എങ്ങിനെ ഒരു ഗർഭകാലം നമുക്ക് ശരിയായി ചിട്ടപ്പെടുത്താം?

നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞു ഏതു ഒരു സ്ത്രീയുടെയും സ്വപ്നമാണ്, അല്ലെ? എന്നാൽ ഗർഭസ്ഥ ശിശുവിൻ്റെ  ആരോഗ്യം ഒരു പരിധി വരെ അമ്മയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുത നമ്മൾ പലപ്പോഴും ഓർക്കാറില്ല. നല്ല വിത്തുണ്ടായാൽ മാത്രം പോരാ, അത് ഫലഭൂയിഷ്ഠമായ മണ്ണിൽ വീണാൽ മാത്രമേ അതിനു തഴച്ചു വളരാൻ സാധിക്കുകയുള്ളു. ഇവിടെ കുഞ്ഞുങ്ങൾ വിത്താണെങ്കിൽ അവർ വളരേണ്ട മണ്ണാണ് ഓരോ അമ്മമാരും. ഈ ലേഖനത്തിൽ ഞാൻ നിങ്ങളോടു പറയാനുദ്ദേശിക്കുന്നതും ‘അമ്മമാരെ കുറിച്ചാണ്.   നല്ല കുഞ്ഞുങ്ങൾക്ക് വേണ്ടി എങ്ങിനെ ഓരോ അമ്മമാരും തങ്ങളുടെ ഗർഭകാലം  ചിട്ടപ്പെടുത്തണം എന്നതിനെ കുറിച്ചാണ്. അപ്പൊ നമുക്ക് തുടങ്ങാം, അല്ലെ?

ഗർഭിണികളുടെ പ്രായം:

നമ്മുടെ രാജ്യത്തിലെ പ്രസവസംബന്ധമായ മരണങ്ങളിൽ നല്ലൊരു ശതമാനം കൗമാരപ്രായക്കാരായ അമ്മമാരാണ് എന്നത് എത്ര പേർക്കറിയാം?! ഇന്നും ശൈശവ വിവാഹങ്ങൾ നമ്മുടെ രാജ്യത്തു നടക്കുന്നു എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാർഥ്യമാണ്. സമ്പൂർണ സാക്ഷരതാ അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനത്തു പോലും നമുക്ക് ഇത് കാണാവുന്നതാണ്. ഋതുമതിയായാൽ  വിവാഹപ്രായമായി എന്ന തെറ്റിദ്ധാരണ ഇന്നും പല സമൂഹങ്ങളിലും നില നില്കുന്നു! നമ്മുടെ ഭരണഘടനാ അനുശാസിക്കുന്ന പ്രായം 18 വയസ്സാണെങ്കിലും പെൺകുട്ടികൾക്ക് 21വയസ്സെങ്കിലും വരെ കാത്തിരിക്കുന്നതാണ് അഭികാമ്യം. ശാരീരികമായ വളർച്ചയിൽ കവിഞ്ഞു അവരുടെ മാനസികമായ വളർച്ച കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. ഗർഭസംബന്ധമായ ധാരാളം പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ കാണുന്നത് പ്രായപൂർത്തി ആകാതെ ഗർഭിണികളാകുന്ന പെൺകു ട്ടികളിലാണ് എന്നതും ഓർക്കുക. നമ്മുടെ പെണ്മക്കൾ പഠിക്കട്ടെ, സ്വന്തം കാലിൽ നിൽക്കട്ടെ.. എന്നിട്ടു മാത്രം അവരെ ഒരു കുടുംബജീവിതത്തിലേക്കു പറഞ്ഞു വിടുക!

ഗർഭിണിയാകുന്നതിനു മുമ്പേ വേണ്ട കൗൺസിലിങ്.

ഇന്ന് ധാരാളം ആശുപത്രികൾ ഗർഭധാരണം പ്ലാൻ ചെയ്യുന്നവർക്ക്   വേണ്ടി കൗൺസിലിങ് സെഷനുകൾ നടത്താറുണ്ട്. മാനസികമായി വേണ്ട വിധം തയ്യാറെടുക്കാനും ഫോളിക് ആസിഡ് ഗുളികകൾ തുടങ്ങുവാനും എല്ലാം ഇത് സഹായിക്കും. ഫോളിക് ആസിഡ് മുന്നേക്കൂട്ടി തുടങ്ങുന്നത് വഴി  ഗർഭസ്ഥശിശുവിൽ ഉണ്ടാകാൻ ഇടയുള്ള നാഡീവ്യവസ്ഥയിലെ ചില വൈകല്യങ്ങൾ തടയാൻ നമുക്ക് സാധിക്കുന്നു.

