പ്രസവപ്രക്രിയ അത്രയ്ക്ക് എളുപ്പമാണോ ? എന്താണ് ഒരു സാധാരണ പ്രസവം? ആരോഗ്യമുള്ള നവജാതശിശു എങ്ങിനെയാകണം?

ഒരു സ്ത്രീ പ്രസവിക്കുമ്പോൾ ഒരു കുഞ്ഞു മാത്രമല്ല, ഒരു അമ്മയും അച്ഛനും കൂടിയാണ് ജനിക്കുന്നത്. ഒരു സ്ത്രീ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഒരു കുഞ്ഞിന് ജന്മം നൽകുമ്പോഴാണ്. പക്ഷെ എനിക്ക് തോന്നുന്നു, ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിക്കുന്നതും ഈ ആദ്യനാളുകളിൽ തന്നെയാണ്. എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട, എന്താണ് ശരി, എന്താണ് തെറ്റ് …ഒന്നും അറിയാത്ത ഒരു അവസ്ഥ, അല്ലെ? ഒരു ഉത്തരവാദിത്തങ്ങളുമില്ലാതെ പാറിപ്പറന്നു നടന്നിരുന്ന ഒരു ജീവിതത്തിൽ നിന്ന് പെട്ടെന്ന് ഉള്ള ഒരു മാറ്റം! ഞാനും പകച്ചുപോയിട്ടുണ്ട് ജീവിതത്തിന്റെ ആ ഒരു ഘട്ടത്തിൽ.. ഈ ലേഖനത്തിൽ ഞാൻ ഉദ്ദേശിക്കുന്നതും ഈ ടെൻഷൻ ദൂരീകരിക്കാനാണ്. കുഞ്ഞിന്റെ പരിചരണം പോലെ തന്നെ പ്രധാനമാണ് അമ്മയെ അതിനായി ഒരുക്കലും. അമ്മയെ മാത്രമല്ല, അച്ഛനെയും! അതിന്റെ ഉത്തരവാദിത്തം ആ ദമ്പതികളുടെ കുടുംബങ്ങൾക്കും പരിശോധിക്കുന്ന ഡോക്ടർമാർക്കുമാണെന്നാണ് എന്റെ വിശ്വാസം. ഗർഭകാലത്തു തന്നെ അമ്മയാവാൻ പോകുന്ന പെൺകുട്ടിയുടെ ആകാംക്ഷകളും സംശയങ്ങളും ദൂരീകരിക്കേണ്ടതുണ്ട്, അവൾക്കു മാനസികമായ സപ്പോർട്ട് കൊടുക്കേണ്ടതുണ്ട്. അതിനു പുറമെ ദമ്പതികൾ സ്വയമായും ഒരു തയ്യാറെടുപ്പു നടത്തേണ്ടതുണ്ട്.

എന്നാൽ ഇന്ന് കണ്ടു വരുന്ന തെറ്റായ ഒരു പ്രവണത പറയട്ടെ… ഗർഭിണിയായെന്നു അറിഞ്ഞാൽ തന്നെ ഗൂഗിളിലും ഫേസ്ബുക്കിലും എല്ലാം പരതി കുറെ കാര്യങ്ങൾ അറിയാൻ ശ്രമിക്കും. അത് പൂർണമായി തെറ്റാണെന്നല്ല, എന്നാൽ പലപ്പോഴും പല അബദ്ധധാരണകളും അവർക്കു കിട്ടുന്നത് ഈ വഴിയാണ്. അതിനുള്ള ഒരു പരിഹാരം കൂടിയാണ് ഈ ലേഖനം.

എന്താണ് ഒരു സാധാരണ/ സുഖ പ്രസവം?

നമ്മുടെ ഇടയിലുള്ള ഒരു ചിന്തയാണ് സുഖപ്രസവമെന്നാൽ നോർമൽ ഡെലിവെറിയാണെന്ന്. അങ്ങനെയാണോ? സിസ്സേറിയൻ സാധാരണ പ്രസവത്തിൽ പെടില്ലെ? എന്നാൽ അങ്ങനെയല്ല, പ്രസവം എങ്ങിനെ നടന്നു എന്നത് നോക്കിയല്ല അതിനെ സുഖപ്രസവമെന്നു വിളിക്കുന്നത്. നോർമൽ പ്രസവമായാലും സിസ്സേറിയനായാലും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നെങ്കിൽ അതെല്ലാം സുഖപ്രസവങ്ങളാണ്!

നവജാതശിശു എന്ന് വിളിക്കുന്നതാരെ?

