പാമ്പുകടിയും ചികിത്സാരീതികളും ഏറ്റവും ചർച്ച ചെയ്യപെട്ടുകൊണ്ടിരിക്കുന്ന സന്ദര്ഭമാണല്ലോ ഇപ്പോൾ. അത് കൊണ്ട് തന്നെ ഇന്നത്തെ നമ്മുടെ ചിന്താവിഷയവും അത് തന്നെ! ഇതിൽ നമ്മൾ ഏറ്റവും കൂടുതൽ കേട്ട പേരാണ് ASV . എന്താണത്? എങ്ങിനെ ആണ് കൊടുക്കേണ്ടത്? കൊടുത്താൽ അപകടസാധ്യത ഉണ്ടോ? നോക്കാം
എന്താണ് ASV ?
നമുക്കെല്ലാവർക്കുമറിയാം, നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന അന്യവസ്തുക്കൾ – അത് അണുക്കളായ ബാക്ടീരിയ ആവാം, വൈറസുകളാവാം, അല്ലെങ്കിൽ വിഷവുമാവാം – ഇവയെ ചെറുക്കാനുള്ള സംവിധാനം നമ്മുടെ ശരീരത്തിൽ തന്നെ ഉണ്ട്. ഇവയെ ആന്റിബോഡികൾ എന്ന് പറയും. ഇവരാണ് ശത്രുക്കളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്ന നമ്മുടെ പടയാളികൾ! പാമ്പിൻ വിഷം നമ്മുടെ ശരീരത്തിൽ കയറിയാലും ഇത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത്, നമ്മെപ്പോലെ മറ്റു ജീവജാലങ്ങളിലും ഉണ്ടാകുന്നുണ്ട്. ഈ ജീവജാലങ്ങളിൽ നിന്ന് ഇവയെ വേർതിരിച്ചെടുത്ത് ഒരു മരുന്നാക്കി മാറ്റുന്നതാണ് ASV. അതായത് കുതിര, കുരങ് , മുയൽ എന്നിവയിലെല്ലാം ഇത് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ ചെറിയ അളവിൽ പാമ്പിൻ വിഷം കുത്തി വെച്ച് , തൽഫലമായി അവയിലുണ്ടാകുന്ന ആന്റിബോഡികൾ രക്തത്തിൽ നിന്ന് വേർതിരിച്ചു പൌഡർ രൂപത്തിൽ ആക്കി സൂക്ഷിക്കുന്നു. മനുഷ്യർക്ക് പാമ്പിൻ വിഷബാധ ഏറ്റാൽ മേല്പറഞ്ഞ ആന്റിബോഡികളൊക്കെ ഉണ്ടാകാൻ സമയമെടുക്കും. അപ്പോഴേക്കും വിഷത്തിന്റെ ദൂഷ്യഫലങ്ങൾ നമ്മുടെ പല അവയവങ്ങളെയും ബാധിച്ചിട്ടുമുണ്ടാകും. അതെ സമയം എത്രയും വേഗം ഈ മരുന്ന് അഥവാ “റെഡിമേഡ് ആന്റിബോഡികൾ” നൽകിയാൽ ഈ സമയനഷ്ടം നമുക്ക് പരിഹരിക്കാം. അവ പാമ്പിൻ വിഷമെന്ന പ്രൊറ്റീനെ നിർവീര്യമാക്കിക്കോളും.
ഇതിന്റെ അപകട സാധ്യത എന്ത്?