ഗർഭിണി ആണോയെന്ന് ടെസ്റ്റ് ചെയ്യുന്നത് എങ്ങിനെ?

മുമ്പൊക്കെ ആശുപത്രിയിൽ നടത്തിയിരുന്ന ഈ ടെസ്റ്റ് എന്ന് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ധാരാളം കമ്പനികളുടെ പ്രെഗ്നൻസി കിറ്റുകൾ വിപണിയിൽ ലഭ്യമാണ്. നമ്മുടെ മൂത്രത്തിലെ HCG ഹോർമോണിന്റെ അളവ് നോക്കിയാണ് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് പറയുന്നത്. ആദ്യം ചെയ്യുമ്പോൾ വരകൾ തെളിഞ്ഞു കാണുന്നില്ലെങ്കിൽ  24 – 48 മണിക്കൂർ കഴിഞ്ഞു ഒന്ന് കൂടി നോക്കേണ്ടതാണ്. രാവിലെ എഴുന്നേറ്റ ഉടൻ ഉള്ള മൂത്രസാമ്പിളാണ് ഉത്തമം. റിസൾട്ടിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു ഗൈനെക്കോളജിസ്റിനെ കണ്ടു ലാബിൽ പരിശോധിച്ച് ഫലം ഉറപ്പു വരുത്തുക.

ആദ്യത്തെ ഡോക്ടർ ചെക്ക് അപ്പ് എപ്പോൾ?

ഗർഭിണിയാണെന്ന് അറിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ചെക്ക് അപ്പ് വളരെ പ്രധാനമാണ്. നേരത്തെ കൂട്ടി തുടങ്ങിയില്ലെങ്കിൽ ഫോളിക് ആസിഡ് ഗുളികകൾ ഉടൻ തന്നെ തുടങ്ങേണ്ടതുണ്ട്. അത് പോലെ പ്രധാനമാണ് ആദ്യത്തെ സ്കാനും. ഭ്രൂണം ഗർഭാശയത്തിനു ഉള്ളിൽ തന്നെയാണെന്ന് ഉറപ്പാക്കാനുള്ള സ്കാനിംഗ് ആണത്. മുന്തിരിക്കുല ഗർഭത്തെ പറ്റിയെല്ലാം നിങ്ങൾ കേട്ടിരിക്കുമല്ലോ. ചില സന്ദർഭങ്ങളിൽ ഭ്രൂണം  ഗർഭാശയത്തിനു പുറത്തു പറ്റിപ്പിടിച്ചിരിക്കുന്ന കാണാം. ഈ സന്ദർഭങ്ങളിൽ ആ ഭ്രൂണത്തെ അവിടെ നിന്ന് എടുത്തു കളയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ഭ്രൂണം വലുതാവുന്നതിനനുസരിച്ചു ഗർഭാശയത്തെ പോലെ വികസിക്കാൻ അതിനു പുറത്തുള്ള അവയവങ്ങൾക്ക് സാധിക്കില്ല. തൽഫലമായി അത് പൊട്ടുകയും രക്തസ്രാവമുണ്ടാകുകയും അമ്മയുടെ ജീവൻ തന്നെ ആപത്തിലാകുകയും ചെയ്യുന്നു. അതുകൊണ്ടു ആദ്യത്തെ സ്കാൻ വളരെ മുഖ്യമാണ്. അതുപോലെ തന്നെയാണ് ആദ്യ സന്ദർശനത്തിൽ ചെയ്യുന്ന രക്ത ടെസ്റ്റുകളും. സാധാരണയായി ഹീമോഗ്ലോബിന്റെ അളവ്, രക്ത ഗ്രൂപ്പിങ്, എച്.ഐ.വി ടെസ്റ്റിംഗ്, ഹെപ്പറ്റൈറ്റിസ് ബി ടെസ്റ്റിംഗ്, വി.ഡി.ആർ. എൽ ടെസ്റ്റിംഗ്, തൈറോയ്ഡ് ടെസ്റ്റിംഗ് മുതലായവയാണ്‌ നടത്താറ്. ഹീമോഗ്ലോബിൻ കുറവുള്ള അമ്മമാരിൽ അത് നോർമൽ ആക്കുന്നതിനായി മരുന്നുകൾ തുടങ്ങേണ്ടതാണ്. അല്ലെങ്കിൽ അമ്മയിലെ വിളർച്ച കുഞ്ഞിന്റെ വളർച്ചയെ വളരെ പ്രതികൂലമായി ബാധിക്കും. രക്തഗ്രൂപ് അറിഞ്ഞിരിക്കേണ്ടതും വളരെ അത്യാവശ്യമാണ്. അപൂർവ ഗ്രൂപ്പുകളായ നെഗറ്റീവ് ഗ്രൂപ്പാണ് അമ്മക്കെങ്കിൽ അത്യാവശ്യത്തിനു രക്തദാനം ചെയ്യുന്നതിനായി ആളുകളെ കണ്ടെത്തിവെക്കേണ്ടതുണ്ട്. തൈറോയ്ഡ് പ്രശ്നങ്ങൾ സാധാരണയായി ഗർഭകാലത്തും പതിവാണ്. അതും കണ്ടെത്തി ചികിൽസിക്കേണ്ടത് കുഞ്ഞിന്റെ ആരോഗ്യത്തിനു ആവശ്യമാണ്. എച്.ഐ.വി ബാധിതയാണ് ‘അമ്മ എന്ന് കണ്ടെത്തിയാൽ അമ്മയുടെ ചികിത്സയും കുഞ്ഞിന് അത് ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകളും എടുക്കാനുണ്ട്. ഹെപ്പറ്റൈറ്റിസ് ബി പിടിപെട്ട അമ്മയുടെ കാര്യവും അതുപോലെ തന്നെയാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി ചികിത്സകൾ വൈകാതെ തുടങ്ങേണ്ടതാണ്. ഇതൊക്കെ കൂടാതെ അമ്മയുടെ അമിത ആകാംക്ഷ  ദൂരീകരിക്കാനും സംശയനിവാരങ്ങൾക്കും നിങ്ങളുടെ ഗൈനെക്കോളജിസ്റ്റുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച സഹായിക്കുന്നു. ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ ഭക്ഷണക്രമവും ചിട്ടപ്പെടുത്താവുന്നതാണ്.