ജനിച്ചു ആദ്യത്തെ 28 ദിവസം പ്രായമായ കുഞ്ഞുങ്ങളെ ആണ് നവജാതശിശുക്കൾ എന്ന് വിളിക്കുന്നത്. 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്ക് നോക്കുമ്പോൾ അതിൽ ഏറ്റവും കൂടുതൽ ആദ്യത്തെ 28 ദിവസത്തിനുള്ളിൽ ഉള്ള കുഞ്ഞുങ്ങളാണെന്നുള്ള വിവരം നിങ്ങൾക്കറിയാമോ? അതിൽ നിന്ന് തന്നെ ഈ ദിവസങ്ങൾ എത്ര പ്രാധാന്യമുള്ളവയാണെന്നു നമുക്ക് ഊഹിക്കാമല്ലോ! ഞാനൊരു നിയോനാറ്റോളജിസ്റ് ആണ്, അത് പറഞ്ഞാൽ കുട്ടികളുടെ വിഭാഗത്തിൽ തന്നെ ആദ്യത്തെ 28 ദിവസം പ്രായമായ നവജാതശിശുക്കളുടെ സ്പെഷ്യലിസ്റ്. കുട്ടികളുടെ വിഭാഗത്തിൽ ഇങ്ങനെ ഒരു ഉപവിഭാഗം തുടങ്ങിയത് തന്നെ അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

എന്താണ് മൂപ്പെത്തിയ പ്രസവം?

40 ആഴ്ച അല്ലെങ്കിൽ 280 ദിവസങ്ങളാണ് ഒരു അമ്മയുടെ ഗർഭകാലം. എങ്കിൽ കൂടിയും 37 ആഴ്ച കഴിഞ്ഞ ഗർഭത്തെ പൂർണ്ണവളർച്ചയെത്തിയ അല്ലെങ്കിൽ മൂപ്പെത്തിയ ഗർഭ മായി കണക്കാക്കാം.

എന്താണ് ഒരു നവജാതശിശുവിന്റെ സാധാരണ തൂക്കം?

നമ്മൾ ഇന്ത്യൻ വംശജരിൽ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ശരാശരി 3 കിലോ വരെ തൂക്കം ഉണ്ടാവാറുണ്ട്. 2.5 കിലോയിൽ താഴെ തൂക്കമുള്ള കുട്ടികളെ “തൂക്കകുറവുള്ള നവജാതശിശുക്കൾ” എന്ന് വിളിക്കാം.

പ്രസവശേഷം കുഞ്ഞിന് സംഭവിക്കുന്ന മാറ്റങ്ങളെന്തൊക്കെ?

ഒരു പ്രസവത്തിൽ അമ്മക്കുണ്ടാകുന്ന അത്ര തന്നെ മാറ്റങ്ങൾ ജനിച്ചു വീഴുന്ന കുഞ്ഞിനും ഉണ്ടാകുന്നുണ്ട്. ഗർഭ പാത്രത്തിനുള്ളിലെ സുഖശീതളമായ അവസ്ഥയിൽ നിന്നും അത്ര തന്നെ സുഖകരമല്ലാത്ത നമ്മുടെ ലോകത്തിലേക്ക് പിറന്നു വീഴുമ്പോൾ ഓരോ കുഞ്ഞും വളരെയേറെ തെയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ഓരോ കുഞ്ഞുശരീരവും വളരെയേറെ മാറ്റങ്ങൾക്കു വിധേയമാവുന്നുണ്ട്. ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് എല്ലാ പോഷകാംശങ്ങളും പൊക്കിൾകൊടി വഴി കുഞ്ഞിന് കിട്ടുന്നു. ഓക്സിജനും അതിൽ പെടുന്നു. ജീവൻ നിലനിർത്താൻ നമുക്കെല്ലാവർക്കും ഓക്സിജൻ ആവശ്യമാണെന്ന് നിങ്ങൾക്കറിയാമല്ലോ. ഗർഭ സ്ഥശിശുവിനും അങ്ങനെ തന്നെ. ഗർഭാവസ്ഥയിൽ ശ്വസിക്കേണ്ട ആവശ്യം കുഞ്ഞിനില്ല. അതുകൊണ്ടു അവരുടെ ശ്വാസകോശം വീർപ്പിക്കാത്ത ബലൂൺ പോലെ ചുങ്ങിയിരിക്കും. അതിനുചുറ്റും നീരും വെള്ളവും നിറഞ്ഞിരിക്കും. പ്രസവപ്രക്രിയയിൽ പൊക്കിൾ കോടി മുറിക്കപ്പെടുമ്പോൾ പോഷകാംശങ്ങളുടെയും ഓക്സിജന്റെയും ഒഴുക്ക് കൂടി ആണ് നമ്മൾ തടയുന്നത്. ജീവൻ നിലനിർത്താനുള്ള ഓക്സിജൻ കിട്ടാനായി കുഞ്ഞിന്റെ ശ്വാസകോശങ്ങൾ പ്രവർത്തിക്കേണ്ടതായുണ്ട്. അതിനുള്ള കുഞ്ഞിന്റെ ആദ്യത്തെ ഉദ്യമമാണ് ആദ്യകരച്ചിൽ! ആദ്യകരച്ചിൽ ആദ്യജീവശ്വാസം തന്നെ ആണ്.

ആദ്യകരച്ചിൽ അത്ര പ്രധാനമാണോ?