മേല്പററഞ്ഞ പോലെ ഇത് വേര്തിരിച്ചെടുക്കുന്നത് മറ്റു ജീവികളിൽ നിന്നാണ്. അതുകൊണ്ടു തന്നെ അവയുടെ ശരീരത്തിലെ മറ്റു പ്രോടീനുകളും ചില സമയങ്ങളിൽ ഇതിൽ കലർന്നിട്ടുണ്ടാകാം. നമ്മുടെ ശരീരത്തിന് പുറത്തു നിന്ന് വരുന്ന എന്തും ശത്രുക്കളാണ്. ഇതിൽ മറ്റു ജീവികളിലെ ശരീര പ്രോടീനുകളും പെടും. ഈ മരുന്ന് കുത്തിവെക്കുന്ന സമയത് , കുത്തിവെക്കപ്പെടുന്ന ആളുടെ ശരീരം ഈ അന്യപ്രോടീനുകളെ ശത്രുക്കളായി കരുത്തിയേക്കാം. തൽഫലമായി അതിനെ ചെറുക്കാനുള്ള മാര്ഗങ്ങളിലേക്കും പോയേക്കാം.ഇതിനെയാണ് അലര്ജി എന്ന് പറയുന്നത്. ഇത് യിൽ കുറച്ചു കൂടുതലായി കാണാറുണ്ട്. ഏറ്റവും മികച്ച സാങ്കേതികവിദ്യകളുപയോഗിച്ചു ശുദ്ധീകരിച്ചാലും , നിർഭാഗ്യവശാൽ മറ്റു പ്രോടീൻ ഘടകങ്ങൾ ഈ മരുന്നിൽ കടന്നുകൂടുന്ന കൊണ്ടാണത്. ഇത് ആരുടേയും കുറ്റമല്ല. തടയാൻ സാധിക്കുന്നതുമല്ല.
ഈ അലര്ജി വന്നാൽ എങ്ങിനെ മനസ്സിലാക്കും? എന്ത് ചെയ്യും?
ആർക്കു അലര്ജി വരുമെന്നത് പ്രവചിക്കാൻ സാധ്യമല്ല. അതുകൊണ്ടു തന്നെ ASV കൊടുക്കുന്ന എല്ലാവരിലും ഇത് ഒരു ഡോക്ടർ പ്രതീക്ഷിക്കണം. അലര്ജി തന്നെ ഓരോരുത്തരിലും വ്യത്യസ്തമാകം. ചിലരിൽ ചെറിയ ചൊറിച്ചിലും തൊലിയിൽ തിണർത്തുവരലും വിറയലും ശർദിയുമൊക്കെ ആകും ലക്ഷണങ്ങൾ. അത് അവിടെ നിന്നേക്കാം. ഇതിനുള്ള മരുന്നുകൾ കൊടുത്താൽ അത് കുറയുകയും ചെയ്യും. എന്നാൽ ചില ആളുകളിൽ അലര്ജി കുറച്ചു ഭയാനകമായ അവസ്ഥയിലേക്ക് പോകാറുണ്ട്, അതിനു ‘ ANAPHYLLAXIS ‘ എന്ന് പറയും. ഇത് കിട്ടുന്ന രോഗികളിൽ 10-15 % ആളുകളിൽ കാണാറുണ്ടെന്നാണ് കണക്ക്. ഇതിൽ രോഗിക്ക് ശ്വാസതടസ്സമോ രക്തസമ്മർദ്ധക്കുറവോ ഒക്കെ വന്നേക്കാം. അതിനർത്ഥം ഈ ആളുകൾ മുഴുവൻ മരിച്ചുപോകുമെന്നല്ല. ഇത് നിയന്ത്രിക്കാനും മരുന്നുകളുണ്ട്. അതിലൊന്നും നിയന്ത്രണവിധേയമായില്ലെങ്കിലാണ് ആ രോഗിക്ക് കൃത്രിമശ്വാസം നൽകാനായി വെന്റിലെറ്ററിലേക്ക് മാറ്റുന്നത്. അത് വളരെ കുറച്ചു പേർക്കേ വേണ്ടി വരാറുള്ളൂ. എന്നാൽ ഈ സാധ്യത ആണ് ഡോക്ടർമാർക്ക് ASV നൽകാനുള്ള പേടിസ്വപ്നമാകുന്നത്. പക്ഷെ ASV നല്കിയില്ലെങ്കിൽ മരണസാധ്യത 100 ശതമാനമാണെന്നുള്ളത് നമ്മൾ മറക്കരുത്. എന്നാൽ അല്ലെർജിയുടെ റിസ്ക് കൃത്യമായി രോഗിയുടെ കൂടെ ഉള്ളവരെ പറഞ്ഞു മനസ്സിലാക്കണം. ASV കൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നും. അവരുടെ വിശ്വാസവും സമ്മതവും വളരെ പ്രധാനമാണ്.
