പറഞ്ഞ് പറഞ്ഞ് മുലപ്പാലില്ലാതാക്കരുതേ!!
മുലയൂട്ടൽ പറയുന്നത്ര എളുപ്പമാണോ? ഇതാ അമ്മമാർ അറിയേണ്ടതെല്ലാം!
പ്രസവം കഴിഞ്ഞാൽ അമ്മമാർ ഏറ്റവുമധികം ആവലാതിപ്പെടുന്നത് മുലയൂട്ടലിന്റെ കാര്യത്തിലാണ്. ആദ്യത്തെ പ്രസവം കൂടിയാണെങ്കിൽ പറയുകയും വേണ്ട. കുറെ പേർ അത് ചെയ്യാൻ പറയുന്നു, മറ്റു ചിലർ ഇത് ചെയ്യാൻ പറയുന്നു.. ആകെ കൂടി കണ്ഫ്യൂഷൻ! അതിനിടക്ക് “ഒരു തുള്ളിപ്പാലില്ല , കുട്ടിയ്ക്ക് പശുവിനെ കറന്നുകൊടു ത്താലോ?” തുടങ്ങിയ ചിലരുടെ കമന്റും! പോരെ പൂരം? കരച്ചിലായി, പിഴിച്ചിലായി… സന്തോഷം നിറയേണ്ട വീട് ആകെ ടെൻഷനിലാവാൻ വേറെ വല്ലതും വേണോ?.
ആദ്യദിനങ്ങളിലെ മഞ്ഞപ്പാൽ കൊടുക്കാമോ?
പ്രസവം കഴിഞ്ഞ് ആദ്യം വരുന്ന മഞ്ഞപ്പാൽ അഥവാ കോളസ്ട്രം വളരെ പ്രധാനപെട്ടതാണ്. കുഞ്ഞിന്റെ പ്രതിരോധശക്തി വര്ധിപ്പിക്കുന്ന ധാരാളം ഘടകങ്ങൾ അതിലുണ്ട്. എന്നാൽ പലപ്പോഴും ഈ മഞ്ഞപ്പാൽ കുഞ്ഞിന് കൊടുക്കാതെ പിഴിഞ്ഞ് കളയുന്നത് കാണാറുണ്ട്. കഷ്ടമെന്നേ പറയാനാവൂ. പ്രകൃത്യാ നിങ്ങളുടെ കുഞ്ഞിന് കിട്ടുന്ന പ്രതിരോധകുത്തിവെപ്പാണത്. പാഴാക്കല്ലേ.
എപ്പോഴാണ് മുലയൂട്ടൽ തുടങ്ങേണ്ടത്?
പ്രസവം നോർമലായാലും സിസ്സേറിയനായാലും കഴിയുന്നത്ര വേഗത്തിൽ മുലയൂട്ടൽ തുടങ്ങേണ്ടതുണ്ട്. കാരണം, ജനിച്ച ഉടനെ കുഞ്ഞുങ്ങൾ വളരെ ഉഷാറായിരിക്കും, വളരെ താല്പര്യത്തോടെ പാൽ കുടിക്കാൻ തുടങ്ങും. എന്നാൽ സമയം പോകുന്നതോടെ അവരുടെ ശരീരത്തിലെ ഷുഗറിന്റെ അളവ് കുറഞ്ഞു വരികയും അവർ ഉറക്കത്തിലേക്കു പോകുകയും ചെയ്യുന്നു. പിന്നെ പാൽ കുടിക്കാൻ വലിയ താല്പര്യം കാണിച്ചെന്നു വരില്ല. രക്തത്തിലെ ഷുഗറിന്റെ അളവ് വല്ലാതെ കുറഞ്ഞു പോകുന്നത് അപകടവുമാണ്. ഓരോ രണ്ടു മണിക്കൂർ ഇടവേളകളിൽ കൃത്യമായി മുലയൂട്ടാൻ ശ്രദ്ധിക്കുമല്ലോ!
മഞ്ഞപ്പാൽ കുഞ്ഞിന് തികയുമോ?
