കുട്ടികളിൽ ഇൻഹേലറുകൾ സുരക്ഷിതമോ?

കുട്ടികളിലെ ആസ്ത്മ/ വലിവിന്റെ ശെരിയായ ചികിത്സാരീതികൾ എന്തൊക്കെയെന്നും അതിനുപയോഗിക്കുന്ന മരുന്നുകളെന്താണെന്നും  നമ്മൾ കഴിഞ്ഞ ലക്കത്തിൽ വായിച്ചതാണ്. വിട്ടു മാറാത്ത വലിവിനു ഇൻഹേലർ ചികിത്സ തന്നെയാണ് അഭികാമ്യം. എന്നാൽ ‘ ഇൻഹേലർ ‘ എന്ന വാക്കു കേൾക്കുന്നത് തന്നെ പല അച്ഛനമ്മമാർക്കും പേടിയാണ്. ഈ പേടിയിൽ എന്തെങ്കിലും കാര്യമുണ്ടോ? നമുക്ക് നോക്കാം.

എന്തൊക്കെയാണ് ഇൻഹേലറുകളെ കുറിച്ച് കേട്ട് വരുന്ന അപവാദങ്ങൾ?

  • ഇൻഹേലറുകളിൽ ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ് മരുന്ന് കുട്ടികൾക്ക് നല്ലതല്ല
  • കൂടിയ ഡോസ് ആണ് ഉപയോഗിക്കുന്നത്
  • ഇത് കൂടുതൽ സൈഡ് എഫക്ട് ഉണ്ടാക്കുന്നു.
  • ഇത് ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ നിർത്താൻ സാധിക്കില്ല
  • ഇതിലെ മരുന്നുകൾ അഡിക്ഷൻ ഉണ്ടാക്കുന്നു.
  • ഇത് ഭാവിയിലും കുട്ടിയെ ആസ്ത്മ രോഗിയാക്കി മാറ്റുന്നു.

ഇതിൽ സത്യമുണ്ടോ?

നമുക്ക് മുകളിൽ പറഞ്ഞ ഓരോ കാര്യങ്ങളായി എടുത്തു പരിശോധിക്കാം.

സ്റ്റിറോയ്ഡ് മരുന്നുകൾ നല്ലതോ? സൈഡ് എഫ്ഫക്റ്റ് ഇല്ലേ?

നമ്മുടെ ശരീരത്തിലേക്ക് ആവശ്യമില്ലാതെ കയറുന്ന ഒന്നും നമുക്ക് നല്ലതല്ല. അതുകൊണ്ടുതന്നെ മരുന്നുകളും. എന്നാൽ മരുന്നുകൾ നമ്മൾ വെറുതെ കഴിക്കുന്നതല്ലല്ലോ. ഒരു അസുഖം മാറാനാണ്  കഴിക്കുന്നത്, അല്ലെ? അത് മാത്രമല്ല, നമ്മൾ കഴിക്കുന്ന ഓരോ മരുന്നുകളും  എത്രയോ വര്ഷങ്ങളുടെ പഠനത്തിനും പരീക്ഷണങ്ങൾക്കും ശേഷമാണു അനുമതി കിട്ടി വിപണികളിൽ എത്തുന്നത്. ഓരോ മരുന്നിനും അവയുടെ വ്യത്യസ്ത ഡോസിനനുസരിച് വ്യത്യസ്ത കഴിവുകളാണ് ഉള്ളത്. അതായത് ഒരു മരുന്ന് സൈഡ് എഫ്ഫക്റ്റ് ഉണ്ടാക്കുന്നത് അതിന്റെ എഫ്ഫക്റ്റ് (അഥവാ ഫലം ) ഉണ്ടാക്കുന്ന ഡോസിന്റെ എത്രയോ മടങ്ങു ഡോസ് നമ്മളുടെ ശരീരത്തിലേക്ക് കയറുമ്പോളാണ്. ഓരോ മരുന്നും എത്ര ഡോസിൽ ഫലപ്രദമാണ്, എത്ര ഡോസിൽ അപകടകാരിയാണ് എന്ന് കൃത്യമായ പഠനങ്ങൾ വഴി കണ്ടുപിടിച്ചാണ് അവ മരുന്നായി അംഗീകരിക്കപ്പെടുന്നത് തന്നെ. ഈ വിവരങ്ങൾ ഫർമക്കോളജി എന്ന ഒരു വിഷയമായി തന്നെ  പഠിച്ചാണ്  ഓരോ ഡോക്ടറും അവരുടെ പഠനം പൂർത്തിയാക്കുന്നത്. അതുകൊണ്ടു തന്നെ സൈഡ് എഫ്ഫക്റ്റ് ഉണ്ടാക്കാൻ പോന്നത്ര ഡോസ് ഒരു ഡോക്ടറും തങ്ങളുടെ രോഗികൾക്ക് നൽകുകയില്ല. തങ്ങൾ കൊടുക്കുന്ന മരുന്നുകളെ കുറിച്ചുള്ള കൃത്യമായ അറിവ്, (അതായത് അതിന്റെ നല്ല വശങ്ങളെക്കുറിച്ചും ചീത്ത വശങ്ങളെക്കുറിച്ചും), ആ അറിവാണ് മോഡേൺ മെഡിസിൻ ശാഖയെ മറ്റു വൈദ്യശാഖകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അത് തെല്ലു അഭിമാനത്തോട് കൂടി തന്നെ എനിക്ക് പറയാൻ സാധിക്കും.