പലതരം പാമ്പുകടികൾ ഉണ്ടോ?
ഉണ്ട്, പ്രധാനമായും മൂന്നു തരം .
- രക്തചംക്രമണത്തെ ബാധിക്കുന്നത്
- നാഡീവ്യൂഹത്തെ ബാധിക്കുന്നത്
- മസിലുകളെ ബാധിക്കുന്നത്
ഈ മൂന്നു തരം കടികൾ എങ്ങിനെ തിരിച്ചറിയാം?
- രക്തചംക്രമണത്തെ ബാധിക്കുന്നവ- ഇവയിൽ പ്രധാനികൾ അണലികളാണ്. അണലി കടിച്ചാൽ ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവം, രക്തസമ്മര്ദം കുറയൽ, കടിയേറ്റ മുറിവിലൂടെ രക്തസ്രാവം,കടി കിട്ടിയ ഭാഗത്തെ വീക്കം, വയറുവേദന, ശർദി , മുറിവിന്റെ ചുറ്റുമുള്ള തൊലി ഇരുണ്ടതായി മാറുക, മേലുവേദന, പേശികൾ കോച്ചിപിടിക്കൽ, എടുക്കുന്ന രക്തം 20 മിനിറ്റ കഴിഞ്ഞാലും കട്ടയാവാതിരിക്കൽ എന്നിവയാണ് ലക്ഷണങ്ങൾ.
- നാഡീവ്യൂഹത്തിനെ ബാധിക്കുന്നവ- ഇത് മൂർഖനും വെള്ളികട്ടനുമാണ്. ലക്ഷണങ്ങൾ- കണ്ണ് വീണു പോകുക, തുറക്കാൻ സാധിക്കാതെ വരിക, കഴുത്തു വീണു പോകുക, കാഴ്ച്ചയിൽ ബുദ്ധിമുട്ട്, ഒന്ന് രണ്ടായി കാണുക, വിഴുങ്ങാൻ ബുദ്ധിമുട്ട്, ഒറ്റശ്വാസത്തിൽ എണ്ണാൻ ബുദ്ധിമുട്ട്, ശ്വാസതടസ്സം, കൈകാലുകളുടെ ബലക്കുറവ്, സംസാരം വ്യക്തമല്ലാതാവുക.
- മസിലുകളെ ബാധിക്കുന്നത്- ഇത് കടൽപ്പാമ്പുകളിലാണ് കാണാറുള്ളത്. വളരെ ഉഗ്രവിഷമുള്ളവയാണ് അവ. നമ്മുടെ ശരീരത്തിലെ മസിലുകളെ വിഘടിപ്പിച്ച കിഡ്നികളെ പ്രവർത്തിപ്പിക്കാതാകുന്നു. മരണം സുനിശ്ചിതമാണ് കടൽപ്പാമ്പുകളുടെ കടിയിൽ.
ASV കൊടുക്കുന്ന കേസുകളിലും രോഗികൾ രക്ഷപ്പെടുമോ?
