ഗർഭിണിയാകുന്നതിനു മുന്നൊരുക്കങ്ങൾ ആവശ്യമാണോ?

എന്തൊരു കാര്യവും മുന്നൊരുക്കത്തോട് കൂടി ചെയ്യുന്നത് നല്ലതു തന്നെ. ഗർഭധാരണവും വ്യത്യസ്തമല്ല. ഈ ഒരുക്കം അമ്മയാവാൻ പോകുന്ന പെൺകുട്ടിക്ക് മാത്രമല്ല, അച്ഛനാവാൻ പോകുന്ന ആൾക്കും ആവശ്യമാണ്. ഇന്ന് എന്ത് കാര്യങ്ങളും സ്ത്രീയും പുരുഷനും ഒരുമിച്ചു കൂട്ടുത്തരവാദിത്തത്തോടെ ആണ് ചെയ്യുന്നത്. ഇവിടെയും കാര്യങ്ങൾ വ്യത്യസ്തമല്ല കേട്ടോ. ഗർഭം ധരിക്കുന്നത് സ്ത്രീയാണെങ്കിലും പുരുഷനും തത്തുല്യമായ സ്ഥാനം ഈ കാര്യത്തിലുണ്ട്. ‘അമ്മ ഗർഭം ധരിക്കുന്നത് ഉദരത്തിലാണെങ്കിൽ , അച്ഛൻ ഗർഭം ധരിക്കുന്നത് ഹൃദയത്തിലാണെന്നു കേട്ടിട്ടില്ലേ?!

ഗർഭിണികളുടെ പ്രായം:

നമ്മുടെ രാജ്യത്തിലെ പ്രസവസംബന്ധമായ മരണങ്ങളിൽ നല്ലൊരു ശതമാനം കൗമാരപ്രായക്കാരായ അമ്മമാരാണ് എന്നത് എത്ര പേർക്കറിയാം?! ഇന്നും ശൈശവ വിവാഹങ്ങൾ നമ്മുടെ രാജ്യത്തു നടക്കുന്നു എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാർഥ്യമാണ്. സമ്പൂർണ സാക്ഷരതാ അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനത്തു പോലും നമുക്ക് ഇത് കാണാവുന്നതാണ്. ഹൃതുമതിയായാൽ വിവാഹപ്രായമായി എന്ന തെറ്റിദ്ധാരണ ഇന്നും പല സമൂഹങ്ങളിലും നില നില്കുന്നു! നമ്മുടെ ഭരണഘടനാ അനുശാസിക്കുന്ന പ്രായം 18 വയസ്സാണെങ്കിലും പെൺകുട്ടികൾക്ക് 21വയസ്സെങ്കിലും വരെ കാത്തിരിക്കുന്നതാണ് അഭികാമ്യം. ശാരീരികമായ വളർച്ചയിൽ കവിഞ്ഞു അവരുടെ മാനസികമായ വളർച്ച കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. ഗര്ഭസംബന്ധമായ ധാരാളം പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ കാണുന്നത് പ്രായപൂർത്തി ആകാതെ ഗര്ഭിണികളാകുന്ന പെണ്കുട്ടികളിലാണ് എന്നതും ഓർക്കുക. നമ്മുടെ പെണ്മക്കൾ പഠിക്കട്ടെ, സ്വന്തം കാലിൽ നിൽക്കട്ടെ.. എന്നിട്ടു മാത്രം അവരെ ഒരു കുടുംബജീവിതത്തിലേക്കു പറഞ്ഞു വിടുക!
pregnancy-1-1

ഭാര്യയും ഭർത്താവുമൊരുമിചു ഒരു സമയം തീരുമാനിക്കൂ..