 

ഭക്ഷണക്രമം:

നിങ്ങൾക്കിഷ്ടമുള്ള പോഷകാംശങ്ങൾ നിറഞ്ഞ ഏതു ഭക്ഷണവും കഴിക്കാവുന്നതാണ്. ആദ്യത്തെ മാസങ്ങളിൽ പഴുക്കാത്ത പപ്പായയും പൈനാപ്പിളുംഒഴിവാക്കുക. ഇത് ചിലപ്പോൾ അബോർഷന് കാരണമായേക്കാം. വെള്ളം ധാരാളം കുടിക്കാൻ പ്രത്യേക ശ്രദ്ധ വേണം കേട്ടോ. ഇത് മൂത്രപ്പഴുപ്പിനെ അകറ്റി നിർത്തും. പുറമെ നിന്ന് വാങ്ങുന്ന ബേക്കറി സാധനങ്ങൾ പരമാവധി ഒഴിവാക്കണേ. വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഭക്ഷണസാധനങ്ങളാണ് ഏറ്റവും ഉത്തമം. ആദ്യത്തെ മാസങ്ങളിൽ ശർദ്ധിയുണ്ടെങ്കിൽ ഒരു സൂത്രം പറഞ്ഞു തരാം. ബ്രഷ് ചെയ്ത ഉടനെ തന്നെ പുളിപ്പുള്ള എന്തെങ്കിലും അലിയിച്ചു ഇറക്കുക. ഭക്ഷണസാധനകൾ ഒരുമിച്ചു കുറെ കഴിക്കാതെ കുറച്ചു കുറച്ചായി പല തവണകളായി കഴിക്കുക.  വിപണികളിൽ കിട്ടുന്ന പല പൊടികളുമാണ് ഉത്തമ ആഹാരം എന്ന ഒരു ധാരണ നമ്മുടെ സ്ത്രീകൾക്കിടയിൽ കണ്ടുവരുന്നുണ്ട്. ഒരിക്കലും അത് ശെരിയല്ല. നമ്മുടെ വീട്ടിലെ പോഷഹാഹാരങ്ങൾ തന്നെയാണ് ഏറ്റവും നല്ലത്. ഇലക്കറികളും പച്ചക്കറികളും എത്രവേണമെങ്കിലും കഴിച്ചോളൂ. പഴങ്ങൾ ദിവസവും ഓരോന്നെങ്കിലും കഴിക്കാം. മുളപ്പിച്ച പയറുവർഗങ്ങളും റാഗിയും എല്ലാം ഉത്തമമാണ്. പൊരിച്ചതും വറുത്തതും ഒരു പരിധിയിൽ കൂടുതൽ ഒഴിവാക്കുമല്ലോ.