അത് പല കാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കടി കിട്ടിയ സ്ഥലം, കേറിയ വിഷത്തിന്റെ അളവ്, കടിച്ച പാമ്പ്, ചികിത്സ തുടങ്ങാൻ എടുത്ത സമയം ഇതൊക്കെ ഘടകങ്ങളാണ്. ശരീരത്തിൽ കയറിയ വിഷം നമ്മുടെ പല അവയവങ്ങളിലായി കയറി അതിന്റെ പ്രഭാവം കാണിച്ചു തുടങ്ങിയാൽ പിന്നെ ബുദ്ധിമുട്ടാണ്. അതിനു മുമ്പേ കൊടുത്താലേ ആ വിഷത്തെ ASV ക്കു നിർവീര്യമാക്കാൻ കഴിയൂ. അത് കൊണ്ടു തന്നെ ASV കൊടുത്ത എല്ലാ രോഗികളും രക്ഷപെടും എന്ന് ഉറപ്പു പറയാൻ സാധിക്കില്ല. വൈകുന്തോറും ഫലം കുറയുമെന്നതിനാൽ ഏറ്റവും ഉടനെ തന്നെ ASV കൊടുക്കേണ്ടതാണ്.
മുകളിൽ പറഞ്ഞ എല്ലാ തരം പാമ്പുകടിയിലും ഒരേ ആണോ കൊടുക്കുന്നത്?
പല തരം പാമ്പിൻ വിഷങ്ങൾ ഉള്ളതിനാൽ യും പലതരം വേണ്ടതാണ്. പക്ഷെ ഇത് പ്രായോഗികമല്ല. കാരണം പലപ്പോഴും ഏതു പാമ്പാണ് കടിച്ചതെന്നു അറിയണമെന്നില്ല. അപ്പോൾ പ്രായോഗികമായി ചെയ്യാൻ സാധിക്കുന്നത്, നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട വിഷപാമ്പുകളുടെ വിഷങ്ങൾക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്ന ഒരു ” കോമ്പിനേഷൻ” ആയി ഉണ്ടാക്കുകയാണ്. അതായതു ഏതു തരാം വിഷമായാലും അത് നിർവീര്യമാക്കാൻ കഴിവുള്ള എല്ലാത്തരം ആന്റിബോഡികളും ഉൾപ്പെടുന്ന ഒരു ഉത്പന്നം.
നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പാമ്പുകടികളിൽ അധികവും മൂർഖൻ (cobra) , വെള്ളികട്ടൻ (krait) , അണലി (viper) എന്നിവയുടേതാണ്. അണലിയിൽ തന്നെ പലതരമുണ്ട്. ഇവയിൽ വിഷമുള്ള കടികളിൽ അധികവും russels viper , saw scaled viper എന്നിവയുടേതാണ്. അതുകൊണ്ടു ഇന്ന് വിപണിയിൽ ലഭ്യമായ യിൽ മൂർഖൻ ( cobra) , വെള്ളിക്കെട്ടൻ ( krait ) , റസ്സൽസ് വൈപ്പർ ( russel’s viper ) , സൊ സ്കെയിൽഡ് വൈപ്പർ ( saw scaled viper ) എന്നിവയുടേതാണ്. രാജവെമ്പാല (king cobra) , പിറ്റ് വൈപ്പർ (pit viper) എന്നിവയെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവ മൂലമുള്ള കടികൾ വിരളമായതു കൊണ്ടാണത്.
എങ്ങിനെ ആണ് ചികിത്സ?
പാമ്പുകടി എന്ന് പറഞ്ഞു വരുന്ന എല്ലാവര്ക്കും ASV കൊടുക്കാറില്ല. സാധാരണയായി ലക്ഷണങ്ങൾ കണ്ടതിനു ശേഷമാണു കൊടുക്കാറ്. അധിക ശതമാനം കടികളും വിഷമില്ലാത്ത പാമ്പുകളായിരിക്കും. വിഷമുള്ള പാമ്പുകളുടെ കടികളിൽ തന്നെ , മൂന്നിലൊന്നു കേസുകളിലും വിഷം ശരീരത്തിൽ കയറിയിട്ടുണ്ടാകില്ല. അതുകൊണ്ടു തന്നെ സംശയത്തിന്റെ പേരിൽ നൽകാനാവില്ല.