നമ്മുടെ നാട്ടിൽ പലപ്പോഴും ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞു ഗർഭിണി ആകുന്നത് സ്വന്തം ഇഷ്ടപ്രകാരമുള്ള സമയത്തല്ലാ , മറിച്ചു നാട്ടുകാരുടെ ചോദ്യശരങ്ങൾ കേട്ട് മടുത്താണ്! അധിക പെൺകുട്ടികളും വിവാഹം കഴിഞ്ഞു മുന്നോട്ടു പഠിക്കാൻ ആഗ്രഹിക്കുന്നവരാണ്. സ്വന്തം കാലിൽ നിന്ന് പിന്നീട് മതി ഒരു കുഞ്ഞു എന്ന് ചിന്തിക്കുന്നവരുമുണ്ട്. നിങ്ങൾക്ക് ഒരു കുഞ്ഞു എപ്പോൾ വേണം എന്നത് തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമാണ്. അതായതു ഭാര്യയും ഭർത്താവും ചേർന്ന് ഒരുമിച്ചെടുക്കുന്ന തീരുമാനമാകണമത്. നിങ്ങൾ തീവ്രമായി ആഗ്രഹിക്കുന്ന സമയത്താണ് നിങ്ങൾ കുഞ്ഞിന് ജന്മം കൊടുക്കേണ്ടത്. അതൊരിക്കലും മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങിയോ കുത്തുവാക്കുകൾ കേട്ട് മനം മടുത്തോ ഒന്നുമാകരുത്. അതുകൊണ്ടു തന്നെ ഇപ്പോൾ കുഞ്ഞുങ്ങൾ വേണ്ട എന്ന് തീരുമാനിചാൽ പിന്നെ അനുയോജ്യമായ ഗര്ഭനിരോധന മാര്ഗങ്ങള് ഉപയോഗിക്കാൻ മറക്കാതിരിക്കുക.

ഗർഭിണിയാകുന്നതിനു മുമ്പേ വേണ്ട കൗൺസിലിങ്.

pregnancy-1-2
ഇന്ന് ധാരാളം ആശുപത്രികൾ ഗര്ഭധാരണം പ്ലാൻ ചെയ്യുന്നവർക്ക് വേണ്ടി കൗൺസിലിങ് സെഷനുകൾ നടത്താറുണ്ട്. മാനസികമായി വേണ്ട വിധം തയ്യാറെടുക്കാനും ഗർഭധാരണത്തെ കുറിച്ചുള്ള അബദ്ധധാരണകൾ മാറ്റാനും ഇത് ഉപകരിക്കും. ഒരിക്കലും സംശയങ്ങൾ ഇന്റർനെറ്റ് ഉപയോഗിച്ച് ഗൂഗിൾ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ ഡോക്ടറോട് നേരിട്ട് ചോദിച്ചു മനസിലാക്കുക. കാരണം നിങ്ങൾ ഒരു കാര്യത്തെ കുറിച്ച് തിരയുമ്പോൾ അതിനെ കുറിച്ച് നിങ്ങൾക്ക് ആവശ്യമുള്ളതും അല്ലാത്തതുമായ എല്ലാ വിവരങ്ങളും ഗൂഗിൾ നിങ്ങൾക്ക് നൽകും. ഇത് പല തെറ്റിദ്ധാരണകൾക്കും അനാവശ്യ ടെൻഷനുകൾക്കും വഴി വക്കും. അതൊഴിവാക്കുക.

ഗർഭിണി ആകുന്നതിനു മുമ്പ് തന്നെ ഫോളിക് ആസിഡ് ഗുളികകൾ കഴിച്ചു തുടങ്ങണോ ?

നല്ലതാണ് . ഫോളിക് ആസിഡ് മുന്നേക്കൂട്ടി തുടങ്ങുന്നത് വഴി ഗർഭസ്ഥശിശുവിൽ ഉണ്ടാകാൻ ഇടയുള്ള നാഡീവ്യവസ്ഥയിലെ ചില വൈകല്യങ്ങൾ തടയാൻ നമുക്ക് സാധിക്കുന്നു. നിങ്ങൾ ഗര്ഭിണിയാകാൻ മാനസികമായി തയ്യാറെടുത്തെങ്കിൽ ആണ് മുതൽ തന്നെ ഫോളിക് ആസിഡ് ഗുളികകൾ കഴിച്ചു തുടങ്ങാം.

Home of Dr Soumya sarin’s Healing Tones

Scroll to Top