ജനിച്ചയുടൻ കുഞ്ഞു കരഞ്ഞോ എന്ന് അമ്മൂമ്മമാർ അന്വേഷിക്കുന്നത് കേട്ടിട്ടില്ലേ? അതിന്റെ കാര്യം ഇപ്പോൾ പിടി കിട്ടിയോ? ഈ ആദ്യശ്വാസത്തിലാണ് ചുങ്ങിയിരുന്ന ശ്വാസകോശങ്ങൾ വികസിക്കുകയും കുഞ്ഞു സ്വന്തമായി ശ്വാസോച്വാസം തുടങ്ങുകയും കെട്ടിക്കിടന്നിരുന്ന നീരും വെള്ളവുമെല്ലാം വലിഞ്ഞു പുറത്തേക്കു തള്ളപ്പെടുകയും ചെയ്യുന്നു. അമ്മയിൽ നിന്ന് വേർപെട്ടു സ്വന്തമായി ഒരു അസ്തിത്വം കുഞ്ഞു സ്ഥാപിക്കുന്നതിന്റെ ആദ്യപടിയാണ് ഈ കരച്ചിൽ.
അടുത്തതായി സംഭവിക്കേണ്ട മാറ്റം കുഞ്ഞിന്റെ രക്തചംക്രമണത്തിലാണ്. അതിനായി ഹൃദയം പല മാറ്റങ്ങൾക്കും വിധേയമാകുന്നു. ഇതും ജനിച്ചു മണിക്കൂറുകൾക്കുള്ളിൽ സംഭവിക്കേണ്ടതാണ്. ഗർഭാവസ്ഥയിൽ ഹൃദയത്തിലെ വലതും ഇടതും ഭാഗങ്ങൾ തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ശുദ്ധരക്തവും അശുദ്ധരക്തവും കലർന്നാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ അവസ്ഥ ജനനശേഷം തുടരാൻ സാധ്യമല്ലാത്തതിനാൽ രണ്ടു വശങ്ങളും തമ്മിലുള്ള ബന്ധങ്ങളെല്ലാം അടയേണ്ടതുണ്ട്. സാധാരണയായി എല്ലാ കുഞ്ഞുങ്ങളിലും പ്രകൃത്യാ അത് നടക്കുന്നു. ശുദ്ധരക്തവും അശുദ്ധരക്തവും കലരാതെ ഒഴുകിത്തുടങ്ങുന്നു. കുഞ്ഞു പിങ്ക് നിറമായി മാറുകയും ചെയ്യുന്നു.
ഈ പറഞ്ഞ പ്രക്രിയകളിൽ എന്തെങ്കിലും വിഘാതങ്ങൾ സംഭവിച്ചാൽ കുഞ്ഞിന് വേണ്ടത്ര ഓക്സിജൻ കിട്ടാതെ വരികയും കുഞ്ഞു നീല നിറമായി മാറുകയും ചെയ്യുന്നു. നിങ്ങൾ കേട്ടിട്ടില്ലേ, പ്രസവത്തിൽ കരയാത്ത കുട്ടികൾ ഐ.സി. യു വിൽ അഡ്മിറ്റ് ആകുന്നതും കൃത്രിമമായി ഓക്സിജൻ നല്കേണ്ടിവരുന്നതുമായ സംഭവങ്ങൾ. അതുപോലെ തന്നെ ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങൾ നീലനിറമാകുന്നതും പല അപകടങ്ങളിലേക്കു പോകുന്നതുമായ അവസ്ഥകൾ. ഇതിന്റെയെല്ലാം അടിസ്ഥാനം വേണ്ടത്ര ഓക്സിജൻ രക്തത്തിലേക്ക് എത്തിക്കാൻ കുഞ്ഞിന് കഴിയാത്തതാണ്.

അപ്പോൾ അവസാനമായി ഒരു ചോദ്യം! ആരാണ് ആരോഗ്യമുള്ള ഒരു നവജാതശിശു?

കുഞ്ഞു ജനിച്ചത് കുറഞ്ഞത് 37 ആഴ്ചത്തെ ഗർകാലയളവ് കഴിഞ്ഞാവുകയും 2.5 കിലോയിൽ അധികം തൂക്കത്തോടെ ആവുകയും പ്രസവത്തിൽ നന്നായി കരഞ്ഞു കുറച്ചുസമയത്തിൽ തന്നെ പിങ്ക് നിറമായി പാലിനായി കൈകാലിട്ടടിച്ചു കരയുന്നുണ്ടെങ്കിൽ ആ കുഞ്ഞു ആരോഗ്യമുള്ള ഒരു നവജാതശിശു ആണെന്ന് നമുക്ക് നിസ്സംശയം പറയാം!

അപ്പോൾ അമ്മമാരുടെ നല്ലൊരു ശതമാനം സംശയങ്ങളെല്ലാം മാറിയെന്നു കരുതുന്നു. കൂടുതൽ വിവരങ്ങൾക്കായി വരുംലേഖനങ്ങൾക്കായി കാത്തിരിക്കുക. എൻ്റെ ഫേസ്ബുക് പേജ് (Dr Soumya Sarin’s-“Healing Tones” ) follow ചെയ്യുക, യൂട്യൂബ് ചാനൽ (Dr Soumya Sarin) കാണുക.. നന്ദി!

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top