ജോലിയും വ്യായാമവും:

ഗർഭധാരണം എന്ന് പറയുന്നത് പലർക്കും ജോലി രാജി വെക്കുന്നതിനും വീട്ടിൽ വന്നു ചടഞ്ഞു കൂടി ഇരിക്കുന്നതിനും ഉള്ള ഒരു ഉപാധിയാണ് പലപ്പോഴും! അതിന്റെ ആവശ്യമുണ്ടോ! ഇല്ലേ ഇല്ല. ഗർഭധാരണം ഒരു രോഗാവസ്ഥയല്ലെന്നു ആദ്യം തന്നെ മനസിലാക്കുക. അത് ഒരു പ്രകൃതിനിയമമാണ്. അതിനെ തരണം ചെയ്യാനുള്ള മാനസികവും ശാരീരികവുമായ ശക്തി പ്രകൃതി ഓരോ സ്ത്രീക്കും നൽകിയിട്ടുണ്ട്. എന്തെങ്കിലും രോഗാവസ്ഥയുടെ ഭാഗമായി നിങ്ങളുടെ ഡോക്ടർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് വേറെ കാര്യം. അല്ലാത്ത പക്ഷം സ്വയം വിധിക്കുന്ന പരിപൂർണ്ണ വിശ്രമത്തിൻ്റെ ആവശ്യം ഇല്ല കേട്ടോ. ജോലിയും കളയേണ്ടതില്ല. വലിയ ശാരീരിക അധ്വാനമില്ലാത്ത ജോലികളാണെങ്കിൽ തുടരുക തന്നെ ചെയ്യാം. നിങ്ങളുടെ മനസ്സും ശരീരവും ഉഷാറായി ഇരിക്കുന്നത് നിങ്ങളുടെ കുഞ്ഞിന് നല്ലതേ വരുത്തൂ. അല്ലെങ്കിൽ കുഞ്ഞും നിങ്ങളെ പോലെ മടിച്ചി ആയേക്കാം! ഡെലിവെറിക്ക് തൊട്ടു മുമ്പത്തെ ദിവസം വരെ ജോലിക്കു പോയ എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് തന്നെ ആണ് ഞാനിതു പറയുന്നത് കേട്ടോ. ജോലി കഴിഞ്ഞു വന്നാൽ വേണ്ടത്ര വിശ്രമം കിട്ടുന്നുണ്ടെന്നു ഉറപ്പു വരുത്തുക. നല്ല പോലെ സുഖമായി ഉറങ്ങുക.

 

സ്കാനിങ്ങുകൾ എപ്പോഴൊക്കെ?