രക്തചംക്രമണത്തെ ബാധിക്കുന്ന പാമ്പാണ് കടിച്ചതെങ്കിൽ രക്തം കട്ട പിടിക്കാതെയാവും. അത് കണ്ടു പിടിക്കാൻ CLOTTING TIME (CT) എന്ന ടെസ്റ്റ് ആണ് ഉപയോഗിക്കുന്നത്. ഇതിൽ രോഗിയുടെ ശരീരത്തിൽ നിന്നെടുക്കുന്ന രക്തം കട്ട പിടിക്കാൻ എത്ര സമയം എടുക്കുന്നു എന്ന് നോക്കും. 20 മിനിറ്റിൽ കൂടുതൽ ആണെങ്കിൽ അതിനർത്ഥം കടിച്ചിരിക്കുന്ന പാമ്പിന്റെ വിഷം രക്തത്തെ ബാധിച്ചിരിക്കുന്നു എന്നതാണ്. എന്നാൽ നാഡീവ്യൂഹത്തെ ബാധിച്ച വിഷത്തെ കണ്ടുപിടിക്കാൻ പ്രത്യേകം ടെസ്റ്റുകൾ ഒന്നുമില്ല. രോഗിയെ സൂക്ഷമായി നിരീക്ഷിച്ചാൽ മാത്രമേ ഇത് കണ്ടുപിടിക്കാനാകൂ. രോഗിക്ക് ഒറ്റ ശ്വാസത്തിൽ എത്ര വരെ COUNT ചെയ്യാൻ സാധിക്കുന്നു എന്ന് നോക്കേണ്ടതാണ്. അത് ക്രമേണ മോശമായി വരുന്നുവെങ്കിൽ, അതായത് അര മണിക്കൂർ മുമ്പ് വരെ ഒറ്റശ്വാസത്തിൽ 25 എണ്ണിയ രോഗി ഇപ്പോൾ 10 വരെയേ എണ്ണുന്നുള്ള എങ്കിൽ അതിനർത്ഥം ശ്വസനം മോശമാകുന്നു എന്നും അതിനു വേണ്ട ഞരമ്പുകളെ വിഷം ബാധിക്കുന്നുവെന്നുമാണ്. ഇത് നോക്കുന്നതിനായി രോഗിയെ ഒബ്സെർവഷനിൽ വെക്കേണ്ടത് അത്യാവശ്യമാണ്.
ലക്ഷണങ്ങൾ വന്നാൽ കൊടുക്കുക തന്നെ വേണം. ആദ്യം പത്തു vials ആണ് കൊടുക്കുക. ടെസ്റ്റ് ഡോസിന്റെ ആവശ്യമില്ല. ഈ മരുന്ന് ഒരു മണിക്കൂറിൽ കൊടുക്കണം. അതിനു ശേഷം രോഗിയെ നിരീക്ഷിക്കേണ്ടതാണ്. നാഡീവ്യൂഹത്തെ ബാധിച്ച വിഷബാധയിൽ ഒരു രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പുരോഗതി കാണേണ്ടതാണ്. എന്നാൽ രക്തസ്രാവം നിലക്കാൻ കുറച്ചു കൂടി സമയമെടുക്കും. പുരോഗതി വേണ്ട രീതിയിൽ ഇല്ലെങ്കിൽ അടുത്ത പത്തു vials കൊടുക്കണം. വീണ്ടും നിരീക്ഷിക്കണം. ഇങ്ങനെ മാക്സിമം മുപ്പതു വരെ കൊടുക്കേണ്ടതായി വരാം.