എപ്പോഴും ആദ്യനാളുകളിൽ കേൾക്കു ന്ന ഒരു പരാതിയാണ്, പാലില്ല എന്നത്. ആദ്യദിനങ്ങളിൽ പാലിന്റെ അളവ് കുറവ് തന്നെയായിരിക്കും. പക്ഷെ ഇത് കുഞ്ഞിന് ധാരാളമാണ്. പലപ്പോഴും വില്ലന്മാരാകുന്നത് കുഞ്ഞിനെ കാണാ ൻ വരുന്ന ബന്ധുജനങ്ങളാണ്. ‘അയ്യോ, പാല് തീരെ ഇല്ലല്ലോ!’ എന്ന ഒരൊറ്റ ഡയലോഗ് മതി ആ അമ്മയുടെ ആത്മവിശ്വാസം തകർക്കാൻ ! അടുത്ത ഡയലോഗ് ഉടൻ തന്നെ വരും, ‘ആ വരുന്ന ഡോക്ടറോട് ഒരു പൊടിപ്പാൽ എഴുതി മേടിച്ചൂടേ?” ഞങ്ങ ൾ കുഞ്ഞിനെ പരിശോധിക്കാൻ വരുമ്പോൾ തന്നെ എല്ലാവരും റെഡി ആയി നില്ക്കുന്നുണ്ടാകും പൊടിപ്പാൽ എഴുതി വാങ്ങാൻ! ഇത് കൊണ്ടുള്ള പ്രശ്നങ്ങൾ ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ?!
അനാവശ്യമായി പൊടിപ്പാൽ കൊടുത്താൽ എന്ത് സംഭവിക്കും?
അമ്മക്ക് മുലപ്പാൽ നന്നായി വരാനുള്ള ഏറ്റവും വലിയ ഉത്തേജനം എന്തെന്നെറിയാമോ? സ്വന്തം കുഞ്ഞു മുല കുടിക്കുന്നത് തന്നെ. കുഞ്ഞു മുല വലിച്ചുകുടിക്കുന്തോറും മുലപ്പാൽ പുറപ്പെടുവിക്കുന്ന ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും മുലപ്പാലിന്റെ അളവ് ക്രമേണ കൂടുകയും ചെയ്യും. എന്നാൽ അനാവശ്യമായി മുലപ്പാലില്ല എന്ന കാരണം പറഞ്ഞു പൊടിപ്പാൽ കൊടുത്തു തുടങ്ങിയാൽ കുഞ്ഞു പിന്നെ മുല കുടിക്കാൻ താല്പര്യം കാണിക്കില്ല, തല്ഫലമായി മുലപ്പാലിന്റെ അളവ് ക്രമേണ കുറയുകയും ചെയ്യും. ഇത് മുലക്കുപ്പിയിൽ കൂടി കൊടുത്താൽ പറയുകയും വേണ്ട! കുഞ്ഞുങ്ങൾക്ക് എപ്പോഴും എളുപ്പവഴിയാണിഷ്ടം. മുലക്കുപ്പിയിൽ കുടിച്ചു ശീലിച്ചാൽ പിന്നെ കുഞ്ഞുങ്ങൾ അത് മാത്രമേ പിന്നീടും ഇഷ്ടപെടുകയുള്ളു. കാരണം നേരിട്ട് മുല വലിച്ചുകുടിക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണത്. അതിനു nipple confusion എന്നാണ് പറയുന്നത്.ചുരുക്കിപ്പറഞ്ഞാൽ വെളുക്കാൻ തേച്ചത് പാണ്ടാകും!
മുലപ്പാൽ കൂട്ടുകയും കുറക്കുകയും ചെയ്യുന്നത് എന്തൊക്കെയാണ്?
