൽ നന്നായി കരഞ്ഞു കുറച്ചുസമയത്തിൽ തന്നെ പിങ്ക് നിറമായി പാലിനായി കൈകാലിട്ടടിച്ചു കരയുന്നുണ്ടെങ്കിൽ ആ കുഞ്ഞു ആരോഗ്യമുള്ള ഒരു നവജാതശിശു ആണെന്ന് നമുക്ക് നിസ്സംശയം പറയാം!