ഇതിനൊപ്പം തന്നെ യുടെ അലര്ജി ലക്ഷണങ്ങൾ ഉണ്ടോയെന്നും നോക്കി കൊണ്ടിരിക്കണം. നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷബാധയിൽ ASV കൊടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെ ശ്വസനം നിന്ന് പോയേക്കാം. അതിനാൽ വെന്റിലെറ്റർ സഹായം ആവശ്യമായി വന്നേക്കാം. ചെറിയ അലര്ജി ലക്ഷണങ്ങൾ അതിനുള്ള മരുന്നുകൾ കൊണ്ട് നിയന്ത്രിച്ചു ASV കൂടെത്തന്നെ കൊടുക്കാവുന്നതാണ്.എന്നാൽ മുകളിൽ പറഞ്ഞ ഗുരുതരമായ ANAPHYLLAXIS എന്ന അവസ്ഥയിൽ അതിന്റെ മരുന്നുകൾ നൽകി ആ അവസ്ഥ നിയന്ത്രിച്ചു, കുറച്ചു നേരത്തേക്ക് ASV നിർത്തി വെക്കാം. അതിനു ശേഷം പതുക്കെ കൊടുത്തു തുടങ്ങാം.
മേല്പറഞ്ഞ ഡോസ് എല്ലാവർക്കും ഒരു പോലെയാണ്, അതായത് കുട്ടികൾക്കും മുതിർന്നവർക്കും.ഒരേ അളവിൽ വിഷം കയറിയ ഒരു മുതിർന്ന ആളെയും മറ്റൊരു കുട്ടിയേയും താരതമ്യം ചെയ്താൽ കുടിക്കാന് കൂടുതൽ അപകടസാധ്യത. കാരണം കുട്ടികൾക്ക് ശരീരഭാരം കുറവാണെന്നത് തന്നെ.
അവസാനമായി ഒരു വാക്കു- ഇത്രയും വായിച്ചതിൽ നിന്ന് ASV ചികിത്സ അത്ര എളുപ്പമല്ല എന്ന് മനസ്സിലായിക്കാണുമല്ലോ. അതുകൊണ്ടു തന്നെ രോഗിയുടെ കൂടെ വരുന്ന ആളുകളുടെ സഹകരണം വളരെ അത്യാവശ്യമാണ്. അതുപോലെ തന്നെ എല്ലാ ഡോക്ടർമാരും കൊടുക്കാൻ പോകുന്ന ചികിത്സയെക്കുറിച്ചും അതിൽ തന്നെ ഉള്ള അലര്ജി സാധ്യതകളെ കുറിച്ചും അവരെ കൃത്യമായി ബോധിപ്പിക്കേണ്ടതാണ്. എന്നാൽ ഒരു കാര്യം ഒരിക്കലും വിട്ടുപോകരുത്- കൊടുത്തില്ലെങ്കിൽ മരണസാധ്യത നൂറു ശതമാനമാണ് എന്നത്! ASV ഒരു ജീവൻ രക്ഷ മരുന്നാണ്. പലപ്പോഴും മുൻ പിന് ആലോചിക്കാതെ കൊടുക്കേണ്ടത്. എന്നാൽ നമ്മുടെ നാട്ടിലെ കൂടി വരുന്ന ആശുപത്രി ആക്രമണങ്ങളും ഡോക്ടർമാരോടുള്ള മോശം പെരുമാറ്റവുമെല്ലാം ഈ മരുന്ന് കൊടുക്കാൻ ഡോക്ടർമാരെ ഭയപ്പെടുത്തുന്നു എന്നതാണ് വാസ്തവം! എല്ലാ സൗകര്യവുമുള്ള ആശുപത്രികൾ അല്ല നമുക്ക് ചുറ്റുമുള്ളത്, പ്രത്യേകിച്ച് സർക്കാർ ആശുപത്രികൾ. അങ്ങനെയുള്ള അവസരത്തിൽ ഈ മരുന്ന് കൊടുക്കാനുള്ള ധൈര്യം ഡോക്ടർക്ക് നൽകേണ്ടത് നമ്മുടെ സമൂഹമാണ്. ഇല്ലെങ്കിൽ, നഷ്ടം നമ്മുടെ സമൂഹത്തിനു തന്നെയാണ് !