ഒരുദാഹരണം പറയട്ടെ, കുട്ടികളുടെ പനി ക്ക് കൊടുക്കുന്ന പാരസെറ്റമോൾ ലിവറിനെ ബാധിക്കുമെന്ന് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. ആ ഒരൊറ്റ കാര്യം കൊണ്ടുതന്നെ പല അച്ഛനമ്മമാരും ഈ മരുന്ന് കൊടുക്കാൻ മടിക്കുന്നത് കാണാം. ശെരിയാണ്, പാരസെറ്റമോൾ ലിവറിനു നല്ലതല്ല. എന്നാൽ അതെപ്പോഴാണെന്നറിയുമോ? നമ്മൾ കുട്ടികളുടെ തൂക്കത്തിനനുസരിച്ചാണ് ഓരോ മരുന്നിന്റെയും ഡോസ് കണക്കാക്കുന്നത്. ഈ ടോസിന്റെ ഏകദേശം ആറു മടങ് കൂടുതലാണ് പാരസെറ്റമോൾ അപകടകാരിയാകുന്നത്. അതും പലതവണ കൊടുക്കുമ്പോൾ. ലളിതമായി പറഞ്ഞാൽ ഒരു വയസ്സുള്ള കുട്ടിക്ക് വലിയ ആളുകൾക്ക് കൊടുക്കുന്ന പാരസെറ്റമോൾ ടാബ്ലറ്റ്  ( 650 mg ) കൊടുത്തു എന്നിരിക്കട്ടെ, അത് പ്രശ്നമാണ്! അങ്ങനെ ഒരു ഡോക്ടർ കൊടുക്കുന്നത് നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ? ഒരിക്കലും  അതുണ്ടാകില്ല. സ്റ്റിറോയ്ഡ് മരുന്നിന്റെ കാര്യവും മുകളിൽ പറഞ്ഞപോലെ തന്നെയാണ്. പ്രശ്നങ്ങൾ ഉണ്ടാകുന്നത് അമിത ഡോസ് ഉപയോഗിക്കുമ്പോഴാണ്. അത് കൊണ്ടു തന്നെ സൈഡ് എഫക്ടിനെ കുറിച്ചുള്ള അനാവശ്യ ടെൻഷൻ ഒഴിവാക്കാം.

ഇതിൽ കൂടിയ ഡോസ് ആണുള്ളത്

തെറ്റാണ്. ആരെങ്കിലും ഇൻഹേലറിലെ മരുന്നിന്റെ ഡോസ് നോക്കിയിട്ടുണ്ടോ? അത് മൈക്രോഗ്രാമിൽ ആണ്. അതായത് മില്ലിഗ്രാമിന്റെ ആയിരത്തിൽ ഒന്ന്. നമ്മൾ വായ വഴി കഴിക്കുന്ന മരുന്നുകൾ സാധാരണയായി മില്ലിഗ്രാമിൽ ആണ് ഉണ്ടാകുക. അതിന്റെ അർത്ഥമെന്താണ്? ഇൻഹേലറിൽ ഉപയോഗിക്കുന്ന മരുന്ന് വായിൽ കൂടി കഴിക്കുന്നതിന്റെ ആയിരത്തിൽ ഒന്ന് ഡോസ് ഉള്ളു. അതെന്തു കൊണ്ടാണ് ഇത്രയും കുറഞ്ഞ ഡോസ് എന്നറിയാമോ? പ്രശനം നമ്മുടെ ശ്വാസകോശങ്ങൾക്കാണ് അല്ലെ? എന്നാൽ വായിലൂടെ കഴിക്കുമ്പോൾ ആ മരുന്ന് ആദ്യം വയറ്റിൽ പോയി അവിടെ നിന്ന് ലിവറിലെത്തി കുടലിലെത്തി അതിനൊക്കെ ശേഷമാണു ശെരിക്കും എത്തേണ്ട ശ്വാസകോശങ്ങളിലെത്തുന്നത്. അപ്പോഴേക്കും കഴിച്ച ഡോസിന്റെ ഒരംശമേ ഉണ്ടാകുകയുള്ളൂ. ബാക്കിയെല്ലാം ആവശ്യമില്ലാത്ത അവയവങ്ങളിലായിരിക്കും. എന്നാൽ ഇൻഹേലർ ഉപയോഗിക്കുമ്പോഴോ? മരുന്ന് വേറെ എവിടേക്കും പോകാതെ നേരിട്ട് ശ്വാസകോശങ്ങളിലെത്തുന്നു. അത് കൊണ്ട് തന്നെ വളരെ കുറച്ചു ഡോസ് മതി. അത് മാത്രമല്ല, ഫലവും നിമിഷനേരത്തിനുള്ളിൽ കിട്ടുന്നു. സൈഡ് എഫക്ടിന്റെ പേടിയും വേണ്ട!