ആദ്യത്തെ സ്കാനിങ്ങിനെ പറ്റി നമ്മൾ പറഞ്ഞു കഴിഞ്ഞല്ലോ .. അത് നിങ്ങൾ ഗർഭിണി യാണെന്നു അറിഞ്ഞ ഉടൻ തന്നെ ആണ് വേണ്ടത്. അടുത്ത സ്കാൻ സാധാരണയായി 11 മുതൽ 14  ആഴ്ചക്കുള്ളിലാണ് നടത്താറ്. ഇതിനെ ആദ്യത്തെ അനോമലി സ്കാൻ എന്ന് പറയുന്നു. നിങ്ങളുടെ കുഞ്ഞിന് വളരെ അപകടകരമായ ജന്മവൈകല്യങ്ങളുണ്ടോ എന്നറിയാൻ ആണത്. അത് കഴിഞ്ഞുള്ള സ്കാൻ  20  ആഴ്ച കഴിഞ്ഞാണ് നടത്താറ്. ഇത് രണ്ടാമത്തെ അനോമലി സ്കാൻ ആണ്. കുറച്ചു കൂടി സൂക്ഷ്മമായ വൈകല്യങ്ങൾ കണ്ടുപിടിക്കാൻ ഇത് സഹായിക്കുന്നു. ഉദാഹരണത്തിന് മുച്ചിറി, മുച്ചുണ്ട് മുതലായവ.. എങ്കിലും ഒന്നോർക്കുക, ഒരു സ്കാനിങ്ങിനും 100% നിങ്ങളുടെ കുഞ്ഞിലേ എല്ലാ പ്രശ്നങ്ങളും കണ്ടുപിടിക്കാൻ സാധ്യമല്ല. ചെറിയൊരു ശതമാനം വൈകല്യങ്ങൾ കുഞ്ഞു ജനിച്ചു കഴിഞ്ഞാലേ ചിലപ്പോൾ കണ്ടുപിടിക്കാൻ കഴിയാറുള്ളു. അവസാനത്തെ സ്കാൻ നിങ്ങളുടെ പ്രസവത്തീയതി അടുപ്പിച്ചാണ് ചെയ്യാറ്. ഇതിൽ പ്രധാനമായും കുഞ്ഞിന്റെ കിടപ്പ്, വെള്ളത്തിന്റെ അളവ്, കുഞ്ഞിന്റെ ഏകദേശ തൂക്കം, മറുപിള്ളയുടെ സ്ഥാനം എന്നിവയാണ് നോക്കാറുള്ളത്. ഈ പറഞ്ഞ ൪ സ്കാനിങ്ങുകൾ എല്ലാ സ്ത്രീകളിലും നിർബന്ധമായും ചെയേണ്ടവയാണ്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിൽ കൂടുതൽ സ്കാനിങ്ങുകൾ ആവശ്യമായി വരാറുണ്ട്. അത് നിങ്ങളുടെ ഗൈനെക്കോളജിസ്റ്റിന്റെ തീരുമാനത്തിന് വിട്ടുകൊടുക്കുക. ഒരു ഉദാഹരണത്തിന് ഗർഭാശയത്തിൽ വെള്ളം കുറവാണെന്നു കണ്ടാൽ ഇടയ്ക്കിടെ സ്കാനിങ്ങിലൂടെ അത് നിരീക്ഷിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അത് നിങ്ങളുടെ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായേക്കാം. അങ്ങനെയുള്ള സന്ദർഭങ്ങൾ ഓരോ സ്ത്രീക്കും വ്യത്യസ്ഥവുമാണ്.

 

ചില പ്രത്യേക ടെസ്റ്റുകൾ:

ചില അമ്മമാരിൽ ചില പ്രത്യേക ബ്ലഡ് ടെസ്റ്റുകൾ വേണ്ടി വരാറുണ്ട്. ഉദാഹരത്തിനു പ്രായക്കൂടുതലുള്ള അമ്മമാർ, മൂത്ത കുട്ടിക്ക് ജനിതകവൈകല്യമുള്ള അമ്മമാർ, കുടുംബത്തിൽ ജന്മവൈകല്യമുള്ള കുട്ടികൾ മുതലായവ. ഇപ്പറഞ്ഞ സന്ദർഭങ്ങളിൽ ഗർഭവസ്ഥയിലുള്ള നിങ്ങളുടെ കുഞ്ഞിന് വൈകല്യമില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനായി ചില രക്ത ടെസ്റ്റുകൾ നടത്താറുണ്ട്- ട്രിപ്പിൾ ടെസ്റ്റ് , ക്വഡ്രാപ്പിൽ ടെസ്റ്റ് , ആംനിയോസിൻറെസിസ് , കൊറിയോണിക് വില്ല്സ് സാംപ്ലിങ് മുതലായവ.. ഇത് സാധാരണയായി എല്ലാ അമ്മമാരിലും നടത്തുന്നവയല്ല.