A. മാനസികസമ്മർദ്ദം:
ഏറ്റവുമാദ്യം അമ്മയെ മോശമായി ബാധിക്കുന്നതു മനസികസമ്മർദ്ദമാണ്. അതിനു കാരണക്കാരോ, പലപ്പോഴും നമ്മളും! പാലില്ല, പാലില്ല എന്ന് നമ്മള് പത്തുതവണ പറഞ്ഞാ ൽ ആ അമ്മക്ക് ക്രമേണ പാലില്ലാതാവുക തന്നെ ചെയ്യും. കാരണം പാൽ ഉത്പാദനം കൂട്ടുന്ന ഹോർമോണുകളായ പ്രൊലാക്ടിൻ, ഓക്സിടോസിൻ എന്നിവയുടെ രക്തത്തിലെ അളവ് കുറക്കാൻ മാനസികസമ്മർദ്ദത്തിന് കഴിയും. അതുകൊണ്ടു ദയവുചെയ്ത് മനസികപിരിമുറുക്കം കൊടുക്കുന്ന ഈ വിധ സംഭാഷണങ്ങൾ ഒഴിവാക്കുക, അവൾക്ക് മാനസികമായി പിന്തുണ കൊടുക്കുക.
B. മോശമായ ആഹാരക്രമങ്ങൾ:
പലപ്പോഴും പ്രസവിച്ചു കിടക്കുന്ന അമ്മമാരുടെ ഭക്ഷണരീതികൾ വളരെ വിചിത്രമായി തോന്നാറുണ്ട്. വെള്ളം അധികം കുടിക്കരുത്, ഫലവര്ഗങ്ങൾ കഴിക്കരുത്, പാല് കുടിക്കരുത്, മുട്ട കഴിക്കരുത് ….അങ്ങനെയൊക്കെ. ഇതിൽ ഏറ്റവും കൂടുതൽ പാലുല്പാദനത്തെ ബാധിക്കുന്നത് വേണ്ടവിധത്തിൽ അമ്മമാർ വെള്ളം കുടിക്കാത്തതാണ്. ദയവുചെയ്ത് ഒരു ദിവസത്തിൽ മൂന്നു മുതൽ അഞ്ച് ലിറ്റര് വരെ വെള്ളം കുടിക്കുക. ധാരാളം ഫലങ്ങ ൾ കഴിക്കുക. പച്ചക്കറികളും ഇലക്കറികളും ധാരാളമായി കഴിക്കുക. മുട്ടയും പാലും കഴിക്കാം. മീനും ഇറച്ചിയും ആവാം , പാകത്തിന്. ഗൈനെക്കോളജിസ്റ് നിര്ദ്ദേശിച്ച വിറ്റാമിൻ ഗുളികകൾ മറക്കാതെ കഴിക്കുക.
C. കൃത്യമായ ഇടവേളകളിൽ മുലയൂട്ടാതിരിക്കൽ:
മിനിമം മൂന്നു മണിക്കൂർ ഇടവേളകളിലെങ്കിലും കുഞ്ഞിനെ ആദ്യദിനങ്ങളിൽ മുലയൂട്ടേണ്ടതാണ്. രാത്രികാലങ്ങളിൽ പ്രത്യേകിച്ച്. ചില സമയങ്ങളിൽ ‘അമ്മ രാത്രി ഉറങ്ങിപോകാനിടയുണ്ട്. അമ്മയുടെ മുലകളിൽ നിന്ന് കൃത്യമായ ഇടവേളകളിൽ പാൽ നീക്കം ചെയ്യപ്പെട്ടാൽ മാത്രമേ പിന്നെയും കൂടുതലായി പാൽ അതിൽ നിറയുകയുള്ളു. കെട്ടിനില്ക്കുന്ന പാൽ നല്ലതല്ല. ഇടയ്ക്കിടയ്ക്ക് പാൽ കൊടുക്കുന്നതും നല്ലതല്ല. കാരണം വേണ്ടത്ര പാൽ വന്നു നിറയാനുള്ള സമയം നമ്മൾ കൊടുത്തുകാണില്ല. പിന്നെ ഒരിക്കലും ക്ലോക്ക് നോക്കിയല്ല പാൽ കൊടുക്കേണ്ടത് എന്നും ഓർക്കുക , കുഞ്ഞു കരയുമ്പോഴെല്ലാം പാലുകൊടുക്കേണ്ടതാണ്. പറഞ്ഞു വന്നത് മൂന്നു മണിക്കൂറി ൽ കൂടുതൽ കുഞ്ഞു ഉറങ്ങുകയാണെന്നുണ്ടെങ്കിൽ ഉണർത്തി പാൽ കൊടുക്കണമെന്നാണ്.