തുടങ്ങിയാൽ പിന്നെ നിർത്താനാകില്ലേ?

ഒരു സംശയവും വേണ്ട, നിർത്താനാകും. പക്ഷെ അത് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരമാവണമെന്നു മാത്രം. പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. സ്വന്തം ഇഷ്ടപ്രകാരമോ അല്ലെങ്കിൽ വേറെ ആരുടെയെങ്കിലും നിർദ്ദേശപ്രകാരമോ നിർത്തുന്നത് കാണാം. ഒരു കുട്ടിയുടെ ബുദ്ധിമുട്ടുകൾക്കനുസരിച്ചാണ് ഇൻഹേലറുകളുടെ ഡോസ് നിശ്ചയിക്കുന്നത്. ഇത് തുടങ്ങികഴിഞ്ഞാൽ കൃത്യമായ നിരീക്ഷണം ആവശ്യമാണ്. കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ടു രോഗം എത്രത്തോളം നമ്മുടെ വരുതിയിലാണ് എന്ന് വിലയിരുത്തേണ്ടതാണ്. ചിലപ്പോൾ തുടങ്ങിയ ഡോസ് കൂട്ടുകയോ കുറയ്ക്കുകയോ വേണ്ടി വന്നേക്കാം. നമ്മൾ കൊടുക്കുന്ന മരുന്നിനു കുട്ടി എങ്ങിനെ പ്രതികരിക്കുന്നു എന്ന് നോക്കിയാണത്. ശെരിയായ ഡോസ് മരുന്നിൽ എത്തിക്കഴിഞ്ഞാൽ അത് കുറച്ചു കാലമെങ്കിലും തുടരേണ്ടതാണ്. ചിലവരിൽ രണ്ടോ മൂന്നോ വര്ഷമെടുത്തേക്കാം. ഒരു ആറ് മാസമെങ്കിലും കുട്ടിക്ക് വലിവിന്റെ ബുദ്ധിമുട്ട് ഒട്ടും തന്നെ വരുന്നില്ലെങ്കിൽ പതുക്കെ നമുക്ക് ഇൻഹേലർ മരുന്നിന്റെ ഡോസ് കുറച്ചു തുടങ്ങാം. ഒറ്റയടിക്ക് മരുന്ന് ഒരിക്കലും നിർത്തരുത്. ക്രമേണയുള്ള കുറച്ചു കൊണ്ടുവരലാണ് വേണ്ടത്. രണ്ടു പഫ് എടുത്തിരുന്ന കുട്ടിക്ക് പതുക്കെ ഒരു പഫ് ആക്കം, അതിൽ പ്രശ്നമില്ലെങ്കിൽ രണ്ടു തവണ കൊടുക്കുന്നത് ഒരു തവണ ആക്കം. അങ്ങിനെ പതുക്കെ പതുക്കെ ഡോക്ടർ അത് കുറച്ചു കൊണ്ട് വരികയും, കുട്ടിക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തി ക്രമേണ നിർത്തുകയും ചെയ്യുന്നു. ക്ഷമ അത്യാവശ്യമാണ്. കുറച്ചു ദിവസങ്ങൾ കൊണ്ട് ഫലം കിട്ടുന്ന ചികിത്സയല്ല ഇൻഹേലറുകൾ. എന്നാൽ കാലക്രമേണ ഉദ്ദേശിച്ച ഫലാം കിട്ടുക തന്നെ ചെയ്യും.

എങ്ങിനെ ആണ് ഇൻഹേലർ ഉപയോഗിക്കേണ്ടത്?

വളരെ ചെറിയ കുട്ടികളിൽ ( മൂന്നു വയസ്സിൽ താഴെ) : ഇൻഹേലറിനൊപ്പം സ്പേസറും മാസ്കും കൂടി ഉപയോഗിക്കേണ്ടതാണ്. മുകളിൽ കാണിച്ചിരിക്കുന്ന ചിത്രം പോലെ. മാസ്ക് മുഖത്തു കൃത്യമായി ഘടിപ്പിക്കണം. ഇല്ലെങ്കിൽ മരുന്ന് പുറത്തേക്കു ലീക് ചെയ്യും.