 

സാധാരണയായി കാണുന്ന രോഗാവസ്ഥകൾ:

ഗർഭാവസ്ഥയിൽ സർവസാധാരണമായി കാണുന്ന ധാരാളം പ്രശ്നങ്ങളുണ്ട്. അതിൽ അധികവും ഗർഭാവസ്ഥയിൽ മാത്രം വന്നു അതിനു ശേഷം അപ്രത്യക്ഷമാവുന്നവയാണ്. അതിൽ ചിലതാണ് രക്ത സമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവ. ഇവയെല്ലാം പ്രസവശേഷം മാറുമെങ്കിലും ഗർഭാവസ്ഥയിൽ അമ്മയെയും കുഞ്ഞിനേയും പ്രതികൂലമായി ബാധിക്കുന്നവയാണ്. ഓരോ ചെക്ക് അപ്പിന് പോകുമ്പോഴും ബി.പി. നോക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെയാണ് പ്രമേഹമുണ്ടോ എന്ന് അറിയുന്നതിനായി ചെയ്യുന്ന രക്ത ടെസ്റ്റുകളും. ഇതിൽ ഏതെങ്കിലും ഉണ്ടെന്നു കണ്ടുപിടിക്കപ്പെട്ട കഴിഞ്ഞാൽ നിങ്ങളുടെ ഗൈനെക്കോളജിസ്റ് നിർദ്ദേശിക്കുന്ന ചികിത്സാരീതികൾ കൃത്യമായി പാലിക്കുക. ചിലപ്പോൾ മരുന്നുകളോ ഭക്ഷണനിയന്ത്രണമോ ഇൻസുലിനോ ഒക്കെ  വേണ്ടി വന്നേക്കാം. എന്നാൽ അതെല്ലാം നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനാണെന്നു മനസിലാക്കണം. തൈറോയ്ഡ് കുറവുള്ളവർക്കു തൈറോക്സിൻ ഗുളികകൾ ആവശ്യമായി വന്നേക്കാം. ഒരിക്കലും ചികിത്സയോട് അലംഭാവം കാണിക്കരുത്.

 

അപകടസൂചനകൾ:

ചില അപകടസൂചനകൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. രക്തസ്രാവം, വെള്ളം പൊട്ടിപ്പോകൽ, മാസം തികയാതെയുള്ള വയറുവേദന, അസഹ്യമായ തലവേദന, കാഴ്ച മങ്ങൽ, മുഖത്തും കൈകാലുകളിലും നീരുവക്കൽ, പനി, അപസ്മാരം , കുഞ്ഞിന്റെ അനക്കക്കുറവ് എന്നിവയെല്ലാം പലതിന്റെയും ലക്ഷണമായേക്കാം. അതുകൊണ്ടു ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്.

പ്രതിരോധകുത്തിവയ്പുകൾ:

രണ്ടു ഡോസ് ടി.ടി. ഇൻജെക്ഷൻ നിർബന്ധമായും ഗർഭിണികൾ എടുക്കേണ്ടതാണ്. ഗര്ഭിണിയാവുന്നതിനു മുന്നേ തന്നെ പെൺകുട്ടികൾക്ക് എം.എം.ആർ , ഹെപ്പറ്റൈറ്റിസ് ബി , ചിക്കൻപോക്‌സ്‌ കുത്തിവയ്‌പ്പുകൾ കിട്ടിയെന്നു ഉറപ്പുവരുത്തുക. ഈ കുത്തിവയ്പുകളെടുത്താൽ അടുത്ത 3 മാസമെങ്കിലും ഗർഭിണി ആവാതിരിക്കാനും ശ്രദ്ധിക്കണം. പേപ്പട്ടി വിഷബാധക്കുള്ള വാക്സിൻ ഗർഭിണികൾക്ക്‌ ആവശ്യമെങ്കിൽ കൊടുക്കാവുന്നതാണ്.

 

അപ്പോൾ ഗർഭിണികളുടെ ഒരു മാതിരിപെട്ട  സംശയങ്ങളെല്ലാം മാറിയെന്നു കരുതുന്നു. കൂടുതൽ വിവരങ്ങൾക്കായി വരുംലേഖനങ്ങൾക്കായി  കാത്തിരിക്കുക. എൻ്റെ ഫേസ്ബുക് പേജ് (Dr Soumya Sarin’s-“Healing Tones” )  follow ചെയ്യുക, യൂട്യൂബ് ചാനൽ (Dr Soumya Sarin)  കാണുക.. നന്ദി!

 

Comments

Home of Dr Soumya sarin’s Healing Tones

Scroll to Top