മൂന്നിനും ഏഴു  വയസ്സിനും ഇടയിൽ : ഇവരിൽ മാസ്ക് ഒഴിവാക്കാം. സ്പേസർ മാത്രം മതിയാകും. എങ്കിലും വായയും സ്പേസറും തമ്മിൽ വിടവ് (ഗാപ്)  ഉണ്ടാകാതെ നോക്കണം.

ഏഴു വയസ്സിനു മുകളിൽ : ഇവരിൽ സ്പേസർ ആവശ്യമുണ്ടെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി. എങ്കിൽ കൂടിയും മരുന്നിന്റെ കൃത്യമായ വിനിയോഗം കുട്ടികളിൽ സ്പേസർ വഴി മെച്ചമായി നടക്കുന്നു. അതുകൊണ്ടു തന്നെ ഇതുപയോഗിക്കുന്നതാണ് നല്ലത്.

എന്തിനാണ് ഈ സ്പേസറും മാസ്കും?

കുട്ടികൾക്ക് വലിയവരെ പോലെ മരുന്ന് സ്പ്രൈ ചെയ്യുന്ന സമയത്തു തന്നെ അത് ഉള്ളിലേക്ക് വലിക്കുവാനുള്ള കഴിവ് ഉണ്ടാകണമെന്നില്ല. ഇത് കാരണം ചിലപ്പോൾ മരുന്ന് പുറത്തേക്കു പോയി നഷ്ടപ്പെടാം. സ്പേസറും മാസ്കും ഉപയോഗിക്കുമ്പോൾ ഇതിന്റെ ആവശ്യമില്ല. മരുന്ന് സ്പ്രൈ ചെയ്തതിനു ശേഷം കുട്ടി പതിയെ ശ്വാസം ഉള്ളിലേക്കും പുറത്തേക്കും എടുത്ത് വിട്ടാൽ  മതി. സ്പേസറിൽ തങ്ങി നിൽക്കുന്ന മരുന്ന്  പതുക്കെ ശ്വാസകോശങ്ങളിൽ നിറഞ്ഞോളും.

  1. മരുന്ന് സ്പ്രൈ ചെയ്യുക
  2. കുട്ടിയോട്  പതുക്കെ ശ്വാസം ഉള്ളിലേക്കും പുറത്തേക്കും എടുത്തു വിടാൻ പറയുക.
  3. മാസ്കും മുഖവും തമ്മിൽ / സ്പേസറും വായും തമ്മിൽ വിടവുണ്ടാകരുത്
  4. ഒരു സ്പ്രൈ ചെയ്തതിനു ശേഷം ൮-൧൦ ശ്വാസോച്‌വാസം നടത്തണം.
  5. അതിനു ശേഷം അടുത്ത പഫ് എടുക്കാം. മുകളിൽ പറഞ്ഞപോലെ ആവർത്തിക്കാം.
  6. ഇതിനു ശേഷം വായ നല്ലവണ്ണം കഴുകുക.
  7. സ്പേസർ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ശുദ്ധജലത്തിൽ കഴുകാം. ബ്രഷ് പോലെയുള്ള ഒന്നും വൃത്തിയാക്കാൻ ഉപയോഗിക്കരുത്. വേണമെങ്കിൽ നേർപ്പിച്ച സോപ്പ് ലായനിയിൽ ഇട്ടു വക്കം, അതിനു ശേഷം പൈപ്പിലെ വെള്ളത്തിൽ കഴുകാം. ഫാനിന്റെ ചുവട്ടിൽ വെച്ച് ഉണക്കി എടുക്കാം. ഓരോ തവണ ഉപയോഗിച്ച ശേഷവും  കഴുകേണ്ട ആവശ്യമില്ല.

ഓർക്കുക, നമ്മൾ  ചികിത്സയും പോലെ തന്നെയാണ് ഇൻഹേലർ ചികിത്സയും. കൂടുതലായി ഒരു ദോഷഫലങ്ങളും അതിനില്ല. ഗുണങ്ങൾ വളരെ ഏറെയാണ് താനും. ഇത് ഞാൻ പറയുന്നതല്ല. ഇൻഹേലർ ഉപയോഗിക്കുന്ന എന്റെ കുഞ്ഞുങ്ങളുടെ അമ്മമാർ സന്തോഷത്തോടെ പറയുന്നതാണ്. കാരണം, ശ്വാസവായുവിനായി പിടഞ്ഞിരുന്ന മക്കളുടെ ദുരിതം കണ്ടു മടുത്ത അവർ , ഇപ്പോഴാണ് അവരുടെ മക്കളുടെ മനസ്സ് നിറഞ്ഞ ചിരി കാണുന്നത്!

Home of Dr Soumya sarin’s Healing Tones

Scroll to Top